Malayalam Bloggers

Friday, November 14, 2008

ഇനാശു എന്ന പട്ടാളക്കാരന്‍ !!



1985 . അമ്മയുടെ തറവാട്ടിലാണ് ഞാൻ.നടത്തറ HRCLPS ഇൽ മൂന്നാം ക്ലാസ് 'ബിരുദ'ത്തിനു പഠിക്കുന്നു.

വീട്ടിൽ നിറച്ചും ആളുകളുണ്ട്.അപ്പാപ്പനും അമ്മാമ്മയും ഉണ്ട്.

പറമ്പിൽ വെണ്ടയും പയറും പൂത്ത തടങ്ങൾ.പുളി മരങ്ങൾ , മൂവാണ്ടൻ മയിൽ‌പ്പീലി മാവുകൾ . തൊഴുത്തിൽ ജാനകിയും കിടാവും .ചാണകത്തിന്റെയും പാലിന്റെയും പച്ച , വെള്ള മണങ്ങൾ.

അപ്പാപ്പൻ - ഇനാശു
ആരെടാ ? എന്ന് ചോദിച്ചാല്‍
ഞാനെടാ ! എന്ന ഭാവം
എണ്ണ പുരട്ടി മേലോട്ട് ചീകി വച്ച മുടി . ഒരു ആറടി ഉയരം. ഒത്ത തടി . നീണ്ട കൈകാലുകള്‍.വലത്തേ കയ് വണ്ണയിൽ കെ.പി.അയ്‌ എന്ന് പച്ച കുത്തിയത് കാണാം;കല്ലുവീട്ടിൽ പൈലി ഇനാശു എന്നതിന്റെ ചുരുക്കെഴുത്ത്..തേച്ചു മിനുക്കി മുകളിലേക്ക് പിരിച്ചു വച്ചിരിക്കുന്ന ആ കനത്ത സ്റ്റാലിന്‍ മീശ. ഒരു ഗജ പോക്കിരി ! എപ്പോഴും ഇസ്തിരിയിട്ട് മിനുക്കിയ വെള്ള ഷര്‍ട്ടും പാന്റും. ഷൂസ് പോളിഷ് ചെയ്തു മിനുക്കിയിരിക്കും.കനത്ത കാലടികളോടെ നടന്നുപോകും.

അപ്പാപ്പൻ മക്കളെ പള്ളിക്കൂടത്തിലയച്ചു. ട്രൌസറും ഷര്‍ട്ടും പാവാടയും ഇസ്തിരിയിട്ടു വടി പോലെയാക്കി , പുസ്തക സഞ്ചിയും , കനമുള്ള ഉച്ചയൂണ്‍ പൊതിയും കൊണ്ട് കിടാങ്ങൾ എന്നും പടികടന്നു പോയി. പഠിത്തത്തിൽ ആരും മിടുക്കരായിരുന്നില്ല . അവർ ഊഴമിട്ട് പത്താം തരം തോറ്റു ആദ്യമാദ്യം തോറ്റ പെണ്‍കിടാങ്ങൾ അടുക്കളയിൽ മിടുക്കികളാകാൻ പൊരുതി.ആങ്കിടാങ്ങൾ പറമ്പും കടന്ന് ഗോലികളിക്കാനും ചീട്ടുകളിക്കാനും പിന്നെപ്പിന്നെ ലോനപ്പേട്ടന്റെ ചാരായ ഷാപ്പിൽ പതിവുകാരാകാനും തിരക്കിട്ടു .

അപ്പാപ്പൻ ,മുള്ളു വേലി കെട്ടി തിരിച്ച പറമ്പില്‍ നിറയെ പ്ലാവുകളും മാവുകളും വിവിധ പച്ചക്കനികളും നട്ടു നനച്ചു, വെള്ളം തേവി. പറമ്പിന്റെ ഓരം ചേർന്ന് മുളങ്കാടുകൾ നിന്നു . ചില അതിരുകളിൽ കാട്ടു കള്ളിച്ചെടി പൂത്തു.ഒരു മൂലയില്‍ ഒരു വയസ്സൻ കശുമാവ്. അതിൽ മുളയുടെ കയ്യുകൾ പടർന്നിരുന്നു.കൂര്‍ത്ത മുള്ളുകള്‍ കശുമാവിന്റെ പച്ച പ്രാണനില്‍ ചുറ്റിപ്പടര്‍ന്ന് ഇടയ്ക്ക് കുത്തി നോവിച്ചു.

പറമ്പിനു ചുറ്റും മുള്ളുവേലി കെട്ടാന്‍ മൊളയത്തി കാളി വരും .കാളിയുടെ വലം കയ്യായി അപ്പാപ്പൻ !

രണ്ടുപേരും ക്ഷീണമാറ്റാൻ ഇടയ്ക്കിടെ കഞ്ഞി വെള്ളം കുടിച്ചു. മടിക്കുത്തഴിച്ച് കാളി അപ്പാപ്പന് മുറുക്കാൻ നീട്ടും . അപ്പാപ്പനും കാളിയും മണ്ണുവഴിയരുകിൽ ഇരുന്നു മുറുക്കിത്തുപ്പി !

വൈകീട്ടാവുംബോഴേയ്ക്കും പറമ്പിനു ചുറ്റും മുൾവേലി ഹരിതം പൂശി നില്ക്കും,വേലിനിറച്ചുംഇല്ലിയിലകള്‍ !

കാശുവാങ്ങി റൌക്കയ്ക്കുള്ളിൽ തിരുകി, വെട്ടുകത്തിയും കയ്യിലെടുത്തു കാളി ഇറങ്ങുമ്പോൾ അപ്പാപ്പനോട് തിരിഞ്ഞു നിന്ന് പറയും
ഇനാശേട്ടാ , ഇന്ന്യും കൂടി വരാം !

ഇനാശുവിന്‍റെ.കൊച്ചുമക്കളിൽകടിഞ്ഞൂലാണ് ഞാൻ , എന്നോട് അപ്പാപ്പന് കടലോളം സ്നേഹം ! സ്കൂളിൽ പോകേണ്ടാത്ത സമയങ്ങളിൽ ഞാൻ അപ്പാപ്പന്റെ വാലായി നടക്കും;പറമ്പിലും പാടത്തും . വീട്ടില്‍ നിന്നും കുറച്ചു മാറി കൈതച്ചക്ക കൃഷി ചെയ്ത ഒരു പാടമുണ്ടായിരുന്നു. ഇടയ്ക്ക് ഞാൻ അപ്പാപ്പന്റെ കയ്യും പിടിച്ച് അവിടെപോകും .

പൂത്ത കൈതപ്പൂക്കൾ മണം പരത്തി നിന്നു .കൈത ചെടികൾക്കിടയിൽ ചേനത്തണ്ടൻ പാമ്പുകൾ മത്തു പിടിച്ചു കിടന്നു.

അപ്പാപ്പനും ഞാനും കൂടി ഓട്ടോറിക്ഷയിൽ മാസം തോറും പടിഞ്ഞാറേ കോട്ടയിൽ പോയി. പട്ടാളക്കാർക്ക് പെൻഷൻ കിട്ടുന്ന കൂട്ടത്തിൽ കാന്റീനിൽ നിന്ന് കള്ളു വാങ്ങാം.വീട്ടു സാമാനങ്ങൾ ,സോപ്പ് ചീപ്പ് കണ്ണാടി എല്ലാം വാങ്ങാം .

അപ്പാപ്പന് ഇഷ്ടം ഓൾഡ്‌ മങ്ക് റമ്മും ബിജോയ്സ് എന്നു പേരുള്ള ബ്രാണ്ടിയുമായിരുന്നു .പേരു പോലെ തന്നെ ബിജോയ്സ് അപ്പാപ്പനെ സന്തോഷം കൊണ്ട് മൂടി .

അപ്പാപ്പന്‍ കള്ളുകുടിച്ചു, തല്ലുകൂടി , ചീട്ടുകളിച്ചു.അതെല്ലാം നല്ലതായിരുന്നു ;അപ്പാപ്പനും !

അപ്പാപ്പൻ പതിനെട്ടാം വയസ്സില്‍ കള്ളവണ്ടി കയറി വടക്കേ ഇന്ത്യയിൽ പോയത്രെ.മിടുക്കന്‍. സായിപ്പിന്റെ പട്ടാളത്തില്‍ ചേര്‍ന്നു .അപ്പാപ്പന്റെ അപ്പന്‍ പൈലി മാപ്ലയെ പേടിച്ചായിരുന്നു നാടു വിട്ടത് .പട്ടാളത്തില്‍ ഉള്ള കാലത്തു അപ്പന്‍ പൈലി മരിക്കുകയും പിന്നെ അമ്മ മാത്രമാവുകയും ചെയ്തു ഒരു അവധി കാലത്തു നാട്ടില്‍ വരികയും കോടന്നൂര്‍കാരി ത്രേസ്യയെ കല്യാണം കഴിക്കുകയും ചെയ്തു.
എന്റെ അമ്മാമ്മയ്ക്ക്‌ തുലോം ഉയരം കുറവായിരുന്നു.
അമ്മാമ്മ വിട്ടുകൊടുത്തില്ല;
അമ്മാമ ഏഴു പെറ്റു;കുട്ടികള്‍ചന്തംതികഞ്ഞുനിന്നു !

ടോണി എന്ന് പേരിട്ട ഒരു മോൻ അവന്‍റെ കുഞ്ഞിളം പ്രായത്തില്‍ തന്നെ മരിച്ചു,അവന്‍മിടുക്കനായിരുന്നത്രേ.
മൂത്ത മകളുടെ മകനാണു ഞാൻ. അപ്പാപ്പനും അമ്മാമ്മയും എന്നെ അവന്‍റെ ഓര്‍മയില്‍ ടോണി എന്നു വിളിച്ചു.കായൽ മീൻ വറുത്തതും പോത്ത് വരട്ടിയതും അമ്മാമ എനിക്കുണ്ടാക്കി തന്നു. പുലര്‍കാലങ്ങളില്‍ ജാനകിയെ കറന്നെടുത്ത ചുടുപാല്‍ ,അമ്മാമ്മ തന്നത്ഞാൻ വയറുനിറയെ പാലു കുടിച്ചു. എനിക്ക്ഒട്ടുംവയറുവേദനഉണ്ടായതില്ല.കടകോലുകൊണ്ട്‌ വെണ്ണ കടയുമ്പോൾ അമ്മാമ ഇലക്കീറിൽ എനിക്ക് പങ്കു തന്നു.മഞ്ഞനിറമുള്ള വെണ്ണക്കട്ട !

പട്ടാളത്തില്‍ നിന്നു പെന്‍ഷന്‍ ആയി വന്ന അപ്പാപ്പൻ തൃശൂര്‍ ആകാശവാണിയില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി.

ആനപ്പാറ !
നാട്ടു വഴി .
വഴിയ്ക്കിരുപുരവും കമ്മ്യൂണിസ്റ്റ് പച്ച .
കശുമാവിൻ തോപ്പുകൾ.പിന്നെ കാട് .

അപ്പാപ്പന് ഒരു ലാമ്പി ഉണ്ടായിരുന്നു. ആനപ്പാറയിൽ നിന്നും വരുമ്പോൾ അപ്പാപ്പൻ മധുരമൂറുന്ന മാങ്ങയും ചക്കയും ലാംബിയ്ക്ക് പുറകിൽ കെട്ടി വച്ചു കൊണ്ടുവന്നു. ഇടയ്ക്ക് നല്ല വെടിയിറച്ചി കൊതി ഞരമ്പുകളെ കുതിപ്പിച്ചു.

വല്ലപ്പോഴും പുത്തൻ കുപ്പായം മാറി ഞാനും അപ്പാപ്പന്റെ കൂടെ ആനപ്പാറയ്ക്ക് പോകും . നല്ല വെടിയിറച്ചി അപ്പാപ്പന് ഏതൊക്കെയോ വീടുകളിൽ നിന്നും കിട്ടും . വീടുകളുടെ ഇറയത്തിരുന്ന് അപ്പാപ്പനും കൂട്ടുകാരും ചാരായം കുടിച്ചു. വെടിയിറച്ചി തിന്നു.കഥകൾ പറഞ്ഞു. ബൈജു ബാവ് ര യിലെ പാട്ടുകൾ പാടി. ആകാശവാണിയിൽ സംപ്രേഷണം തുടർന്നു കൊണ്ടേയിരുന്നു; സെക്യൂരിറ്റിയില്ലാത്ത ഗേറ്റ് വിഷാദച്ഛായിൽ കൂടുതൽ മഞ്ഞച്ചു.

ചിലപ്പോൾ നീണ്ട സസ്പെന്ഷനുകൾ . അപ്പാപ്പൻ ബിജോയ്സുമായി വീട്ടിൽ കൂടി.

"ബച്പൻ കി മോഹ ബതു കോ ... ദില്‍ സെ ന ജുധാ കര്നാ .... "ാക്ഷാല്‍ശ്രീധരമേനോന്‍അവര്‍കള്‍. അവർ ദോസ്തുക്കളായിരുന്നു .വേറെയും കൂട്ടുകാർ ഉണ്ടാകും . കള്ളുകുടി മൂക്കും. പിന്നെ പാട്ടും. ഹിന്ദിയറിയാത്ത ഞാൻ അങ്ങനെ കേട്ടുകേട്ട് ഒരു ഹിന്ദി പാട്ടിന്റെ ആദ്യ വരി ഹൃദിസ്ഥമാക്കി.

"ബച്പൻ കി മോഹബതു കോ ... ദില്‍ സെ ന ജുധാ കര്നാ .... "

അത് ബൈജു ബാവ് ര യിലെ പാട്ടായിരുന്നു !

എട്ടുവയസ്സുകാരന്‍ മാമ്പഴം എന്ന കവിത അറിഞ്ഞിരുന്നില്ല . വാക്കുകൾ കൂട്ടിച്ചൊല്ലാൻ പഠിക്കുകയായിരുന്നു ഞാനന്ന്. മഹാനായ കവിയുടെ മടിയിൽ കയറി ഇടയ്ക്ക് ഞാൻ കുത്തി മറിഞ്ഞു . പലഹാരങ്ങൾ തിന്നു.സംഭാരം കുടിച്ചു .മൂന്നാം ക്ലാസുകാരന്റെ ഓർമയിൽ അത്രയേ ഉള്ളൂ .

കവിയെ കെട്ടിപ്പിടിച്ചിട്ടുണ്ടാവും ഞാൻ , കവി എന്റെ കവിളിൽ മുത്തം തന്നിട്ടുണ്ടാകും . കവിയോട് ആദരവില്ലാതെ ഞാൻ 'വിട' ചൊല്ലിയിട്ടുണ്ടാകും .

കാലം കഴിഞ്ഞ് കണ്ണീർപ്പാടം വായിച്ചു കണ്ണുകൾ എത്ര മേൽ നനഞ്ഞു.കവിയ്ക്കുപ്രണാമം!!
*********************************************************************************************
എഴുതാനറിയാത്ത ഞാൻ ഇവിടെ എന്തൊക്കെയോ കോറിയിട്ടിരിക്കുന്നു; അത്ര തന്നെ ! എഴുത് എഴുത് എന്ന് കാണാപ്പുറത്തിരുന്ന് ഒരു കൂട്ടുകാരൻ.....
അവൻ പറയുന്നു

"നന്നായി ഓര്‍ത്തെഴുത്.. ആ കുട്ടി കണ്ട വൈലോയുടെ രൂപം, നിന്റെ അപ്പാപ്പന്‍.. അങ്ങനെ... ഇനിയാ സാധനം എഴുതീട്ട് വന്നാ മതി എന്നോട് സംസാരിക്കാന്‍..

ഓര്‍മകളുടെ വീണ്ടെടുപ്പല്ലാതെ മറ്റൊന്നുമല്ല സോണീ എഴുത്ത്, സാഹിത്യം... നീയത് എഴുതാതെ നിന്റെ മെസേജുകളൊന്നും ഞാന്‍ ഗൗനിക്കുകയില്ല, വിട്ടുപൊയ്‌ക്കോ !!!"

അവനോടു കൂട്ടുകൂടാന്‍ ഞാന്‍ എഴുതുന്നു . ഇനി അവന്‍ എന്‍റെ മെസേജ് ബോക്സില്‍ വരുമല്ലോ .

വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ ,
ദീർഘ ദർശനം ചെയ്യും ദൈവഞ്ജരല്ലോ നിങ്ങൾ .....എന്ന് കവിവാക്യം !!!!!!

https://www.facebook.com/photo.php?fbid=10207676793937357&set=a.1180477111569.27587.1217403638&type=3&theater


Monday, September 29, 2008

ഒരു കാളവണ്ടിക്കാരന്‍ ...

കൃഷ്ണപുരം ഗ്രാമം . അവിടെയാണ് അവന്‍റെ അമ്മയുടെ വീട് .തൃശൂര്‍ നിന്നു ആറ് കി.മി യാത്ര ചെയ്താല്‍ എത്താവുന്ന ദൂരമേയുള്ളൂ. ശാന്തസുന്ദരമായ ഗ്രാമം. നിറച്ചും വയലുകള്‍, കുളങ്ങള്‍, ടാര്‍ ഇല്ലാത്ത മണ്ണ് റോഡുകള്‍, ഇല്ലിമുള്‍ വേലികള്‍ വളച്ച് കെട്ടിയ പറമ്പുകള്‍, പിന്നെ കാവുകള്‍, വിവിധ പ്രതിഷ്ഠകള്‍ ഉള്ള ക്ഷേത്രങ്ങള്‍, അങ്ങനെ എന്തെല്ലാം. അവനു എട്ടു വയസ്സ് കാണും. അമ്മയുടെ വീട്ടില്‍ അമ്മമ്മയും അപ്പുപ്പനും ഇളയമ്മയും വലിയച്ചന്‍, കൊച്ചച്ചന്‍ പിന്നെ കുഞ്ഞച്ചന്‍ എന്നിവരും ഉണ്ട്. പേരകുട്ടിയായി അവന്‍ വിലസി നടക്കുന്നു .ഒന്നിനും മുട്ടില്ല. മിട്ടായികള്‍, പുതിയ ഉടുപ്പുകള്‍, കളിക്കോപ്പുകള്‍, പിന്നെ പറിച്ചു തിന്നാന്‍ നല്ല ചൊളയന്‍ ചക്ക, മയില്‍ പീലി , മൂവാണ്ടന്‍, കപ്പ്ലിമൂചി അങ്ങനെ നാടന്‍ മാങ്ങകള്‍ , മഞ്ഞയും ചുവപ്പും നിറമുള്ള കശുമാങ്ങകള്‍ എല്ലാം ഉള്ള കാലം.

വയ്ക്കോല്‍ കെട്ടുകള്‍ നിറച്ചു കുടമണികള്‍ കിലുക്കി കാളവണ്ടി വരുന്നതു ദൂരെ നിന്നു തന്നെ കേള്‍ക്കാം. നല്ല ചു ണയന്‍ കാള കുട്ടന്മാര്‍ രാമന്‍ എന്നാണ് കാള വണ്ടിക്കാരന്‍റെ പേര്. അരയില്‍ ഒരു ചെറിയമുണ്ട് മാത്രം. നീളത്തിലുള്ള ചാട്ടയും പിടിച്ചു നുകത്തിനടുത്തായി എന്തൊരു ഗമയിലുള്ള ഇരുപ്പ്. കാണേണ്ടത് തന്നെ. രാമേട്ടന്‍ കാള വണ്ടി വഴിയരുകില്‍ മുറ്റത്തിനുമുന്നിലായി നിറുത്തും പിന്നെ പതുക്കെ കാള കുട്ടന്‍മാരോട് ചുണ്ട് കോട്ടി ഒരു വികൃത ശബ്ദം ഉണ്ടാക്കും. 'അടങ്ങി ഒതുങ്ങി നിക്ക് മൂര്യെ ' എന്നാണ് അതിനര്‍ത്ഥം. പിന്നെ വണ്ടിക്കടിയില്‍ നിന്നു ഒരു കെട്ട് പച്ചപുല്ലെടുത്തു രണ്ടു പേര്‍ക്കുമായി പകുത്തു കൊടുക്കും. കുട്ടന്മാര്‍ പുല്ലു തിന്നാന്‍ തുടങ്ങിയാല്‍ രാമന്‍ നീട്ടി വിളിക്കും.

"ഈനാശേട്ടന്‍ ഇല്യേ ബടെ " പൂയ് ഇങ്ങട് വായൊട്ട, ഞാന്‍ കന്ന് അളക്കാന്‍ പൂവ്ണ് ..

അവന്‍റെ അപ്പുപ്പന്‍ ആണ് ഈനാശു. പട്ടാളത്തില്‍ നിന്നു പെന്‍ഷന്‍ ആയി, പിന്നെ ആകാശവാണിയില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി സേവനം ചെയ്യുന്നു.
പിന്നവിടെ ഒരു സ്ഥിരം സംഭാഷണം നടക്കും
"എന്താ രാമാ കൊറേ ആയല്ലോ നീ ഇങ്ങട് വന്നിട്ട്?"
"എത്രെണ്ട് ഇപ്പൊ ? ഒരു രണ്ടായിരം കന്ന് ഇട് "

കുശലപ്രശ്നങ്ങള്‍ക്കിടെ രാമന്‍ രണ്ടായിരം കന്ന് വയ്ക്കോല്‍ ഇട്ടുകഴിയും.
ഡാ ക്ടാവേ , നീയാ എണ്ണം അങ്ങട് പിടിച്ചേ
അവനെ നോക്കി അപ്പുപ്പന്‍ പറയും

എണ്ണാന്‍ ഏല്‍പിച്ച അവന്‍ പത്തു പ്രാവശ്യം എണ്ണി, കണക്കു പിഴച്ചു നില്‍ക്കവേ , കന്ന് എല്ലാം ഇറക്കി ,പുല്ലു തീറ്റ കഴിഞ്ഞ കുട്ടന്മാരെ ഒന്നു തലോടി വീണ്ടും ആ വികൃത ശബ്ദം ഉണ്ടാക്കി രാമന്‍ ഒറ്റ ചാട്ടത്തിനു നുകപ്പടിയില്‍ കയറിക്കൂടും.ചാട്ട ചുറ്റി അടിച്ച് കുട്ടന്മാരെ തെളിച്ചു മൂപ്പര്‍ യാത്രയാകും.ഞങ്ങള്‍ വയ്ക്കോല്‍ ചുമന്നു തൊഴുത്തിന്‍റെ മുകളിലെ തട്ടില്‍ കയറ്റുന്ന തിരക്കിലേക്കും ..

Wednesday, September 17, 2008

ഒരു തുടക്കം...

മുന്‍പ് എഴുതിയതൊക്കെ ഇപ്പോള്‍ എവിടെ എന്ന് ചോദിച്ചാല്‍ ഒരു പിടിയുമില്ല. വളരെ മുന്‍പായിരുന്നു തുടക്കം.ഏകദേശം പത്താം തരത്തില്‍ ആയിരുന്നിരിക്കണം, മലയാളം മാഷ്‌ ശ്രീ ധര്‍മരാജ് ആയിരുന്നു എന്നെ വായനയുടെ ലോകത്തേക്ക് കൊണ്ടുവന്നത്. പലതരം പുസ്തകങ്ങള്‍.. കവിതകള്‍. കഥകള്‍.. ലേഖനങ്ങള്‍ .. അങ്ങനെ അങ്ങനെ.. ഒരുപാടു. മാഷ്‌ പലപ്പോഴും ശാകുന്തളം പോലുള്ള കവിതഭാഗങ്ങള്‍ നല്ലവണ്ണം പടി അഭിനയിച്ചു കാണിക്കുമായിരുന്നു.ശകുന്തളയുടെ കാലില്‍ മുള്ള് കൊള്ളുന്നതും കാവ്യനര്‍ത്തകിയിലെ "അയ്യോ പോവല്ലേ പോവല്ലേ ദേവി " എന്ന ഭാഗവും ഇപ്പോഴും ഇന്നലെ എന്ന പോലെ എനിക്ക് ഓര്‍മയില്‍ നില്ക്കുന്നു.

പിന്നെ ഡിഗ്രിയും പിജിയും ചെയ്യുമ്പോഴും ജേര്‍ണലിസം ചെയ്യുമ്പോഴും ഒരുപാടു വായിച്ചു. അങ്ങനെ ഉള്ളൂരും,ബഷീറും,എം ടിയും, കക്കാടും, കടമ്മനിട്ടയും, പിന്നെ ചങ്ങമ്പുഴ, ഓഎന്‍വി ,ചുള്ളിക്കാട്,മധുസൂദനന്‍ നായര്‍, സുഗതകുമാരി, വിജയലക്ഷ്മി, സാറ ടീച്ചര്‍, സി വി ബാലകൃഷ്ണന്‍ അങ്ങനെ ഒത്തിരി എഴുത്തുകാരുമായി ചങ്ങാത്തം കിട്ടി.

അന്ന് എഴുത്തെല്ലാം നോട്ട് ബുക്കില്‍ ആയിരുന്നു. പിജി കാലത്തു ഒരു കവിത മാതൃഭൂമിയില്‍ മുഖം കാട്ടുകയും ചെയ്തു. പിന്നെ ജീവിതകുരുക്കുകള്‍ക്കിടയില്‍ ആയിരുന്നിരിക്കാം കവിതയും എഴുത്തും നിന്നു പോയി. ഉണ്ടായിരുന്നെങ്കില്‍ തന്നെ അവയെല്ലാം വെറുമൊരു താളിലും നേരം പോക്കിലുമായി ചുരുങ്ങി.ആദ്യമായി എന്തെങ്കിലും കുത്തികുറിച്ചതിനു ശേഷം ആണ്ടുകള്‍ പലതു കഴിഞ്ഞിരിക്കുന്നു ...

ഇപ്പോള്‍ ഞാന്‍ എന്തെകിലും എഴുവാന്‍ ശ്രമിക്കട്ടെ...