ആ കശുമാവ് മുഴുവനായോ അല്ലെങ്കില്‍ ചില കൊമ്പുകളും ചില്ലകളും മാത്രമായോ ഇപ്പോള്‍ ചിതല്‍ തിന്നു കാണും.പണ്ട് പച്ച പൂത്ത്, നിറയെ തളിര്‍ത്തു , തണല്‍ പുതപ്പു വിരിച്ചു പറമ്പിന്റെ മൂലയില്‍ അതങ്ങനെ വിരാജിച്ചിരുന്നു .കൊത്തങ്കല്ല് കളിയും,കവടി കളിയും, കഞ്ഞീം കറിയും കളിയുമായി, തണല്‍ പുതപ്പിലിരിക്കാന്‍ ആ കശുമാവ് ഞങ്ങള്‍ക്ക് കുട നിന്നു അടുത്തുള്ള ഇല്ലിമരക്കാടിന്റെ മുള്ളുകളാല്‍ ചുറ്റിപ്പിണഞാണ് ശാഖകള്‍ മുഴുവനും . നല്ല തുടുപ്പന്‍ കശുമാങ്ങകള്‍ കടുംചുവപ്പ്, സ്വര്‍ണ നിറങ്ങളില്‍ തൂങ്ങിക്കിടക്കും .കിളികളുടെ ഒരു സംഘം തന്നെ - മണ്ണാത്തിപ്പുള്ലുകള്‍, തൊപ്പിതലയന്മാര്‍,പ്പുള്ളിക്കുയിലുകള്‍ - മാങ്ങകള്‍ തിന്നും കലപില കൂട്ടിയും മദിക്കുന്നു. ഒരു കൊമ്പില്‍ നിന്ന് മറ്റോന്നിലേക്ക് ചാടി മറിയുന്ന അണ്ണാറക്കണ്ണന്‍മാര്‍.ഒരുകാലത്ത് എന്നെയും എപ്പോഴും ഇതിന്‍റെ മുകളില്‍ കാണാം.ഏകദേശം മധ്യഭാഗത്തായി കസേര പോലെ ഇരിക്കാന്‍ പറ്റുന്ന ഒരു കൊമ്പിന്‍മേലാണ് എന്‍റെ വാസം.ഇവിടെ കയറി ഇരുന്നാല്‍ അടുത്ത കൊമ്പുകളിന്‍ മേല്‍ പഴുത്തുകിടക്കുന്ന സ്വര്‍ണനിറമുള്ള കശുമാങ്ങകള്‍ പറിച്ചു തിന്നാം.പിന്നെ പച്ചയും പഴുത്തവയുമായ മാങ്ങകള്‍ പറിച്ചു നിലത്തേയ്ക്ക് ഇടാം.ചിലപ്പോള്‍ പൂമ്പാറ്റയും,ബാലരമയും കൊണ്ടായിരിക്കും ഞാനിവിടെ ഇരിപ്പ്.പറമ്പില്‍ അമ്മയും അമ്മ്മുമ്മയും നെല്ല് ചിക്കുകയോ,വാളന്‍ പുളി ഉണക്കുകയോ ചെയ്യുന്നുണ്ടാവും.താഴെ ഇറങ്ങുന്നത് അവരുടെ ഒരു വിളിയോ "മര്യാദക്ക് നെലത്തിക്കു ഏറങ്ങിക്കോ നീയ്യ് " എന്ന ഒരു ഭീഷണി സ്വരമോ കേള്‍ക്കുമ്പോഴായിരിക്കും. തിരക്ക് പിടിച്ചു ഇറങ്ങുമ്പോള്‍ കശുമാവില്‍ പടര്‍ന്നു നില്‍ക്കുന്ന മുളയുടെ മുള്ളുകള്‍ ശരീരമാകെ മുറിവുണ്ടാക്കും.ചോര ചാറുന്ന കുഞ്ഞു കോറലുകള്‍!
ചിലപ്പോള്‍ അനിയത്തി താഴെ നിന്ന് വിളിക്കും
"ഏട്ടാ നിക്കും കേറണം " .
അവള്‍ക്കു ആറും എനിക്ക് ഒന്പതുമാണ് പ്രായം .
"നോക്കി ,പിടിച്ചു കേറി വാ " എന്റെ ഉപദേശം.ഞാന്‍ പറയുന്നതും,അവള്‍ കേറി തുടങ്ങിയിരിക്കും .
"മരം കേറി പെണ്ണ് "
ഞാന്‍ കളിയാക്കും .
ഒരിക്കല്‍ ഇതുകേട്ട്, ചിണുങ്ങി ,മരം കേറുന്നതിനിടയില്‍ അവള്‍ക്കു തലകറങ്ങി.കശുമാവ് തല കീഴായി നില്‍ക്കുന്നു."ഞാന്‍ വീഴാന്‍ പൂവാ,ഏട്ടാ പിടിച്ചോ " എന്ന് പറയുമ്പോഴേയ്ക്കും
മറ്റൊരു കൊമ്പിലൂടെ ഒരു ബാറാട്ടം നടത്തി,താഴെ ചാടിയ എന്റെ കയ്യിലെക്കാണ് അന്ന് അവള്‍ വീണത്.പിന്നെ ഞങ്ങള്‍ തലകുത്തി നിന്നു ചിരിച്ചു.കുറെ മാങ്ങകള്‍ ഞങ്ങളുടെ ദേഹത്തിനടിയില്‍ പെട്ട്ചതഞ്ഞു.കംമീസിലും എന്റെ ട്രൌസറിലും കറയായതിനു പൊതിരെ തല്ലും കിട്ടി അന്ന്!
ആ വേദനയിലും , ഈ താഴെ കിടക്കുന്ന മാങ്ങകള്‍ പെറുക്കികൂട്ടി പശുക്കള്‍ക്ക് കൊടുക്കുന്നതും, ജാനകിയും, രമണിയും, കുട്ടനും അവ അത് തിന്നു വായിലൂടെ പത ചുരത്‌ന്നതും നോക്കി ഞാന്‍ എത്ര തവണ നിന്നിരുന്നു..