Malayalam Bloggers

Wednesday, July 20, 2011

ട്രാന്‍സ്പോര്‍ട്ട് !


തൃശ്ശൂര്‍ ട്രാന്‍സ്പോര്‍ട്ട് സ്ടാണ്ടില്‍ ബസ്‌ നില്‍ക്കുകയായിരുന്നു.ഓടി വന്നപ്പോഴേയ്ക്കും സ്ടാര്റ്റ് ആയി.എനിക്ക് അങ്കമാലിക്കാണ് പോകേണ്ടത്.ബോര്‍ഡ്‌ നോക്കാന്‍ പറ്റീല്ല. ഓടിക്കേറി,അകത്തു.
പിന്നെ കണ്ടക്ടരോട് ചോദിച്ചു
"ഇതേതാ ബസ്‌ "
ഒരാള്‍ക്ക്‌ ടിക്കറ്റ് മുറിച്ചു കൊടുക്കുന്നതിനിടയില്‍ നിസന്ഗമായി ഒര് നോട്ടം നോക്കീട്ടു കണ്ടക്ടര്‍ പറഞ്ഞു
"ട്രാന്‍സ്പോര്‍ട്ട് ബസ്ണ്.എന്തെ കണ്ടട്ട്ട് തോന്നിണില്യേ ??

Thursday, July 7, 2011

പ്രിയ ഇന്നച്ചനു ഒര് തുറന്ന കത്ത് !


https://www.facebook.com/groups/185641761483232?ap=1
ഇത് ത്രിശൂക്കാരുടെ ഒര് ഗ്രൂപ്പാണെന്ന് ഇതിനകം മനസ്സിലാക്കിക്കാനുമല്ലോ ( ഒഴിഞ്ഞു നടക്കുന്ന കണ്ടെപ്പോ തോന്നീത്ണ്, ഇത് കണ്ടണ്ടാവുംന്നു )
വിചാരിക്കണ അത്ര പ്രശ്നം ഒന്നും തമ്പ്രാന്‍ കര്‍ത്താവ്‌ വിചാരിച്ചിട്ട് ഇവിടെ ഇപ്പൊ ഇല്ല്യാ. ഈ ജുബ്ബിം ഇട്ടു വെറുതെ ചുറ്റിനടക്കണ നേരാം, ആ ഇന്നസിന്ടു കഥകളാ, ചിരിയുടെ പിന്നില്‍ എന്നാ പുസ്തകത്തിലെ വല്ല നല്ല കരഞ്ഞു ചിരിക്കിണ കാര്യാങ്ങ്ലാ വല്ലതും ഇവിടെ വന്നു പറഞ്ഞാ ഞങ്ങള്‍ക്കതൊരു ഗമിന്. അങ്കോം കാണാം താളീം ഒടിക്കാംന്നു പറയിണ പോലെ.

"ഇന്നസെന്റു കഥ" മനസ്സില്‍ കൊണ്ടൂട്ടാ. ഇള്ളത്‌ പറയണല്ലോ , ഇത്രയ്ക്കു അമിട്ട് പൊട്ടിക്കണ പോലെ ചേട്ടന് എഴുതാനും പറ്റൂംന്നു വിചാരിച്ചട്ടില്ല്യ, ആ മൈലപ്പെടെ കഥീം മ്മടെ ആലീസേചീനെ ദാവങ്ങരേല് കൊണ്ടോയിട്ട് പറ്റിച്ച കഥീം വായിച്ചട്ട് കരച്ചില് നിര്‍ത്താന്‍ പറ്റിണ്ടാരിന്നില്ല്യാ. എന്നാ പിന്നെ വായിക്കണ്ടിരിക്കാന്‍ പറ്റുന്ടാ അതൂല്ല്യാ. ചേട്ടന്റെ അപ്പന്‍ണ് അപ്പന്‍ .അവ്‌! എന്തൂട്ട്ട്നു സാധനം. കടകള് പൂട്ടിച്ചു കൊടതട്ടും മൂപ്പര് പിടിച്ചു നിന്നില്യെ. ഇങ്ങനത്തെ അപ്പന്‍ ഇന്ടാവാനും സുകൃതം ചിയ്യണം.

"ചിരിയുടെ പിന്നില്‍" വായിചെപ്പഴ്നു രാംജിരാവില് അഭിനയിചെനു അവര് ചേട്ടന് ഇരിപതിനായിരാ തന്നോള്ലോന്നു അറിയിന്‍ത്‌ . അത് മോശായി. എന്തൂട്ട് പെടന് അതില് പെടചെക്കന്‍ത്‌. മറക്കില്ല്യാട്ടാ. അതിന്റെ ഒപ്പം തന്നിനു ചിരിക്കനതും. അളിയന്റെ ഒപ്പം ഇരുന്നും വറുത്ത മീന്കഷ്ണവും, എറിച്ചിക്കശ്നവും മാറി മാറി അടിക്കിന അടി എന്തൂട്ടുനു ! വായിച്ചട്ട് ചിരിച്ചെന് കയ്യും കണക്കും ഇല്ല്യ.

അതോണ്ട് , സ്നേഹമുള്ള സിംഹമേ, ഇന്നച്ചന്‍ ചേട്ടാ, മലയാളികളുടെ ഹാസ്യാ സമ്രാട്ടെ, ത്രിശൂക്കാരുടെ അഭിമാനമേ , ഇവിടെ വന്നൊന്നു കൂടി, ഈ ടോനിക്കുട്ടന്മാരെ ഒക്കെ ഒന്ന് കണ്ടു ,കൊറച്ചു സൊറ , കൊറച്ചു നാട്ടുവര്‍ത്താനം ഒക്കെ പറഞ്ഞിരുന്നൂടെ ?

എത്രീം പെട്ടന്ന് ഇവിടെ എത്തിച്ചേരും , അതിനായി അരമണിക്കൂര് മുന്‍പേ തിരിക്കും എന്നു വിശ്വസിച്ചുകൊണ്ടു ,

സോണി വേളൂക്കാരന്‍ .
ഒപ്പ്

Friday, May 13, 2011

ചുവന്ന ആകാശം , വിയര്‍ത്ത രക്തം !


കുടയും പുസ്തക സഞ്ചിയും ചുമന്നു, കളിപറഞ്ഞു,കാട് കാട്ടി ,കൊഞ്ഞനം കുത്തി , മാവില്‍ എറിഞ്ഞു നീണ്ട ഒര് നടത്തയ്ക്കൊടുവില്‍ സ്കൂളില്‍ എത്തുമ്പോഴേയ്ക്കും ഒന്പതെ മുക്കാല്‍ ആയിട്ടുണ്ടാവും. കുട്ടികള്‍ വരി വരിയായി ക്ലാസ് ക്രമത്തില്‍ സ്കൂളിനു മുന്നിലെ ഗേറ്റിനരികെ വന്നു നില്‍ക്കണം. പച്ചയും വെള്ളയും ഉടുത്ത പെണ്‍കിടാങ്ങള്‍ തങ്ങളുടെ തല സിസ്റ്റര്‍മാര്‍ കാണാതെ മാന്തിയും ആണ്കിടാങ്ങള്‍ അവരവരുടെ വിരല്‍ കടിച്ചും വരി നില്‍ക്കും . ഭാനുമാന്‍ വെയിലിന്‍റെ ഒര് സ്വര്‍ണ തേര് തളിക്കുകയാവണം മുകളില്‍.

വിയര്‍പ്പിന്റെ മാലകള്‍ ഉരുണ്ടുകൂടി മുഖത്തുനിന്നു ഉടലിലൂടെ താഴേയ്ക്ക് പെയ്യുന്ന നേരം.രണ്ടു സിസ്റ്റര്‍മാര്‍ ഗേറ്റിനു മുന്നില്‍ വന്നു "ഹും ! ഇനി കടക്കങ്ങ്ട് " എന്നു ചൂരല്‍ ഉയര്‍ത്തി പറയും .ഞങള്‍ സിസ്റ്റര്‍മാരാല്‍ ആട്ടിതെളിക്കപ്പെട്ടു റോഡു കുറുകെ കടക്കും;വരിവരിയായി റോഡു ചാടി ഞങ്ങള്‍ പള്ളിയിലേക്ക് പോകും.

മാലാഖമാര്‍ പുഞ്ചിരിച്ചു ചിറക് വിരിച്ചു നില്‍ക്കുന്ന, കുന്തിരിക്കത്തിന്റെ മണം തങ്ങിനില്‍ക്കുന്ന അള്‍ത്താര. മുകളില്‍ വെള്ളപ്രാവിന്റെ ചിത്രം സ്വര്‍ഗം തുറന്നു കാണാവുന്നു. കുറുമ്പ് കാട്ട്ണ്ട്രാ എന്നു ചോദ്യഭാവത്തില്‍ നില്‍ക്കുന്ന പുണ്യവാളന്മാര്‍. ചെറുതായി മുട്ട് വേദനിച്ചാലും അള്‍ത്താര മുന്നില്‍ അങ്ങനെ നില്‍കാന്‍ ഒര് സുഖമാണ്. പ്രാര്‍ത്ഥന കഴിഞ്ഞു പള്ളി മണി മുട്ടിയാല്‍ തിരികെ വന്നു പള്ളി ഗേറ്റിനരുകില്‍ വരി നില്‍ക്കണം പിന്നെയും.

ചില ദിവസങ്ങളില്‍ പള്ളി ഗേറ്റിനരുകില്‍ വരാതെ പള്ളിയോടു ചേര്‍ന്ന് വലതു വശത്ത് ഉള്ള പറമ്പില്‍ സപ്പോട്ട വീണു കിടക്കുന്നോ എന്നു നോക്കാന്‍ ഞങ്ങളില്‍ ഒര് സംഘം മുങ്ങും. തിരിച്ചു ക്ലാസിലെത്തുമ്പോള്‍, സപ്പോട്ടക്കറ വീണ ഞങ്ങളുടെ കയ്യില്‍ നിന്നു മദര്‍ അലോഷ്യയുടെ ചൂരല്‍ ഉയര്‍ന്നു താഴും . ഒര് ദയയുമില്ലാതെ ഞങ്ങളെ തല്ലി, ക്ലാസിലെ ബോര്‍ഡിനു പുറം തിരിച്ചു നിര്‍ത്തും . പെണ്‍കിടാങ്ങള്‍ കുസ്രിതി ചിരി വിടര്‍ത്തും. ഞങ്ങള്‍ വേദന മറന്നു, പെണ്‍കിടാങ്ങളോടുള്ള ദേഷ്യം വമിക്കുന്ന മനസ്സുമായി അവിടെ നിന്നു കൊണ്ടാലോചിക്കും ;ഞാനും ആന്റോയും .
ഇവരെ എന്താ ഇപ്പൊ ചിയ്യാഡാ ആന്റ്വോ ? അവറ്റൊള്ടെ ചിരി കണ്ട്ട്ട്ട് എനിക്ക് പ്രാന്ത് പിടിക്കിണ്ട്ട്ടാ "
"ഒന്നും അഗ്ട് മനസ്സിലിക്ക് വരിനില്ല്യല്ലോറാ" നിന്‍റെ കൂട്ട്കാരി ആന്യും ചിരിചൂട്ടാ, നീ കണ്ടാ?
അവന്‍ പറയും . വൈകുന്നേരം ആകുമ്പോഴേയ്ക്കും ഞങ്ങള്‍ പദ്ധതി റെഡി ആക്കും . അവര്‍ക്കുള്ള പാരിതോഷികം ഞങ്ങള്‍ കൊടുക്കുന്നത് പിറ്റേന്ന് പള്ളിയില്‍ പോയി വരുമ്പോഴാണ്. പള്ളി മുറ്റത്തെ ചെമ്മണ്ണ് വാരിഎടുത്തു അവര്‍ക്ക് നേരെ തൂറ്റി ഏറിയും ; വെള്ളക്കുപ്പയക്കാരികള്‍ ഓരന്‍ജു കുപ്പയാക്കാരികലാകും ഒര് ഇറാഖു യുദ്ധം നടത്തും ഞങ്ങള്‍.. മേല് മുഴുവന്‍ ചെമ്മണ്ണ്മായി നെലവിളിച്ചു, സ്കൂളിലേക്ക് ചെന്ന്,അവര്‍ ഞങ്ങളെ വീണ്ടും ഒറ്റിക്കൊടുക്കും.

"കണ്ടാ സിസ്റ്ററെ ഞങ്ങളിങ്ങനെ വെര്‍തെ പൂവായ്രുന്നു , അപ്പഴാ ഈ ചെക്കന്മാര് മണ്ണ് വാരി എറിഞ്ഞേ .. ഞാങ്ങ്ലോന്നും ചീതട്ടില്യാ "

കളി കാര്യമാവാന്‍ ഞൊടിയിട , അത്രയല്ലേ വേണ്ടൂ !

വെയില്‍ പെയ്യുന്ന ഒര് ദിവസം .. പതിവുപോലെ പള്ളിയില്‍ പോയി , വരി വരിയായി റോഡു കുറുകെ കടന്ന ഞങ്ങള്‍ക്ക് വളരെ പിന്നില്‍ ഒര് കുഞ്ഞനുജത്തി , കുറച്ചു പതുക്കെ നടന്നു വന്നു , ഓടി റോഡിനു കുറുകെ ചാടി. ഒര് നിമിഷാര്‍ദ്ധം . നടതറ ഹൈവേയിലൂടെ പാഞ്ഞു വന്ന ഒര് പത്തു ചക്ര ലോറി ആ കുരുന്നു മേനിയെ ചിതറിച്ചു കളഞ്ഞു .. ഞാന്‍ ഒര് നോക്കെ കണ്ടുള്ളൂ . ആദ്യമായി കണ്ട ചോര നദി ... രക്തപ്പൂക്കള്‍ക്ക് നടുവില്‍ ആ മേനി കാണാന്‍ ഇല്ലായിരുന്നു .. ചോര പുരണ്ട ഒര് പാവാട തുണ്ട് മാത്രം .. ആര്‍ത്തനാദങ്ങള്‍.. അയ്യോ ഓര്‍ക്കാന്‍ വയ്യ . ഇതെഴുതുമ്പോള്‍ എന്‍റെ രോമകൂപങ്ങള്‍ പൊട്ടി വിടരുന്നു.
ഒടുവില്‍ ആ കണ്മണിയെ ചുമന്നു കൊണ്ട് , മണിയടിക്കുന്ന ശേമ്മാശന്മാര്‍ മുന്നിലും , പ്രാര്‍ഥനകളും കരച്ചിലുമായി , കത്തിച്ചു പിടിച്ച മെഴുകുതിരികളുമായി ഒര് വിലാപ യാത്ര. അവളുടെ കുഞ്ഞു ദേഹം വച്ച വണ്ടി സിമിതെരിയിലേക്ക് നീങ്ങുമ്പോള്‍ ആണ്കിടാങ്ങളും പെണ്‍കിടാങ്ങളും സ്പര്ധയില്ലാതെ കൈ കോര്‍ത്ത്‌ പിടിച്ചു , കറുത്ത ബാട്ജു കുത്തി കൂടെ പള്ളിയിലേക്ക് പോയി. എല്ലാവരും ഒര് പിടി മണ്ണ് വാരി ആ കുഞ്ഞു കുഴിമാടത്തില്‍ വിതറി .പിന്നെ കറുത്ത പെട്ടിയിന്മേലേക്ക് വെളുത്ത കുരിശു വരച്ച ഒര് മൂടി ചേര്‍ത്തടയ്ക്കപ്പെട്ടു .

തിരികെ വീട്ടിലേക്കു നടക്കുമ്പോള്‍ ഞങ്ങളുടെ ആകാശത്തിന് ചുവപ്പായിരുന്നു .. വിയര്‍പ്പായി പെയ്യുന്നത് രക്തമായിരുന്നു ... ചുവന്ന ആകാശം , വിയര്‍ത്ത രക്തം !

Sunday, May 1, 2011

ഒര് വീശറി കൊണ്ട് നിന്നെ ഒന്ന് വീശാന്‍ ആരുണ്ട്‌


ആശാവഹവും ആഹ്ലാദ പൂര്‍വകവുമായ ദിനങ്ങളെ നോക്കി ഇരിക്കുമ്പോള്‍ എന്ത് സുഖമാണ് . എല്ലാം നൈര്‍മല്യത്തോടെയും പ്രാശാന്തതയോടെയും വ്യാപരിക്കുന്നു . കര്‍ണപുടങ്ങളില്‍ വീഴുന്ന അഷ്ടപദിക്ക് ഇടയ്ക്ക കൂട്ട് . കൃഷ്ണലാസ്യം. മനസ്സില്‍ ഒര് വൃന്ദാവനം കണ്ട കുളിര്‍. അധികമൊന്നുംa വേണ്ട ഈ സന്തോഷങ്ങളെല്ലാം നൈമിഷികമാവാന്‍. ദേഷ്യം വന്നു തുടുത്ത സന്ധ്യകള്‍. ഉണങ്ങിയ, കിനാവുവറ്റിയ മനസ്സ്. എപ്പോഴും നാളെയെക്കുറിച്ചാകുലമായ ഒര് വിചാരം നിന്നില്‍ ഉറഞ്ഞുകൂടുന്നു. ചെയ്യുന്ന ശരികള്‍ നേരെ തിരിഞ്ഞു എന്നിക്ക് വയ്യാ എന്നു കേഴും. വെള്ളം കരുതിവച്ച ഒര് മന്ഭരണി ഉടയും. മനസ്സിലെ വിഗ്രഹങ്ങള്‍ പലതും മറനീക്കി പുറത്തുവരും. ക്ലാവ് പിടിച്ചപോലെ മുരടിച്ച മറ്റൊരു മുഖം കാണാവും. നിഷേധിക്കപ്പെട്ട മാന്തണലുകളും തെളിനീര്‍ തേടുമ്പോള്‍ ചെന്നുപെടുന്ന വറ്റിപ്പോയ പുഴകളും നിന്നെ വേദനയുടെ കയങ്ങളിക്ക് പിടിച്ചാഴ്തും. എങ്ങനെ നീ ഈ വൈതരണി മറികടക്കും ? നനുത്ത സൌഹാത്രത്തിന്റെ ഒര് വീശറി കൊണ്ട് നിന്നെ ഒന്ന് വീശാന്‍ ആരുണ്ട്‌ ?

Thursday, April 14, 2011

ഞാന്‍ നാലാം ക്ലാസ്സില്‍ പിന്നെയും തോറ്റത്...


അങ്ങനെയാണ് സോണി ചേട്ടാ ഞാന്‍ നാലാം ക്ലാസ്സില്‍ പിന്നെയും തോറ്റത്..ഗൌരി പറഞ്ഞു തുടങ്ങുകയായിരുന്നു.
2006.ദുബായില്‍ ബാച്ചിലര്‍ ആയി കഴിഞ്ഞുകൂടിയിരുന്ന കാലം.പാസ്പോര്‍ട്ട് എടുക്കാന്‍ കാലായ ഉടനെ ഇവിടെ വന്നുചെര്ര്‍ന്ന ഒര് സുഹൃത്ത്‌ ഉണ്ടായിരുന്നു ഗൌരി എന്ന പേരില്‍. അവന്‍ നാലാം ക്ലാസ്സില്‍ രണ്ടാം പ്രാവശ്യം പഠിക്കുമ്പോള്‍ അരക്കൊല്ല പരീക്ഷയ്ക്ക് പൊതു വിജ്ജാനം പാരീക്ഷയില്‍ ഒര് ചോദ്യം.
കടലില്‍ കൂടുതലായി കാണുന്ന ലവണം ഏതു?
ഉപ്പു,പഞ്ചസാര,മണല്‍ ...
ചിന്തിച്ചു ..
ഉപ്പാണോ?
അല്ല?
മണല്‍?
അല്ല. അപ്പൊ പഞ്ചസ്സാര ആകും.
ഉത്തരം പഞ്ചസാര എന്നെഴുതി. പരീക്ഷയ്ക്കിടയില്‍ ഉത്തരക്കടലാസ് കണ്ട ടീച്ചര്‍ ചെവി പിടിച്ചു തിരുമ്മി ചോദിച്ചു
പഞ്ചസാരയാനോഡാ?
എന്തോ പന്തികേട്‌ തോന്നി, അത് തിരുത്തി ഉപ്പു എന്നാക്കി.
ഫലം വന്നു.
അന്‍പതില്‍ അര മാര്‍ക്ക് ..
ഉപ്പു എന്നെഴുതിയ ഉത്തരം മാത്രം ശരി...
ചിരിച്ചു കൊണ്ട് അവന്‍ പിന്നെ പറഞ്ഞു,
അങ്ങനെയാണ് സോണി ചേട്ടാ ഞാന്‍ നാലാം ക്ലാസ്സില്‍ പിന്നെയും തോറ്റത്...

Tuesday, April 12, 2011

മാര്‍പ്പാപ്പയുടെ അപ്പം !


"കയ്യെത്തും ദൂരെ ഒര് കുട്ടിക്കാലം" എന്ന ഗാനം ഓര്‍മകളെ മധുരമൂറുന്ന കുട്ടിക്കാലത്തേക്ക് കൊണ്ടുപോകുന്നു.HRCഎല്‍ പി സ്കൂള്‍ ജീവിതം ഇന്ന് മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന ചൂരല്‍ മധുരങ്ങളുടെ പറുദീസയാണ്. ഓര്‍ത്തെടുക്കുമ്പോള്‍ എന്തൊരു കൌതുകം,കുതൂഹലം!ഒര് വലിയ പറമ്പില്‍,നിറയെ ചെറിയ ഓടിട്ട കെട്ടിടങ്ങളായിരുന്നു നടത്തറ HRCഎല്‍ പി സ്കൂളില്‍.കളിയ്ക്കാന്‍ വിടുന്ന സമയങ്ങളില്‍ ഞങ്ങള്‍, ആണ്‍കുട്ടികള്‍ ക്ലാസ്സിലെ പെണ്‍കുട്ടികള്‍ കൊത്തംകല്ല് കളിക്കുന്നതിനിടയിലൂടെ ഓടി,കല്ലുകള്‍ തട്ടിത്തെറുപ്പിചു കള്ളനും പോലീസും കളിക്കും.മടുക്കുമ്പോള്‍ സൂത്രത്തില്‍ സ്കൂളിന്റെ പടിഞ്ഞാറേ മൂലയിലേക്ക് നീങ്ങും;കുട്ടിപ്പട്ടാളം.ആരുടേയും കണ്ണില്‍പ്പെടതെയുള്ള ഈ പോക്ക്"മാര്‍പ്പാപ്പയുടെ അപ്പം" വാങ്ങാനാണ്.സ്കൂളിലേക്ക് മിട്ടായി കൊണ്ടുവരുന്നത് നിഷിദ്ധമാണ്.ഗേറ്റ് അടച്ചു പൂട്ടിയിരിക്കുന്നു.ചുറ്റോടു ചുറ്റും മതില്‍ തന്നെ മതില്‍.മതില്കെട്ടല്‍ കണ്ടുപിടിച്ചത് ഏത് ആല്‍വാ എഡിസണ്‍ ആണാവോ എന്നും,പിന്നെന്തു ചെയ്യേണ്ടൂ എന്നലോചിക്കുംബോഴാണ് "മിട്ടായി" ഒര് കിട്ടാക്കനിയുടെ മധുരം ഊറിക്കുന്ന നാവുകള്‍ ഞങ്ങള്‍ക്ക് സമ്മാനിക്കുക.ചിന്തകള്‍ തലച്ചോറിലെത്തി,കുട്ടിതലകള്‍ക്കകത്തു കുട്ടിബുദ്ധി വളരും.അതില്‍ അബ്ദുക്കന്റെ പെട്ടികട മിന്നി മറയും.വീതികൂടിയ പച്ച ബെല്‍ട്ടും വെളുത്ത ബനിയനുമിട്ട അബ്ദുക്ക.അബ്ധൂക്കാന്റെ കടയില്‍ അരിനെല്ലിക്ക ഉപ്പിലിട്ടത്‌ കിട്ടും.പിന്നേ പലതരം മിട്ടയികള്‍ ചില്ല് ഭരണികളില്‍ കാണാം.സിഗരട്ട് മിട്ടായി,നാവുച്ചുവപ്പന്‍,പല്ലൊട്ടി, തെങ്ങാമിട്ടായി,നാരങ്ങ മിട്ടായി,തേന്മധുരം അങ്ങനെ പലതും.അക്കാലത്താണ് പോപ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കേരളം സന്ദര്‍ശിക്കാനെതിയത്.അത് അബ്ദുക്കാന്റെ തലയില്‍ ഉദിപ്പിച്ച ആശയമാണ് ഈ വട്ടത്തിലുള്ള അപ്പം പോലിരിക്കുന്ന മിട്ടയിക്ക്'മാര്‍പ്പാപ്പയുടെ അപ്പം" എന്നു പേരിടാം എന്നത്. അബ്ധൂക്ക പേരിടീല്‍ കര്‍മം നടത്തിയ ഈ മാര്‍പ്പാപ്പയുടെ അപ്പം വലിയ പപ്പടവട്ടത്തില്‍,ഗോതമ്പുമാവു നന്നെ കനം കുറച്ചു പരത്തി മൊരിച്ച് വേവിച്ചു,പഞ്ചസാര ലായിനിയില്‍ മുക്കിയെടുത്ത ഒര് തരം നേര്‍ത്ത മിട്ടായിയാണ്. നാവിന്മേല്‍ തൊട്ടാല്‍ അത് വേഗം അലിയും,നല്ല മധുരവും.കുട്ടിപ്പട്ടാളം എല്ലാവരും വീട്ടിലെ അപ്പാപ്പന്മാരും ചിറ്റമാരും മാമന്മാരും കരച്ചില്‍ സഹിയാതെ "ഇന്നാ കൊണ്ടുപോ" എന്നു പറഞ്ഞു തന്ന അഞ്ചും പത്തും പൈസകള്‍ കൂട്ടിയിട്ടു എണ്ണി നോക്കും.മിക്കവാറും കൊള്ളമുതല്‍ എഴുപതോ എന്പതോ പൈസ ഉണ്ടാവും.കൊല്ലുന്ന വിലയാണ് അപ്പം ഒന്നിന്. വിലപ്പെട്ട ഇരുപത്തിയഞ്ച് പൈസ!ഇതു വാങ്ങി എത്തിക്കാന്‍ ഫയര്‍ ഫോര്‍സിനെ വിളിക്കെണ്ടാത്ര ബുദ്ധിമുട്ടും! എന്നാല്ലും തോല്‍ക്കാത്ത കുട്ടിപ്പട,മതിലില്‍ വിദഗ്ദനായ കല്ലാശാരിമാര്‍ തോറ്റുപോകുന്ന തരത്തില്‍ കുഴിച്ചുണ്ടാക്കിയിരിക്കുന്ന ,കൈകളും കാല്‍ വിരലുകളും ഊന്നാവുന്ന പൊത്തുകളില്‍ ബലം കൊടുത്തു,ഒരുവനെ താഴെനിന്നു മതിലിനു മേലേക്ക് ഉയര്തിവിടും.' മതിലുകള്‍' സിനിമയില്‍ നമ്മുടെ KPAC ലളിത ഉയര്തിയെരിയുന്ന പൂ പോലെ അവന്‍ മതിലില്‍ കേറും.അപ്പുറം ചാടാന്‍ അബ്ദുക്ക മതിലില്‍ ചാരിവച്ച തെങ്ങിന്‍പട്ടയുടെ ഒര് താങ്ങുണ്ട്.പിന്നെ ക്ഷണ നേരം,അപ്പവും വാങ്ങി അവന്‍ മതിലില്‍ മുകളില്‍ പ്രത്യക്ഷനാകും. ചാഞ്ഞു വീഴുന്ന ഇളംചുവപ്പു സൂര്യനെ നോക്കുന്ന സന്തോഷത്തോടെ കുട്ടിപട അവനെ നോക്കി,സന്തോഷതിമിര്‍പ്പിന്റെ വാദ്യതോടെ താങ്ങി ഇറക്കും.പിന്നെ ഒരാള്‍ മാര്‍പാപ്പയും മറ്റുള്ളവര്‍ വിശ്വാസികളും ആയി രൂപാന്തരപ്പെടും . രാമനും കോരനും,ഹമീദും,അലക്സും പിന്നെ ഇന്ന് ഞാന്‍ പേര് മറന്നു പോയവരും ഉള്‍പ്പെട്ട കുട്ടി വിശ്വാസികള്‍!മാര്‍പ്പാപ്പ കുരിശുവരച്ചു,വരിവരിയായി വരുന്ന വിശ്വാസികള്‍ക്ക് അപ്പം മുറിച്ചു കൊടുക്കും,നാവിലിട്ട് നുണയും മുന്‍പ് മിക്കവാറും അപ്പത്തിന്റെ വലിപ്പ ചെറുപ്പങ്ങളെ ചൊല്ലി കുട്ടികലഹങ്ങള്‍ ഉണ്ടാകുമെങ്കിലും, വട്ടത്തിലിരുന്ന കഥപറഞ്ഞു,ഞങ്ങള്‍ നേരം പോക്കും.ഒര് നാള്‍,അപ്പവും വാങ്ങി മതിലിനു മുകളില്‍ പ്രക്ത്യക്ഷപ്പെട്ട കൂട്ടുകാരന്‍ താഴേക്ക്‌ ചാടി വീണത്‌,മാനിഹോട്ട് യൂട്ടിലിസിമ, ഏലറ്റെറിയ കാര്ടമോമം തുടങ്ങിയ ശാസ്ത്രീയ നാമധാരികളായ വേരുകളെയും ചെടികളെയും ഓര്‍മിപ്പിക്കുന്ന തരം ഒരു പേരുള്ള മദര്‍ സുപ്പീരിയറിന്റെ കയ്യിലേക്കാണ്.പിന്നില്‍ കൈകെട്ടി വായപൊത്തി കരയാനും മുള്ളാനും മുട്ടി ബാക്കി കുട്ടിപട നിലയുരപ്പിചിട്ടുണ്ടാകും.രണ്ടേ രണ്ടടി വീതം;ഒന്ന് നിവര്‍ത്തിയ കൈവെള്ളയില്‍,പിന്നെ ട്രൌസറിന് മുകളിലൂടെ കുഞ്ഞു ചന്തികള്‍ക്ക് മേലെ.ചിലര്‍ ശബ്ദ രഹിതം പിള്ത്തി കരഞ്ഞും,ചിലര്‍ വാവിട്ടു നിലവിളിച്ചും, ചന്തിയും കൈവെള്ളയും തടവി,ക്ലാസ്സിലേക്ക് ചെല്ലുമ്പോള്‍ "നിനക്ക് അത് തന്നെ വേണം" എന്നു പറഞ്ഞു കൊക്കിരി കാണിക്കുന്ന പെണ്‍കൂട്ടുകാരുടെ മുഖങ്ങള്‍ ഞങ്ങളില്‍ വേദനയും ദേഷ്യവും പടര്‍ത്തും."നിന്നെ പിന്നെ കണ്ടോളാം"എന്നു മനസ്സില്‍ പറഞ്ഞു,ഒരാന്ഗ്യ വിക്ഷേപം നടത്തുമ്പോഴും,ഞങ്ങള്‍ ചിന്തിക്കും എന്നാലും എന്‍റെ അബ്ദുക്കാ നിങ്ങള് ഒരപ്പത്തിനു ഇരുപത്തിയഞ്ച് പൈസ ഈടാക്കിക്കളഞ്ഞല്ലോ,നിങ്ങളോട് മാര്‍പ്പാപ്പ ചോദിക്കും.. നോക്കിക്കോ !

Wednesday, March 30, 2011

ഗിരിജന്‍റെ അമ്പതു രൂപ !


ഗിരിജന്‍!ആള് ഉയരം കുറഞ്ഞു,കറുത്തിട്ടാണ്.ചുമല്‍ നിറയെ ചുണങ്ങും അഴുക്കു പുരണ്ട മുടിയും തെറുത്തു കെട്ടിയ കള്ളിമുണ്ടുമായി എപ്പോഴും കുടിച്ചു ലക്കുകെട്ട്,കുട്ടി,കൂളി,കാക്ക പൂച്ചയോടെല്ലാം ക്ഷേമം പറഞ്ഞു കൃഷ്നാപുരത്തിന്റെ ഒരു ഭാഗമായി അയാള്‍ മാറിയിരുന്നു.അന്നും ഇന്നും ചാണകം മെഴുകിയ വെള്ള വലിക്കാത്ത, ചെത്തിത്തേക്കാത്ത ഒര് കുഞ്ഞുവീടെ ഗിരിജനുള്ളൂ.സ്വന്തമായി ഒര് പെണ്ണും നാല് പെണ്‍കുട്ടികളും.എന്നാല്‍ കൃഷ്നാപുരത്തെ എല്ലാ വീട്ടിലെ പറമ്പുകളും കിണറുകളും മരങ്ങളും അയാള്‍ക്ക്‌ സ്വന്തമാണ്.ചക്കയുടെയോ മാങ്ങയുടെയോ കരിമുള്ള് മൂക്കുന്നതും ചെനച്ച മണവും ഗിരിജന് മൂക്കിന്‍ തുമ്പതാണു.തേങ്ങ ഇടാന്‍ സമയം ഗിരിജന്‍ തണ്ടാനാവും. മഴക്കാലത്തിനു മുന്‍പ് തൂമ്പയുമായി വീടുതോറും കേറിയിറങ്ങി തെങ്ങിന് തടം കോരും,പറമ്പിലെ പുല്ലു ചെത്തും,പയറിന്‍ തടം വെള്ളം തേവി നനയ്ക്കും.പണിയെല്ലാം കഴിഞ്ഞാല്‍ കാശ് ചോദിക്കാതെ പൊയ്ക്കളയും.നേരെ പോകുന്നത് വാസുഎട്ടന്റെ ചാരായ ഷാപ്പിലെക്കാന്.
"വാസ്വേട്ട,ഒര് ഇരുനൂറും ഒര് താറാമൊട്ടേം".
കടം പറയ്യാന്‍ മടിയില്ലാതെയും,കടം കൊടുക്കാന്‍ മടിയില്ലതെയും ഗിരിജനും വാസുവേട്ടനും ഉപചാരം ചൊല്ലി പിരിയും.
പിന്നെ എപ്പോഴെങ്കിലും എന്‍റെ അമ്മാമ്മയുടെ അടുത്തേക്ക് ഓടിവരും എന്നിട്ട് ചോദിക്കും
"ത്രിസേടുത്യെ, ഒരമ്പത് രൂപ കാട്ട്യേ "
"എന്തിനാണ് ഗിരിജാ നിനക്കിപ്പോ കാശ്?കുടിക്കാനല്ലറാ?"
അമ്മാമ്മ ചോദിക്കും.തലകുനിച്ചു ഒരു കള്ളനോട്ടം നോക്കി,ഗിരിജന്‍ എണീറ്റ്‌ അപ്പാപ്പന്റെ അടുത്തേക്ക് വലിയും.
"ഈനാശേട്ട ഒരമ്പത് രൂപ കാട്ട്യേ,ഇന്നാള് ചക്ക ഇട്ട വകേല് കൂട്ടിക്കോ "
"എന്‍റെ പറമ്പീന്ന് ചക്കിടാന്‍ നിന്നോടാരാണ്ട മൈരേ പറഞ്ഞെ?നീ പൂവാന്‍ നോക്ക്യേ , കാലും നാവും കൊഴാഞ്ഞിട്ടു അവനു നിക്കാന്‍ വയ്യ.നാല് പെണ്‍കുട്ട്യോളുടെ കാര്യം വല്ല നോട്ട്മ്ട്രാ നിനക്ക് ? "
അപ്പാപ്പന്‍ ഗിരിജന്റെ മെക്കിട്ടു കേറും .
"അവറ്റൊല്ടെ കാര്യം അവരടെ തള്ളേടെ തള്ള നോക്ക്ണ്ട്,പിന്നെ ഞാനെന്തൂട്ടിനാണ് നോക്കണേ"
പിന്നെ ഗിരിജന്‍ അവിടെ നിക്കില്ല. പാഞ്ഞു കളയും.പിന്നെ ഒരുദിവസം ഓടി വന്നു, വെള്ളം കോരുന്ന കയറെടുത്തു അരയില്‍ കെട്ടി,ഒരു കത്തി മുണ്ടുകുത്തില്‍ തിരുകി വരിക്കപ്ലാവില്‍ വലിഞ്ഞുകേറും.മൂത്തത് നോക്കി രണ്ടോ മൂന്നോ ചക്ക വെട്ടി, കെട്ടിയിറക്കും,പിന്നെ അതീവ ലാളിത്യത്തോടെ ,ജാഗ്രതയോടെ ആ കര്‍മം നിര്‍വഹിച്ചു,ഗിരിജന്‍ തന്നെ ചക്കയിലെ പശ വരുന്നിടത്ത് ഒരു പ്ലാവില ഒട്ടിച്ചു ,പര്യെപ്പുറത്തു കൊണ്ടുവച്ചിട്ടു,ഒരു ചക്ക തുരന്നു മൂപ്പ് നോക്കി, കൊള്ളാം എന്നു ഒറപ്പ് വരുത്തി,ഒന്നും ആരോടും ഉരിയാടാതെ പൊയ്ക്കളയും.പഴുക്കുമ്പോള്‍ ചക്ക തിന്നുന്ന ഞങ്ങള്‍ ഗിരിജനെയും ഗിരിജന്റെ വിശന്നിരിക്കുന്ന കുട്ടികളെയും ഓര്‍ക്കാറില്ല .
കുറെ നാള്‍ കഴിയുമ്പോള്‍ ഒരു വടവും ഒരു കൂട്ടുകാരനുമായി ഗിരിജന്‍ വരും.വടം നേരെ കിനട്ടിന്കരയിലെ ഇരുമ്പന്‍ പുളിയില്‍ കെട്ടും,ഒരറ്റം പിടിച്ചു കിണറ്റിലേക്ക് ഊര്ന്നോരിറക്കം.കുറെ കൊട്ട ചേര് കേറ്റി കഴിഞ്ഞു ഗിരിജന്‍ പുറത്തിറങ്ങി ഒരു ബീടിപുകയ്ക്കും.പിന്നെ ദേഹത് നിറയെ ചെളിയുമായി,ആരോടും ഒന്നും പറയാതെ കൂലിക്ക് കാത്തു നില്‍ക്കാതെ സ്ഥലം വിട്ടുകളയും.ചേറ്റു ചെളിയിലെ വെള്ളം വറ്റുകയും കിണറ്റില്‍ വെള്ളം ഒറ് കൂടുകയും ചെയ്യുമ്പോള്‍ ഗിരിജന്‍ വരും.പഴയ പല്ലവി !
"ഈനാശേട്ട ഒരമ്പത് രൂപ കാട്ട്യേ, ഇന്നാള് ചേര് ഇടുത്ത വകേല് കൂട്ടിക്കോ " .
അപ്പാപ്പന് ചിരിവരും, ഗൌരവം വിടാതെ പറയും,
"നിനുക്ക് ഒരു തുള്ളി വേണാ, നല്ല റം ഇണ്ട്"
പട്ടാളത്തിലായിരുന്ന അപ്പാപ്പന് ക്വോട്ട കിട്ടുന്ന വകയിലെ നുരയുന്ന റം വെള്ളം ചേര്‍ക്കാതെ ഒര് രണ്ടെണ്ണം ഇരുന്നടിച്ചു,കുറച്ചു അച്ചാറ് തൊട്ടു നക്കി,ഗിരിജന്‍ ഇരുന്നു ഒര് കഥ തുടങ്ങും .
"നമ്മടെ ലീലെടെ പറമ്പിലേ , ഇന്നാള് ചെന്നെപ്പോ....."
കഥ തീരുമ്പോഴേയ്ക്കും കുപ്പി കാലിയാവുകയും 'അമ്പതുരൂപാകഥ' ഗിരിജന്‍റെ മറവിയുടെ പടുകുഴിയിലേക്ക് വീഴുകയും ചെയ്യും.ഉയര്‍ന്നു മുറുകുന്ന അപ്പാപ്പന്റെ കൂര്‍ക്കംവലിയെ ശപിച്ചു ഗിരിജന്‍ ഇറങ്ങി നടക്കും ...