Malayalam Bloggers

Saturday, February 2, 2013

ജീവിതത്തിന്റെ അസഹനീയ ലാഘവത്വങ്ങ ള്‍




1968. പ്രേഗിലെ വസന്തകാലം.ഡോക്ടര്‍ തോമസ്‌ ജീവിതത്തെ വളരെ ലഘുവായി കാണുന്ന ഒരു ചെക്ക് വംശജനാണ്.ജോലിത്തിരക്കുകള്‍ കാര്യമാക്കാതെ സ്ത്രീകളുമായി രമിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍. ദീര്‍ഘ കായന്‍.സ്ത്രീകളുമായി ശാരീരിക ബന്ധത്തിനപ്പുറം 
'മഹനീയമായ' യാതൊരു വ്യാപാരങ്ങളിലും അവരുമായി ഇടപെടാത്ത ഒരാള്‍.ചിത്രകാരിയായ സബീനയുമായാണ് അല്‍പ്പമെങ്കിലും മാനസിക ബന്ധം ഉള്ളത്.ഭിഷഗ്വരന്‍ എന്ന തന്‍റെ പദവിയില്‍ അയാള്‍ സംതൃപ്തനാണ്.അവിചാരിതമായാണ് ഒരു ഗ്രാമീണ പെണ്‍കുട്ടി ''തെരേസ'' അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്‌.ആദ്യമായി രോഗനിവാരണത്തിനു എത്തുന്നത് മുതല്‍ തുടങ്ങുന്ന ശക്തമായ കാമന. പോകെ പോകെ ശാരീരിക വേഴ്ചക്കപ്പുറം ഉള്ള ഒരടുപ്പം തോമസ്‌ അവളുമായി സ്ഥാപിച്ചെടുത്തു. ജീവിതം സ്വതന്ത്ര സുന്ദരമായി മുന്നോട്ടു ഒഴുകുകയായിരുന്നു.തെരേസ തോമസിന്റെ ഫ്ലാറ്റിലേക്ക് താമസം മാറുന്നു.
എന്നാല്‍ സബീനയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ കഴിയുമായിരുന്നില്ല തോമസിന്.തെരെസയുമായി തോമസ്‌ കൂട്ടുകൂടിയതോടെ വിഷമം നിറഞ്ഞ മനസ്സുമായി സബീന താമസ സ്ഥലം വിട്ടു മാറി പോകുന്നു.തന്നില്‍ നിന്ന് തന്നെ ഒരു തരം രക്ഷപ്പെടല്‍..
സോവിയറ്റ് യൂണിയന്‍ ചെക്കിനുമേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു.രംഗം യുദ്ധ മുഖരിതമാവുന്നു.ഇടയ്ക്ക് കമ്മ്യൂണിസത്തെ ലാക്കാക്കി തോമസ്‌ ഈടിപ്പപ്പസ് കോമ്പ്ലക്സ് നിറച്ച ഒരു ലഘു ലേഖ (TREATISE ON OEDIPUS ) എഴുതുന്നത്‌ അയാളെ ജോലി ഭ്രഷ്ടനാക്കുന്നു.തെരേസ ഫോട്ടോഗ്രാഫിയില്‍ ഉള്ള തന്‍റെ കഴിവ് സോവിയറ്റ് ടാങ്കുകള്‍ ടൌണില്‍ നടത്തുന്ന പരാക്രമങ്ങള്‍ ചിത്രീകരിക്കുന്നതിന് ഉപയോഗിക്കുന്നു.സ്വന്തം താമസ സ്ഥലം വിട്ടു രണ്ടു പേര്‍ക്കും പലായനം ചെയ്യേണ്ടി വരുന്നു.
അവിചാരിതമായി തോമസ്‌ പുതിയ സ്ഥലത്തുവച്ച് സബീനയെ കണ്ടു മുട്ടുന്നു.സബീനയുമായുള്ള ബന്ധം തോമസ്‌ തുടരുന്നത് അറിയുന്ന തെരേസ ഭ്രാന്തിയാകുന്നു.സ്വപുരുഷന്‍ അന്യ സ്ത്രീയുമായി വേഴ്ച കഴിഞ്ഞെത്തി,അത് എത്ര കണ്ടു മൂടി വച്ചാലും അത് പിടിച്ചെടുക്കാന്‍ തന്റെ പെണ്ണിന് കഴിയുമത്രേ.മനസ് വിഷമം കൊണ്ട് വീര്‍പ്പുമുട്ടുന്നു.പകരത്തിനു പകരം നിശ്ചയിച്ച അവള്‍ ഒരു പാര്‍ക്ക് ബെഞ്ചില്‍ കണ്ടുമുട്ടിയ ഒരാളുമായി - വേണം എന്ന് കരുതിയല്ല എങ്കില്‍ കൂടിയും - രതിയില്‍ ഏര്‍പ്പെടുന്നു. ജീവിതങ്ങളില്‍ അസഹനീയതകള്‍ കടന്നു വരികയാണ്. ജീവിതത്തിന്റെ താളം വീണ്ടെടുക്കുന്നതിനാവണം തോമസും തെരേസയും വേര്‍പിരിയുന്നു.എന്നാല്‍ വേര്‍പാട് അവരെ കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്യുന്നത്.ഒരാള്‍ മറ്റൊരാള്‍ക്ക് എത്ര വിലപ്പെട്ടതായിരുന്നു എന്ന തിരിച്ചറിവ്. 
മുന്‍പ് തന്‍റെ ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ ഗ്രാമീണ കര്‍ഷകന്‍റെ സഹായത്തോടെ തോമസും തെരേസയും നഗര കോലാഹലങ്ങളില്‍ നിന്ന് അകന്നു മാറി  തീര്‍ത്തും ഗ്രാമ്യമായ ഒരു സ്ഥലവും ഒപ്പം കാര്‍ഷിക വൃത്തിയും തെരഞ്ഞെടുക്കുന്നു. ജീവിതം കൂടുതല്‍ പ്രശാന്തമാകുന്നു. 
ഒരു വൈകുന്നേരം അല്‍പ്പം ആഘോഷങ്ങള്‍ക്കായി തെരേസയും തോമസും കൂട്ടുകാരനൊപ്പം നഗരാതിര്‍ത്തിയിലെ ഒരു ബാറിലേക്ക് നിശാ നൃത്തത്തിനും അല്‍പ്പം ബിയര്‍ രുചിക്കാനുമായി പോകുന്നു. കുടിച്ചു ഉന്മത്തരായി ആനന്ദത്തില്‍ മതി മറന്നു തിരികെ വരുന്ന വരവില്‍ അവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ഒരു അപകടത്തില്‍ പെട്ട് തോമസും തെരേസയും ഇഹലോകം വെടിയുന്നു.
പ്രശസ്ത ബ്രിട്ടിഷ് പൊളിറ്റീഷ്യന്‍ ബെഞ്ചമിന്‍ ദിശ്രേലിയാണ്(Benjamin Disraeli (1804 - 1881)"The Expected always happenes"എന്നാണത്രേ.എന്നാല്‍ ജീവിതം പലപ്പോഴും ഇങ്ങിനെയല്ല.അപ്രതീക്ഷിതമായ ഒന്ന് അതെപ്പോഴും കാത്തുവെക്കുന്നു.അത് തന്നെ സംഭവിക്കുകയും ചെയ്യുന്നു.ഇങ്ങനെ അതീവ ലാഘവത്തോടെ സംഭവിക്കുന്നവയാണ് സ്വച്ഛമായി ഒഴുകുന്ന ജീവിതത്തിനെ അസഹനീയ വെപ്രാളത്തിലെയ്ക്ക്- വ്യസനത്തിലെയ്ക്ക് - തള്ളി വിടുന്നത്.
ജീവിതം ഒരു നേര്‍ രേഖ പോലെ സുതാര്യമായിരുന്നെങ്കില്‍ അതില്‍ വന്നു മുട്ടുന്ന ഇത്തരം കുഞ്ഞു അസഹനീയതകളുടെ ലാഘവത്വം നാം അറിയുമായിരുന്നോ? മിലന്‍ കുന്ദേരയുടെ നോവല്‍ അഭ്രപാളികളില്‍ പകര്‍ത്തിയ ഫിലിപ്പ് കൌഫ്മാന്‍(Philip Kaufman) ഈ ചോദ്യത്തിനുത്തരം കണ്ടെത്താന്‍ കാഴ്ചക്കാരനെ ആഹ്വാനം ചെയ്യുന്നുണ്ട്.
റഷ്യന്‍ അധിനിവേശവും,നാട് വിട്ടു നാട് മാറി പോകേണ്ടി വരുന്നവന്റെ കദനവും നിസ്സഹായതയും സിനിമ ചിത്രീകരിക്കുന്നുണ്ട്.സ്ത്രീ പുരുഷ ലൈംഗീകതയും സ്വവര്‍ഗ്ഗ ലൈംഗീകതയും (ഇടയ്ക്ക് സബീനയും തെരേസയും തങ്ങളുടെ ശരീര ഭാഷയില്‍ ആകൃഷ്ടരാവുകയും തങ്ങളുടെ സ്ത്രൈണതയുടെ നിമ്നോന്നതങ്ങള്‍ പരസ്പരം കണ്ടെത്തുകയും അത് അല്പം ഇറോട്ടിക് ആയി  കാമറയില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ട്.)സിനിമയില്‍ വശ്യമായി ചിത്രീകരിച്ചിരിക്കുന്നു.താരതമ്യേന ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് അപ്രാപ്യമായ രതിയുടെ സൂക്ഷ്മവും നനുത്തതുമായ തലം കൌഫ്മാന്‍ അപനിര്‍മിച്ചിരിക്കുന്നു.കാലത്തിന്റെ ഗതി വിഗതികള്‍ കേവലം മാനുഷിക ജീവിതത്തെ എത്രകണ്ട് സ്വാധീനിക്കുന്നു എന്ന് ചിത്രത്തില്‍ കാണാം. 
വായിച്ചെടുക്കാവുന്ന,നല്ല അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ സബീനയും (Lena Olin)തെരേസയും (Juliette Binoche),തോമസും (Daniel Day Lewis) ചെയ്തിരിക്കുന്നു.ഒന്നാന്തരം പശ്ചാത്തല സംഗീതം.സുന്ദരമായ ഔട്ട്‌ ഡോര്‍ ലൊക്കേഷനുകള്‍.... ... തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രം
ഒരു ത്രെഡ്  ഇവിടെ കാണുക 
http://www.youtube.com/watch?v=Cn5EIGlzbqY

Director: Philip Kaufman
Writers : Milan Kundera (novel),Jean-Claude Carrière (screenplay)
Stars: Daniel Day Lewis,Juliette Binoche and Lena Olin 

Thursday, December 20, 2012

യുദ്ധവും സമാധാനവും !

സുന്ദരിയായിരുന്നു ഹെലെന്‍.പാരിസ് അവളെ കണ്ടു മോഹിച്ചെങ്കില്‍ ആ രാജകുമാരനെ കുറ്റം പറകവയ്യ.മെനിലാസിന്റെ കൊട്ടാരത്തില്‍ അതിഥികള്‍ ആയി കഴിയുന്നതിനിടയ്ക്കാണ് പാരിസ് അവളെ കാണുന്നതും,തുടര്‍ന്ന് സുന്ദരിയ്ക്കും പാരിസില്‍ മോഹം ഉണ്ടാകുന്നതും അനന്തരം ആരോരുമറിയാതെ പാരിസ് അവളെ ട്രോയിലേയ്ക്ക് കടത്തിക്കൊണ്ടു പോരുന്നതും.കാലം 1250 BCE.സ്പാര്‍ട്ടയും ട്രോയും മെഡിറ്റരേനിയന്‍ തീരത്തെ പ്രബലന്മാര്‍ ആയിരുന്നു.മൈസീനിയന്‍ രാജാവായ ആഗാമെമ്ണന്‍ സ്പാര്‍ട്ടന്‍ രാജാവ് മേനിലസിന്റെ സഹോദരന്‍ ആയിരുന്നു.ഗ്രീസ് മുഴുവന്‍ തന്റെ കാല്‍ക്കീഴില്‍ ആക്കുവാന്‍ കൊതിച്ചവന്‍.ഹെലനെ നഷ്ടപ്പെട്ടതറിഞ്ഞപ്പോള്‍ മെനിലാസ് സഹോദരനെ തന്നോടൊപ്പം യുദ്ധത്തില്‍ സഹായിക്കാന്‍ ക്ഷണിക്കുന്നു.ട്രോയ് പിടിച്ചടക്കുക എന്ന ഗൂഡലക്ഷ്യവുമായി ആഗമെമ്ണന്‍ സഹായം വാഗ്ദാനം ചെയ്യുന്നു.ആയിരത്തോളം കപ്പലുകളും അമ്പതിനായിരത്തോളം പടയാളികളുമായി ഒരു വന്‍ വ്യൂഹം ട്രോയില്‍ എത്തുന്നു.യുദ്ധ കാഹളം മുഴങ്ങുന്നു.

ചരിത്രം ഇങ്ങനെയാണെങ്കിലും ട്രോയ് എന്ന സിനിമ പറയുന്നത് പകുതി മനുഷ്യനും പകുതി ദൈവവുമായ അക്കിലിസിന്റെ കഥയാണ്;(നിംഫ് ആയിരുന്ന തെറ്റിസ് ആയിരുന്നു അക്കിലിസിന്റെ അമ്മ ) അഹോരാത്രം യുദ്ധം ചെയ്തു,ചരിത്രത്തിന്റെ താളുകളില്‍ ഇടം നേടാന്‍ മോഹിച്ചിരുന്ന ഗ്രീസിലെ ഏറ്റവും മിടുക്കനായ യോദ്ധാവിന്റെ കഥ..ആഗാമെമ്ണന്‍ എന്ന രാജാവിനെ പുച്ഛം ആയിരുന്നു അക്കിലിസിന്‌.മുന്‍പ് ആഗമെമ്നനിനു വേണ്ടി തെസ്സാളിയിലെ രാജ്യം ആക്രമിക്കുന്നതിനിടയില്‍,ഭീമാകാരനായ ബോവാഗ്രിയസിനെ ഒരു നിമിഷാര്‍ദ്ധം കൊണ്ട് കുത്തി വീഴ്ത്തിയ വീരന്‍.സിനിമ ഈ രംഗം അവതരിപ്പിക്കുന്നുണ്ട്.ഇപ്പോഴും അക്കിലിസ് ട്രോയിലെയ്ക്ക് വന്നിരിക്കുന്നത് (സ്വന്തം പടയാളികളും, കസിന്‍ പെട്രോക്ലിസും ഒപ്പം ഉണ്ട് )ആഗമെമ്നനു വേണ്ടിയല്ല;മറിച്ച് തന്‍റെ നാമം അനശ്വരമാക്കാന്‍ തന്നെ.

ട്രോയില്‍ എത്തിയ ഉടന്‍,ട്രോയിലെ അപ്പോളോയുടെ ദേവാലയം അക്കിലിസും കൂട്ടരും ആക്രമിച്ചു.ഹെക്ടരിന്റെ കസിന്‍,പുരോഹിതയായിരുന്ന ബ്രീസ്ട്ടസ് തടവുകാരിയാക്കപ്പെട്ടു.അപ്പോളോ പ്രതിമയുടെ തല തകര്‍ത്തു അക്കിലിസ്.ചെറിയ ഒരു സൈന്യവുമായെത്തിയ ഹെക്ടരിനെ വെറുതെ വിട്ടു കൊണ്ട് അക്കിലിസ് പറഞ്ഞു, "നിന്നെ ജയിക്കുന്നത് കാണാന്‍ ആളുകള്‍ വേണം എനിക്ക് ".

രാത്രിയില്‍, പാളയത്തില്‍ ബ്രീസ്ട്ടസിന്റെ ശരീരം മോഹിച്ചു എത്തിയ ആഗമെമ്നനിനോട് അക്കിലിസ് കയര്‍ത്തു.അവളുടെ ശരീരം കൊതിച്ചവരെ അക്കിലിസ് പരാജയപ്പെടുത്തി,തുടര്‍ന്ന് അവളെ തന്റെ കൂടാരത്തില്‍ പാര്‍പ്പിച്ചു.

ഹെക്ടര്‍,ട്രോയിലെ പ്രിയാമിന്റെ മൂത്തമകനും യുവരാജാവുമാണ്.ധീരന്‍.യുദ്ധ തന്ത്രന്ജന്‍.സഹോദരന്‍ പാരിസിനെ അകമഴിഞ്ഞ് സ്നേഹിച്ച ജ്യേഷ്ഠനു അവനെ നഷ്ട്ടപ്പെടുക വയ്യായിരുന്നു.അത് കൊണ്ട് തന്നെ സൈനികര്‍ക്ക് നിര്‍ദ്ദേശം കൊടുത്ത് അവര്‍ ഒരുങ്ങിയിരുന്നു.മെനിലാസ് എത്ര ക്രൂരന്‍ ആണ് എന്ന് മനസ്സിലാക്കിയിരുന്ന ഹെലന്‍ ഒരു സമയം രാത്രിയില്‍ ട്രോയില്‍ നിന്ന് പലായനം ചെയ്യാന്‍ മുതിരുന്നു പോലുമുണ്ട്. "നീ ഇപ്പോള്‍ ട്രോജന്‍ രാജകുമാരിയാണ്‌" എന്ന് പറഞ്ഞു ഹെക്ടര്‍ അവളെ പിന്തിരിപ്പിക്കുന്നു.
മെനിലാസും ആഗമെമ്നനും സൈന്യവുമായി കോട്ടവാതിലിനു വെളിയില്‍ വന്നു നിന്നു.മെനിലാസ് ദ്വന്ദ യുദ്ധത്തിനു പാരീസിനെ വെല്ലു വിളിച്ചു.വെല്ലു വിളി സ്വീകരിക്കാതെ വയ്യ.ഈ പീക്കിരി ചെറുക്കനെ വേഗം കാലപുരിയ്ക്കയ്ക്കാം എന്ന് മെനിലാസ് കണക്കു കൂട്ടി. യുദ്ധം തുടങ്ങി,പാരീസിനു മുറിവേല്‍ക്കുന്നത്‌ കണ്ടു നില്‍ക്കാന്‍ വയ്യാതെ,ഹെക്ടര്‍ ചാടി വീഴുകയും, മെനിലാസിന്റെ നെഞ്ചില്‍ പടവാള്‍ കടത്തുകയും ചെയ്തു.മെനിലാസ് മരിച്ചു വീണു;തുടര്‍ന്ന് ആഗമെമ്ണന്‍ യുദ്ധത്തിനായി സൈനികരെ ഒത്തുകൂട്ടി.ഒരു കൂട്ടം പ്രസിദ്ധരായ യോദ്ധാക്കള്‍ ഉണ്ടായിരുന്നു ഇരുവശത്തും.അക്കിലിസും അജാക്സും,ഒടീസിയൂസും,ഹെക്ടറും വീരന്മാരായിരുന്നു.ഓരോ ദിവസം യുദ്ധം തീരുമ്പോഴും ഇരുവശത്തും നാശങ്ങള്‍ പെരുകിക്കൊണ്ടിരുന്നു.യുദ്ധം ഒരുവേള ട്രോജന്മാര്‍ ജയിക്കും എന്ന ഇട വന്നു. അത് വരെ യുദ്ധത്തില്‍ പങ്കെടുക്കാത്തെ അക്കിസില്‍ ആയി എല്ലാവരുടെയും പ്രാര്‍ത്ഥന. അക്കിലിസ് ആഗമെമ്നനു വേണ്ടി പടച്ചട്ട കെട്ടാന്‍ കൂട്ടാക്കിയതുമില്ല.അക്കിലിസിന്റെ കസിന്‍ പെട്രോക്ലിസ്,അക്കിലിസിന്റെ പടച്ചട്ട അണിഞ്ഞു,യുദ്ധ മുഖത്തേയ്ക്കു വരികയും,ചുവടുകളില്‍ അക്കിലിസ് പോലെ കാണപ്പെടുകയും ചെയ്തു.അക്കിലിസ് ആണെന്ന് കരുതിഎല്ലാവരും;ഒപ്പം ഹെക്ടറും.നേര്‍ക്ക്‌ നേരെയുള്ള യുദ്ധത്തില്‍ ഹെക്റ്റര്‍ പെട്രോക്ളിസിനെ വധിച്ചു.മുഖ കവചം ഊരിമാറ്റുമ്പോള്‍ മാത്രമാണ് അത് അക്കിലിസ് അല്ല എന്ന് എല്ലാവരും തിരിച്ചറിയുന്നത്‌.

തുടര്‍ന്നാണ്‌ സിനിമ അതിന്റെ വശ്യ ഭംഗി കാണിക്കുന്നത്.അക്കിലിസും ഹെക്ട്ടരും ആയുള്ള യുദ്ധം.പെട്രോക്ലിസിന്റെ മരണം അക്കിലിസിനു താങ്ങാന്‍ ആവുമായിരുന്നില്ല.പ്രിയാമിനോടും, തന്‍റെ ഭാര്യയോടും പാരീസിനോടും യാത്രാനുമതി വാങ്ങി ഹെക്റ്റര്‍ യുദ്ധ സന്നദ്ധനാകുന്നു.

Tuesday, August 28, 2012

ഫേസ്‌ ബുക്ക്‌ ഓണം


Kovilakam Suresh 
സോണിയെ മാത്രം ഞാന്‍! അസ്ത്രപ്ര്ജ്ഞയോടെ!

6 hours ago · Unlike · 6
( അതായത് ആറു മണിക്കൂര്‍ മുന്‍പ്, കോവിലകം ഇങ്ങനെ ഒരു കമന്റ് പാസാക്കി )
Swathi George
 ങെ.. അതെന്തുവാ ?
6 hours ago · Like · 1
(സ്വാതി ചോദിച്ചു )
Sony Jose Velukkaran
എന്തൂട്ട്...
12 hours ago ·  · 1
( ഞാന്‍ സംശയം കൂറി ) 
Prem Nizar Hameed അസ്ത്രം എന്ന് പേരുള്ള ഒരു കറിയുണ്ട്.12 hours ago ·  · 3 
(അസ്ത്രം എന്ന് പറഞ്ഞു പ്രേം നിസാര്‍ കറി വച്ചു)
മതിവരാതെ വീണ്ടും 
Prem Nizar Hameed 

ഞാന്‍ അക്രോസ്ടിക് കവിത എഴുതി കൊണ്ടിരുന്ന സമയത്ത് ഒരു സുഹൃത്ത് ചോദിച്ചു "ഹാപ്പി ഓണം ഫോര്‍ ആള്‍" കൊണ്ട് മഹാബലിക്കഥ ചുരുക്കി പറയാമോ എന്ന്. അത് ഇവിടെ കൊടുക്കുന്നു.
11 hours ago ·  · 2

( എന്നിട്ട് "അക്രോസ്ടിക്" കവിത എഴുതി ... )

ഈ ചോദ്യങ്ങള്‍ കൊവിലകത്തിനെ അഗാധമായ നിരാശയില്‍ തള്ളിയിട്ടിരിക്കുന്നു ...

ഓഫീസ്‌ വിട്ട് വീട്ടില്‍ എത്തിയ സുരേഷ് എടുത്തു തുറന്നു ; ശബ്ദ താരാവലി ..

ആഹഹാ .. കണ്ടെത്തി ദെ കെടക്കുന്നു പേജു 215 ഇല്‍ ആ വാക്ക്..

ഞെട്ടുന്ന ആ തിരിച്ചറിവില്‍ വാക്ക് " അസ്തപ്രജ്ഞ " എന്നായിരുന്നു എന്ന് സുര്ഷ്‌ മനസ്സിലാക്കി !
പിന്നെ  ഒന്നൊഴിച്ച്,  രണ്ടു കഷ്ണം ഐസും എടുത്തിട്ട് ,ആശ്വാസം കൊണ്ട സുരേഷ് , ഫോണ്‍ എടുത്തു ഡയല്‍ ചെയ്തു 050 568125 ...

സോണിയുടെ ചെവികള്‍ക്കുള്ളില്‍ പിന്നെ മൂളിയത് ;ഹോ നല്ല സൊയമ്പന്‍ ഓണ ത്തെറി !!!!!!
 

Wednesday, August 22, 2012

കുടുംബ ജീവിതത്തിന്റെ അസന്തുഷ്ടി ( Movie review - Girl with a pearl earring )


ഹോളണ്ടിലെ ഒരു  നനുത്ത,മഞ്ഞു മൂടിയ പ്രഭാതത്തിലൂടെയാണ് ഗ്രീറ്റ് വീട്ടു ജോലി അന്വേഷിച്ചു മാസ്റ്റര്‍ വേര്‍മീരിന്റെ വീട് ലക്ഷ്യമാക്കി നഗരത്തില്‍ എത്തിയത്.നഗരത്തെ കീറി മുറിച്ചു കൊണ്ട് നിരവധി കനാലുകള്‍ ഒഴുകിയിരുന്നു.കോഴികളും അരയന്നങ്ങളും ഉരുളക്കിഴങ്ങ് കച്ചവടക്കാരും നിറഞ്ഞ തെരുവിനെ പകുത്തു, ഗ്രീറ്റ് മാസ്റ്ററുടെ വീട്ടില്‍ കയറി ചെല്ലുമ്പോള്‍,അവളെ എതിരേല്‍ക്കുന്നത് കുഴഞ്ഞു മറിഞ്ഞ അടുക്കളയും,കാരം തേച്ചു കഴുകേണ്ട,മുഷിഞ്ഞ് കൂന കൂട്ടിയ തുണികളും ആയിരുന്നു.ടന്നെകെ, മറ്റൊരു പരിചാരിക അവള്‍ക്കു ചെയ്തു തീര്‍ക്കേണ്ട പണികളെ ക്കുറിച്ചുള്ള ഏകദേശ വിവരം നല്‍കി.മുകളില്‍ മാസ്റ്റര്‍ പെയിന്റ് ചെയ്യുന്ന റൂം അതീവ ശ്രദ്ധയോടെ ക്ലീന്‍ ചെയ്യെണ്ടുന്നത് വിശധീകരിച്ച ശേഷം കിടക്കാന്‍ ഒരു  കോണിച്ചുവട്ടില്‍ ഒരു  നുള്ള് സ്ഥലവും അവള്‍ ഗ്രീറ്റ്നു ഗ്രീട്ടിനു കാണിച്ചു കൊടുത്തു.പണികള്‍ തീര്‍ത്ത്‌,രാത്രി ഏറെ വൈകി,തളര്‍ന്ന് ഗ്രീറ്റ് ഉറങ്ങാന്‍ കിടക്കുമ്പോള്‍, മച്ചിന് മുകളില്‍ കാലടികള്‍  ഉലാത്തി ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു.മാസ്റ്റര്‍ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല!

പിറ്റേന്ന് ദുരൂഹത നിറഞ്ഞ ആ പെയിന്റിംഗ് റൂം നോക്കി നില്‍ക്കെ കാര്‍ക്കശ്യം വമിപ്പിച്ചു കൊണ്ട് മിസ്ട്രസ്സ്- കാതറീന, വേര്മീരിന്റെ ഭാര്യ - അവളെ കണ്ടു മുട്ടി ആദ്യ കല്‍പ്പന "dont distarb anything " എന്ന രൂപത്തില്‍ അവളെ തേടിയെത്തി.

നീളവും വീതിയും കൂടിയ ജനാല ചില്ലുകള്‍ തുറന്നു വച്ചപ്പോള്‍ പ്രകാശം മുറിയിലേയ്ക്ക് ഇരച്ചു കയറി.പാറി വീണ വെളിച്ചത്തില്‍ റൂം മുഴുവന്‍ അവള്‍ കണ്ടു. ഈസലുകളും,ചായം(Pigment) കുഴയ്ക്കുന്ന പാത്രങ്ങളും,കല്ലും,ബ്രഷുകളും, പെന്‍സിലുകളും നിറഞ്ഞ മേശ.പൂര്‍ത്തിയാകാത്ത ഒരു ചിത്രം ഈസലില്‍. സാകൂതം നോക്കി നില്‍ക്കാതിരിക്കാന്‍ ഗ്രീറ്റിനു കഴിഞ്ഞില്ല.

അടുത്ത പ്രഭാതത്തില്‍ അവള്‍ ചന്തയില്‍ പോയി.ഇറച്ചി "മണംപിടിച്ചു" നോക്കി നല്ലത് അവള്‍ തെരഞ്ഞു വാങ്ങി.ഇറച്ചി വെട്ടുകാരന്റെ മകന്‍ ഗ്രീറ്റുമായി ലോഹ്യം കൂടാന്‍ ശ്രമിച്ചു.തിരകെ വരുമ്പോള്‍, കനാല്‍ക്കരയില്‍, പാപ്പരായ ഒരാളുടെ വീടും സാധനങ്ങളും ജപ്തി നടക്കുന്നത് അവള്‍ പേടിയോടെ കണ്ടു.
വീണ്ടും പെയിന്റിംഗ് മുറിയില്‍.മുറി വൃത്തിയാക്കി കൊണ്ടിരിക്കെ, പെട്ടന്ന് തിരശ്ശീലയ്ക്ക് പുറകില്‍ നിന്നു മാസ്റ്റര്‍ പ്രത്യക്ഷനായി.അല്പ നേരം അവളെ നോക്കി നിന്ന്,ഒന്നും ഉരിയാടാതെ പോവുകയും ചെയ്തു.

മുകളിലെ  മുറിയില്‍ നിന്നു കരച്ചില്‍ കേട്ടു കൊണ്ടിരുന്ന ഒരു  രാത്രി പുലര്‍ന്നത് ഒരു  കുഞ്ഞിക്കരച്ചില്‍ കേട്ടു കൊണ്ടാണ്.മിസ്സ്ട്രസ്സ് ഒരു  കുഞ്ഞിനും കൂടി ജന്മം നല്‍കിയിരിക്കുന്നു.ഭയപ്പെടുത്തുന്ന മുഖവുമായി മാഡം മരിയ- വേര്മീരിന്റെ അമ്മായി അമ്മ - ഗ്രീറ്റിനു മുന്നില്‍ വന്നു. മരിയ ആണ് കുടുംബം ഭരിക്കുന്നത്‌. കടുത്ത ചിട്ടക്കാരി.ചെലവു കൂടുന്നതിന് തട കണ്ടു പിടിക്കാന്‍ വേര്‍മീരിന്റെ ചിത്രങ്ങളുടെ രക്ഷാധികാരി പീറ്റര്‍ വാന്‍ റിയുജ്വെന്‍ പ്രഭുവിനെ വീട്ടില്‍ അത്താഴ വിരുന്നിനു ക്ഷണിക്കാന്‍ ഉള്ള കത്ത് ഗ്രീറ്റ് വശം അവര്‍ കൊടുത്തയയ്ക്കുന്നു.കനാലുകളുടെ കരയിലൂടെ, കാഴ്ചകളില്‍ കണ്ണ് നട്ട് ഗ്രീറ്റ് നടന്നു പോയി.പീറ്റര്‍ വാനിന്റെ മാളിക.ആദ്യ നോട്ടത്തില്‍ തന്നെ പീറ്റര്‍ വാന്‍ അവളുടെ കണ്ണുകളെ പുകഴ്ത്തി,വിഷയ ലംബടത്വം പീറ്ററില്‍ ആര്‍ത്തിയോടെ നിഴലിയ്ക്കുന്നത് ഗ്രീറ്റ് പേടിയോടെ കണ്ടു.

ആര്‍ഭാട പൂര്‍വം ഒരു വലിയ അത്താഴം ഒരുങ്ങുകയാണ്. അടുക്കലപ്പുറത്തെയ്ക്ക് പന്നികളും,കോഴികളും കൊണ്ട് വരപ്പെട്ടു.തീന്‍ മേശയില്‍ വരിയായി അടുക്കി വച്ച സ്വര്‍ണ സ്പൂണുകള്‍ തിളങ്ങി.തീന്‍ മേശ വിഭവങ്ങളാല്‍ നിറഞ്ഞു.പിന്നെ പീറ്റര്‍ പ്രഭുവും അതിഥികളും ആനയിക്കപ്പെട്ടു.അടുക്കളയുടെ ചില്ല് ജാലകത്തിന് പുറകില്‍ നിന്നു ഗ്രീറ്റ് എല്ലാം നോക്കികണ്ടു.നേരത്തെ വരയ്ക്കാന്‍ ഏല്‍പ്പിച്ച ചിത്രം തന്‍റെ മരുമകന്‍ മാസങ്ങള്‍ക്ക് ശേഷം ഇതാ വിജയകരമായി പൂര്‍ത്തിയാക്കി എന്നും,ഉടന്‍ തന്നെ അങ്ങേയ്ക്ക് വേണ്ടി മറ്റൊന്ന് വരയ്ക്കാന്‍ തയാര്‍ ആണ് എന്നും മരിയ പറയുന്നു.ഏതു വിഷയം ആണ് വരയ്ക്കേണ്ടത് എന്ന ചര്‍ച്ച രാത്രി ഏറെ  വൈകിയിട്ടും പുരോഗമിക്കുന്നു. 
മഴ പെയ്ത അടുത്ത പകല്‍!പെയിന്റിംഗ് റൂം വൃത്തിയാക്കുകയാണ് ഗ്രീറ്റ്.ജനാലകളില്‍ വെള്ളം തങ്ങി നിന്നിരുന്നു.ചില്ലുകള്‍ തുറന്നു വച്ചു തുടച്ചാല്‍ മുറിയിലെ  പ്രകാശം വ്യത്യാസപ്പെടും എന്നു ഭയന്ന ഗ്രീറ്റ്,അതിനു അനുവാദം ചോദിക്കാന്‍ മിസ്ട്രസ്സിന്റെ മുറിയിലേയ്ക്ക് വരുന്നു.മേലാല്‍ ഇത്തരം കാര്യങ്ങള്‍ ചോദിച്ചു വന്നെയ്ക്കരുത് എന്നു പറഞ്ഞു കാതറീന കോപിയ്ക്കുന്നു.എന്നാല്‍ പ്രകാശത്തോടും ചിത്രകലയില്‍ അത് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും ഉള്ള അവളുടെ അവബോധം വേര്മീര്‍ മനസ്സിലാക്കുന്നു.പിന്നീടു പെയിന്റിംഗ് റൂമില്‍ വച്ചു അവളെ കണ്ട വേര്മീര്‍, ജനാലയ്ക്കടുത്തു നില്‍ക്കാന്‍ ആവശ്യപ്പെടുന്നു;ഒരു  മോഡലിനെ പോലെ.അടുത്ത ചിത്രം ഇതായാലോ എന്നു വേര്മീര്‍ ഉറപ്പിച്ച നിമിഷം.ഒരു കാമറ - തടിച്ച ഒരു   പെട്ടി - അതിലൂടെ നോക്കാന്‍ ഗ്രീറ്റിന് അവസരം കിട്ടുന്നു.അത്യത്ഭുതത്തോടെ അവള്‍ അത് കാണുന്നു.വേര്മീരും ഇടയ്ക്ക് ഒരു  ചിത്രത്തിലെ കളര്‍ പാറ്റെണ്‍ മാറുന്നതിനെക്കുറിച്ചും മറ്റും അവര്‍ സംസാരിക്കാന്‍ തുടങ്ങുന്നു.ചായക്കൂട്ട്‌ ഉണ്ടാക്കുന്നതിനിടയില്‍  വേര്മീര്‍ ഗ്രീറ്റ്നെ കൈകളില്‍ തൊടുന്നു.ഒരു നിശബ്ദ പ്രണയം ഗ്രീറ്റി നോട് വേര്മീരിനു തോന്നുകയായിരുന്നു.അവള്‍ ഞെട്ടി പിന്മാറുന്നു.

മഞ്ഞു പെയ്യുന്ന ഒരു പ്രഭാതത്തില്‍ ഗ്രീറ്റ് ചായക്കൂട്ട്‌ പൊടി വാങ്ങാന്‍ പോകുന്നു. കോര്നെളിയ(വേര്മീരിന്റെ മകള്‍)-അവള്‍ക്കു ഗ്രീട്ടിനെ ഒട്ടും ഇഷ്ടമല്ല - താന്‍ മുടിയില്‍ ചൂടുന്ന കോണ്‍ ഷെല്‍ എടുത്തത് ഗ്രീറ്റ് ആണ് എന്നു പറഞ്ഞു ഗ്രീറ്റിനെ വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ ഒരു  നാടകം കളിയ്ക്കുന്നു.തന്നെ രക്ഷിക്കാന്‍ ഗ്രീറ്റ് വേര്മീരിനോട് ആവശ്യപ്പെടുന്നു.വേര്മീര്‍ ഇടപെടുകയും,അത്  ഒളിപ്പിച്ചത് കോര്നെലിയ ആണ് എന്നു കണ്ടു പിടിക്കുകയും,മാഡം മരിയ കോര്നെളിയയെ ചൂരല്‍ കൊണ്ട് ധാരാളം അടിയ്ക്കുകയും ചെയ്യുന്നു.കാതറീന ഗ്രീറ്റിനെ ശപിയ്ക്കുന്നു.

പീറ്റര്‍ വാന്‍  വീണ്ടും വിരുന്നിനു വരുന്നു. ഭക്ഷണ മേശയ്ക്കരികെ എല്ലാവരും കൂടിയിരുന്നു അടുത്ത പെയിന്റിംഗ് ഏതാവണം എന്നു ചിന്തിക്കുന്നു.മേശയ്ക്കരുകില്‍ വന്ന് ആഹാരം വിളമ്പിയിരുന്നു ഗ്രീറ്റിനെ വാന്‍ കയറിപ്പിടിച്ചു മടിയില്‍ ഇരുത്തുന്നു. ഇവളുടെ ചിത്രം ആണ് എനിയ്ക്ക് അടുത്ത ചിത്രം ആയി വേണ്ടത് എന്നു അറിയിക്കുന്നു.എല്ലാവരുംഞെട്ടുന്നു. മാഡം മരിയ സ്ഥലകാല ബോധം വീണ്ടെടുത്ത് സമ്മതം മൂളുന്നു.ഗ്രീറ്റിന് മോഡല്‍ ആയി പോസ് ചെയ്യാന്‍ അനുവാദം ലഭിയ്ക്കുന്നു.ഇതിനിടെ മിസ്ട്രസ്സിന്റെ മുറിയില്‍ തീന്‍ മേശ ഒരുക്കുന്ന സമയം ആണ് "പേള്‍ ഇയര്‍ റിംഗ്"സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.അത് കാതരീനയുടെ ശേഖരത്തിലെ ആയിരുന്നു.മിസ്ട്രസ്സ് തന്നെ അണിയിക്കാന്‍ ആയി വേര്‍മീറിനെ കാണിക്കുന്നു.വേര്മീര്‍ ആകട്ടെ യാന്ത്രികമായി അത് ചെയ്യുന്നു എങ്കിലും ചിത്രം വരയ്ക്കുമ്പോള്‍ അത് ഏറ്റവും യോജിയ്ക്കുക ഗ്രീറ്റിന് ആയിരിയ്ക്കും എന്നും അവള്‍ അത് അണിഞ്ഞാല്‍ എങ്ങനെ ഇരിക്കും എന്നു ചിന്തിക്കുകയായിരുന്നു .

ചിത്ര രചനയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഒന്നാമത്തെ ഫ്രെയിം.അത് ഒരു  കറുത്ത പാശ്ചാത്തലത്തില്‍,തലയില്‍ വെളുത്ത ഒരു  തുണി വാലിട്ടു കെട്ടി മുന്നിലൂടെ ഒരു  നീല വെയില്‍ തെറുത്തു കെട്ടിയ ഗ്രീറ്റ് ചിത്രത്തിനായി മോഡല്‍ ചെയ്യുന്നത് കാണിക്കുന്നു.ചുണ്ടുകള്‍ ഒന്നുകൂടെ നനച്ചു പോസ് ചെയ്യാന്‍ വേര്മീര്‍ ആവശ്യപ്പെടുന്നു.  മാസ്റര്‍ അവള്‍ക്കു ഇയര്‍ റിംഗ് കൊടുക്കുന്നു.ഒളിച്ചു നിന്നു അത് കാണുന്ന കോര്നെലിയ അമ്മയെ വിവരമറിയിക്കുന്നു.മാഡം മരിയയും,മിസ്ട്രസ്സ് കാതരീനയും മുറിയിലേയ്ക്ക് ഇരച്ചു വരുന്നു.കാതറീന, ഗ്രീറ്റ് തന്റെ കുടുംബം നശിപ്പിച്ചു എന്നു പറഞ്ഞ്,അവളോട്‌ തന്‍റെ വീട് വിട്ട് ഇറങ്ങി പോകാനും പറയുന്നു.നിശബ്ദമായി നിന്ന വേര്മീരും മാഡവും അതിനു സമ്മതം ഇല്ല എന്ന് അറിയിക്കുന്നു. കാതറീന ഒരു ഉന്മാദത്തിന്റെ അവസ്ഥയില്‍ എത്തുന്നു.ഈസലില്‍ തുണി കൊണ്ട് മറച്ചു വച്ച ചിത്രം തന്നെ കാണിക്കാന്‍ ആവശ്യപ്പെടുന്നു.നിനക്ക് ഇതിനെക്കുറിച്ച്‌ ഒന്നും അറിയില്ല എന്നു പറഞ്ഞു വേര്മീര്‍ നിരാകരിക്കുന്നു.കാതറീന ചിത്രം വലിച്ചു കീറാന്‍ നോക്കുന്നു.മുഖം ചുവപ്പിച്ചു, ഭീകരമായ ഒരു ആര്‍ത്തനാദത്തോടെയുള്ള കാതരീനയുടെ ഒരു അഭിനയ മുഹൂര്‍ത്തം നാം കാണുന്നു.  

ഒരു ദിവസം,അടുക്കള പ്പുറത്തു വച്ചു ഗ്രീറ്റിനെ ബലാല്‍ക്കാരം ചെയ്യാന്‍ വാന്‍ പീറ്റര്‍ ശ്രമിക്കുന്നു.കുതറി മാറുന്ന ഗ്രീറ്റിനോട് പുറത്തു പറഞ്ഞാല്‍ ജോലി നഷ്ട്ടപ്പെടും എന്നു പറഞ്ഞു ഭീഷണി പ്പെടുത്തുന്നു അയാള്‍.പിറ്റേന്ന് മാഡം മരിയ തന്നെ അവള്‍ക്കു ഇയര്‍ റിംഗ് കൊണ്ട് കൊടുക്കുന്നു.ചിത്രം പൂര്‍ത്തിയാക്കാന്‍ ചെല്ലാന്‍ ആവശ്യപ്പെടുന്നു.മുറിയില്‍ വച്ചു, തന്റെ കാത് കുത്തിയിട്ടില്ലാത്ത കഥ വെമീര്‍ അവളില്‍ നിന്നു അറിയുന്നു. വെമീര്‍ തന്നെ അവളുടെ ഒറ്റ കാത് കുത്തുന്നു.വേദന കൊണ്ട് ഒഴുകിയിറങ്ങിയ കണ്ണു നീര്‍ അവളുടെ ചുണ്ടോടു ചേര്‍ത്ത് വിരല്‍ കൊണ്ട് വേര്മീര്‍ തുടയ്ക്കുന്നു.തുടര്‍ന്ന് ചിത്രം ജനിക്കുന്നു.കറുത്ത പശ്ചാത്തലത്തില്‍, കഴുത്ത് അല്‍പ്പം തിരച്ചു നോക്കി നില്‍ക്കുന്ന സുന്ദരിയായ ഒരു  മൈഡ് - അതായിരുന്നു പിറവി കൊണ്ട, പില്‍ക്കാലത്ത് വിഖ്യാതമായ ആ ചിത്രം.ചിത്രം പൂര്‍ത്തിയായതോടെ,മാഡം മരിയ അവളെ ജോലിയില്‍ നിന്നു പിരിച്ചു വിടുന്നു.വേറെ ജീവിത മാര്‍ഗം ഇല്ലാത്ത ഗ്രീറ്റ്,നേരത്തെ പീറ്റര്‍ വാന്‍ വച്ച് നീട്ടിയ ക്ഷണം സ്വീകരിച്ചു - പീറ്റര്‍ വാനിന്റെ ഉദ്ദേശം അറിയാമായിരുന്നിട്ടും, വേറെ മാര്‍ഗമില്ലാതെ - അയാളുടെ വീട്ടു വേലക്കാരിയാകാന്‍ നിര്‍ബന്ധിതയാകുന്നു. പീറ്റര്‍ വാന്‍ തന്‍റെ  മുറിയില്‍ വേര്മീര്‍ വരച്ചു നല്‍കിയ അവളുടെ ചിത്രത്തിലേയ്ക്കു സാകൂതം നോക്കിയിരിക്കുന്നു.അടുക്കളപ്പുറത്തു ഗ്രീറ്റിനു അരക്ക് കൊണ്ട് ഒട്ടിച്ച ഒരു  പാര്‍സല്‍ ലഭിക്കുന്നു.തുറന്നു നോക്കിയ അവളെ എന്ന പോലെ നമ്മെയും അത്ഭുതപ്പെടുത്തിക്കൊണ്ട്,തുണിയില്‍ പൊതിഞ്ഞ രണ്ടു പേള്‍  ഇയര്‍ രിങ്ങുകളിലെയ്ക്ക് ക്യാമറയുടെ ഫോക്കസ് വരുന്നു.ചിത്രം അവസാനിക്കുന്നു.


പതിനേഴാം നൂറ്റാണ്ടിലെ  ഹോളണ്ട്‌ എന്നും ചിത്രകലയുടെ ആസ്ഥാനം ആയിരുന്നു.രേമ്ബ്രാന്റിനെപ്പോലുള്ളവര്‍(Rembrandt Harmenszoon van Rijn), പീറ്റര്‍ പോള്‍ രൂബന്സിനെപ്പോലുള്ളവര്‍(Sir Peter Paul Rubens) അരങ്ങത്തു ആടിയ കാലം.വേര്മീര്‍ (Johan Vermeer )ആ ഒരു കാലഘട്ടത്തിന്റെ കലാകാരന്‍ ആയിരുന്നു.ദൈനം ദിന ജീവിത കഥകള്‍ ആയിരുന്നു വേര്മീര്‍ പകര്‍ത്തിയിരുന്നത്.(Genre painting).അത് ഡച്ച് ചിത്രകലയുടെ സുവര്‍ണ കാലഘട്ടം കൂടിയായിരുന്നു.ജീവിച്ചിരുന്ന സമയം അധികം അറിയപ്പെട്ടില്ല എങ്കിലും ഇന്ന് വേര്മീരിന്റെതായി മുപ്പത്തി ആറു രചനകള്‍ ലോകപ്രശസ്തമായി ഉണ്ട്.മ്യൂസിക്‌ ലെസ്സന്‍,ഗേള്‍ വിത്ത്‌ വൈന്‍ ഗ്ലാസ്‌,മില്‍ക്ക് മൈട്,അസ്ട്രോണമര്‍ എങ്ങനെ ഒരുപാട് ചിത്രങ്ങള്‍.ഇവയില്‍, 1665ല്‍ വരച്ച ഗേള്‍ വിത്ത്‌ പേള്‍ ഇയര്‍ റിംഗ് ആണ് വേര്മീരിന്റെ മാസ്റ്റര്‍ പീസ്‌ എന്ന് പറയാം.ഓയില്‍ കാന്‍വാസില്‍ വരച്ച ഈ ചിത്രം ഇന്ന് മൌരിഷ്യസിലെ റോയല്‍ പിക്ചര്‍ ഗാലറി അലങ്കരിക്കുന്നു.കൂടുതല്‍ ചിത്രങ്ങളും തന്‍റെ രക്ഷാധികാരി(patron) ആയ പീറ്റര്‍ വാനിനു(Pieter van Ruijven) വേണ്ടി ആണ് വേര്മീര്‍ വരച്ചത്.യഥാര്‍ത്ഥത്തില്‍ പ്ലേഗും, യുദ്ധവും പടര്‍ന്നു പിടിച്ച സമയം.താന്‍ അംഗമായ ഗില്‍ഡ്‌ ഓഫ് സൈന്റ് ലൂക്ക് ന് (Guild of Saint Luke) വേണ്ട വരിപ്പണം പോലും അടയ്ക്കാന്‍ വേര്മീര്‍ ബുദ്ധിമുട്ടിയിരുന്നു.കൂടാതെ 1653 ലെ കരിമരുന്നു ശാല ടെള്‍ഫ്റ്റ്‌ സ്ഫോടനം (Delft Thunderclap) ഹോളണ്ടിനെ പിടിച്ചു കുലുക്കിയ സമയം മുതല്ക്കാവണം,കുറച്ചു പണം തുടക്കത്തില്‍ കൈ വായ്പ കൊടുത്ത് തനിയ്ക്കായി ചിത്രങ്ങള്‍ വരച്ചു നല്‍കാന്‍ പീറ്റര്‍ വാന്‍ വേര്മീറിനെ പ്രേരിപ്പിച്ചത്.പില്‍കാലത്ത്, മാഡം മരിയ അത് ചൂഷണം ചെയ്യുകയായിരുന്നു, ചിത്രം സൂചിപ്പിക്കുന്നത് പോലെ! 

ഒരുപാട് ജീവിതം മനുഷ്യര്‍ക്ക് ഓരോരുത്തര്‍ക്കും അവരവരുടെ ചുറ്റുപാടുകള്‍ക്ക് അനുസരിച്ച് എത്രത്തോളം കലുഷിതം ആവുന്നു എന്നുള്ള ഒരുപാടു ചിന്തകള്‍ ഈ ചിത്രം സമ്മാനിക്കുന്നു.തന്റെ ഗാര്‍ഹിക ജീവിതം മടുപ്പുനിറഞ്ഞ ഒരു  അവസ്ഥയിലൂടെയാണ്‌  വേര്മീര്‍ തള്ളി നീക്കിയത് എന്നും,പ്രജനനം ഒഴികെ ഭാര്യ കാതനീനയുമായി വേര്മീര്‍ ഒരു മാനസിക അടുപ്പവും ഉണ്ടാക്കിയിരുന്നില്ല എന്നും,അമ്മായിയമ്മ മാഡം മറിയയുടെ ചൊല്‍പ്പടിയില്‍ നിന്നു മാറി, കുടുംബത്തില്‍ വര്‍മീരിനു ഒരു അധികാരവും ഉണ്ടായിരുന്നില്ല എന്നും സിനിമ കാണിക്കുന്നു.സ്വതവേ അധികം സമാരിക്കുന്ന പ്രകൃതം ആയിരുന്നില്ല വര്മീരിനു. പല ചിത്രകാരന്മാരും കാണിച്ചിരുന്ന ഒരു അന്തര്‍മുഖത്വം വേര്മീരും കാണിച്ചിരുന്നു.മാഡം മരിയയ്ക്കാവട്ടെ  സാമ്പത്തിക ലാഭത്തിനു രക്ഷാധികാരികള്‍ക്കു സമ്മാനിക്കാന്‍ ചിത്രങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍ ഉള്ള കേവലം ഒരു ഉപകരണം മാത്രമായിരുന്നു വേര്‍ മീര്‍.അയാളിലെ ചിത്രകാരന്റെ മാനസിക വ്യാപാരങ്ങള്‍ മറിയയ്ക്ക് വിഷയമായിരുന്നില്ല.ചിത്രകലയേക്കുറിച്ചും പ്രകാശ വ്യതിയാനങ്ങലെക്കുറിച്ചും അറിവുള്ളവളും,ചിത്രകലയെ സ്നേഹിച്ചിരുന്നവളും ആയ ഗ്രീറ്റ് വീട്ടു ജോലിക്കാരിയായി വന്നത് വേരെമീറിനെ സന്തോഷിപ്പിക്കുന്നു. ജന്മിത്വത്തിന്റെ ഭീകര  മുഖങ്ങള്‍ ഈ ചിത്രം കാണിച്ചു തരുന്നു.പീറ്റര്‍ വാന്‍ കാണിക്കുന്ന മുഷ്ക്,പാപ്പരായവരെ കുടിയൊഴിപ്പിക്കുന്ന സീന്‍ എന്നിവ ഉദാഹരണം.  ഗാര്‍ഹിക ജീവിത സുഖങ്ങള്‍  ഇല്ലാതെ കടന്നു പോയ വേര്മീരിന്റെയും,സ്വന്തമായി ഒരു തീരുമാനം എടുക്കാന്‍ പറ്റാതെ,അവശയായി,തന്നെ മാനഭംഗ പ്പെടുത്താന്‍ ശ്രമിച്ച പ്രഭുവിന്റെ അടുത്തേയ്ക്ക് തന്നെ പോകുന്ന - തന്‍റെ  മാതാപിതാക്കള്‍ക്ക് വേണ്ടി; അവര്‍ക്ക് ഉപജീവനം ഗ്രീറ്റിനു കിട്ടുന്ന ശമ്പളം ആയിരുന്നു - ഗ്രീറ്റ്.തന്നെ സ്നേഹിച്ച ചെറുപ്പക്കാരന് അവള്‍ തന്നെത്തന്നെ ഒരിക്കല്‍ സമര്‍പ്പിച്ചു എനികിലും,അവന്‍റെ കൂടെ ഒരു സ്വസ്ഥ ജീവിതം അവള്‍ ആഗ്രഹിച്ചാല്‍ കൂടി സാധ്യമാകുമായിരുന്നില്ല എന്ന തിരിച്ചറിവ് ഗ്രീറ്റിന് ഉണ്ടായിരുന്നു. 

ചിത്രത്തിലെ പല ഫ്രെയിമുകളിലും ഇന്ന് വിശ്വവിഖ്യാതമായ പല എണ്ണച്ഛയാ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.പീറ്റര്‍ പോള്‍ രൂബെന്സിന്റെ സൈമണ്‍ ആന്‍ഡ്‌ പെറോ (Cimon and Pero)ഒരു ഉദാഹരണം.

വല്ലാത്ത ഒരു വ്യസനം കാഴ്ചക്കാരന്റെ മനസ്സില്‍ അവശേഷിപ്പിച്ചു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.ഒരു ഓയില്‍ പെയിന്റിംഗ് വരയ്ക്കുന്നത് പ്രമേയം ആയ ഒരു സിനിമ, ജീവിതം സാധാരണക്കാര്‍ക്ക് എത്രത്തോളം പരിതാപകാരം ആയിരുന്നും,അതെ സമയം പ്രഭു കുടുംബങ്ങളില്‍ അത് എത്ര ആര്‍ഭാട പൂര്‍ണം ആയിരുന്നു എന്നും, എന്നും,കലാകാരന്മാരുടെ ജീവിതം കല എന്നതിനപ്പുറം വ്യാപിക്കാതെ,എത്ര ദുരൂഹതയും വ്യസനവും നിറഞ്ഞതായിരുന്നു എന്നും ഒരേ സമയം ചിത്രം വരച്ചിടുന്നു 
ടോള്‍ സ്റോയി കഥയുടെ തലക്കെട്ട്‌ കടമെടുത്താല്‍ "കുടുംബ ജീവിതത്തിന്റെ സന്തുഷ്ടി" ഇല്ലാതെ ചിത്രകലയ്ക്ക് വേണ്ടി തന്‍റെ ജീവിതം ഹോമിക്കുകയായിരുന്ന വെമീരും, അന്നന്നത്തെ അപ്പത്തിനു വേണ്ടിയും, മാതാപിതാക്കളെ  സംരക്ഷിക്കാന്‍ വേണ്ടിയും തന്റെ ജീവിതം അര്‍പ്പിച്ച ഗ്രീറ്റും വൈരുധ്യം നിറഞ്ഞ കുടുംബ ജീവിതങ്ങള്‍ ആയ നാണയങ്ങളുടെ ഇരു പുറത്തും ആലേഖനം  ചെയ്യപ്പെട്ടവരാണ്.

2003 ല്‍ പുറത്തിറങ്ങിയ ഗേള്‍ വിത്ത്‌ പേള്‍ ഇയര്‍ റിംഗ് എന്ന ഈ ചിത്രം, സംവിധായകന്‍ എന്ന നിലയില്‍ പീറ്റര്‍ വെബ്ബരിന്റെ വിജയം ആണ് എന്നു പറയാം.മുത്തു കമ്മല്‍ അണിഞ്ഞ പെണ്‍കുട്ടിയായി സ്കാര്ലട്റ്റ് ജോന്സന്റെ വശ്യ സൌന്ദര്യം ഉപയോഗിക്കുന്നതില്‍ വെബ്ബരും,പതിഞ്ഞ, ആഴത്തില്‍ ഉള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു സ്കാര്ലട്ടും ചിത്രത്തോട് തങ്ങളുടെ കടപ്പാട് വയ്ക്തമാക്കിയിരിക്കുന്നു. മാഡം മരിയ,പീറ്റര്‍ വാന്‍,കാതറീന,കോര്നെളിയ,തന്നെക്കി എന്നിവരും തങ്ങളുടെ ഭാഗം അതി സുന്ദരം ആയി അഭിനയിച്ചിരിക്കുന്നു.

http://www.youtube.com/watch?v=Z-MuoYMY8rA&feature=related
Dim lights
Director: Peter Webber
Writer: Tracy Chevalier (novel)
Cast
Colin Firth                    - Johannes Vermeer
Scarlett Johansson           - Griet
Tom Wilkinson              - Pieter Van Ruijven
Judy Parfitt           - Maria Thins
Essie Davis           - Catharina Bolnes Vermeer
Joanna Scanlan           - Tanneke
Alakina Mann           - Cornelia Vermeer

യാനൈ !!

(Photo by Sethu menon )

        യാനൈ !! 
--------

2000.
അണ്ണാ നഗര്‍ വെസ്റ്റ് ,ഇരുവതാവത് തെരു, മദ്രാസ്‌. മദിരാശി റെയില്‍വേ സ്റ്റേഷന്‍ ചെന്നെ സെന്‍ട്രല്‍ ആയിട്ടില്ലാക്കാലം. കണ്ണ് കത്തുന്ന വെയില്‍ തിളച്ചു മറിയുന്നു. മൌന്റ്റ് റോഡിലൂടെയൊക്കെ നടന്നോ ബൈക്കിലോ പോയാല്‍ കവിളില്‍ ധാരധാരയായി വെയില്‍ പെയ്യും. അങ്ങനത്തെ കത്തിരിക്കാലം. അമ്മായിയുടെ മകനും ആ  വകയില്‍ എന്‍റെ മൂത്ത ചേട്ടനുമായ ഒരു നല്ല മനുഷ്യന്‍റെ തണലിലാണ് ജീവിതം. ചേട്ടനു ഭാര്യയും രണ്ടു കുട്ടികളും;ഇളയവള്‍ അമ്മു, എന്‍റെ ഒക്കത്തു നിന്നിറങ്ങാത്ത കൊഞ്ചി മറിയ. അവളെയും അവളുടെ ഏട്ടനേയും ( അവന്‍ രണ്ടാം ക്ലാസിലാണ് ) ജീവനായി സ്നേഹിച്ചു കൊണ്ട് അണ്ണാനഗറിലെ വാസം. രാവിലെ ഞങ്ങള്‍ മൂവരും ( ചേട്ടനും ചേച്ചിയും ഞാനും ) ദോശയുണ്ടാക്കാന്‍ അടുക്കളയില്‍ കയറും ...രാത്രിയാകും വരേ ഞാന്‍ ആ വീട്ടിലെ എല്ലാ പണികള്‍ക്കും ഒപ്പം കൂടും. കുട്ടികളുടെ കൂടെ കളിക്കും, അവരെ കുളിപ്പിക്കും, അമ്മുവിന് മാമു വാരിക്കൊടുക്കും, അവരുടെ പ്രിയ കാര്‍ട്ടൂണ്‍ - ferngully: The last Rainforest അവര്‍ക്കൊപ്പം കാണാനിരിക്കും, വീട്ടിലേയ്ക്ക് പച്ചക്കറി വാങ്ങാനും, ചേച്ചിയ്ക്ക് വായനശാലയില്‍ നിന്ന് പുസ്തകമെടുക്കാനും പോകും. ഒഴിവുദിവസങ്ങള്‍ ഞങ്ങള്‍ ആഹ്ലാദകരമാക്കും; ചേട്ടന്‍ ഞങ്ങളെ എല്ലാവരെയും കൂട്ടി സ്പെന്‍സര്‍ പ്ലാസയിലും,സാന്തോമിലും പോകും....
 ആംഗലേയ ഭാഷയുടെ പെരുമാറ്റച്ചട്ടങ്ങള്‍ ചേച്ചി എന്നെ പരിശീലിപ്പിക്കുന്ന കളരിയും കൂടിയാകുന്നു  ദോശ മണക്കുന്ന ആ അടുക്കള . ( ഐ എ എസ്  മോഹവുമായി , മദിരാശിയിലെ ബ്രില്യന്റ്പ്പം ടൂട്ടോരിയലില്‍ ചേരാന്‍ വന്ന മലയാളിയ്ക്ക് മുന്നിലേയ്ക്ക് ചേച്ചിയുടെ ഒരു ചോദ്യം വന്നു 


How are you going to prove our mettle ? 

ഞെട്ടലില്‍ നിന്ന്  പതുക്കെയാണ് മോചനം കിട്ടിയത് . ഒരു വാക്ക് പോലും മറുപടിയായി ആംഗലേയത്തില്‍ ഉരിയാടാനാവാതെ നിന്ന എന്റെ മുഖത്തു നോക്കി, അതീവ ലാഘവത്തില്‍, ഒരു ദയയുമില്ലാതെ ചേച്ചി പറഞ്ഞു, 

മോനെ , ആദ്യം നീ സംസാരിക്കാന്‍ പഠിയ്ക്ക്, പിന്നെയാകാം സിവില്‍ സെര്‍വന്റ് ആകുന്നത്
എന്നിട്ട് ദോശ നിറച്ച പാത്രവുമെടുത്ത് അടുക്കള വിട്ടു പോയി 

ദിവസവും അഞ്ചു വാക്ക് .. അഞ്ചേ അഞ്ചെണ്ണം . അതായിരുന്നു എനിക്ക് കിട്ടിയ ഹോംവര്‍ക്ക്. (ആ വാക്കുകള്‍ എഴുതിപ്പടിച്ച ഡയറി ഇപ്പോഴും കയ്യിലുണ്ട്) 

മാസങ്ങള്‍ കഴിഞ്ഞു പോകുന്നു.. വെയില്‍ മാറി നല്ല മഴ വരുന്നു, അണ്ണാ നഗറിലും , ചൂളൈ മേട്ടിലും, കോടംബാക്കത്തും, നുംഗംപാക്കത്തും, മടിപ്പാക്കത്തും ഞാന്‍ അലഞ്ഞു നടന്നു.. മദിരാശി യൂനിവേസ്സിറ്റിയിലും,(ദീപ അവിടെ പഠിച്ചിരുന്നു) അണ്ണാ ശാലയിലും പലകുറി കറങ്ങി...   

2001
യു . ജി. സി യ്ക്ക് പഠിക്കാനായി നടക്കുന്നു. ഒപ്പം ഒരു പാര്‍ട്ട് ടൈം ജോലിയും. ജോലി എന്നെ പേരേയുള്ളൂ.കൂലിയൊന്നും കണക്കില്‍ ഇല്ല.വല്ലതും കിട്ടിയാല്‍, അന്നത്തെയ്ക്കുള്ള അപ്പം ആയി. ഒരു ഹോസ്റ്റലില്‍ ആണ് താമസം. മാനേജര്‍ കറുപ്പയ്യ.മിടുക്കനാണ്. എന്നെ കണ്ണിനു നേരെ കണ്ടുകൂടാ. 


ഇടയ്ക്കിടെ പഠനത്തിന്റെ മടുപ്പ് മാറ്റാന്‍,കുറച്ചു തമിഴ് കാറ്റ് കൊള്ളാനും,വല്ലപ്പോഴും കനകാംബരം ചൂടിയ ചികുരഭാരത്താല്‍,നാണം പൂണ്ടു, നടന്നു പോകുന്ന തമിഴ് ശെല്‍വിമാരെ കാണാനും ഹോസ്റ്റലിനു പുറത്തു വന്നു നില്‍ക്കുക പതിവുണ്ട്. ആളുകള്‍ നന്നേ കുറവുള്ള ഒരു ഇടവഴി. വഴി യരികുകളില്‍,ചെറിയ കല്‍ മണ്ഡപങ്ങളില്‍,ഇടയ്ക്കിടെ ചെറിയ ദേവീ വിഗ്രഹങ്ങള്‍ കാണാം.വേറെ ഒന്നുമില്ലാതെ ഇരുള്‍ വീണ പോലെ ഒരു വഴി;വഴി ചെന്ന് മുട്ടുന്നിടത്തു തൊമ്മി കുപ്പം തുടങ്ങുകയായി. 

പതിവ് പോലെ ഒരു ദിനം. അപ്രതീക്ഷിതമായി,വഴിയെ പോയിരുന്ന ചിത്രത്തില്‍ കാണും പോലെ ഉള്ള ഒരു ആന ( നിറയെ ഭസ്മം ചാര്‍ത്തി, മഞ്ഞ പട്ടു പുതച്ച ഒരുവന്‍ )തിരിഞ്ഞു, അടുത്തുള്ള ഹോസ്റ്റല്‍ മതില്‍ ചാരി നിന്ന എന്റെ അടുത്തു വന്നു. ആനയെ പേടിയുള്ള ഞാന്‍ അടിമുടി വിറച്ചതായി ഇന്ന് ഓര്‍ക്കുന്നു.അനങ്ങാന്‍ സാധിക്കുന്നില്ല. കാലില്‍ ഒരു വലിയ കരിമ്കല്ലാണ് വച്ചിരിക്കുന്നത്. ഭാവ വ്യത്യാസം കൂടാതെ,ശബ്ദമുണ്ടാക്കാതെ അവന്‍ എന്റെ തലയ്ക്കു നേരെ തുമ്പി പൊക്കി.തല ഒറ്റ അടിയ്ക്കു ഉടയുമെന്നു ഞാന്‍ ഭയന്ന് കാണണം.എന്നാലോ, അവന്‍,ആ തുമ്പി വക്ത്രന്‍ എന്റെ തലയില്‍ ചെമ്പുള്ളികള്‍ വീണ തുമ്പി കൊണ്ട് നനു നനെ ഒന്നുഴിഞ്ഞത്, ചെറുതായി ഒന്ന് നിശ്വസിച്ചു.നിശ്വാസത്തിനോപ്പം ജല കണങ്ങള്‍ എന്‍റെ മുഖത്തും നെറ്റിയിലും തെറിച്ചു വീണു.പിന്നെ അവന്‍ വാലാട്ടി, തുംബിയാട്ടി തിരിഞ്ഞു പൊയ്ക്കളഞ്ഞു. 

കറുപ്പയ്യ തൊട്ട പ്പോഴാനു ഞാന്‍ ഉണര്‍ന്നത് ഇന്ന് സംഭ്രമം ജനിപ്പിക്കുന്ന പേടിയോടും,വികാര വായ്പോടും കൂടെ ഓര്‍ക്കുന്നു. 

കൂടെ വന്ന സന്യാസിയെപ്പോലെ തോന്നിച്ച ആള്‍ എന്റെ മുന്നില്‍ വന്നു കൈ തൊഴുതു പറഞ്ഞു 

"അയ്യാ , നീങ്കെ നല്ലാരുക്കണം . നല്ല വാഴ്കെ കെടയ്ക്കപ്പോകിറത്. യാനെയ്‌ പണ്ണി രത് പാത്തതില്ലേ ?യാനൈക്ക് ദക്ഷിണ പോടുങ്കോ സാമീ.. "

എന്റെ കൈ കുപ്പായ ക്കീശയിലെയ്ക്ക് നീണ്ടു ചെന്ന്, ഒരു പത്തു രൂപയുടെ നിറം മങ്ങിയ നോട്ടു പരതിയെടുക്കുകയും 
ഗജെന്ദ്രനായി ഒരു ദക്ഷിണയെന്നോണം കൂടെ അത് വന്നു യാനൈക്ക് നിവേദിക്കുകയും ചെയ്തു.

അന്ന് രാത്രി ഭക്ഷണത്തിനു കരുതി വച്ച പത്തു രൂപ !അത് പോയി. കിനാവല്ല.സത്യമാണ്. മദിരാശി വെയില്‍ പോലെ പൊള്ളുന്ന സത്യം. 
എന്നാല്‍ , ആദ്യമായി ആനയെ സ്വപ്നം കണ്ടു , ആന ച്ചൂര് തട്ടി കിടന്നുറങ്ങിയ ആ രാത്രിയിലെ പട്ടിണിയ്ക്ക് പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖം ഉണ്ടായിരുന്നു !!!

എന്ത് കൊണ്ടാകും അവന്‍ ആ ഗജ പ്രവീരന്‍ അങ്ങനെ ചെയ്തത് ?

Tuesday, July 31, 2012

മഴപ്പെയ്ത്തുകളിലെ സിനിമ







മലയാളി ഒരു പക്ഷെ ഏറ്റവും ആസ്വദിച്ചു കണ്ടു തീര്‍ത്ത മലയാളം ചിത്രങ്ങളില്‍ ഒന്നാവണം തൂവാനത്തുമ്പികള്‍.ഇന്നും ഈ പത്മരാജന്‍ ചിത്രം ഒരു വന്യ സൌന്ദര്യം പ്രധാനം ചെയ്തു മലയാളിയുടെ മനസ്സില്‍ ജീവിക്കുന്നു.ചിത്രത്തില്‍ പല ഫ്രെയിമുകളിലും മഴ ഒരു അവിഭാജ്യ ഘടകമായി നിറഞ്ഞു നിക്കുന്നു.മണ്ണാറത്തൊടിയിലെ വീട്ടിലെ ജനാലയ്ക്കല്‍ ഇരുന്നു ജയകൃഷ്ണന്‍ ക്ലാരയുടെ മുഖം കാണുന്നത് ചാഞ്ഞു വീഴുന്ന മഴയിലൂടെയാണ്.ക്ലാര ഓരോ കത്തെഴുതുമ്പോഴും മഴ പെയ്യുന്നു.ആദ്യ സമാഗമത്തില്‍ കാണുന്നതും മഴ.ഇങ്ങനെ ഉള്ളു കുളിര്‍പ്പിക്കാന്‍ മന്ത്ര മധുരമായ സംഗീതം പോലെ മഴ ആ സിനിമയില്‍ പെയ്തു കൊണ്ടേയിരുന്നു.

മഴ എന്ന് പേര്‍ ഉള്ള മറ്റൊരു മലയാള സിനിമയില്‍ മഴയ്ക്ക് രൌദ്ര ഭാവമായിരുന്നു.പെരുമഴക്കാലം എന്നാ സിനിമയില്‍ ആകട്ടെ മഴ പെയ്തിരുന്നത് വിഷാദച്ഛവി പരത്തിയാണ്.മഴ,അകലെ നടക്കുവാന്‍ പോകുന്ന ഒരു വധ ശിക്ഷയുടെ പേടി നമ്മില്‍ ഉണര്ത്തിക്കൊണ്ട് ആഞ്ഞു പെയ്തിരുന്നു ഈ സിനിമയില്‍.വൈശാലി എന്ന സിനിമയില്‍,മഴ പെയ്യുവാന്‍ കാത്തിരുന്ന ദേശവാസികള്‍ക്ക് അത്ഭുതം സൃഷ്ട്ടിച്ചു കൊണ്ട് ഋഷ്യശൃംഗൻ നടത്തിയ യാഗത്തിനൊടുവില്‍ മഴ തിമിര്‍ത്തു പെയ്യുന്നത് നാം കണ്ടു.മഴയുടെ പ്രവാഹത്തില്‍ വൈശാലിയുടെ കണ്ണ് നീര്‍ ആരും കണ്ടില്ല.കാലം പിന്നിടുമ്പോള്‍, ഇന്ന് കച്ചവട സിനിമാക്കാരുടെ കണ്ണുകള്‍ മഴപ്പാട്ടുകളില്‍ നായികാ നായകന്മാരുടെ മേനി കുതിര്‍ത്തി കാഴ്ചക്കാരന് മുന്നില്‍ വിരുന്നായി ഒരുക്കുന്നു.

റെയിന്‍ എന്ന 1932 ലെ ഹോളിവുഡ്‌ സിനിമയിലേയ്ക്ക് വരാം.സിനിമ തുടങ്ങുന്നത്,ആകാശം കറുത്തിരുണ്ട്‌ മഴ പെയ്യുന്നതും,മഴത്തുള്ളികള്‍ ഊഷരമായ ഭൂമിയിലേയ്ക്ക്,പിന്നെ ഒര് കല്‍ത്തൊട്ടിയിലേയ്ക്കും വീണു നിറയുന്നത്പകര്‍ത്തിക്കൊണ്ടാണ്.മഴപ്പാട്ടുകള്‍ പാടി, മഴച്ചെളി ചവുട്ടി ഒര് കൂട്ടം ആളുകള്‍ - അമേരിക്കന്‍ മറീന്‍സ് -  കടന്നു പോകുന്നു.സമോവയിലെ പഗോ പഗോ ദ്വീപ്‌ മഴയില്‍ കുതിര്‍ന്നു കിടക്കുന്നു.ഇലകളില്‍ നിന്നും മഴത്തുള്ളികള്‍ ഭൂമിയിലേയ്ക്ക് ഇറ്റിറ്റു വീഴുന്നു.

വഴി തെറ്റി വന്ന ഒരു ബോട്ട് മിഷനറിയായ ഡേവിഡ്‌സനെയും,വേശ്യയായ സാഡീ തോമ്സനെയും പഗോയില്‍ എത്തിക്കുന്നു.മറീനുകളുടെ ഒപ്പം സിഗരട്ട് വലിച്ചും പാട്ട് പാടിയും സാഡീ  ജീവിതം ആഘോഷിക്കുന്നു.മിഷനറി,സാഡീയുടെ  ജീവിതരീതികള്‍ മാറ്റുവാനും അവള്‍ക്കു പാപമോചനവും പുനരുത്ഥാനവും  നേടി കൊടുക്കാനും ശ്രമിക്കുന്നു.എന്റെ കാര്യത്തില്‍ തലയിടാന്‍ നിങ്ങള്‍ ആരാണ് എന്ന് ചോദിച്ചു സാഡീ പ്രതികരിക്കുന്നു. 

ഇതിനിടെ ദ്വീപില്‍ കോളറ പിടിപെടുന്നു.സാഡീ ഒരു മറീനുമായി പ്രേമത്തില്‍ ആകുന്നു.തന്റെ ആത്മാവിനെ രക്ഷിക്കാന്‍ മിഷനറി വച്ചു നീട്ടുന്ന ഉപാധികള്‍ സ്വീകരിക്കാത്തതിനാല്‍ ഗവര്‍ണറോട് പറഞ്ഞു സാടിയെ സാന്‍ ഫ്രാന്‍സിസ്കോയിലേയ്ക്കു നാട് കടത്താന്‍ മിഷനറി തീരുമാനിക്കുന്നു.കുറച്ചു ദിവസം കൂടി ദ്വീപില്‍ തങ്ങുവാന്‍ അവസരം ചോദിക്കുന്ന സാഡീ,ഓസ്ട്രേലിയയിലേയ്ക്കു കടക്കാന്‍ പദ്ധതിയിടുന്നു.പിന്നീടു,വേറൊരു അവസരത്തില്‍ സാഡീയോട് മിഷനറി പാപങ്ങളില്‍ നിന്ന് പിന്‍തിരിയാന്‍ ആവശ്യപ്പെടുന്നു.ഞാന്‍ നരകത്തിലേയ്ക്കുള്ള പാതയില്‍ ആണെന്നും തന്നെ തന്‍റെ പാട്ടിനു വിടാനും പറഞ്ഞു കൊണ്ട് പറഞ്ഞു കൊണ്ട് സാഡീ പൊട്ടിത്തെറിക്കുന്നു.മിഷനറി "സ്വര്‍ഗസ്ഥനായ പിതാവേ" എന്ന പ്രാര്‍ത്ഥന ചൊല്ലുന്നു.പ്രാര്‍ത്ഥനയുടെ ശക്തിയില്‍,സാഡീ മുട്ടുകുത്തുകയും അവളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയും ചെയ്യുന്നു.പെട്ടന്ന് ഒരു മാനസിക പരിവര്‍ത്തനം സാധിക്കുന്ന സാഡീ, സാന്‍ ഫ്രാന്‍സിസ്കോയിലേയ്ക്കു പോകാന്‍ തീരുമാനിക്കുന്നു.മറീന്‍ (ഓ ഹാരാ ) സാഡീയോടു വിവാഹ അഭ്യര്‍ത്ഥന നടത്തുന്നു.തന്നോടൊത്ത് ഓസ്ട്രേലിയയില്‍ ജീവിക്കാന്‍ ക്ഷണിക്കുന്നു.ദ്വീപു നിവാസികള്‍ ചെണ്ട വാദ്യം കേട്ടു ഉണരുന്ന ഒര് സുപ്രഭാതം.മീന്‍പിടുത്തക്കാര്‍ വലിച്ചു കയറ്റുന്ന വലയില്‍,ദുരൂഹതകള്‍ അവശേഷിപ്പിച്ചു കൊണ്ട് ഡേവിഡ്‌സന്‍ന്‍റെ മൃത ശരീരം കിട്ടുന്നു.ആത്മഹത്യ! നിരാശാ ജനകമായ സംഗീതം മുഴങ്ങുന്നു.മഴ തിമിര്‍ത്തു പെയ്യുന്നു.വാര്‍ത്തയറിഞ്ഞ് സാഡീ വിലപിക്കുന്നു.സിനിമ അവസാനിക്കുന്നിടത്ത് ,ഓ ഹാരയുടെ കൂടെ പുതിയ ഒര് ജീവിതത്തിനു സാഡീ ഓസ്ട്രേലിയയിലേയ്ക്കു പോകുന്നു.മഴ അല്പനേരത്തേയ്ക്ക് തോര്‍ന്ന ഒരു ദിനം സംജാതമാകുന്നു. 



ജീവിതവും,മരണവും, ജീവിത ചെയ്തികള്‍ പാപങ്ങള്‍ക്കും അതുമൂലം ആത്മാവിന്‍റെ മൂല്യ ശോഷണത്തിനും കാരണമാകുന്നു എന്ന ക്രിസ്ത്യന്‍ തത്വങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ സിനിമ ലൂയിസ് സംവിധാനം ചെയ്തിരിക്കുന്നത്. മൂല കഥ സോമര്‍ സെറ്റ് മോമിന്റെതാണ്. ജോണ്‍കോള്‍ട്ടന്‍ 1923 ഇല്‍ ഇതേ ഇതിവൃത്തം ആസ്പദമാക്കി ഒര് നാടകവും നിര്‍മ്മിച്ചിട്ടുണ്ട്. ജോവാന്‍ ക്രഫോര്ദ് സാഡീ ആയും വാള്‍ട്ടര്‍ ഹട്സന്‍ മിഷനറി ആയും നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച വച്ചു.ഒരു വേശ്യയുടെ രൂപ ഭാവ ചലനങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ ജോവാന്‍ തീര്‍ത്തും വിജയിച്ചിരിക്കുന്നു. 

മഴ ഒരു കഥാപാത്രം ആയി ഈ സിനിമയില്‍ ഉടനീളം പെയ്യുന്നു.അമേരിക്കന്‍ സമോവയുടെ തലസ്ഥാനം ആണ് പഗോ പഗോ.ദ്വീപിന്റെ ഒരു വശത്ത്‌ റൈന്‍ മേക്കര്‍ എന്നറിയപ്പെടുന്ന പിഅവോ കൊടുമുടി സ്ഥിതി ചെയ്യുന്നു.അത് കൊണ്ട് തന്നെ എന്നും മഴയാണ് ഈ ദ്വീപില്‍.അത് കൊണ്ടുള്ള അസുഖങ്ങളും സുഖങ്ങളും ഒരു പോലെ അനുഭവിക്കുന്ന,മീന്‍ പിടുത്തക്കാരുടെ ജനത.ഓരോ സംഭാഷണത്തിനും പാട്ടിനും പിന്സ്വരമായി സിനിമയില്‍ നിറുത്താതെ മഴ പെയ്യുന്നത് സംവിധായകന്‍ ഇന്ദ്രജാലം എന്ന പോലെ വരച്ചു കാട്ടിയിരിക്കുന്നു. 

സിനിമ ഇവിടെ കാണുക :

http://www.youtube.com/watch?v=i4uWWHtxc_Q
Dim lights

Details 

Directed by - Lewis Milestone         

Writing credits - John Colton,W. Somerset Maugham         

Main Cast 
Walter Huston     ...    Alfred Davidson
Joan Crawford     ...    Sadie Thompson    
Beulah Bondi     ...    Mrs. Alfred Davidson
Matt Moore     ...    Dr. Robert MacPhail
(http://www.malayalanatu.com/index.php/-/1665-2012-07-18-17-39-03)

Wednesday, July 4, 2012

ഉച്ചയൂണ്

കുറച്ചു ചോറും , മുതിരയോ , പയറോ ,മുളകിട്ട് കാച്ചിയതും ഒരു കഷണം ഉണക്കമീനും കൊണ്ട് ഒരു സ്റ്റീല്‍ പാത്രം നിറച്ചു, അതിന്മേല്‍ ഒരു കൈലെസുകൊണ്ട് പൊതിഞ്ഞു കെട്ടി സ്കൂളിലേയ്ക്ക് പോയതാണ് എന്റെ ബാല്യത്തിന്റെ ഒരു ചിത്രം . ഓര്‍ക്കുമ്പോള്‍ " ഇപ്പോള്‍ " സന്തോഷം ആണ്നിറയെ സ്നേഹം ചാലിച്ചാണ് അമ്മ അത് പൊതിഞ്ഞു തന്നിരുന്നത്.വിറ്റാമിനുകള്‍ ,ഒമേഗ ഫാറ്റി , മറ്റു പോഷകങ്ങള്‍ എന്തെല്ലാം കിട്ടുന്നുണ്ടാകും എന്നൊന്നും അമ്മ കരുതിയിരിക്കില്ല . വയര്‍ നിറച്ചു ഉള്ളത് മകന്‍ ഉണ്ണണം എന്ന് ആ അമ്മ കരുതിയിരിക്കണം. അതെ കരുതാതെ വയ്യ ..