Malayalam Bloggers

Wednesday, February 22, 2012

കുന്നംകുളം

892 ല്‍ പാറമേല്‍ ഇട്ടൂപ്പ് കുന്നം കുളത്ത് സ്ഥാപിച്ച സൈന്റ്റ്‌ തോമസ്‌ പ്രസ്സില്‍ നിന്നും രാമായണം, ഭാഗവതം എനിഇവ അച്ചടിച്ച്‌ വിട്ടിരുന്നത് അഞ്ചു രൂപയ്ക്കാണ് . 1890 ല്‍ കാള ഹസ്തിയപ്പ മുതലിയാര്‍ സ്ഥാപിച്ച വിദ്യാവിലാസം പ്രസ് അച്ചടിച്ച്‌ വിറ്റിരുന്ന രാമായണം, ഭാഗവതം എന്നിവയെക്കാളും അഞ്ചു രൂപ കുറവില്‍ . ദ ദാണ് കുന്നംകുളം.. ദ ദാണ് കുന്നംകുളം.. ദ ദാണ് കുന്നംകുളം..

Sunday, February 5, 2012

Wisława Szymborska

പോളണ്ടിലെ കൊര്‍നിക്കില്‍(( Kornik) ഒര് പെണ്‍കുഞ്ഞു പിറന്നു വീഴുമ്പോള്‍, അവള്‍ ലോകമൊട്ടാകെ കീര്‍ത്തി പെറ്റു , കവയത്രിയെന്നു പേര് കേട്ടു പെരുമപ്പെടും എന്നു 1923ഇല്‍ ആരും കരുതിക്കാണില്ല. സമോയ്സ്കി പ്രഭുവിന്റെ പൊഴുതിക്കാരനായി(steward) ഉപജീവനം നടത്തിയിരുന്ന ഒര് പാവം അച്ഛന്‍റെ മകളായി വളര്‍ന്ന അന്ന, 1996ഇല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടുമ്പോള്‍ , അവളുടെ പ്രശസ്തി ആ അച്ഛനു ചിന്തിക്കാവുന്നതിനും അപ്പുറത്തേയ്ക്ക് വളര്‍ന്നിരുന്നു.കുഞ്ഞ് അന്ന ,


(വീസ് വാ വാ ഷിംബോര്‍സ്ക എന്നു ഉച്ചാരണം) എന്നു പരക്കെ അറിയപ്പെടുന്ന പോളിഷ് കവയിത്രി ആയി മാറുകയായിരുന്നു .
ജീവിതം ഷിംബോര്‍സ്ക 1939 ലെ രണ്ടാം ലോക മഹായുദ്ധത്തിലൂടെയും , ഒര് "റെയില്‍റോഡു" തൊഴിലാളിയുടെ വേഷം കെട്ടിച്ചതിലൂടെയും പരീക്ഷിച്ചു. അത്ഭുതം നിറഞ്ഞ ഈ ലോകത്ത് , പോളിഷ് ഭാഷാശാസ്ത്രം, , മാനവ സമുദായ ശാസ്ത്രം എന്നിവ പഠിച്ചും അവര്‍ പിച്ച വെച്ച് നടന്നു. മിലോസിനെ (Czeslaw Milosz )കണ്ടെത്തിയത് അവരുടെ എഴുത്തുകാരിയാകുവാന്‍ ഉള്ള വിധിയുടെ ആദ്യ പടി ആയിരുന്നു. ആദ്യപുസ്തകം - സുക്കാം സ്ലോവ -(Szukamm Slowa ) പ്രകാശം കണ്ടത് 1945ഇല്‍ ഒര് ദിനപത്രത്തില്‍ ആയിരുന്നു.1948ഇല്‍ ഡിഗ്രീ നേടാനാകാതെ അവര്‍ വിദ്യാഭ്യാസം നിറുത്തുകയുണ്ടായി. അതെ വര്ഷം വ്ലോടെക്കില്‍( (Adam Wlodek )തന്റെ ജീവപാതിയെ കണ്ടെത്താന്‍ അവര്‍ക്കായി. സാമൂഹ്യ ആദേശങ്ങള്‍ക്ക് വിഘാതം നില്‍ക്കുന്നു എന്നാ കണ്ടെത്തലോടെ സെന്‍സര്‍ ബോര്‍ഡ്, ഗുണദോഷ വിചിന്തനം നടത്തി തന്റെ ആദ്യ പുസ്തകത്തിനു വിലക്ക് ഏര്‍പ്പെടുത്തിയത് ഷിംബോര്‍സ്ക യിലെ എഴുത്തുകാരിയെ കൂടുതല്‍ ഊര്‍ജസ്വല ആക്കുകയാണ് ചെയ്തത് . അവര്‍ പീപ്പ്ള്‍ റിപ്പബ്ലിക്ക് ഓഫ് പോളണ്ടില്‍ ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങി . പിന്നീട് പോളിഷ് യുനൈറ്റട്‌ വര്‍ക്കേര്‍സ് പാര്‍ട്ടിയിലും അംഗം ആയി . കമ്മ്യൂണിസ്റ്റുകള്‍ പിന്താങ്ങിയ "The Times " വിപ്ലവത്തെ എതിര്‍ത്തു അഭിപ്രായ സ്വാതന്ത്രത്തിനു മുറവിളി കൂട്ടുകയും ചെയ്തു അവര്‍ - കാലം 1964 -

1952മുതല്‍ 2011വരെ ഷിംബോര്‍സ്ക എഴുതിക്കൂട്ടിയ കവിതകള്‍ക്കും ഉപന്യാസങ്ങള്‍ക്കും കണക്കില്ല. മികച്ച ഒര് പാട് രചനകള്‍ പുറത്തു വന്നു. The End and the Biginning എന്ന കവിതയില്‍ അവര്‍ ഇങ്ങനെ എഴുതി
“After every war / someone’s got to tidy up.” . വര്‍ത്തമാന കാല യാഥാര്‍ത്ഥ്യം ആണ് ഇത് . അതെ , ഓരോ യുദ്ധങ്ങള്‍ക് ശേഷവും വൃത്തിഹീനമായവയെ സംസ്കരിക്കാന്‍ ഒരാളുടെ ശക്തമായ കരം ഉണ്ടാകേണ്ടതിന്റെ ആവശ്യകത അവര്‍ കണ്ടറിഞ്ഞു.
Dr. Cavanagh ഉം Baranczak ഉം ചേര്‍ന്ന് പരിഭാഷപ്പെടുത്തിയ "Cat in an Empty Apartment" എന്ന കവിതയില്‍ ഇപ്രകാരം വായിക്കാം
"Something doesn’t start

at its usual time.

Something doesn’t happen

as it should. Someone was always, always here,

then suddenly disappeared

and stubbornly stays disappeared."

വാക്കുകള്‍ അതിന്റെ ഇടയില്‍ സൂക്ഷിക്കുന്ന ചരിത്രപരവും ജൈവശാസ്ത്ര പരവും ആയ ഒര് മാനവ ബോധം ഈ വരികളില്‍ ഉണ്ട് .

അതെ ഷിംബോര്‍സ്ക ബുദ്ധികൂര്‍മതയുള്ള ഒര് സ്ത്രീയായിരുന്നു. ലോകത്തെ കുറിച്ച് ചിന്തിച്ച കവയത്രി. പതിനാറു ശേഖരങ്ങളില്‍ ആയി

അവരുടെ കവിതകള്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു . Ludzie na moscie (People on the Bridge- 1968 ),101 wierszy (101 Poems1966) Widok z ziarnkiem piasku (View with a Grain of Sand -199) എന്നിവ ചിലത് മാത്രം .

കവിതയുടെ മൊസാര്‍ട്ട് എന്നായിരുന്നു ഷിംബോര്‍സ്കയ്ക്ക് കിട്ടിയ ഒര് വിശേഷണം . ഗോയ്ഥെ പ്രൈസ് (1991 ), ഹെര്‍ദാര്‍ പ്രൈസ് (1995 ), നോബല്‍ സമ്മാനം - സാഹിത്യത്തിനു (1996 ) എന്നിവയ്ക്ക് പുറമേ , പോളണ്ടിലെ പരമോന്നത ബഹുമതിയായ "Order of white Eagle " വരെ അവര്‍ കൈപ്പിടിയില്‍ ഒതുക്കി. സ്വീഡിഷ് അകാദമി അവര്‍ക്ക് നോബല്‍ കൊടുത്തു കൊണ്ട് ഇപ്രകാരം പറഞ്ഞു

" അവരുടെ കവിത, നിന്ദാസ്തുതികളുടെ കൃത്യതയിലൂടെ, മാനുഷിക യാഥാര്ത്യങ്ങളുടെ കണികകള്‍ ആയി ചരിത്ര പരവും ജീവ ശാസ്ത്ര പരവുമായ പശ്ചാത്തലങ്ങളെ / വസ്തുതകളെ വെളിച്ചത്തു കൊണ്ടുവരാന്‍ അനുവദിച്ചു" ഇതില്‍പരം ഇനി ഷിംബോര്‍സ്കയുടെ കവിതകള്‍ക്ക് എന്ത് പ്രശസ്തിയാണ് പറയാന്‍ ആവുക .

ഇക്കഴിഞ്ഞ വാരം,ഫെബ്രിവരി ,വര്ഷം 2012 ഇല്‍ കവിതയ്ക്കായി , മാനവികതയ്ക്കായി ഉഴിഞ്ഞു വച്ച ആ ജീവിതം ലോകത്തിനു മുന്നില്‍ ഒര് ഓര്‍മയായി.

Monday, January 30, 2012

ഇച്ഛാശക്തിയുടെ പോര്‍ നിലങ്ങള്‍ (Cinderella Man )




ജിം ബ്രാഡോക്ക് ഒരു ബോക്സര്‍ ആണ്. ഇച്ഛാശക്തി കൊണ്ടും ദൃഡനിശ്ചയം കൊണ്ടും ജീവിതം കരുപ്പിടിപ്പിക്കുന്നവന്‍. യുദ്ധ ഭീതികളാല്‍ ആടിയുലയുന്ന ഐക്യനാടുകളില്‍ ഒരുപാട് പേരും പദവിയും ധനവുമുള്ള അറിയപ്പെടുന്ന വ്യക്തിയായിരുന്നു ജെയിംസ്ബ്രാഡോക്ക്. കാലം കടന്നു പോകുമ്പോള്‍ വൈദ്യുതി ബില്ലിനും ,ഒരു കുപ്പി പാലിനും നന്നേ ബുദ്ധിമുട്ടി, വിറകു അടുപ്പ് കത്തിക്കാന്‍, ഒന്ന് തീ കായാന്‍ വിറകു പോലുമില്ലാതെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീഴുന്നു ബ്രാഡോക്കും ഭാര്യയും മൂന്നു കുട്ടികളും. പൊതു ദാരിദ്ര്യ നിര്‍മാര്‍ജ്ജന ഫണ്ടില്‍ നിന്നും ലഭിക്കുന്ന നാണയ തുട്ടുകള്‍ മാത്രമാണ് ആണ് ബ്രാഡോക്ക് കുടുംബത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്. അത് പോയി വാങ്ങേണ്ടി വരുംന്നതിന്റെ ഗതി കേട് ബ്രാഡോക്കിനു താങ്ങാന്‍ ആവുന്നതിനും അപ്പുറം ആണ് താനും. ദാര്രിദ്ര്യത്തിലും, തനിക്കുള്ള പങ്ക് റൊട്ടി മകള്‍ റോസിക്ക് മുറിച്ചു കൊടുത്ത് ,ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാറില്ല എന്നാ മട്ടില്‍ മകള്‍ക്ക് കത്തിയും ഫോര്‍ക്കും ഉപയോഗിച്ച് ഭക്ഷിക്കാന്‍ വരെ പ്രേരിപ്പിക്കുന്ന - ഒരു ആഢ്യന്‍ ലക്ഷണം - ബ്രാഡോക്ക്. ദാരിദ്ര്യത്തിന്റെ പരകോടിയില്‍ ബ്രടോക്കിന്റെ ഒരു മകന്‍ വിശപ്പിനാല്‍ ഒരു കഷണം റൊട്ടി ഒരു കടയില്‍ നിന്നും മോഷ്ടിക്കുന്നുണ്ട്. ബ്രാഡോക്ക് അവനെ പറഞ്ഞു സമാധാനിപ്പിച്ചു , സത്യസന്ധനായി ജീവിക്കെണ്ടതിന്റെ മഹിമ. എന്നിട്ട് അവനെയും കൂട്ടി ചെന്ന് റൊട്ടി തിരികെ ഏല്‍പ്പിക്കുന്നു. പല ആവര്‍ത്തി കണ്ടു കഴിഞു , പിന്നെയാണ് ഈ സിനിമക്ക് സിന്ദ്രല്ല മാന്‍ എന്നാ പേര് - അസാധാരണമായ ഒന്ന് - വന്നത് എന്തുകൊണ്ടാനെന്നുള്ള ഉത്തരം എനിക്ക് ലഭിക്കുക. പ്രതാപിയായ അച്ഛന്റെ പ്രതാപിയായ മകളായി ,പിന്നെ വേലക്കായി രണ്ടാനംമയോടും മക്കളോടും മല്ലുപിടിച്ചു ഇച്ഛാശക്തി ഒന്നിനാല്‍ രാജകുമാരനെ കല്യാണം കഴിച്ച സിന്ദ്രേല്ല ആണ് ബ്രാടോക്കിനു ഏറ്റവും ചേര്‍ന്ന വ്യക്തിത്വം. ഒരു ഫീനിക്സ് പക്ഷിയെ പോലെ ബോക്സിംഗ് റിന്ഗുകളില്‍ വീണ്ടും ബ്രാഡോക്ക് വിജയം കൊയ്യുന്നു. ഇച്ഛാശക്തിയുടെ പടനായകനാകുന്നു ബ്രാഡോക്ക്.


ഇടയ്ക്കു ദാരിദ്ര്യം സഹിക്കവയ്യാതെ മക്കളെ തന്റെ കസിന്റെ അടുത്തേക്ക് പറഞ്ഞയക്കാന്‍ ബ്രാടോക്കിന്റെ ഭാര്യ മേയ് ഒരുങ്ങുന്നുണ്ട്. വികാരാധീനനായി അത് തടയുന്ന ബ്രാടോക്കിനോട് സംവദിക്കുന്ന മേയ്, ഒരു കുടുംബം നടത്തിക്കൊണ്ടു പോകാന്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകള്‍ പേറുന്ന ഗൃഹനാഥയുടെ ദുരന്ത പ്രതീകമാണ്. ഒരു സംഭവ കഥയാണ്‌ ഈ സിനിമയുടെ പ്രമേയം. ശ്വാസം പിടിച്ചു കണ്ടിരിക്കേണ്ട രംഗങ്ങള്‍ സംഭാവന ചെയ്യാന്‍ സംവിധായകന്‍ റിം ഹവാര്‍ഡ് ന്നു കഴിഞ്ഞിട്ടുണ്ട്. ബ്രാടോക്കിന്റെ വേഷം റസ്സല്‍ ക്രോവും, മേയുടെ വേഷം റെനി സ്വല്ഗരും കുഞ്ഞു രോസിയായി ഏരിയല്‍ വാല്ലെരും സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നു.


യുദ്ധ ഭീതികളും രക്ത പങ്കിലമായ ബോക്സിംഗ് രംഗങ്ങളും തണുപ്പുറഞ്ഞ അമേരിക്കന്‍ ഐക്യനാടുകളും ചിത്രത്തിന്റെ ഭംഗി കൂട്ടുന്നു. ഒരു കായികതാരത്തിന്റെ അമൂല്യമായ ഇച്ഛാശക്തിയും, ഒരു കുടുംബനാഥന്റെ കരളുറപ്പും ദൃഢ ചിത്തതയും ബ്രാഡോക്ക് കാഴ്ച വെക്കുന്നു. ഡാവിഞ്ചി കോഡിന്റെയും ദി ബ്യൂട്ടിഫുള്‍ മൈണ്ടിന്റെയും സംവിധായകനായ റൊണിന്നു അഭിമാനിക്കാനാവുന്ന ഒരു ചിത്രം തന്നെയാണ് സിണ്ട്രെല്ല മാന്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം ആണ്

http://www.youtube.com/watch?v=DlbHzcH4VJY

Thursday, December 29, 2011

ദാനത്തിന്റെ നാല്പതാമത്തെ ക്രിസ്തുമസ്


ദാനത്തിന്റെ നാല്പതാമത്തെ ക്രിസ്തുമസ് !

നക്ഷത്ര വിളക്കുകള്‍ മിന്നി കത്തുകയും പെട്രോ മാക്സ് വിളക്കുകള്‍ മുനിഞ്ഞു കത്തുകയും ചെയ്തു തുടങ്ങിയിരുന്നു. , കരോള്‍ ഗാന കോലാഹലങ്ങളോടെ കുട്ടികളും , മുതിര്‍ന്നവരും ക്രിസ്മസ് സാന്റായും തങ്ങളെ കടന്നുപോകുമ്പോള്‍ സമയം ഏതാണ്ട് അര്‍ദ്ധരാത്രി പിന്നിടുകയായിരുന്നു എന്ന് ശാന്തമാക്കന്റെ എണ്ണമയമുള്ള പായയില്‍ എണീറ്റിരുന്നു ഒരു ബീഡിക്ക് തീ കൊടുക്കുമ്പോള്‍ ദാനം ആലോചിച്ചു. ഇപ്പോള്‍ സമയം പുലര്‍ച്ചെ രണ്ടിനോടടുക്കുന്നു ..

ഓലത്താന്നി കയറ്റത്തുള്ള കട അടച്ചു, ഇറക്കത്തെയ്ക്ക് നോക്കി , അനിയന്‍ വിത്സന്റെ കട അടച്ചു എന്നു ഉറപ്പു വരുത്തി ,അവനെയും കാത്തു നിന്ന് നേരം പതിനൊന്നിനോട് അടുക്കുമ്പോഴാണ് ദാനവും അനിയന്‍ വിത്സനും വീടിനെ ലക്ഷ്യം വച്ച് നടക്കാന്‍ തുടങ്ങിയത്. കരോള്‍ സംഘം തങ്ങളെ കടന്നു പോയപ്പോള്‍ ശാന്തമാക്കന്റെ വീട് വിലക്കപ്പെട്ട കനിയുടെ സ്വാദോടെ, ദാനത്തിനു മുന്നില്‍ ഒര് ഏദന്‍ തോട്ടം പോലെ ഹരിതം വിരിച്ചു നിന്നു. അതോടെ ആ ഓലവീടിനു നേരെ ചേട്ടന് ഒരു ചെരിവ് ഉണ്ടായത് കണ്ടു വിത്സന്‍ ഇപ്രകാരം ശാസിച്ചു

"ദാനണ്ണാ. നിങ്ങള് ഇത് എന്തെരു പണികള് കാണിക്കണത് ? ചൊല്ലുവിളിക്ക് നടക്കാതെയാണാ ഇതിപ്പ .ഇനിയെപ്പഴാണ് വീട്ടിലാട്ടു വരണത് ?
അഞ്ചു സെല്‍ ഏവറെടി ഉള്ള ഒരു നെടുങ്കന്‍ ടോര്‍ച്ചു തെളിച്ചു ശാന്തമാക്കന്റെ വീട് ലക്ഷ്യം വയ്ച്ചു നടക്കുന്നതിനിടയില്‍ തിരിഞ്ഞു നിന്ന് ദാനം എറിഞ്ഞു കൊടുത്ത ഒരു തെറി കേട്ടില്ല എന്ന് നടിച്ചു , ഒരു കോട്ടുവായിട്ടു കൊണ്ട് വിത്സന്‍ വീട്ടിലേക്കു നടന്നു.

രണ്ടരയ്ക്കെങ്കിലും വീടു പറ്റണം എന്ന്ന ചിന്ത ബീഡിയുടെ കനലില്‍ കണ്ട ദാനം , ഒര് നീണ്ട ഒര് ഏമ്പക്കം വിട്ടു വയര്‍ ഒന്ന് അമര്‍ത്തി തടവി പായില്‍ നിന്നു എഴുന്നേറ്റ് മുറിയുടെ പുറത്തേക്കു കടന്നു. നാളെ വരുമ്പോള്‍ ഒര് ബ്ലൌസിന്റെ തുണി കൊണ്ടുവരണം ദാനണ്ണാ എന്നു പിന്നില്‍ നിന്നു കേട്ടതിനു അലക്ഷ്യമായി മൂളിക്കൊണ്ട് , രണ്ടു ദിവസം കഴിഞ്ഞാല്‍ ക്രിസ്മസ് ആണല്ലോ എന്നും കടയില്‍ അത്യാവശ്യം വില്പന ഉണ്ടാക്കാന്‍ , അത് അടുത്തുള്ള പീടിക മുറിയിലെ നിരന്തര വൈരി 'വകെളി' ബാലനെക്കാള്‍ നേരത്തെ തുറക്കണമെന്നും, മുന്നോടിയായി കുറഞ്ഞത്‌ ഒര് അഞ്ചു മണിക്കൂര്‍ ഉറക്കമെങ്കിലും പാസ്സാക്കണം എന്നും ഉള്ള ഓര്‍മയില്‍ ദാനം എദേന്‍ തോട്ടത്തില്‍ നിന്നിറങ്ങി വീട് ലക്ഷ്യം വച്ചു നീട്ടി വലിച്ചു നടന്നു. കട തുറന്നിട്ട്‌ എന്ത് വില്‍ക്കും എന്ന ചിന്തയാല്‍ ദാനത്തിന്റെ മനസ്സ് വ്യാകുലമായത് മറ്റന്നാള്‍ പിറക്കാന്‍ പോകുന്ന ഉണ്ണി ഈശോ കാണുന്നുണ്ടായിരുന്നു. തല്കാലത്തെയ്ക്ക് ശാന്ത്മ്മാക്കന്‍ എദേന്‍ തോട്ടത്തിന്റെ ഉടമസ്ഥാവകാശം കയ്യാളിയതും ദാനം അവിടെ നിന്നു വിലക്കപ്പെട്ട കനി പറിച്ചതും ഉണ്ണി ഈശോ മനപ്പൂര്‍വം മറന്നു കളഞ്ഞിരുന്നു

വിക്ടറി സ്കൂളിന്റെ തിരിവ് കഴിഞ്ഞതെ ഉള്ളൂ . ആര്‍ത്തു തല്ലി വന്നു, ആകാശത്ത് കിഴക്കു നിന്ന് വന്ന രാജാക്കന്മാര്‍ക്ക് വഴികാണിച്ച ഒറ്റ നക്ഷത്ര പ്രഭ കണക്കെ ഒര് ജീപ്പിന്റെ ഹെഡ് ലാമ്പ് ദാനത്തിന്റെ കാഴ്ച്ചയെ ഒര് നിമിഷം മഞ്ഞളിപ്പിച്ചു കളഞ്ഞു . എതിരെ വന്ന ജീപ്പ് തന്നെ ഇടിച്ചിടും എന്നു കരുതിയതായിരുന്നു. ഒര് വലിയ തെറി വിളിച്ചു പറഞ്ഞു ദാനം വഴിയരുകിലെ ഓടയിലേക്കു ചാടി , ജീപ്പ് കടന്നു പോയി, കുറച്ചു ദൂരെയായി ടയറിന്റെ കരിഞ്ഞ മണം പരത്തി നിന്നു . ഓടയില്‍ നിന്നു എഴുനേറ്റു നോക്കുമ്പോള്‍, പഴയ നിയമകാലത്ത് നയില്‍ നദിയില്‍ നിന്ന് കയറിവന്ന തടിച്ചതും മെലിഞ്ഞതും ആയ കാളകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഒരു തടിച്ചവനും ഒരു മെലിഞ്ഞവനും ജീപ്പില്‍ നിന്ന് ഇറങ്ങി വന്നു. അടി ഉറപ്പു. അത്ര മുട്ടന്‍ തെറി ആണല്ലോ വിളിച്ചെറിഞ്ഞത് എന്ന് ചിന്തിച്ചും ആ അടി കരണം പൊത്തി ആയാല്‍ അത് താന്‍ എങ്ങിനെ സഹിക്കും എന്നും ചിന്തിച്ചു ദാനം അവിടെ തന്നെ നിന്നു.

ഇറങ്ങിയവന്മാര്‍ രണ്ടും പരിസരം ഒന്ന് വീക്ഷിക്കുകയും , ജീപ്പില്‍ നിന്നു ഒര് വലിയ ചാക്ക് കെട്ട് ചുമന്നെടുത്തു കൊണ്ട് വരികയും , ഹെലെസാ എന്നാ താളത്തോടെ, അപ്പുറത്തെ മതിലിനു മുകളിലൂടെ തൂക്കി എറിയുകയും ചെയ്തു . ഒര് കൂഴച്ചക്ക വീഴുന്ന ശബ്ദം.അത് നൈമിഷികമായിരുന്നു .അവര്‍ ജീപ്പില്‍ തിരികെ കയറുകയും, ഒര് ഇരമ്ബത്തോടെ ജീപ്പ് ഇരുട്ട് കീറി മുന്നോട്ടു പോവുകയും ചെയ്തു .

ദാനം ഓടയില്‍ നിന്നു എഴുന്നേറ്റു വന്നപ്പോള്‍ കൈമുട്ട് പൊട്ടി ചോര വരുന്നുണ്ടായിരുന്നു . അടി കിട്ടിയേക്കാമായിരുന്ന കവിള്‍ ഒന്ന് വെറുതെ തടവി നോക്കി,താഴെ വീണ ടോര്‍ച് എടുത്തു , വീടിനു നേരെ നടക്കുമ്പോള്‍, ദാനത്തിന്റെ ഓര്‍മയില്‍ ഒര് വാല്‍ നക്ഷത്രം ഉദിച്ചു. ആ വെളിച്ചത്തില്‍ ദാനം തിരിയുകയും ,പിന്നെ അസാമാന്യം വേഗതയോടെ തന്റെ വയറിനെ ചുമന്നും, മെലിഞ്ഞ കാലുകളെ ശപിച്ചും ആ ചാക്കുകെട്ട് വീണ പറമ്പിനെ ലക്ഷ്യം വച്ചു ഓടുകയും ചെയ്തു.

ഉറക്കപ്പകുതിയില്‍ , കതകു തുറന്നു നോക്കുമ്പോള്‍ ദാനം കിതച്ചു കൊണ്ട് മുന്നില്‍ നില്‍ക്കുന്നതാണ് രാജമ്മാക്കന്‍ കണ്ടത് . ദാനത്തിന്റെ അരുകില്‍ ഒര് ചാക്കുകെട്ട് വിശ്രമിച്ചിരുന്നു. മുരടനക്കി രാജമ്മാക്കന്‍ ചോദിച്ചു
"നിങ്ങള്‍ ഇത് എവടെ പെയ്യത്‌ ? പിള്ളാര്‌ നിങ്ങളെ കാണാതെണ് ഒറങ്ങിയത് .. നേരത്തിനും കാലത്തിനും വീട്ടീ വന്നില്ലെങ്കി ഒന്ടല്ലാ .. എന്‍റെ സ്വഭാവം എനിക്ക് തന്നെ പിടിക്കാതിരിക്കെണ്.."
"പെണ്ണെ , നീ കെടന്നു അലയ്ക്കാതെ ഈ ചാക്കന്ഗ്ഗാട്ട് പിടി അകത്താട്ട് വയ് " .. കിതപ്പാറ്റി ദാനം പറഞ്ഞു .
"എതെന്തരാണ് ഈ വലിച്ചും കൊണ്ട് വന്നെക്കണത് ? എന്നു ചോദിച്ചു കൊണ്ട് രാജമ്മാക്കാന്‍ ചാക്ക് കെട്ടില്‍ പിടിച്ചു പൊക്കാന്‍ ഒരു പാഴ് ശ്രമം നടത്തി .ഇത്രേം ഭാരം പ്രതീക്ഷിച്ചതല്ല.
എന്തെരിത് .. നിങ്ങളും അണ്ണനെപോലെ മണ്ണ് അടുപ്പ് കച്ചോടം തൊടങ്ങാന്‍ തെന്നെ പോണത് ? എന്തെര് പൊതിഞ്ഞെടുത്തോണ്ട് വന്നേക്കണ?"
വെറും കളിമണ്ണ് കുഴച്ചു മണ്ണ് അടുപ്പ് ഉണ്ടാക്കി വിറ്റ് ഉപജീവനത്തിന് വിഷമിച്ചിരുന്ന തന്റെ മൂത്ത സഹോദരനെ കളിയാക്കിയത്തില്‍ ഉണ്ടായ ഈര്‍ഷ്യ ഒളിച്ചു വച്ച് ദാനം ചാക്ക് കെട്ടിന്റെ ഒരു മൂല താങ്ങിയെടുത്തു.

ചാക്ക് കെട്ടഴിക്കുമ്പോള്‍ ദാനത്തിനെ വിയര്‍ക്കുകയും മൂത്ര ശങ്ക കലശലായി ബാധിക്കുകയും ചെയ്തു . തുടര്‍ന്ന് ചാക്കുകെട്ട് തുറക്കപ്പെടുകയും , ഗാന്ധിജിയുടെ പടം ആലേഖനം ചെയ്തിട്ടുള്ള ആയിരത്തിന്റെ മഷി നിറം വിടാത്ത പുത്തന്‍ നോട്ടുകള്‍ അവര്‍ക്ക് മുന്നില്‍ അനാവൃതമാവുകയും ചെയ്തു
കണ്ണു തള്ളി, ഒരു ചെന്നായയുടെ ഓരി പോലെ കിതച്ചു വന്ന ഒര് നിലവിളിയെ പുറത്തു വരുമ്പോഴേയ്ക്കും രാജമ്മാക്കന്റെ വായ പൊത്തി ദാനം തടഞ്ഞു നിറുത്തി . പിന്നെ കട്ടിലില്‍ കൈ പുറകോട്ടു കുത്തിയിരുന്നു , ഒര് ലോട്ട വെള്ളം കൊണ്ടുവരാന്‍ അയാള്‍ ആന്ഗ്യം കാണിച്ചു .

ക്രിസ്മസിറെ തലേന്ന് അതിരാവിലെ ഒര് മൂളിപ്പാട്ട്മായാണ് ദാനം കട തുറന്നത്. കടയില്‍ യുഗങ്ങളോളം പഴക്കം തോന്നിക്കുന്ന എല്ലാ വില്‍പ്പന ചരക്കുകളും അരപൊട്ടന്‍ സോമന്‍ പിള്ളയെ കൂലിക്ക് നിറുത്തി ദാനം പുറത്തേക്ക് വലിച്ചിട്ടു. നിറം മങ്ങിയ ചില്ലു ഭരണികളുടെ സ്ഥാനത്തു പുത്തന്‍ പ്ലാസ്റിക് ഭരണികള്‍ സ്ഥാനം പിടിച്ചു . കട പൂത്തു തളിര്‍ത്തു . കടയില്‍ സാമാനങ്ങള്‍... .തിങ്ങി നിറഞ്ഞു. നാഗര്‍കോവിലില്‍ നിന്ന് ആണ് സമയം വൈകീട്ട് മൂന്നു മണിയോടടുക്കുന്നതിനു മുന്‍പ് ഇത്രയും സാധനങ്ങള്‍ ഒരു വലിയ പാണ്ടി ലോറിയില്‍ ദാനം ഇറക്കിയത്. തുടയില്‍ നുള്ളി സ്വപ്നത്തെ അകറ്റാന്‍ നോക്കിയും കണ്ണില്‍ കാണുന്നത് സ്വപ്നമാണെന്നും അല്പനേരത്തിനകം അത് നശിച്ചു പോകുമെന്ന് മനസ്സില്‍ പറഞ്ഞും, വെകിളി ബാലന്‍ ദാനത്തിന്റെ കടയിലേക്ക് തുടരെ തുടരെ പാളി നോക്കി ഒരു ക്രിസ്തുമസ് വിളക്ക് വില്‍ക്കാന്‍ നോക്കുകയായിരുന്നു അപ്പോള്‍. .!!
ക്രിസ്തുമസ് പ്രമാണിച്ച് മുന്തിയ നക്ഷത്ര വിളക്കുകളും, കളര്‍ ബള്‍ബുകളും ദാനത്തിന്റെ കടയില്‍ തൂങ്ങിക്കിടന്നു.ദാനം ഒര് കാല്‍ ഇളകി യാടിയിരുന്ന കൊട്ടക്കസേര വലിച്ചു കടയ്ക്കു പുറത്ത്യ്ക്കിട്ട്ടു.പിന്നെ നൂറുരുപ്പികയ്ക്ക് വാങ്ങിയ ഒര് പുത്തന്‍ മരക്കസേരയില്‍ കേറിയിരുന്നു. എന്നത്തേയും പോലെ ഒര് തടിച്ച പ്ലാസ്റിക് ഭരണി തുറന്നു , ഒറ്റരൂപ തുട്ടിന്റെ വലിപ്പമുള്ള ബിസ്കറ്റുകള്‍ ഇട്ട ഭരണി . അതില്‍ നിന്ന് ബിസ്കറ്റുകള്‍ ഓരോന്നായി എടുത്തു തിന്നാന്‍ തുടങ്ങി. കടയ്ക്കു മുന്നിലൂടെ പോയ കുട്ടികള്‍ ദാനത്തെ "ബിസ്കറ്റ്മാടന്‍ " എന്ന് കളിയാക്കി വിളിച്ചത് ഇത്തവണ ദാനത്തെ വേദനിപ്പിച്ചതെയില്ല.കടയില്‍ തനിക്കു ചുറ്റുമായി എണ്ണമറിയാതെ എന്തെന്നറിയാതെ കുന്നുകൂടിയ സാധനങ്ങളുടെ ഇടയില്‍, ഒരു പ്രതിമപോലെ ദാനം ഇരുന്നു. ഇരുട്ടത്ത്‌ വീണുകിട്ടിയ തന്റെ ചാക്കുകെട്ടിനെ പകല്‍ സ്വപ്നത്തില്‍ കെട്ടിപ്പിടിച്ചു.നാളെ താന്‍ നാല്പതാം ക്രിസ്തുമസ് ആഘോഷിക്കുന്നതും,വയറു നിറയെ പോത്തിറച്ചി തിന്നുന്നതും മനസ്സില്‍ കണ്ടു. ഉണ്ണിയേശു പിറക്കുമ്പോള്‍, പാതിരാക്കുര്ബാനയ്ക്കിടയില്‍ നിന്നു ആരും കാണാതെ ഊളിയിട്ടിറങ്ങി, ശാന്തമാക്കന്റെ എണ്ണ മയമാര്‍ന്ന കീറപ്പായയില്‍ ആദ്യം കിടന്നും പിന്നെ എഴുന്നേറ്റിരുന്നും , ബീടിക്കു പകരം ഒര് ചാര്‍മിനാര്‍ കൊളുത്തി പുക വളയമിട്ടു വിടുന്നതു കണ്കുളിര്‍ക്കെ കണ്ടു. പിന്നെ അച്ഛന്‍ ശിഖാമണി നാടാര്‍ തനിക്കു ദൈവത്തിന്റെ സമ്മാനം എന്നു കരുതി ദാനം എന്നു പേരിട്ടതിനെ മനസ്സാ സ്തുതിച്ചുകൊണ്ട് കസേരയില്‍ ചാരി അമര്‍ന്നിരുന്നു .

പാതിരാക്കുര്‍ബാനയുടെ നേരമായിട്ടും ദാനത്തിന്റെ വീട്ടില്‍ രാജമ്മാക്കന്‍ ആ ചാക്ക് കെട്ടിനകത്തെ ഗാന്ധിജിമാരെ എണ്ണിക്കഴിഞ്ഞിട്ടുണ്ടായിരുന്നില്ല !!

Sunday, December 11, 2011

ജീവിതത്തിന്റെ നാനാര്‍ത്ഥങ്ങള്‍ ( The best of Youth )



മാര്‍ക്കോ ടൂലിയോ ഗിയോര്‍ഡാന ,ഇറ്റാലിയന്‍ സിനിമയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു നാമധേയം അല്ല .ജീവിതവുമായി ഇഴുകി ചേര്‍ന്ന് കിടക്കുന്നവയാണ് ഗിയോര്‍ഡാനയുടെ സിനിമകള്‍ . 2003ല്‍ പുറത്തു വന്ന ലെ മെഗ്ലിയോ ഗിവോവെന്റ എന്ന ഇറ്റാലിയന്‍ ചിത്രം - ദി ബെസ്റ്റ് ഓഫ് യൂത്ത്- ഇതിനുദാഹരണം ആണ് .ആറു മണിക്കൂര്‍ നീളമുള്ള ഒരു ചിത്രം .നീളക്കൂടുതല്‍ കൊണ്ട് പരിഭ്രാന്തി ഉണ്ടാക്കുമെങ്കിലും കണ്ടു തുടങ്ങുമ്പോള്‍ നാം സിനിമയിലേക്ക് ഇഴുകിചെരുന്ന ഒരു അവസ്ഥയാണ് ഉണ്ടാവുക .

ആയിരത്തി തൊള്ളായിരത്തി അറുപത്തി മൂന്നില്‍ തുടങ്ങി രണ്ടായിരത്തി മൂന്നു വരെയുള്ള സുദീര്‍ഘമായ ഒരു കാലഘട്ടത്തില്‍ ''കരാറ്റി'' കുടുംബത്തിന്റെ മൂന്നു തലമുറകളിലെ കഥയാണ്‌ ഗിയോര്‍ഡാന പറയുന്നത് .എഴുത്തുകാരനും സംവിധായകനുമായ പവോലോ പസൊ ലിനിയുടെ (pier Paolo pasolini),_മരണത്തിന്റെ പാശ്ചാതലത്തില്‍ അദ്ധേഹത്തിന്റെ ഒരു കവിതയില്‍ നിന്നാണ് ഈ സിനിമയുടെ പ്രമേയം ഗിയോര്‍ഡാന കടം കൊണ്ടിരിക്കുന്നത് .
സിനിമയിലേക്ക് വരാം .മാറ്റിയോയും നിക്കൊളയും സഹോദരന്മാരാണ് .ഒരാള്‍ -നിക്കോള - ഒരു മനസ്ശാത്രജ്ഞാനും ,മറ്റെയാള്‍ -മാറ്റിയോ - പരീക്ഷ എഴുതാതെ നടന്ന ശേഷം മനോരോഗികളെ നടത്തയ്ക്ക് കൊണ്ട് പോകുന്ന പണി (logotherapist )ചെയ്യാനും ആഗ്രഹിക്കുന്നവരാണ് . രണ്ടു സഹോദരങ്ങളും നോര്‍വയിലേക്ക് കുടിയേറണം എന്നും ആഗ്രഹിക്കുന്നു .മനോരോഗ കേന്ദ്രത്തില്‍ വച്ച് മാറ്റിയോ ജോര്‍ജിയയെ കണ്ടു മുട്ടുന്നു .അവളുമായി പ്രണയത്തിലാകുന്നു .നിക്കോള താന്‍ ആഗ്രഹിച്ചതിന്‍ പടി നോര്‍വേയിലേക്കു പോകുകയും ഒരു യൂനിവേര്‍സിറ്റി വിദ്യാര്‍ഥിനിയായ ഗ്യൂലിയയെ കണ്ടു മുട്ടുകയും അവളുമായി പ്രണയത്തിലാവുകയും ചെയ്യുന്നു .തുടന്നു അവര്‍ "ലിവിന്‍ ടു ഗെതെര്‍ "ആരംഭിക്കുന്നു .അവര്‍ക്ക് സാറ എന്ന ഒരു പെണ്‍കുട്ടി പിറക്കുന്നു . ഇത്തരുണത്തില്‍ ഗ്യുലിയ റെഡ് ബ്രിഗേഡ് എന്ന ഒരു ഭീകര സംഘടനയില്‍ അംഗമാവുകയും തുടര്‍ന്ന് അധോലോകത്തെക്ക് മാഞ്ഞു പോവുകയും ചെയ്യുന്നു .


മാറ്റിയോ ,സിസിലിയന്‍ ഒരു പോലിസ് ഉദ്യോഗം സ്വീകരിക്കുന്നു .മിരേല എന്നഒരു ഫോടോഗ്രാഫെര്‍ പെണ്‍കുട്ടിയെ കണ്ടു മുട്ടുന്നു .മാറ്റിയോ അവളുമായി പ്രേമത്തില്‍ ആവുന്നു .അവളുടെ ആഗ്രഹപ്രകാരം റോമിലെ ഒരു ലൈബ്രറിയില്‍ ജോലിക്കായി ശ്രമിക്കാന്‍ മാറ്റിയോ പറയുന്നു ."രക്തം തിളയ്ക്കുന്ന" സ്വഭാവം ഉള്ളത് കൊണ്ട് ജോലിയില്‍ നിന്ന് വേഗം പുറത്തു പോകുന്നു മാറ്റിയോ .ഏകദേശം ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് മാറ്റിയോയും,മിരെലയും ലൈബ്രറിയില്‍ വച്ച് രണ്ടാമത് കാണുന്നത് .തുടര്‍ന്ന് ലൈംഗിക വേഴ്ച നടത്തുന്ന അവര്‍ ഒരുതരത്തില്‍ പിരിയുകയാണ് ചെയ്യുന്നത് .താന്‍ ഗര്‍ഭിണിയാണെന്ന് ഉള്ള വാര്‍ത്ത മിരേല അറിയുച്ചു കേട്ടതില്‍ ക്ഷുഭിതനായ മാറ്റിയോ തങ്ങളുടെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണു മരിക്കുന്നു .മാറ്റിയോയുടെ കുഞ്ഞിനു ആന്‍ഡ്രിയ മിരേല ജന്മം നല്‍കുന്നു .
തുടര്‍ന്ന് സിനിമയില്‍ കാണുന്നത് സംഭ്രമജനകങ്ങളായ രംഗങ്ങളാണ് ..മാറ്റിയോയുടെ മരണത്തില്‍ കരാറ്റി കുടുംബം ആകെ ഉലഞ്ഞുപോകുന്നുണ്ട് .മിരെലയെ ആശ്വസിപ്പിക്കാന്‍ എത്തുന്ന നിക്കോള അവളുമായി പ്രണയത്തിലാവുന്നു .പ്രണയത്തിന്റെ പെരുമഴ നമുക്ക് ഈ സിനിമയില്‍ ദര്‍ശിക്കാം .സാണ്ട്രോ പെട്രഗില തിരക്കഥയിലെ തന്റെ കഴിവുകള്‍ ഗിയോര്ടാനയുടെ സംവിധാന ഭംഗിയ്ക്ക് മാറ്റ് കൂട്ടാന്‍ സഹായം ചെയ്തിരിക്കുന്നു. കൂടാതെ ,ലുയ്ഗി കാസിയോ, അലെസിയോ ബോണി,അദ്രിയാന ആസ്തി, മായ സാന്സ എന്നിവര്‍ പ്രതിഭയുള്ള അഭിനയം കാഴ്ചവച്ചിരിക്കുന്നു .
സാറാ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ള ഒരു യുവതിയായി മാറുന്നു .ആന്‍ഡ്രിയയും വലുതാവുന്നു .ചുള്ളിക്കാട് കവിതകളില്‍ വിശേഷിപ്പിച്ച "ക്ഷുഭിത യൌവ്വന"ത്തിന്റെ അതിപ്രസരം പോലെ ഒന്നുണ്ടായിരുന്ന 1960 കളില്‍ നിന്ന് തുലോം വിഭിന്നമാണ് സാറയും ആന്‍ഡ്രിയയും പ്രതിനിധീകരിക്കുന്ന ഇരുപതാം നൂറ്റാണ്ട് .60 കള്‍ "കൌണ്ടര്‍ കള്‍ച്ചര്‍" (Counter Culture) എന്ന് വിളിക്കപ്പെടുന്ന സാമൂഹ്യപരമായ വളര്‍ച്ചക ളോടുള്ള ഒരു തരം എതിര്‍പ്പ് കാണിക്കുന്ന കാലഘട്ടമാണെങ്കില്‍ ഇരുപതാം നൂറ്റാണ്ട് ഭയവിഹ്വലതളുടെത്‌ ആണ് .തീരുമാനം എടുക്കാന്‍ അറിയാതെ ചില ഘട്ടങ്ങളില്‍ ആന്‍ഡ്രിയയും സാറയും പകച്ചു നില്‍ക്കുന്നുണ്ട് .ജീവിതം പിത്രുത്വതിന്റെയും മാതൃത്വത്തിന്റെയും വികാസ പരിണാമങ്ങളിലൂടെ കടന്നു പോകുന്നു .ഒരു വിധത്തില്‍ പറഞ്ഞാല്‍ കുടുംബം എന്നതിന് "ലിവിംഗ് ടു ഗെതര്‍" എന്നതില്‍ കവിഞ്ഞു ഒരു അര്‍ത്ഥവും ഇല്ലെന്നു ദ്യോതിപ്പിക്കുന്ന തരത്തില്‍ ആണ് മാറ്റിയോയും ,നിക്കൊലയും മിരെലയും മറ്റും ജീവിക്കുന്നത് .ഉടഞ്ഞു പോകുന്ന തരത്തിലുള്ള അദീര്‍ഘ ആരാധനയോ പ്രണയമോ (infatuations ) മാത്രമേ അവര്‍ തമ്മില്‍ നിലനില്‍ക്കുന്നുള്ളൂ .എന്നാല്‍ കാലചക്രം ഉരുളുന്നതിന് അനുസൃതമായി അവളുടെ സ്വഭാവങ്ങള്‍ക്കു മാറ്റം വരുന്നുണ്ട്.


ജീവിതം വ്യക്തമായും അതിന്റെ നാനാര്‍ഥങ്ങള്‍തേടുകയാണ് ."Meeting the Social Problems of youth arising from urbanization" എന്ന പ്രബന്ധത്തില്‍ ജെയിംസ്‌ ആര്‍ ദുംബ്സണ്‍(James R. Dumpson) പറയുന്നത് ഒരു തരത്തില്‍ ഈ സിനിമയുടെ പ്രമേയം തന്നെ ആകണം. തന്നെ,തന്റെ സ്വത്വത്തെ കണ്ടു പിടിക്കാനുള്ള വ്യഗ്രത ,സഹജീവികളുമായുണ്ടാവുന്ന വൈരുധ്യങ്ങള്‍ ,സാമൂഹ്യ സാഹചര്യങ്ങളോട് പൊരുത്തപ്പെടാതിരിക്കല്‍ എന്നിവയാണ് ദുംബ്സണ്‍ ഈ പ്രബന്ധത്തില്‍ യുവതയ്ക്കുണ്ടാകുന്ന പ്രദാന വെല്ലുവിളികള്‍ ആയി നിരത്തുന്നത്. ഇത് ഒരുതരത്തില്‍ ശരിയാണുതാനും. ഈ സിനിമയുടെ തുടക്കം മുതല്‍ ഏതു ഭാവി തിരഞ്ഞെടുക്കണം എന്നുള്ള വ്യസനം മാറ്റിയോയ്ക്കും,നിക്കൊലയ്ക
്കും മിരെലയ്ക്കും ഉണ്ട്. മാറ്റിയോയും നിക്കൊളയും അവരുടെ ആഗ്രഹപ്രകാരം എത്തിച്ചേരാന്‍ സാധിക്കാതെ പോയ "നോര്‍വേ " യില്‍ , സിനിമയുടെ അവസാനം നിക്കൊലയുടെ മകന്‍ ആണ്ട്രിയ ചെന്ന് നില്‍ക്കുന്നത് കാണാം .മുന്‍ തലമുറകള്‍ക്ക് എത്തിപ്പിടിക്കാന്‍ സാധിക്കാത്തതിനെ പുതു തലമുറ കൈയെത്തി പിടിക്കും എന്ന ആശയം ഗിയോര്‍ദാന ഈ സിനിമയിലൂടെ നമുക്ക് കാണിച്ചു തരുന്നു .
യുവാക്കളുടെ മാനസിക നിലയും ആരോഗ്യവും ഒരു തലമുറയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാഴ്ചകളാണ് ചുരുക്കി പറഞ്ഞാല്‍ ദി ബെസ്റ്റ് ഓഫ് യൂത്ത് .തെരഞ്ഞെടുപ്പാണ് മുഖ്യം .ആര് അല്ലെങ്കില്‍ എന്ത് എന്ന ചോദ്യം തന്നെ .
രണ്ടായിരത്തി മൂന്നിലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ അണ്‍ സെര്ട്ടെന്‍ രിഗാര്ദ് ( Un Certain Regards) എന്ന അവാര്‍ഡിന്ന് അര്‍ഹമായ ഈ ചിത്രം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്ന് തന്നെ

http://www.youtube.com/watch?v=Sku1qEqzmNc

Wednesday, November 9, 2011

ഒരു കമ്മീസ് വിലാപം


ആനീടെ ആ ഒരൊറ്റ കമ്മീസ് ഇനി നരയ്ക്കാന്‍ ഒട്ടുമില്ല . ഇടയ്ക്കിടെ പിഞ്ഞിയിട്ടുമുണ്ട്. അലക്കുകാരം തേച്ചു ചൂടുവെള്ളത്തില്‍ അമ്മാമ്മയോ അമ്മച്ചിയോ ആണ് അത് കഴുകുക . എന്നിട്ട് വെയിലത്ത്‌ ഒണക്കാനിടും . നീലം പിഴിഞ്ഞതിന്റെ ചാറ് കമ്മീസിന്റെ കണ്ണീരു പോലെ മണ്ണില്‍ വീണു നീലിയ്ക്കും. വയ്കുന്നെരമാകുംബോഴെയ്ക്കും അല്‍പ്പം കാക്ക കാഷ്ടത്തിന്റെ തരികളോടെ അമ്മച്ചി അതെടുത്തു മടക്കി വയ്ക്കും . കുളി കഴിഞ്ഞു വന്നാല്‍ ആനിയ്ക്ക് ഇടാന്‍ .



കളിക്കാനോടുമ്പോള്‍ ആനിയുടെ കമ്മീസ് ഇളം കാറ്റില്‍ പറക്കും . കൂടെയുള്ള കുട്ടികള്‍ ഇടയ്ക്കിടയ്ക്ക് ഇതാണോ അത്ഭുത ലോകത്തിലെ ആലീസ് എന്നാ പോലെ ആനിയെ നോക്കും. ആ കമ്മീസിനു നീളം തുലോം കുറവാണ് . ആനിയും കൂട്ടരും കൂടി കൊത്തങ്കല്ല് കളിയ്ക്കാന്‍ കുന്തിചിരിക്കുമ്പോള്‍ കമ്മീസ് ആനിയുടെ വെളുത്ത തുടകള്‍ അനാവൃതമാക്കുകയും വര്‍ക്കീടെ ചെക്കന്‍ ജോസിന്റെ കണ്ണുകള്‍ക്ക്‌ മേയാന്‍ ഇടം കാട്ടുകയും ചെയ്യും .



"ജോസേ നിന്‍റെ കണ്ണു ഞാന്‍ കുത്തിപൊട്ടിക്കൂട്ടാ.. നിനക്ക് കളിക്കണ്ടാങ്ങെ എന്റ്റു പോയേരാ"

ആനി അവനെ കോക്രി കാട്ടും.



ചിലപ്പോള്‍ ആനി ഒറ്റയ്ക്ക് കുന്നിനു മുകളിലേക്ക് പോകും . നിറയെ കാഴ്ചകള്‍ക്ക് മേല്‍ അവളുടെ കമ്മീസും അവളും നൃത്തം ചെയ്യും. പൂത്തു നില്‍ക്കുന്ന ചെടികളോടും പാട്ട് പാടുന്ന കിളികളോടും ആനി പായാരം പറയുന്നത് കേള്‍ക്കാന്‍ എന്നും ആ കംമീസിനാണ് ഭാഗ്യം.കംമീസില്‍ ഒട്ടിപ്പിടിക്കുന്ന കായകളെ കാര്യമാക്കാതെ,ഇരുട്ടാറാകുമ്പോള്‍ അമ്മച്ചിയുടെ നീട്ടി വിളി മേലെ കുന്നു കേറിയെത്തും



"ഡീ ആന്യേ , പ്രായായിന്നു വല്ല വിജാരണ്ട്രീ .. ഇങ്ങനെ നടന്നോ നീ .. ആ കമ്മീസ് കഴ്കാന്‍ കൊണ്ട് വാടിങ്ങ്ട് .. നാളെ ഇടണാ നിനക്ക് വല്ലതും ?



അങ്ങനെ അന്നത്തെ വൈകുന്നേരം ആനിയും കമ്മീസും തിരികെ എത്തും.കംമീസില്‍ ഒട്ടിപ്പിടിച്ച കായകള്‍ പെറുക്കി എടുത്തു കളഞ്ഞു അന്നത്തെ അലക്കിനു കംമീസിനെ ഒരുക്കുമ്പോള്‍ അമ്മാമ്മ പറയുന്ന സ്ഥിരം വാചകം ആവര്‍ത്തിക്കും



"പോയി മേല് കഴ്കീട്ടു വാടീ"

" പണ്ടാറം ഇള്ള കാടും പടലും ഒക്കെ ഒട്ടിച്ചു കൊണ്ടുവന്ന്രോക്കാ വളടെ ഒര് കമ്മീസ്" ...



അപ്പോള്‍ ഊറിച്ചിരിച്ചു ,കുളിമുറിയില്‍ ആനിയുടെ ദേഹം കംമീസിടാതെ നില്‍ക്കും.



കാലത്ത് കംമീസിനടിയിലേക്ക് ദിനം തോറും തളിര്‍ത്തു പൂക്കുന്ന തന്നെ വലിച്ചു കേറ്റി , മുടി കെട്ടി വച്ചു ആനി ഉറക്കപിച്ചോടെ നടേപ്പൊറ ത്ത് വന്നിരിക്കും . ഇടയ്ക്കിടെ വെട്ടു വഴിയിലൂടെ പോകുന്ന കുമാരന്റെ ചെക്കന്‍ വാസുന്റെ കടാക്ഷങ്ങള്‍ അവളില്‍ ഇയ്യിടെ എന്താണെന്നറിയാതെ ഒര് തരിപ്പ് ഉണ്ടാക്കുന്നുണ്ട്.



അമ്മച്ചി കൊടുത്ത കട്ടന്‍ കാപ്പീടെ കറ കംമീസില്‍ വീഴ്ത്തി അതിനെ കരയിച്ചു , അതൊന്നും തീരെ ശ്രദ്ധിക്കാതെ ആനി വഴിയിലേക്ക് നോക്കി ഇരിക്കും;ഞാറാഴ്ച ആയതിനാല്‍ ഇന്ന് ദേവസ്സെടെ ചെക്കന്‍ വിത്സനും വരുന്ന വഴി !



ഞാറാഴ്ച ക്കുര്‍ബാന കഴിഞ്ഞു വന്ന അമ്മാമ്മ പൊത മുണ്ട് മടക്കി ഇട്ടു , ആകെയുള്ള ഒര് ബ്രൂച്ച് എടുത്തു ഭദ്രമായി മുണ്ടുംപെട്ടിയില്‍ വച്ചു പുറത്തേയ്ക്കും വരും . ഉടുത്ത ഒറ്റ മുണ്ടിന്റെ ഞ്ഞോരിവാല്‍ ഒന്ന് ശരിയാക്കി കൂറ കംമീസിട്ടു, റോഡിലേക്ക് കണ്ണുകളാല്‍ അലസഗമനം നടത്തിയിരിക്കുന്ന ആനിയെ നോക്കി വിളിക്കും



"ഡീ ആന്യേ ,ഇന്ന് എറിച്ചി വാങ്ങിക്കണ്ട്രീ ??



തീ പാറുന്ന ഒര് നോട്ടം അമ്മമ്മയ്ക്ക് ലാളിക്കാന്‍ എറിഞ്ഞു കൊടുത്തിട്ട് ആനി എണീക്കും . എന്നിട്ട് ചവിട്ടി ക്കുലുക്കി അമാമ്മയുടെ കാശും പെട്ടിക്കരികിലേക്ക് ചെന്ന് നില്‍ക്കും



"ഹൌ , ഒന്ന് പത്ക്കെ എനീക്കിരി , മൊല വന്ന പെന്കുട്ട്യാത്രേ" ..



കംമീസിനടിയില്‍ അവളുടെ വളര്‍ച്ച, അമ്മാമ്മ അറിയുന്നതിന് മുന്‍പ് തന്നെ ഇയ്യിടെ അവളുടെ കമ്മീസിനു ഒരു ഭയം സമ്മാനിക്കുന്നുണ്ട്.ആ ഭയത്തില്‍ കുതിര്‍ന്നു നില്‍ക്കെ , എണ്ണി കണക്കാക്കി കുറച്ചു നോട്ടുകള്‍ എടുത്തു ആനിക്ക് കൊടുത്തിട്ട് അമ്മാമ്മ പറയും



"നീ പോയ്ട്ടെയ് മ്മടെ അന്തോന്യേട്ടന്റെ എറിച്ചിക്കടെന്നു കൊറച്ചു പോത്തറിച്ചി വേടിച്ചട്ടു വാറി, ഇന്ന് നമ്ക്ക് കായിട്ട് വെക്കാം. നല്ലോണം നെയ്യിടാന്‍ പറഞ്ജോലോ. അല്ലെങ്ങെ ഇല്ല നെയ്യോക്കെ കായ വല്ച്ചു ഇടുക്കും. ധെഹത്തിക്ക് ഒരു തരി കിട്ട്ല്യ "



കാശും വാങ്ങി, വഴിയരുകിലെ കാഴ്ചയില്‍ കണ്ടു നടക്കുമ്പോള്‍ അന്തോന്യേട്ടന്റെ ഇറച്ചിക്കട അവളുടെ അടുത്തെത്തും .



തിക്കും തിരക്കും കൂട്ടി, ഇറച്ചി വാങ്ങാന്‍ വന്നവരെ പിന്നിലാക്കി ആനി മുന്നിലെക്കെത്തും . കംമീസില്‍ ഇറച്ചിചോര തെറിച്ചു വീണതും, തെറിച്ചു വീണ ഒരെല്ലിന്‍ തുണ്ട് ഏതെങ്കിലും നായ കംമീസിനെ വേദനിപ്പിച്ചു കൊണ്ട് നക്കിയെടുത്തതും അറിയാതെ, ആനി നീട്ടി പ്പറയും



"അന്തോന്യേട്ടാ ഒര് കിലോ നെയ്‌പോത്ത്"



ഇറച്ചിക്കട സ്തംഭിക്കുകയും , ആളുകളും പട്ടികളും വിഷണ്ണരായി നില്‍ക്കുകയും ചെയ്യുമ്പോള്‍, സമനില വീണ്ടെടുത്ത്‌ അന്തോന്യേട്ടന്‍ ചോദിക്കും



" നെയ്പ്പോത്താ?എന്തിന്ടീ ഇപ്പൊ നെയ്യ് "



മറുപടിക്ക് പഞ്ഞമില്ലാത്ത ആനി ചുട്ട മറുപടി കൊടുക്കും. .



"അമ്മാമ്മയ്ക്ക്‌ നെയ്യില്ല്യാന്ന്‍. കൊറച്ചു വെപ്പിക്കാനാ "



അപ്പോള്‍ ആനി അറിയാതെ അവളുടെ കമ്മീസ് ഒന്ന് ഉറക്കെ ചിരിക്കാന്‍ കൊതിക്കും.ആളുകളുടെ ഊറിക്കൂടിയ ചിരിയില്‍ നനഞ്ഞു,തേക്കിലയില്‍ പൊതിഞ്ഞ് അന്തോന്യേട്ടന്‍ എടുത്തു കൊടുത്ത ഇറച്ചിപ്പൊതി ആകാശത്തെക്കിട്ടു പിടിച്ചു ആനിയും കമ്മീസും വീട്ടിലേക്കു നടക്കും.



അപ്പോഴാണ്‌ ആനിയുടെ കാലുകളിലൂടെ, ഒരണ പോലെ പൊട്ടി , ഇപ്പോള്‍ കുറേശ്ശെ കിനിയുന്ന രക്തത്തിനെ ഇനി എത്രനാള്‍ എനിക്ക് മറച്ചു പിടിക്കാനാകും ഞാന്‍ എന്നു ആനിയെ അറിയാതെയാകും എന്ന ഒര് വിലാപം കമ്മീസിന്റെ വള്ളികളിലൂടെ താഴേക്കു അരിച്ചിറങ്ങുക .ആ വിലാപം ഏറ്റു വാങ്ങാന്‍ പടിക്കരികെ അമ്മാമ്മ എല്ലാ ഞാരാഴ്ചകളിലും ആധി പെറ്റ നെഞ്ചുമായി നില്‍ക്കാറുണ്ട് .

Monday, October 17, 2011

വല്യപ്പച്ചനും അപ്പൂസും കൂടി മീന്‍ പിടിക്കാന്‍ പോയ കഥ ...


അങ്ങനെ ഇന്നലെ ദീപയും മോനും നാട്ടിലേക്കു പോയി . ഒരു ഹ്രസ്വ സന്ദര്‍ശനം . നാട്ടില്‍ കിളികളെയും, മീനുകളെയും കാട്ടിക്കൊടുത്തു ഒക്കത്തെടുത്ത്‌ നടന്നു അവനെ കൊഞ്ചിക്കാന്‍ വല്ല്യപ്പച്ചനും വല്യ്യമ്മച്ചിയും കാത്തിരിക്കുന്നു .. വല്യപ്പന്‍ അവനു പറഞ്ഞു കൊടുത്ത കഥ - നാലുമാസം പ്രായമുണ്ടായിരുന്നപ്പോള്‍ - അവന്‍ ഇന്ന് കേള്‍ക്കുന്നുണ്ടാവും .. വല്യപ്പച്ചനും അപ്പൂസും കൂടി മീന്‍ പിടിക്കാന്‍ പോയ കഥ ...

അങ്ങനെ വല്യപ്പച്ചനും അപ്പൂസും കൂടീട്ടു മീമി പിച്ചാന്‍ പോയ്ട്ടു വരുമ്പോ ദേ നിക്ക്ണൂ ആരാ നിക്കണേ ഒര് കുക്കന്‍. കുക്കന്‍ അപ്പൂസിനോട് ചോദിച്ചു
വെശന്നട്ടു വയ്യ അപ്പൂസേ , വല്യപ്പച്ചനോട് പജ്ജട്ടു ഒര് രണ്ടു മീമി തര്വോ ?

അപ്പൊ അപ്പ്സെന്തൂട്ട ചിയ്യാ ?
മ്മടെ കുക്കനല്ലേ വല്യപ്പച്ചാ , ഒര് രണ്ടു മീമി കൊത്തോ ..

ഹ്മം ശരി , ഡാ കുക്കാ ഇന്നാടാ മീമി എന്‍റെ അപ്പൂസ് പഞ്ഞ കാരണാട്ടാ നിന്ക്കു മീമി തരണേ .. തിന്നട്ട് ഓട്രാ

അപ്പൊ കുക്കന്‍ വാലും പൂത്തി ഒരോട്ടം വച്ചു കൊക്കും .. എന്നട്ട് വല്യപ്പച്ചനും അപ്പൂസും കൂടീട്ടു സ്കൂട്ട്ര്മ്മേ കേരീട്ടു പിപ്പി പീ ന്നു പഞ്ഞട്ടു വീട്ടിലിച്ചു വരും
അപ്പൊ മ്മടെ വല്യമ്മച്ചി അപ്പൂസിനു പയം പോരീം ചായീം ഇണ്ടാക്കി വന്ച്ചണ്ടാവില്ലേ ... അപ്പൂസും വല്യപ്പച്ചനും കൂടീട്ടു മ്മടെ മിറ്റത്തെ ഊന്ജാലുംമേ ഇരുന്നട്ടു എങ്ങന്യാ പയമ്പൊരി തിന്വാ .. കറും മുറും ന്നു പഞ്ഞട്ടു ... അപ്പൊ കുട്ടിലെ നോക്കീട് മ്മടെ മാവുംമേ എന്തോരം കിള്യോള്, അണ്ണാരക്കണ്ണന്‍ പിന്നെ ആരോക്ക്യാ വര്വാ ....

വ്യന്നെരാവുംബോ, ഒര് കുളിയൊക്കെ കുള്ച്ചട്ടു വല്യപ്പച്ചനീം വല്യമച്ചീനിം കെട്ടിപ്പിച്ചു കെന്നട്ട് കുര്‍
കുര്‍ കൂര്‍ക്കം വല്ച്ചട്ടു മ്മള് ഒറങ്ങില്യെ .....

കഥ കേട്ടുറങ്ങുന്ന എന്‍റെ അപ്പൂസ് .....