Malayalam Bloggers

Wednesday, November 9, 2011

ഒരു കമ്മീസ് വിലാപം


ആനീടെ ആ ഒരൊറ്റ കമ്മീസ് ഇനി നരയ്ക്കാന്‍ ഒട്ടുമില്ല . ഇടയ്ക്കിടെ പിഞ്ഞിയിട്ടുമുണ്ട്. അലക്കുകാരം തേച്ചു ചൂടുവെള്ളത്തില്‍ അമ്മാമ്മയോ അമ്മച്ചിയോ ആണ് അത് കഴുകുക . എന്നിട്ട് വെയിലത്ത്‌ ഒണക്കാനിടും . നീലം പിഴിഞ്ഞതിന്റെ ചാറ് കമ്മീസിന്റെ കണ്ണീരു പോലെ മണ്ണില്‍ വീണു നീലിയ്ക്കും. വയ്കുന്നെരമാകുംബോഴെയ്ക്കും അല്‍പ്പം കാക്ക കാഷ്ടത്തിന്റെ തരികളോടെ അമ്മച്ചി അതെടുത്തു മടക്കി വയ്ക്കും . കുളി കഴിഞ്ഞു വന്നാല്‍ ആനിയ്ക്ക് ഇടാന്‍ .



കളിക്കാനോടുമ്പോള്‍ ആനിയുടെ കമ്മീസ് ഇളം കാറ്റില്‍ പറക്കും . കൂടെയുള്ള കുട്ടികള്‍ ഇടയ്ക്കിടയ്ക്ക് ഇതാണോ അത്ഭുത ലോകത്തിലെ ആലീസ് എന്നാ പോലെ ആനിയെ നോക്കും. ആ കമ്മീസിനു നീളം തുലോം കുറവാണ് . ആനിയും കൂട്ടരും കൂടി കൊത്തങ്കല്ല് കളിയ്ക്കാന്‍ കുന്തിചിരിക്കുമ്പോള്‍ കമ്മീസ് ആനിയുടെ വെളുത്ത തുടകള്‍ അനാവൃതമാക്കുകയും വര്‍ക്കീടെ ചെക്കന്‍ ജോസിന്റെ കണ്ണുകള്‍ക്ക്‌ മേയാന്‍ ഇടം കാട്ടുകയും ചെയ്യും .



"ജോസേ നിന്‍റെ കണ്ണു ഞാന്‍ കുത്തിപൊട്ടിക്കൂട്ടാ.. നിനക്ക് കളിക്കണ്ടാങ്ങെ എന്റ്റു പോയേരാ"

ആനി അവനെ കോക്രി കാട്ടും.



ചിലപ്പോള്‍ ആനി ഒറ്റയ്ക്ക് കുന്നിനു മുകളിലേക്ക് പോകും . നിറയെ കാഴ്ചകള്‍ക്ക് മേല്‍ അവളുടെ കമ്മീസും അവളും നൃത്തം ചെയ്യും. പൂത്തു നില്‍ക്കുന്ന ചെടികളോടും പാട്ട് പാടുന്ന കിളികളോടും ആനി പായാരം പറയുന്നത് കേള്‍ക്കാന്‍ എന്നും ആ കംമീസിനാണ് ഭാഗ്യം.കംമീസില്‍ ഒട്ടിപ്പിടിക്കുന്ന കായകളെ കാര്യമാക്കാതെ,ഇരുട്ടാറാകുമ്പോള്‍ അമ്മച്ചിയുടെ നീട്ടി വിളി മേലെ കുന്നു കേറിയെത്തും



"ഡീ ആന്യേ , പ്രായായിന്നു വല്ല വിജാരണ്ട്രീ .. ഇങ്ങനെ നടന്നോ നീ .. ആ കമ്മീസ് കഴ്കാന്‍ കൊണ്ട് വാടിങ്ങ്ട് .. നാളെ ഇടണാ നിനക്ക് വല്ലതും ?



അങ്ങനെ അന്നത്തെ വൈകുന്നേരം ആനിയും കമ്മീസും തിരികെ എത്തും.കംമീസില്‍ ഒട്ടിപ്പിടിച്ച കായകള്‍ പെറുക്കി എടുത്തു കളഞ്ഞു അന്നത്തെ അലക്കിനു കംമീസിനെ ഒരുക്കുമ്പോള്‍ അമ്മാമ്മ പറയുന്ന സ്ഥിരം വാചകം ആവര്‍ത്തിക്കും



"പോയി മേല് കഴ്കീട്ടു വാടീ"

" പണ്ടാറം ഇള്ള കാടും പടലും ഒക്കെ ഒട്ടിച്ചു കൊണ്ടുവന്ന്രോക്കാ വളടെ ഒര് കമ്മീസ്" ...



അപ്പോള്‍ ഊറിച്ചിരിച്ചു ,കുളിമുറിയില്‍ ആനിയുടെ ദേഹം കംമീസിടാതെ നില്‍ക്കും.



കാലത്ത് കംമീസിനടിയിലേക്ക് ദിനം തോറും തളിര്‍ത്തു പൂക്കുന്ന തന്നെ വലിച്ചു കേറ്റി , മുടി കെട്ടി വച്ചു ആനി ഉറക്കപിച്ചോടെ നടേപ്പൊറ ത്ത് വന്നിരിക്കും . ഇടയ്ക്കിടെ വെട്ടു വഴിയിലൂടെ പോകുന്ന കുമാരന്റെ ചെക്കന്‍ വാസുന്റെ കടാക്ഷങ്ങള്‍ അവളില്‍ ഇയ്യിടെ എന്താണെന്നറിയാതെ ഒര് തരിപ്പ് ഉണ്ടാക്കുന്നുണ്ട്.



അമ്മച്ചി കൊടുത്ത കട്ടന്‍ കാപ്പീടെ കറ കംമീസില്‍ വീഴ്ത്തി അതിനെ കരയിച്ചു , അതൊന്നും തീരെ ശ്രദ്ധിക്കാതെ ആനി വഴിയിലേക്ക് നോക്കി ഇരിക്കും;ഞാറാഴ്ച ആയതിനാല്‍ ഇന്ന് ദേവസ്സെടെ ചെക്കന്‍ വിത്സനും വരുന്ന വഴി !



ഞാറാഴ്ച ക്കുര്‍ബാന കഴിഞ്ഞു വന്ന അമ്മാമ്മ പൊത മുണ്ട് മടക്കി ഇട്ടു , ആകെയുള്ള ഒര് ബ്രൂച്ച് എടുത്തു ഭദ്രമായി മുണ്ടുംപെട്ടിയില്‍ വച്ചു പുറത്തേയ്ക്കും വരും . ഉടുത്ത ഒറ്റ മുണ്ടിന്റെ ഞ്ഞോരിവാല്‍ ഒന്ന് ശരിയാക്കി കൂറ കംമീസിട്ടു, റോഡിലേക്ക് കണ്ണുകളാല്‍ അലസഗമനം നടത്തിയിരിക്കുന്ന ആനിയെ നോക്കി വിളിക്കും



"ഡീ ആന്യേ ,ഇന്ന് എറിച്ചി വാങ്ങിക്കണ്ട്രീ ??



തീ പാറുന്ന ഒര് നോട്ടം അമ്മമ്മയ്ക്ക് ലാളിക്കാന്‍ എറിഞ്ഞു കൊടുത്തിട്ട് ആനി എണീക്കും . എന്നിട്ട് ചവിട്ടി ക്കുലുക്കി അമാമ്മയുടെ കാശും പെട്ടിക്കരികിലേക്ക് ചെന്ന് നില്‍ക്കും



"ഹൌ , ഒന്ന് പത്ക്കെ എനീക്കിരി , മൊല വന്ന പെന്കുട്ട്യാത്രേ" ..



കംമീസിനടിയില്‍ അവളുടെ വളര്‍ച്ച, അമ്മാമ്മ അറിയുന്നതിന് മുന്‍പ് തന്നെ ഇയ്യിടെ അവളുടെ കമ്മീസിനു ഒരു ഭയം സമ്മാനിക്കുന്നുണ്ട്.ആ ഭയത്തില്‍ കുതിര്‍ന്നു നില്‍ക്കെ , എണ്ണി കണക്കാക്കി കുറച്ചു നോട്ടുകള്‍ എടുത്തു ആനിക്ക് കൊടുത്തിട്ട് അമ്മാമ്മ പറയും



"നീ പോയ്ട്ടെയ് മ്മടെ അന്തോന്യേട്ടന്റെ എറിച്ചിക്കടെന്നു കൊറച്ചു പോത്തറിച്ചി വേടിച്ചട്ടു വാറി, ഇന്ന് നമ്ക്ക് കായിട്ട് വെക്കാം. നല്ലോണം നെയ്യിടാന്‍ പറഞ്ജോലോ. അല്ലെങ്ങെ ഇല്ല നെയ്യോക്കെ കായ വല്ച്ചു ഇടുക്കും. ധെഹത്തിക്ക് ഒരു തരി കിട്ട്ല്യ "



കാശും വാങ്ങി, വഴിയരുകിലെ കാഴ്ചയില്‍ കണ്ടു നടക്കുമ്പോള്‍ അന്തോന്യേട്ടന്റെ ഇറച്ചിക്കട അവളുടെ അടുത്തെത്തും .



തിക്കും തിരക്കും കൂട്ടി, ഇറച്ചി വാങ്ങാന്‍ വന്നവരെ പിന്നിലാക്കി ആനി മുന്നിലെക്കെത്തും . കംമീസില്‍ ഇറച്ചിചോര തെറിച്ചു വീണതും, തെറിച്ചു വീണ ഒരെല്ലിന്‍ തുണ്ട് ഏതെങ്കിലും നായ കംമീസിനെ വേദനിപ്പിച്ചു കൊണ്ട് നക്കിയെടുത്തതും അറിയാതെ, ആനി നീട്ടി പ്പറയും



"അന്തോന്യേട്ടാ ഒര് കിലോ നെയ്‌പോത്ത്"



ഇറച്ചിക്കട സ്തംഭിക്കുകയും , ആളുകളും പട്ടികളും വിഷണ്ണരായി നില്‍ക്കുകയും ചെയ്യുമ്പോള്‍, സമനില വീണ്ടെടുത്ത്‌ അന്തോന്യേട്ടന്‍ ചോദിക്കും



" നെയ്പ്പോത്താ?എന്തിന്ടീ ഇപ്പൊ നെയ്യ് "



മറുപടിക്ക് പഞ്ഞമില്ലാത്ത ആനി ചുട്ട മറുപടി കൊടുക്കും. .



"അമ്മാമ്മയ്ക്ക്‌ നെയ്യില്ല്യാന്ന്‍. കൊറച്ചു വെപ്പിക്കാനാ "



അപ്പോള്‍ ആനി അറിയാതെ അവളുടെ കമ്മീസ് ഒന്ന് ഉറക്കെ ചിരിക്കാന്‍ കൊതിക്കും.ആളുകളുടെ ഊറിക്കൂടിയ ചിരിയില്‍ നനഞ്ഞു,തേക്കിലയില്‍ പൊതിഞ്ഞ് അന്തോന്യേട്ടന്‍ എടുത്തു കൊടുത്ത ഇറച്ചിപ്പൊതി ആകാശത്തെക്കിട്ടു പിടിച്ചു ആനിയും കമ്മീസും വീട്ടിലേക്കു നടക്കും.



അപ്പോഴാണ്‌ ആനിയുടെ കാലുകളിലൂടെ, ഒരണ പോലെ പൊട്ടി , ഇപ്പോള്‍ കുറേശ്ശെ കിനിയുന്ന രക്തത്തിനെ ഇനി എത്രനാള്‍ എനിക്ക് മറച്ചു പിടിക്കാനാകും ഞാന്‍ എന്നു ആനിയെ അറിയാതെയാകും എന്ന ഒര് വിലാപം കമ്മീസിന്റെ വള്ളികളിലൂടെ താഴേക്കു അരിച്ചിറങ്ങുക .ആ വിലാപം ഏറ്റു വാങ്ങാന്‍ പടിക്കരികെ അമ്മാമ്മ എല്ലാ ഞാരാഴ്ചകളിലും ആധി പെറ്റ നെഞ്ചുമായി നില്‍ക്കാറുണ്ട് .