Malayalam Bloggers

Wednesday, August 9, 2017

അപ്രതീക്ഷിതമായാണ് " 'സാറേച്ചി' വന്നണ്ട്, നീ വേഗം വാ "ന്നു പറഞ്ഞു പ്രാഞ്ചി വിളിച്ചത് .
പിന്നെ ഒന്നും നോക്കീല്യ , ആലാഹെടെ നമസ്കാരം മനസ്സില് ഉരുവിട്ട് ഒരൊറ്റ ഓട്ടം വച്ചു കൊടുത്തു.
ഫലം ഇണ്ടായി ; ചെല്ലുമ്പോൾ ടീച്ചർ ഒരു അഭിമുഖത്തിനു പോകാന്‍ തയ്യാറാവുകയാണ്‌ . തിരക്കിട്ട് പഴയ വിശേഷങ്ങൾ ഒക്കെ മാറി മാറി പറഞ്ഞു തീർത്തു .
ഒറ്റ ശ്വാസത്തിൽ ആനിയും, അമ്മാമ്മയും, അമര പന്തലും , കുട്ടിപ്പാപ്പനും , കുഞ്ഞാറങ്ങളും , പട്ടി തമ്പ്രാൻ മാരും ഒക്കെ വിഷയങ്ങളായി .
ലീനയുടെ Leena Manimekalai കവിത "കൂത്തച്ചികളുടെ റാണി " രവിയേട്ടൻ പരിഭാഷ പ്പെടുത്തിയതിൽ ടീച്ചർ ആമുഖം എഴുതിയിരുന്നു . രവിയേട്ടൻ ടീച്ചറോട് വീണ്ടും സ്നേഹം അറിയിക്കണം എന്ന് പറഞ്ഞിരുന്നു . അതും സംസാര വിഷയമായി .
പിന്നെ റ്റീച്ചർ സ്നേഹത്തോടെ , വാത്സല്യത്തോടെ അപ്പൂനെ ചേർത്തണച്ചു നിർത്തി നിറുകയിൽ, കവിളിൽ ഇറുകെ ഇറുകെ ഉമ്മ വച്ചു !
ചെക്കൻ ആള് ഭയങ്കര ബിസിയാ ന്നു കമന്റും !!
പോകാന്‍ നേരം ടീച്ചറെ ലിഫ്ടിനടുത്തു തടഞ്ഞു നിര്‍ത്തി അപ്പു തന്റെ ഭാഗം അറിയിച്ചു ;
" ഇപ്പൊ പോണ്ട , കുറച്ചു കഴിഞ്ഞു പോകാം " !
വൈകീട്ട് ഒരു കോളേജ് അലുമിനി പ്രോഗ്രമിനിടയിൽ വീണ്ടും ടീച്ചറെ കണ്ടു . ആലാഹ കൂടെ കരുതിയിരുന്നു ..
ടീച്ചര് സ്നേഹത്തോടെ കയ്യൊപ്പ് ചാർത്തി ... മനസ്സ് നിറഞ്ഞു ... ആദ്യ പുറം തുറന്നു ടീച്ചർ എഴുതി;
സോണിയ്ക്കും ദീപയ്ക്കും ഈ അമര പന്തലിന്റെ ചോട്ടിലെയ്ക്ക് സ്വാഗതം !!!
ഒരു ദശാബ്ദം അപ്പുറം , തൃശൂര്‍ മലയാള പഠന ഗവേഷണ കേന്ദ്രത്തില്‍ പാഠങ്ങള്‍ വിസ്തരിക്കവേ ,ടീച്ചര്‍ ക്ലാസുകളില്‍ നിറച്ച വാഗ്ധോരണി ഇപ്പോള്‍ കാതുകളില്‍ മുഴങ്ങുന്നു .. അന്ന് ഞാനും ദീപയും ഒരേ ക്ലാസില്‍ ഒരേ ബഞ്ചില്‍ പഠിക്കുവാന്‍ ഇരുന്നിരുന്നു !!
( സാറ ടീച്ചർ തോമസ് മേപ്പുള്ളിയുടെ വല്യമ്മേടെ മോൻ ആകുന്നു ..ഈയുള്ലോന്റെ അപ്പന്റെ ഒരനിയന്റെ ഭാര്യ മേപ്പുള്ളീടെ ഒരു പെങ്ങൾ ആകുന്നു . സാറേച്ചിയ്ക്കും മേപ്പുള്ളിയ്ക്കും അങ്ങനെ തന്നെ വേണം !! )
ഒരു പാടു സ്നേഹത്തോടെ

https://www.facebook.com/sony.velukkaran/posts/10204834958733253

Sunday, May 26, 2013

SANSHO THE BAILIFF

 

ഏപ്രിൽ 17, 2013Written by  

സിനിമാകൊട്ടക - Sansho the Bailiff
Rate this item
(0 votes)

                                                             

 ‘ദ ന്യൂയോര്‍ക്കര്‍’പത്രത്തിലെ പ്രശസ്ത സിനിമാ നിരൂപകൻ  ആന്റണി ലേന്‍ (Anthony Lane) മിസോഗിച്ചിയെ (Kenji Mizoguchi) പരാമര്‍ശിച്ചത് ഉദ്ധരിച്ചു  കൊണ്ട് തുടങ്ങാം ,
" I have seen Sancho only once,a decade ago,emerging from the cinema a broken man but calm in my conviction that i had never seen anything better;i have never dared watch it again, reluctant to rain the spell but also become the human heart was not designed to weather such and ordeal " 
അതെ മിസോഗുച്ചി വരച്ചിടുന്ന മാന്ത്രികത കാഴ്ച്ചക്കാരനെ വേട്ടയാടിക്കൊണ്ടിരിക്കും.മാനുഷിക മൂല്യങ്ങളുടെ ച്വുതി കാണുമ്പോള്‍ അവന്റെ ഹൃദയം വിങ്ങിക്കൊണ്ടിരിക്കും.ഈ ജീവിതം തീര്‍ന്നുകിട്ടിയാല്‍ നന്ന് എന്ന് അവന്‍ ആശിക്കും.
മിസോഗുച്ചിയുടെ Life of Oharu,Ugestu,തുടങ്ങിയ ചിത്രങ്ങളോട് കിടപിടിക്കുന്ന ചിത്രമാണ് Sansho the Bailiff .Bailiff എന്നാല്‍  പൊഴുതിക്കാരന്‍ - steward - അല്ലെങ്കിൽ കാര്യക്കാരൻ. ഈ  കഥയുടെ തുടക്കം ജപ്പാനിലെ ഹീയാൻ കാലഘട്ടത്തിൽ [ Heian Perriod(11th CE) ] ആണ്,പ്രശാന്തമായ ജപ്പാൻ. ശക്തനായ, മൂല്യങ്ങൾ മുറുകെ പിടിച്ചു പ്രവര്ത്തിക്കുന്ന  ഗവര്‍ണ്ണറെ ഒരു ഫ്യൂഡല്‍ പ്രഭു നാടുകടത്തുന്നു.അയാളുടെ ഭാര്യയേയും(Tamaki)രണ്ടു മക്കളേയും ഭാര്യാസഹോദരന്റെ ഒപ്പം താമസിപ്പിക്കാന്‍ ഉത്തരവിടുന്നു,കുറച്ചുകാലത്തിനു ശേഷം പിതാവിനെ തെരഞ്ഞുള്ള യാത്രാ മദ്ധ്യേ ഒരു കുതന്ത്രത്തിലൂടെ അമ്മ സാഡോയിലേക്കും മക്കള്‍ - ഒരു മകളും ഒരു മകനും -  ഒരു വലിയ സൊകാര്യ എസ്റ്റേറ്റിലേക്കും അടിമ വേലയ്ക്കും വേശ്യാവൃത്തിക്കുമായി നിയോഗിക്കപ്പെടുന്നു.എസ്റ്റേറ്റില്‍ മനുഷ്യത്തരഹിതമായ പീഡനങ്ങള്‍ അരങ്ങേറുന്നു.മകന്‍ റിബല്‍ ആയി മാറുകയും തുടര്‍ന്ന് അടിമകളുടെ 'overseer' ആയി,തന്റെ പക അവരോട് തീര്‍ക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.,മകളാവട്ടെ തന്റെ അച്ഛൻ എപ്പോഴും  ഉപദേശിക്കുമായിരുന്ന ‘chose mercy  towards others' എന്ന പ്രമാണം മുറുകെ പിടിക്കുകയും ചെയ്യുന്നു.

ഈ സൊകാര്യ എസ്റ്റേറ്റിന്റെ കാര്യക്കാരനായിരുന്നു സാൻഷൊ (Sanshô dayû),എളുപ്പത്തിൽ ക്രൂരന്‍ എന്ന് പറയാം.എന്നാല്‍ സാന്‍ഷോയുടെ മകന്‍ ടാരോ (Taro) നല്ലവനായിരുന്നു താനും;ഒരു തരത്തില്‍ മകൻ സുഷിയോ (Zushiô)യുടെ മാര്‍ഗ്ഗദര്‍ശി.
  കഥ പുരോഗമിക്കുന്നു. ഒരിക്കല്‍ സാഡോയില്‍ നിന്നും എത്തിയ ഒരു അടിമപെണ്‍കുട്ടി പാടുന്ന ശ്രുതിമധുരമായ പാട്ടില്‍ തങ്ങളുടെ പേരു പരാമര്‍ശിക്കുന്നത് കേട്ടപ്പോള്‍ അത് തങ്ങളുടെ അമ്മയുടെ പാട്ടാണ് എന്ന്  മകൾ അഞ്ചുവും (Anju ) വും സുഷിയോയും മനസ്സിലാക്കുന്നു.എസ്റ്റേറ്റില്‍ നിന്നും രക്ഷപ്പെടുന്നഅഞ്ചുവും സുഷിയോയും കാട്ടരുകിൽ  ഉപേക്ഷിക്കപ്പെട്ട ഒരു വൃദ്ധയെ(Namiji) കണ്ടുമുട്ടുന്നു.,അവരെ ഉപേക്ഷിച്ചു പോകാന്‍ വയ്യാതെ അഞ്ചു അവര്‍ക്കൊപ്പം തുടരുന്നു,തിരികെയെത്താം എന്ന ഉറപ്പില്‍  സുഷിയോ യാത്രയാവുന്നു.

സഹോദരന്റെ വിവരങ്ങള്‍ പുറത്തു വിടാന്‍ വയ്യാതെ ,മനോവേദനയോട് കൂടി അഞ്ചു ഒരു തടാകത്തില്‍ സ്വയം മുങ്ങി ജീവനൊടുക്കുന്നു.ടാരോയുടെ ഒരു കത്തിന്റെ സഹായത്തോടെ സുഷിയോ ടാന്ഗോയിലെ - Tango -  ഗവര്‍ണ്ണര്‍ ആകുന്നു,തുടര്‍ന്ന് അവന്‍ സ്വന്തം അച്ഛനേയും അമ്മയേയും തിരഞ്ഞ് കണ്ടുപിടിക്കുനേക്കാള്‍ മഹത്വമുള്ളതാണ് എസ്റ്റേറ്റിലെ അടിമപ്പണിയും വേശ്യാവൃത്തിയും അവസാനിപ്പിക്കുന്നത് എന്ന് മനസ്സിലാക്കി ,അധികാരപരിധിയില്‍ പെടുന്നില്ല എങ്കില്‍ കൂടിയും എസ്റ്റേറ്റ് ആക്രമിക്കുന്നു . തുടർന്ന് അടിമകള്‍ തന്നെ എസ്റ്റെറ്റിലെ കെട്ടിടങ്ങള്‍ക്ക്  തീ കൊളുത്തുന്നു.ബാലിഫ്ഫിന്റെ ചെറുത്തുനില്‍പ്പ് വകവെക്കാതെ സുഷിയോ എല്ലാവരേയും സ്വതന്ത്രരാക്കുന്നു.
                                           
തുടര്‍ന്ന് അമ്മയെ തിരഞ്ഞ് സുഷിയോ സാഡോയിലെത്തുന്നു.പകുതിയോളം അന്ധത ബാധിച്ച അമ്മയെ അഞ്ചുവിന്റെയും പിതാവിന്റേയും മരണവാര്‍ത്ത അറിയിക്കുന്നു.താന്‍ തന്റെ പിതാവിനോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഉപദേശം ശിരസാവഹിച്ച് മനുഷ്യനൊട് കരുണ കാണിക്കുക എന്നത് പ്രഥമ കര്‍ത്തവ്യമായി താന്‍ ഏറ്റെടുത്തു എന്ന് പറയുന്ന സുഷിയോയെ അതാണ് ശരി എന്ന് പറഞ്ഞ് ചേര്‍ത്ത് പിടിക്കുന്ന അമ്മയെ  കാണിച്ചുകൊണ്ട് സിനിമ അവസാനിക്കുന്നു.

ബുദ്ധ ചൈനീസ് മതങ്ങളുടെ തീവ്രമായ സാന്നിദ്ധ്യം പ്രകടമാക്കിയ Heian Period,തുടര്‍ന്നുവരുന്ന Edo Period ഇവയൊക്കെ ജപ്പാനിലെ മനുഷ്യജീവിതം അടയാളപ്പെടുത്തുന്നുണ്ട്,ഗീഷകളുടെ  ജീവിതവും അടിമ-വേശ്യാവൃത്തിയും പണക്കൊഴുപ്പും പ്രതാപവും ഒരു വശത്തും  മറുവശത്ത് ദരിദ്രരുടെയും അശരണരുടെയും വ്യസനങ്ങളും നിറഞ്ഞ ജീവിതത്തിനു ജപ്പാന്‍ എന്ന നാട് സാക്ഷിയായി .മിസോഗുച്ചിയുടെ 1954-ലെ ഈ സിനിമ മേല്പ്പറഞ്ഞ ജീവിതമാണ് തുറന്നു കാണിക്കുന്നതു.അതിനിടയിൽ  ഒരു ശരാശരി മനുഷ്യന്റെ വേദനകളും ഒപ്പം മൂല്യങ്ങള മുറുകെപ്പിടിക്കുന്ന, അതിനായി നില കൊള്ളുന്ന ഒരു കൂട്ടരെയും കാനാം. 
ബാഷൊ, ബൂസോൻ, കൊബയാഷി ഈസ ഇങ്ങനെ വിഖ്യാതരായ ജാപനീസ് ഹൈക്കു കവികളുടെ വാക്കുകളിലൂടെയും  ഈ ചരിത്രം വായിച്ചെടുക്കാം. മിസോഗുച്ചിയും ഇതു തന്നെ പറയുന്നു. സമൂഹത്തിന്റെ ക്രൂരമായ മനസ്സും, കുടുംബ ബന്ധൺഗളുടെ ശക്തിയും, മഹത്തായ ചിന്തകൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയും ചിത്രം വെളിപ്പെടുത്തുന്നു.
വളരെ പഴയ ഒരു കാലഘട്ടത്തിൽ, കിമോണൊധാരികളായ ആളുകളും, പഴക്കം ചെന്നതും, സുന്ദരമായതുമായ ശില്പചാതുര്യം എടുത്തുകാണിക്കുന്ന വീടുകളും തനതു ജാപനീസ് തെരുവുകളും ഒക്കെയായി, മഞ്ഞുവീഴുന്ന പ്രകൃതിയും തടാകവും ചിത്രീകരിച്ചുകൊണ്ട്, നീളമേറിയ ഷോട്ടുകളിലൂടെ ചിത്രം മുന്നേറുന്നു.  പിരിമുറുക്കത്തിന്റെ നിമിഷങ്ങൾ മൌനവും സംഗീതവും വാചാലമാകുന്ന, മാറി മാറി വരുന്ന സീനുകൽ. 
ചിത്രത്തിനു Sansho the Bailiff / Sansho Daya എന്നു പേരിട്ടതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല, കേവലം ഒരു കാര്യക്കരാൻ  എന്നതിൽ കവിഞ്ഞ് സാൻഷൊ ഈ ചിത്രത്തിൽ ഒരു ചലനവും ഉണ്ടാക്കുനില്ല. കൂടുതൽ അഭികാമ്യം സുഷിയോയെ   ബന്ധപ്പെടുത്തിയ ഒരു പേരായിരുന്നു.
പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യത്തോടെ നിറുത്താം. 124 മിനിട്ട് ദൈഘ്യമുള്ള , വെനീസ് ഫിലിം ഫെസ്റ്റിവെലിൽ അവാര്ഡ് നേടിയ ചിത്രം . ഒഗായ് മോറിയുടെ (Ogai Mori)കഥയ്ക്കു് ശക്തമായ ദൃശ്യാവിഷ്ക്കാരം നടത്തിയ, Sansho the Bailiff നെ സിനിമചരിത്രത്തിന്റെ ഭാഗമാക്കിയ മീസൊഗുച്ചിക്കു നന്ദി.

Director: 
Kenji Mizoguchi
Story 
Ogai Mori 
Cast
Kinuyo Tanaka - Tamaki
Kyoko Kagawa - Anju
Eitarō Shindō - Sansho
Yoshiaki Hanayagi - Zushio
Akitake Kono - Taro
 ചിത്രം  കാണുക 
References 
1.Sansho Dayu page on the online "Masters of Cinema" catalogue of the distributor". Eureka. Retrieved 16 January 2013.
2.Lane, Anthony (September 11, 2006). "Supermen: “Hollywoodland” and the films of Kenji Mizoguchi". The New Yorker.
3.Sansho Dayu page on the online "Masters of Cinema" catalogue of the distributor". Eureka. Retrieved 16 January 2013.
4.Wikipedia 

" The Perfume" അഥവാ വിശ്വ വിഖ്യാതമായ മൂക്കിന്റെ കഥ ( അവസാന ഭാഗം )

  
ചെറിയ പന്ത്രണ്ട് കുപ്പികളില്‍ ശേഖരിച്ച സുഗന്ധങ്ങള്‍ക്കൊപ്പം പതിമ്മൂന്നാമത്തെ (the 13 th cent ) ഒന്ന് കലര്‍ത്തി,അതുവരെ ആരും അനുഭവിച്ചിട്ടില്ലാത്ത സുഗന്ധക്കൂട്ട്‌ നിര്‍മ്മിക്കുക ആണ് ഴാങ്ങിന്റെ ലക്‌ഷ്യം..ഈ സുഗന്ധകൂട്ടിനായി ഴാങ്ങ് കണ്ടെത്തിയത് കല്ലറക്ക് മുന്നില്‍ പ്രാര്‍ത്ഥനാനിരതം നിന്ന പെണ്‍കുട്ടി ലോറ രിചീസിനെയും (Laura Richis). ലോറയുടെ സുഗന്ധം നിര്‍മ്മിക്കാന്‍ അവളെ അടുത്തു കിട്ടുന്നത് വേറെ മറ്റു സുഗന്ധങ്ങള്‍ ഴാങ്ങിനു ഉണ്ടാക്കണം.സമയം കാത്തിരിക്കുന്നതിനിടക്ക് ഴാങ്ങ് മാഡം ആര്നല്‍ഫിയുടെയും(Madame Arnulfi)ഡോമിനിക്കിന്റെയും(Dominique Druot) പണിശാലയില്‍ ജോലി നോക്കുന്നു.പുഷ്പങ്ങളില്‍ നിന്ന് സുഗന്ധങ്ങള്‍ ഉണ്ടാക്കുന്ന enflurage എന്ന വിദ്യ അഭ്യസിക്കുകയായിരുന്നു ലക്‌ഷ്യം.തുടര്‍ന്ന് ലാവണ്ടര്‍ പൂക്കള്‍ ശേഖരിക്കുന്ന ഒരു പെണ്ണിനെയും ഒരു വേശ്യയെയും സുഗന്ധ നിര്‍മാണ പരീക്ഷണങ്ങള്‍ക്കുമായി ഴാങ്ങ് അപായപ്പെടുത്തുന്നു .അവരുടെ സുഗന്ധം ശേഖരിക്കുന്നതില്‍ ഴാങ്ങ് വിജയിക്കുന്നു.
പലപ്പോഴായി ഗ്രാസിയിലെ (Grasse) പന്ത്രണ്ടു പെണ്‍കുട്ടികളെ ഴാങ്ങ് മൃതിക്ക് ഇരയാക്കുന്നു.അവരുടെ ശവശരീരങ്ങള്‍ ഗ്രാമത്തിന്റെ പലഭാഗത്തും കാണപ്പെടുന്നത് ഗ്രാമവാസികളെ പരിഭ്രാന്തരാക്കുന്നു.ഗ്രാമത്തിലെ സുന്ദരികള്‍ ആയ പന്ത്രണ്ടു പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത് രിചിസ്‌ പ്രഭുവിനെയും പരിഭ്രാന്തനാക്കുന്നു.അമ്മയില്ലാതെ താന്‍ ഓമനിച്ചു വളര്‍ത്തിയ സുന്ദരിയായ തന്റെ മകള്‍ ആകും അടുത്ത ഇര എന്ന് ഭയക്കുന്ന പ്രഭു,ലോറയെയും കൊണ്ട് ഗ്രാമപ്രാന്തത്തിലെ ഒരു സത്രത്തിലേക്ക് പലയാനം ചെയ്യുകയും അന്ന് രാത്രി മുറിക്കു കനത്ത കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു.എന്നാല്‍ ഴാങ്ങിന്റെ മൂക്കിനു എത്തിപ്പിടിക്കാന്‍ കഴിയാത്ത സൌരഭ്യങ്ങള്‍ ഈ ലോകത്ത് ഒരിടത്തും ഉണ്ടായിരുന്നില്ല.തക്ഷകന്‍ കടിച്ചു രാജാവ് മരിച്ച കഥ പോലെ ആരുമറിയാതെ ഴാങ്ങ് അവളുടെ മുറിക്കുള്ളില്‍ കടന്നുകൂടുകയും ലോറയെ കൊലപ്പെടുത്തുകയുംചെയ്യുന്നു. ആ രാത്രി തന്നെ അവളുടെ ദേഹത്ത് മൃഗകൊഴുപ്പ് ലേപനം ചെയ്തു,വെന്ത തൊലി മുഴുവന്‍ - കാല്‍ നഖം മുതല്‍ തല മുടി വരെ -  അവന്‍ വടിച്ചെടുക്കുന്നു.പിറ്റേന്നു അവന്‍ തന്റെ പതിമൂന്നാമത്തെ സുഗന്ധം കുപ്പിയില്‍ നിറക്കുന്നു.മറ്റു പന്ത്രണ്ടു സുഗന്ധങ്ങളുമായി കലര്‍ത്തി ഇത്രയും കാലം കാത്തിരുന്ന "പെര്‍ഫ്യൂം" തയ്യാറാക്കി വിജയശ്രീലാളിതന്‍  ആയി നിവരുന്ന ഴാങ്ങിനെ പട്ടാളക്കാര്‍ ബന്ധനത്തില്‍ ആക്കുന്നു.മകള്‍ മരിച്ച ദുഖത്താല്‍ രിച്ചീസ്‌ തകരുന്നു.

കൊലയാളിയെ ജയിലില്‍ മൃഗീയ പീഡനത്തിനു ഇരയാക്കുന്നു .തുടര്‍ന്ന് കര്‍ദിനാളും ഒരു ഗ്രാമം മുഴുവനും അവനെ തൂക്കിലേറ്റുവാന്‍ ഒരു ചത്വരത്തില്‍ ഒത്തു കൂടുന്നു.കൊലമരത്തിനു കീഴെ നിന്ന് കൊണ്ട് ഴാങ്ങ് തന്റെ സുഗന്ധക്കൂട്ട്  തുറക്കുകയും ഒരിറ്റു തന്റെ ദേഹത്ത് ഇറ്റിക്കുകയും ചെയ്യുന്നു.ഗ്രാമം മുഴുവന്‍ ഈ അസുലഭ സുഗന്ധത്തില്‍ സ്ഥലകാലം മറക്കുന്നു.അവര്‍ വന് നേരെ കൈകൂപ്പുകയും, മുട്ടുകുത്തുകയും ചെയ്യുന്നു.ഴാങ്ങ് സുഗന്ധം പുരട്ടിയ തൂവാല അവര്‍ക്ക് നേരെ എറിയുന്നു.തലയില്‍ കൈവച്ചു ജനങ്ങള്‍ ആഹ്ലാദാശ്രുക്കള്‍ പൊഴിക്കുന്നു. തുടര്‍ന്ന് അവര്‍ തറയില്‍ കിടന്നു താന്താങ്ങളുടെ ഇണകളെ ചുംബിക്കുകയും ,വസ്ത്രങ്ങള്‍ ഊരിയെറിയുകയും ആ ചത്വരത്തില്‍ കിടന്നു കൊണ്ട് തന്നെ ഒരു ഗ്രാമ്യ സമൂഹ രതിയില്‍ - Rural Orgy - ഏര്‍പ്പെടുകയും ചെയ്യുന്നു.അത്രയ്ക്ക് വശ്യം ആയിരുന്നു ആ സുഗന്ധം .രിചിസിനും കര്‍ദ്നാളിനും ഗ്രാമവാസികള്‍ക്കും ഴാങ്ങിനെ കൊലപാതകി ആക്കാന്‍ മനസ് വരുന്നില്ല.ഴാങ്ങിനെ അവര്‍ നിരപരാധി ആക്കി വിട്ടയക്കുന്നു.പകരം അവര്‍ ഡോമിനിക്കിനെ കൊലപാതകങ്ങള്‍ കുറ്റമായി ചാര്‍ത്തി തൂക്കികൊല്ലുന്നു.ഴാങ്ങ് തന്റെ മകന്‍ ആണെന്ന് പോലും ഒരവസരത്തില്‍ രിച്ചിസ് പറയുന്നു.അത്രയ്ക്കായിരുന്നു ആ സുഗന്ധക്കൂട്ടിന്റെ പ്രഭാവം.
 
ഗ്രാമം വിട്ടു യാത്രയാവുന്ന  ഴാങ്ങിന്റെ മനസ് ഇപ്പോള്‍ ശൂന്യം ആണ്. ഈ സുഗന്ധത്തിന്റെ മാജിക്‌ മാത്രം ആണ് ജനങ്ങള്‍ കൊതിക്കുന്നത് എന്നും മനുഷ്യന്‍ ആയി ആരും തന്നെ സ്നേഹിക്കുകയില്ല എന്നും ഴാങ്ങ് മനസിലാക്കുന്നു.ജീവിതം മടുത്തു പോകുന്ന ഴാങ്ങ് പാരീസിലേക്ക് തിരിച്ചു പോവുകയും,താന്‍ ജനിച്ചു വീണ ഗ്രാമച്ചന്തയില്‍ ചെന്ന് നില്‍ക്കുകയും ചെയ്യുന്നു..പെര്‍ഫ്യുമിന്റെ കുപ്പി തുറന്നു അത് തന്റെ തലയില്‍ കമിഴ്ത്തി അവന്‍ തറയില്‍ കിടക്കുന്നു.ചന്തയിലെ ദുര്‍ഗന്ധങ്ങള്‍ക്ക് മീതെ വിശുദ്ധ സുഗന്ധം വിടരുന്നു. അവന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങി വന്ന 'മാലാഖ' എന്ന് ധരിച്ചു അവന്റെ സ്പര്‍ശനത്തിനും ഒരു 'കഷണ'ത്തിനും കൊതിച്ചു ആളുകള്‍ ഴാങ്ങിനെ പൊതിയുകയും പിരാനകള്‍ തങ്ങളുടെ ഇരകളെ കബളീകരിക്കുന്ന പോലെ അവനെ അവന്റെ വസ്ത്രങ്ങള്‍ മാത്രം അവശേഷിപ്പിച്ചു ഇല്ലാതെയാക്കുന്നു.

ഒടുക്കം തുറന്നു വീണ സുഗന്ധ കുപ്പിയില്‍ നിന്ന് ഒരു തുള്ളി ഇറ്റു വീഴാന്‍ കൊതിച്ചു ഭൂമിയെ നോക്കി നില്‍ക്കുന്നിടത്തു സിനിമ അവസാനിക്കുന്നു.

ഈ സിനിമ  കണ്ടു തീര്‍ത്തത് ഒറ്റയിരിപ്പിനും ഒറ്റശ്വാസത്തിനും ആണ്.ഓരോ നിമിഷവും ഞരമ്പുകള്‍ വലിഞ്ഞു മുറകുന്നുണ്ടായിരുന്നു.കാഴ്ച്ചക്കാര്‍ക്കെല്ലാം ഈ അനുഭവം സമ്മാനിക്കണം എന്ന പ്രതിഞ്ജ പാലിക്കുന്ന രീതിയില്‍ ആണ് 'Tom Tykuer ' ഈ സിനിമ പകര്‍ത്തിയിരിക്കുന്നത്..ഴാങ്ങിന്റെ തുച്ഛമായ ജീവിതവും  ബാള്‍ഡിനിയുടെയും രിച്ചിസിന്റെയും പ്രഭുത്വവും ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ ആണ്;'സമ്പന്നതയും ദാരിദ്രവും.പിറവിയില്‍ ഒന്നുമല്ലാതെ ഒരു പുഴുജന്മമായി രൂപം കൊണ്ട ഴാങ്ങ് ജീവിതത്തിനൊടുവില്‍ ഒരു മാലാഖയുടെ തലത്തിലേക്ക് ഉയരുന്നു.എന്നാല്‍ 'മനുഷ്യന്‍ ആവുക' എന്ന പ്രാഥമീക അവശ്യം നിറവേറ്റുന്നതില്‍ അവന്‍ പരാജയപ്പെടുന്നു."ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം"എന്ന ഭാരതീയ ദര്‍ശനം ഴാങ്ങിന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമാകുന്നു.

സിനിമയില്‍ ഉടനീളം നിറഞ്ഞു നില്‍കുന്നത് ഴാങ്ങ് (Jean-Baptiste Grenouille) തന്നെയാണ്.കഥാപാത്രം ആകുക അതില്‍ ജീവിക്കുക എന്നത് ഓരോ സീനിലെ അഭിനയത്തിലൂടെയും 'Ben Whishaw' എന്ന  26 കാരന്‍ കാണിച്ചു തരുന്നു.തന്റെ രൂപവും ഭാവവും ഴാങ്ങിന്റെതാക്കി മാറ്റുന്നതില്‍ wishawa യെ സംവിധായകന്‍ അളവറ്റു സഹായിക്കുകയും ചെയ്തിരുന്നു.പശ്ചാത്തലത്തില്‍ ഒഴുകിയെത്തുന്ന 'ട്രഡിഷണല്‍' സംഗീതം - Performed by Saboi team - സിനിമയ്ക്ക് മുതല്‍ക്കൂട്ടാവുന്നു.കയ്യൊതുക്കം ഉള്ള കഥയും വളരെ കുറച്ചു സംഭാഷണങ്ങളും കൂടുതല്‍ രംഗങ്ങളും കലര്‍ത്തി കഥ പറയുന്ന രീതിയും സിനിമക്ക് അച്ചടക്കം സമ്മാനിച്ചിരിക്കുന്നു.ഒന്നാന്തരം ക്യാമറ വര്‍ക്ക്,സാങ്കേതികത,കാസ്റ്റിംഗ്,ച്ഛായാഗ്രഹണം എന്നിങ്ങനെ എല്ലാം ഒന്നിനൊന്നു മെച്ചം. സിനിമ വാരിക്കൂട്ടിയ പുരസ്കാരങ്ങള്‍ ഇത് വിലയിരുത്തുന്നു. 
കണ്ടിരിക്കേണ്ട സിനിമ ....

Director: Tom Tykwer
Writers: Andrew Birkin,Bernd Eichinger  - screenplay
Stars: Ben Whishaw, Dustin Hoffman, Alan Rickman ,Rachel Hurd-Wood,Karoline Herfurth

" The Perfume" അഥവാ വിശ്വ വിഖ്യാതമായ മൂക്കിന്റെ കഥ ( ഭാഗം 2 )

പതിനായിരം പനിനീര്‍ പൂക്കള്‍ ഉപയോഗിച്ച് ഒരു ഔണ്‍സ് മാത്രം സുഗന്ധക്കൂട്ട് ഉണ്ടാക്കാനുള്ള ഒരു ശ്രമം ബാല്സിനിയും ഴാങ്ങും നടത്തി. സൂത്രങ്ങള്‍ എല്ലാം ബാല്സിനി ഴാങ്ങിന് പറഞ്ഞു കൊടുത്തു. വിജയിച്ച പരീക്ഷണം ഴാങ്ങിനെ പുതിയവ കണ്ടെത്താന്‍ താല്‍പ്പര്യം ഉള്ളവനാക്കി. ഏതു തരം ഗന്ധവും നമുക്ക് നിര്‍മ്മിക്കാന്‍ പറ്റുമെന്ന് ബാല്സിനി പറഞ്ഞു. കയ്യില്‍ കിട്ടിയ ഗ്ലാസ്സും, ചെമ്പ് , ഇരുമ്പ്  എന്തിനു ചത്ത പൂച്ചയെ വരെ ഇട്ടു വാറ്റി ഴാങ്ങ് ഗന്ധം ഉണ്ടാക്കാന്‍ പരിശ്രമിച്ചു. 
"WHAT KIND OF A HUMAN BEING ARE YOU ?" എന്ന് പറഞ്ഞ് ക്രുദ്ധനായ ബാല്സിനിക്കു മുന്നില്‍ ഴാങ്ങ് കുഴഞ്ഞു വീഴുകയും പനിപിടിച്ചു കിടക്കുകയും ചെയ്തു. പനിക്കിടക്കയില്‍ കിടന്നുകൊണ്ട് ഴാങ്ങ് വിചിത്രമായ ഒരു ദൃശ്യം മൂക്ക് കൊണ്ട് അനുഭവിച്ചു. പ്ലം വില്‍ക്കാന്‍ പോയിരുന്ന  - ഴാങ്ങിന്റെ കയ്യില്‍ കിടന്ന് ശ്വാസം മുട്ടി മരിച്ച -  പെണ്‍കുട്ടിയുടെ നഗ്നമായ മുലകള്‍ക്ക് മേലെ സഞ്ചരിക്കുന്ന തന്റെ മൂക്ക് . 
പിറ്റേന്ന് മുതല്‍ കുറഞ്ഞത്‌ 100 സുഗന്ധക്കൂട്ടുകള്‍ പുതുതായി നിര്‍മ്മിച്ച്‌ നല്‍കിയാല്‍ അവിടെ നിന്ന് പോകാന്‍ അനുവദിക്കാമെന്ന് സ്ല്സിനി സമ്മതിച്ചു. തുടര്‍ന്ന് അവന്‍ ഒരു സ്റ്റൂളിന്റെ മുകളില്‍ ഇരുന്നു.സ്വപ്നത്തിലെന്നോണം കണ്ണുകള്‍ അടച്ചുപിടിച്ച്‌ ഴാങ്ങ് ഒരു ആയിരം പുതിയ സുഗന്ധങ്ങള്‍ ഉണ്ടാക്കാനുള്ള പട്ടിക ഉരുക്കഴിച്ചു.ധൃതിയില്‍ കുറിപ്പ് ഉണ്ടാക്കി ബാലടിനി .സന്തോഷവാനായ അയാള്‍  അവനെ ജോലിയില്‍ നിന്ന് സ്വതന്ത്രനാക്കി.
അന്ന് രാത്രി പുതുതായി നേടിയ സുഗന്ധങ്ങളുടെ പട്ടിക നെഞ്ചോട്‌ ചേര്‍ത്ത് ബാല്സിനി ഉറങ്ങാന്‍ കിടന്നു. എന്നാല്‍ അത് ബാല്സിനിയുടെ അവസാനത്തെ ഉറക്കമായിരുന്നു. നദിക്കു കുറുകെ,ഒരു വലിയ ബ്രിഡ്ജിനു മുകളിലായി പണിത അസംഖ്യം വീടുകളില്‍ ഒന്നായിരുന്നു ബാല്സിനിയുടെത്. രാത്രിയില്‍ ഒരു വലിയ ശബ്ദത്തോടെ ബ്രിഡ്ജിനു മുകളിലെ വീടുകള്‍ നിലം പൊത്തുകയും ബാല്സിനിക്കൊപ്പം ഴാങ്ങ് കുറിച്ച് കൊടുത്ത വിലമതിക്കാനാവാത്ത സുഗന്ധക്കൂട്ടുകള്‍ നിറഞ്ഞ പട്ടിക മണ്ണിന്നടിയിലാവുകയും ചെയ്തു.
തിരക്കഥ തുടരുന്നു. പാരീസ് വിട്ട് ഓടിപ്പോകുന്ന ഴാങ്ങ്. ആഖ്യാതാവിന്റെ വാക്കുകള്‍ ഇങ്ങിനെയായിരുന്നു. 

"WITH EVERY STEP JEAN TOOK AWAY FROM THE CITY, THE HAPPIER HE  FELT .THE AIR ABOVE HIM WAS CLEAR, PURE AND CLEAN. AT LAST HE WAS ABLE TO BREATH FREE."
ക്യാമറ പുല്‍മേടുകളിലൂടെ നടന്നു,ഫ്രാന്‍സിലെ ഒരു ഗ്രാമ പ്രദേശത്ത്‌ എത്തിയ ഴാങ്ങിനെ കാണിച്ചുതരുന്നു.രണ്ടായി പിരിയുന്ന വഴികള്‍ക്കു മുന്നില്‍ ,ഫ്രോസ്റ്റിന്റെ ( FROST ) ROAD NOT TAKEN എന്ന കവിതയെ ഓര്‍മ്മിപ്പിക്കും വണ്ണം അവന്‍ നിന്നു. ഒരു പാത  ഗ്രാമത്തിന്നുള്ളിലെക്കും മറ്റൊന്ന് കുന്നുകള്‍ക്കും മലകള്‍ക്കും ഇടയിലേക്കും. കവിതയില്‍ നിന്നു വ്യത്യസ്തമായി ഴാങ്ങിന് ഒരു തെരഞ്ഞെടുപ്പ് എളുപ്പമായിരുന്നു. മലമുകളിലെക്കുള്ള പാത തിരഞ്ഞെടുത്ത ഴാങ്ങ് അതിവേഗം നെറുകയിലേക്ക് ഓടിക്കയറി.
കണ്ടെത്താവുന്ന ഏറ്റവും കനത്ത ഏകാന്തതയായിരുന്നു ഴാങ്ങ് ലക്ഷ്യമാക്കിയത്‌. ഒരു ഗുഹ കണ്ടെത്തിയ ഴാങ്ങ് പതുക്കെ ഉള്ളിലേക്ക് പ്രവേശിച്ചു. യാതൊരു ഗന്ധങ്ങളും അവിടെ ഉണ്ടായിരുന്നില്ല. ഡെഡ് സ്റ്റോണിന്റെ ഗന്ധം മാത്രം. അല്‍പ്പ മാത്രകള്‍ക്കുള്ളില്‍ തന്റെ തന്നെ ഗന്ധം അവനു അറിയാനായി. കണ്ണടച്ച് കിടന്നപ്പോള്‍ പഴയ പ്ലം വില്പ്പനക്കാരിയെ അവന്‍ പിന്‍ തുടരുന്ന സ്വപ്നം.
ദിവസങ്ങള്‍ കഴിഞ്ഞുപോയി.ശ്മശ്രുക്കള്‍ വളര്‍ന്നു. തന്റെ വസ്ത്രങ്ങളുടെയും, മണലിന്റെയും മറ്റു ഗന്ധങ്ങളുടെയും തടവ്‌ അവന് അസഹനീയമായിത്തുടങ്ങി. പ്ലം വില്പ്പനക്കാരിയുടെ ഗന്ധം മാത്രം അവന് ഇപ്പോഴും അപ്രാപ്യമായിരുന്നു. വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് ഴാങ്ങ് കോരിച്ചൊരിയുന്ന മഴയിലേക്ക്‌ ഉന്മാദികയെപ്പോലെ ഇറങ്ങി നിന്നു.പലവുരു ദേഹം തേച്ചു കഴുകി.പിന്നീട് കാല്‍പ്പാദങ്ങള്‍ വരെ അവന്‍ മണത്തു നോക്കി.ഇല്ല ആ ഗന്ധം മാത്രമില്ല.

പുതിയ പ്രഭാതത്തില്‍ അവന്‍ മലയാടിവാരത്തെക്ക് നടന്നു. ദൈവം അവനെ നോക്കിയിരിക്കാന്‍ തുടങ്ങിയ ആ ദിവസം,അവന്‍ ,വഴിയിലൂടെ ഒരു കുതിര വണ്ടി വരുന്നതും അന്നേവരെ കണ്ടത്തില്‍വച്ചേറ്റവും സുന്ദരിയായ ഒരു പെണ്‍കുട്ടി അതില്‍ ഇരുന്നു തന്നെ നോക്കുന്നതും കണ്ടു. പൊടിപറത്തി ഒരു പട്ടണത്തിന്റെ കോട്ടയ്ക്കുള്ളിലേക്ക് കയറിപ്പോയ ആ കുതിര വണ്ടിയെ പിന്തുടര്‍ന്ന് അവന്‍ ഒരു വലിയ പ്രഭുവിന്റെ കൊട്ടരക്കെട്ടിന്റെ മതിലിന്നരുകില്‍ എത്തി.
തന്റെ കുളിമുറിയില്‍ പെണ്‍കുട്ടി കുളിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. അവിടെ നിര്‍ന്നിമേഷം നിന്ന അവനുനേരെ കുളികഴിഞ്ഞെത്തിയ അവള്‍ ഒരു ബാല്‍ക്കണി തുറന്നു.ഇറുത്തെടുത്ത ഒരു വെള്ള പനിനീര്‍ പൂവുമായി അവള്‍ പിന്നീട് അകത്തേക്ക് പോയി.ഴാങ്ങിനെ വിയര്‍ത്തു കഴിഞ്ഞിരുന്നു. അല്‍പ നിമിഷങ്ങള്‍.കയ്യില്‍ പനിനീര്‍ പൂവുമായി വീടിനുള്ളില്‍ നിന്ന്‌ അവള്‍ പൂന്തോട്ടത്തിനുള്ളിലേക്ക് നടന്നു വന്നു.
ഴാങ്ങ് ഒരു ശിലാപാളിയുടെ പുറകില്‍ ഒളിച്ചു നിന്നു.അവള്‍ അവനുനേരെ നടന്നുവരികയും അവനെ സാകൂതം നോക്കി നില്‍ക്കുകയും ചെയ്തു. ക്യാമറയുടെ ഗതി മാറുമ്പോള്‍ അവള്‍ക്കും ഴാങ്ങിനും മദ്ധ്യേ ഉണ്ടായിരുന്നത് അവളുടെ മാതാവിന്റെ  - തെരേസ ഫ്രാന്‍സിസിന്റെ -  കല്ലറയായിരുന്നു എന്ന് നമ്മള്‍ അറിയുന്നു. ശ്രദ്ധയോടെ അവള്‍ പഴയ പനിനീര്‍പൂവിനു പകരം പുതിയത് കല്ലറ മേല്‍ വയ്ക്കുകയും പ്രാര്‍ഥനയോടെ തിരിഞ്ഞു നടക്കുകയും ചെയ്തു. നടക്കാവിന്‍ അവളുടെ അപ്പനും, കല്ലറയ്ക്ക് പിന്നില്‍ ആരും കാണാതെ ഴാങ്ങും നിന്നിരുന്നു.

Tuesday, April 23, 2013

മരുഭൂവിലെ കുലുക്കം


ഭൂമി ദേവി ആഞ്ഞു ഒന്ന് ഇളകി. മനുഷ്യര്‍ ഉണ്ടാക്കിയ സ്കെയിലില്‍ എട്ടു രേഖപ്പെടുത്തിയത്രേ.എട്ടാം നിലയുടെ മുകളില്‍ ഉള്ള മുറിയില്‍ ജനാല്‍ ചില്ലുകളും, തൂക്കു വിളക്കും അനങ്ങി. പുസ്തക ചില്ലലമാര ശബ്ദവുമുണ്ടാക്കി. സ്പില്‍ ബെര്‍ഗ് ചിത്രത്തില്‍ ആ ശക്തന്‍ ട്രയാന്നോസോരാസ്‌ കാല്‍ എടുത്തു വയ്ക്കും പോലെ ഒരനുഭവം. 

അല്പനെരത്തെയ്ക്ക്. പരിഭ്രാന്തരായവര്‍ കൂടുതലും വീടുകളില്‍ ഉണ്ടായിരുന്ന പാവം വീട്ടമ്മമാരും, ഉച്ച നേരം ജോലികഴിഞ്ഞു വരുന്ന ടീച്ചര്‍മാരും കുട്ടികളും ആണ്. കുറച്ചു വയസായ, നാട്ടില്‍ നിന്ന് വന്നു മക്കളുടെ കൂടെ നില്‍ക്കുന്ന അവരുടെ കുട്ടികളുടെ അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഉറക്കമായതിനാല്‍ സംഭവം ശരിക്കും അറിഞ്ഞില്ല.

കുട്ടികൾക്ക്  ചോറു വാരിക്കൊടുക്കുന്നതിനിടയിലും, പാലുകൊടുക്കുന്നതിനിടയിലും , പരിഭ്രാന്തരായ അമ്മാർ അവരെയും വാരിയ്ടുത്തു കൊണ്ട് പല നിലകളിൽ നിന്നും കോണി വഴി ഓടിയിറങ്ങി അത്യധികം കിതച്ചുകൊണ്ടും വ്യസനിച്ചു കൊണ്ടും താഴെ വന്നു വ്യസനം ഒന്നടങ്ങിയപ്പോൾ അവർ  താന്താങ്ങളുടെ ഭർത്താക്കന്മാർക്ക് ഫോണ്‍ ചെയ്തു വെപ്രാളം പങ്കു വയ്ക്കുന്നതിൽ വ്യാപൃതരായി .

പിന്നെ  വഴി വക്കുകളിലും  തുറസ്സായ ഇടങ്ങളിലും  പരസ്പരം സംസാരിച്ചു കൊണ്ടും തുടര് ചലനങ്ങൾ പ്രതീക്ഷിച്ചു കൊണ്ടെന്നവണ്ണവും നിലയുറപ്പിച്ചു കുട്ടികളാകട്ടെ 'ഇതെന്തോരാനന്ദം  ഇതെന്തു കൌതുകം' എന്ന മട്ടിൽ അമ്മമാർ അപ്രതീക്ഷിതമായി നടത്തിയ നോക്കുകയും ഈ എക്സർസൈസ് നോക്കിക്കണ്ടു. 

എട്ടാം നിലയുടെ  ഫ്ലാറ്റിലെ ഒരമ്മയുടെ രണ്ടുവയസ്സുകാരൻ   മകൻ അവന്റെ സന്തോഷം അണ പൊട്ടിക്കുകയും അനസ്യൂതം  ചിരിക്കുകയും , ഇനി ഇങ്ങനെ മുകളിലേയ്ക്കും ഈ എക്സർസൈസ്  നടത്തുന്നുവോ എന്നാ ഭാവത്തിൽ അമ്മയെനോക്കുകയും ചെയ്തു 

ഇടയിൽ  കേട്ടത് 

ഒന്നാമത്തെ കൂട്ടുകാരി - എടി   ഗ്യാസ്  ഓഫ്‌ ചെയ്തിട്ടില്ല , അതിപ്പോ തീർന്നു കാണും 

രണ്ടാമത്തെ കൂട്ടുകാരി  ( ആത്മഗതം)  ഓ അപ്പോൾ തീ എങ്ങാനും പടരും എന്നല്ല അവള്ടെ വിചാരം 

മറ്റൊരു കൂട്ടുകാരി ഒരുവളെ ഫോണിൽ വിളിച്ച്  - എടീ നീ     അറിഞ്ഞോ ഇവിടെ  ഭൂമി കുലുങ്ങി. ഞാൻ എന്റെ പാസ്പോര്ട്ടും എടുത്തു കൊണ്ട് ഓടി താഴെ വന്നു. 

അവളുടെ കൂട്ടുകാരി - ദൈവമേ , ഭൂമി കുലുക്കത്തിൽ പെട്ട് ചാവാൻ പോകുമ്പോൾ പിന്നെ എന്തിനാ പാസ്പോര്ട്ട് ? 

ആ കൂട്ടുകാരി - നീ കേട്ടിട്ടില്ലേ ഈ ബൈബിളും ഭഗവദ് ഗീതയും ഒക്കെ പിടിച്ചു കൊണ്ട് ആളുകള് മരിച്ചു കിടക്കുന്നത് .. നേരെ സ്വർഗത്തിൽ പോവുംത്രെ. നമുക്ക് ഇവിടെ അതിനു പകരം പാസ്പോര്ട്ട് പിടിക്കാം , നാട്ടിലെങ്കിലും ആരെങ്കിലും എത്തിച്ചാലോ ..... 

Wednesday, February 20, 2013

" The Perfume" അഥവാ വിശ്വ വിഖ്യാതമായ മൂക്കിന്റെ കഥ ( ഭാഗം1 )
മനുഷ്യ മനസ്സിന്റെ മൂന്നിലൊന്നോളമേ ഒരു കരടിയുടെ തലച്ചോർ വരൂ. എന്നാൽ ഘ്രാണശക്തിയിൽ അവൻ മനുഷ്യനെക്കാളും ഏറ്റവും മിടുക്കനായ വേട്ടനായയെക്കാളും(bloodhound) മുന്നിൽ നിൽക്കുന്നതു തന്റെ തലച്ചൊറിന്റെ ( മനുഷ്യന്റേതിനെക്കാളും അഞ്ചിരട്ടി കൂടുതൽ) വലിയൊരു ഭാഗം ഘ്രാണനത്തിനായി മാറ്റിവയ്ക്കുന്നതുന്നതിനാലാണ്.
അമേരിക്കൻ ബോയ് സ്കൗട്ട് സ്ഥാപകനും, വൈൽഡ് ലൈഫ് ആർട്ടിസ്റ്റും ആയ ഏര്‍ണെസ്റ്റ് തോംസണ്‍ (Earnest Thompson Seton) പറയുന്നത് ഇങ്ങനെയാണ്.
"Of all the animals, man has the poorest nose; he has virtually lost the sense of smell' - 
അല്പം കടുത്തതെങ്കിലും ശരിയാണ് ഭൂരിഭാഗം പേരിലുംശരിയാണ് മേൽ പറഞ്ഞ കമെന്റ്.എന്നാൽ 'The Perfumer' ഒരു വിശ്വ വിഖ്യാതമായ മൂക്കിനുടമയെ കാട്ടിതരുന്നു.ജര്‍മ്മന്‍ സംവിധായകന്‍ ടോം ടിക്കരിന്റെ (Tom Tykwer) 2006  ലെ സിനിമ.
സിനിമയിലേയ്ക്ക് പോകാം 

 
ചന്തയിലെ, നാറുന്ന ഇറച്ചിയുടെയും മീനിന്റെയും മറ്റു അവശിഷ്ടങ്ങളുടെയും ഇടയിലേക്കു ഒരു അവിഹിത ഗർഭ സന്തതിയായ ഴാങ്ങിനെ പ്രസവിച്ചിട്ട് അവന്റെ അമ്മ കടന്നുകളയുന്നതു മുതൽ വിഖ്യാതമായ അവന്റെ മൂക്ക് പരിസരത്തുന്ന സകല സുഗന്ധങ്ങളെയും ദുർഗന്ധങ്ങളെയും തന്നിലേക്കു ആവാഹിക്കുകയായിരുന്നു.വീണുകിടക്കുന്ന പഴത്തിന്റെ ഉള്ളിൽ നുരയ്ക്കുന്ന പുഴുവിനെ വരെ തന്റെ നാസാദ്വാരങ്ങളിലൂടെ അവൻ കണ്ടെത്തി.ബാല്യം അതിവേഗം കടന്നു പോയി. ചെളി കൂടിക്കുഴഞ്ഞ ആ ചന്തയുടെ ഓരങ്ങളില്‍ അവന്‍ വലുതായി.പിന്നില്‍ നിന്ന് വികൃതിചെക്കന്മാര്‍ അവനെ ലാക്കാക്കി എറിയുന്ന ചീഞ്ഞ പഴങ്ങള്‍ അവന്‍റെ പുറത്ത് ഒരിക്കലും പതിച്ചിരുന്നില്ല.പാഞ്ഞു വരുന്ന ആ പഴത്തിനെ അതിന്റെ മണം കൊണ്ട് തിരിച്ചറിഞ്ഞ് അവന്‍ ഒഴിഞ്ഞു മാറിയിട്ടുണ്ടാകും.ദാരിദ്ര്യം സന്തത സഹചാരിയായി അവന്‍ വളര്‍ന്നു.ഒടുവിൽ ഒരു ഇറച്ചി വില്പനക്കാരന്റെ ചുമടുസഹായിയായി ജോലി തുടങ്ങിയ അവൻ വഴിനീളെ 'മണങ്ങൾ'ക്കു പുറകെ സഞ്ചരിച്ചു.
പാരിസ് സുഗന്ധകൂട്ടുകളുടെ നാടായിരുന്നു.പാരിസിന്റെ തെരുവു നിറയെ സുഗന്ധദ്രവ്യങ്ങള്‍ വിൽക്കുന്ന കടകൾ.പണക്കൊഴുപ്പു നിറഞ്ഞ 'മദാമ്മ'മാര്‍ (madame)പുതിയ പെര്‍ഫ്യൂമുകള്‍ അന്വേഷിച്ചു കടകള്‍ തോറും കയറിയിറങ്ങുമായിരുന്നു.പ്രമുഖ വ്യാപാരിയായിരുന്നു ഗിസുപ്പി ബാൾഡിനി.(Giuseppe Baldini).എന്നാൽ പുതിയ കടകളിൽ ലഭ്യമായി തുടങ്ങിയ നവസുഗന്ധകൂട്ടുകൾ തന്റെ കൈവശം ഇല്ലാതിരുന്നത് ബാൾഡിനിയുടെ വ്യാപാരം മന്ദഗതിയിലാക്കി.ബാൾഡിനിയുടെ അടുത്തെക്കു ഇറച്ചിയും കൊണ്ടുവന്ന ഴാങ്ങിനെ - നമ്മുടെ നായകന്‍ -(Jean-Baptiste Grenouille) ആകർഷിച്ചതു താഴെ ഗിസുപ്പിയുടെ  സുഗന്ധക്കൂട്ടുകൾ ഒരുക്കുന്ന മുറിയിലെ അസംഖ്യം കുപ്പികളിൽ നിറഞ്ഞു നിന്ന അസംസ്കൃത വസ്തുക്കളുടെ സുഗന്ധമായിരുന്നു.  ബാൾഡിനി ഉണ്ടാക്കുന്നതിനെക്കാളൂം നല്ല സുഗന്ധദ്രവ്യം താൻ ഒരുക്കിത്തരാം എന്നു പറഞ്ഞതു ഈർഷ്യയോടെയെങ്കിലും അയാൾ സമ്മതിക്കുകയായിരുന്നു.ഴാങ്ങ് തയാറാക്കിവച്ച സുഗന്ധകൂട്ടു വളരെ ശ്രദ്ധയോടെ ഓരോ തൂവാലകളിൽ നനച്ച് നാസികാദ്വാരങ്ങളിലേയ്ക്കു വലിച്ചുകയറ്റിയ ഗുസുപ്പി എത്തിച്ചേർന്നത്- മനസ്സിൽ കണ്ടത്,അനുഭവിച്ചത് - താൻ പരിമളം പൊഴിയുന്ന സ്വർഗത്തിലെ ഇടനാഴികളിൽ നടക്കുന്നുവെന്നാണ്. മുറിയക്കുള്ളിലേക്കു കയറി വരുന്ന മാഡം ഗിസുപ്പിയെ അയാൾ ഓടിക്കുന്നു.  തുടര്‍ന്ന് അത്യന്തം ക്ഷമയോടെ ഈ പുതു സുഗന്ധം ആസ്വദിച്ച ഗിസുപ്പി, തനിക്കു ഈ 'കൂട്ട്' ഉണ്ടാക്കി തന്ന ബാലന്റെ അത്ഭുതസിദ്ധികൾ അറിയുവാൻ തുടങ്ങുകയായിരുന്നു.
ഇടയ്ക്കുണ്ടായ ഒരു സംഭാഷണത്തില്‍ ഴാങ്ങിന്റെ ആവശ്യം ഗിസുപ്പി അറിഞ്ഞു. അത് ഇത്രമാത്രം ആയിരുന്നു.അവന്‍ പറഞ്ഞു.
"Master! I have to learn how to keep smell."
ഴാങ്ങിനെ തന്റെ പണിശാലയിൽ കൂടുതൽ സ്വാതന്ത്ര്യത്തോടെ ഗിസുപ്പി ജോലിയിൽ നിയമിക്കുന്നു.ഒടുവിൽ ഴാങ്ങ് ഉണ്ടാക്കിക്കൊടുത്ത സുഗന്ധകൂട്ട് ഇന്നേവരെ പാരിസ് കണ്ട എല്ലാറ്റിലും മികച്ചതായിരുന്നു എന്നു ബാള്‍ഡിനി സമ്മതിക്കുന്നു.ഴാങ്ങ് അവിടെ പെർഫ്യുമെർ ആയി ജോലി തുടങ്ങുന്നു.രാവും പകലും ഭേദം ഇല്ലാതെ അവന്‍ പുതു സുഗന്ധങ്ങള്‍ കണ്ടെത്തിക്കൊണ്ടിരുന്നു.പലവിധ സുഗന്ധങ്ങൾ കൂട്ടിയിണക്കി അഭൂതപൂർവ്വമായ വേഗതയിൽ നനുത്തതും പുതുമയാർന്നതുമായ സുഗന്ധകൂട്ടുകൾ അവന്‍ കുപ്പികളിൽ നിറയ്കാൻ തുടങ്ങി.ഗിസുപ്പിയുടെ കടയിൽ ആളുകൾ പെർഫ്യൂംസ് - അതും മറ്റെങ്ങും ലഭിക്കാത്തവ - അന്വേഷിച്ച് വരാന്‍ പിന്നെ അധികം താമസം ഉണ്ടായില്ല. താഴെ മുറിയിൽ, ഒരു വാശിയെന്നോണം - എന്തോ കണ്ടു പിടിക്കാന്‍ എന്നോണം - പുതിയ സുഗന്ധങ്ങൾക്കായുള്ള പരീക്ഷണം ഴാങ്ങ് തുടർന്നു.
ഒരു നാൾ തെരുവിൽ നടക്കുന്നതിനിടെ മുൻപ് അനുഭവിച്ചിട്ടില്ലാത്ത ഒരു സുഗന്ധത്തിനുറവിടം തേടി തെരുവുകൾ പിന്നിട്ട് ഴാങ്ങ് ചെന്നു നിന്നത് പ്ലം വിൽക്കുവാൻ നടക്കുന്ന ഒരു പെൺകുട്ടിയുടെ പുറകിലായിരുന്നു.അവളുടെ തൊട്ടു പിന്നില്‍ എത്തി, അവളില്‍ നിന്ന് വരുന്ന സുഗന്ധം മൂക്ക് കൊണ്ട് ആവോളം അവന്‍ ഒപ്പിയെടുത്തു.അവള്‍ തിരിഞ്ഞു നോക്കി, ഒന്ന് പെടിച്ചുവേന്കിലും, പ്ലം വാങ്ങുവാന്‍ ആവും എന്ന് കരുതി ഒരു പ്ലം അവള്‍ അവനു ബേറെ നീട്ടി.അവളുടെ കയ്യിൽ ഴാങ്ങ് മൃദുവായി ഒന്നു തൊട്ടതേയുള്ളു,ഭയന്ന് അവൾ ഓട്ടം തുടങ്ങിയിരുന്നു.
അവളെ പിന്തുടർന്നു,അവളൂടെ വീട്ടുവരാന്തയിൽ വച്ച് ഴാങ്ങ് അവളെ കടന്നു പിടിക്കുന്നു.എവിടെ നിന്നാണ് ഈ സുഗന്ധം വരുന്നത്? ആ സുഗന്ധം മൂക്കുക്കൊണ്ട്  ഒപ്പിയെടുക്കുക മാത്രമായിരുന്നു ഴാങ്ങിന്റെ ലക്ഷ്യം.പെട്ടെന്നു പരിസരത്തേക്കു കടന്നുവന്ന ആളുകളെ ഭയന്ന് പെൺകുട്ടിയുടെ വായും മൂക്കുമടക്കം പൊത്തി നിശബ്ദതയാക്കുന്നതിനിടയിൽ അവൾ മരിക്കുന്നു. അവളുടെ മരണം ഴാങ്ങിനെ ഒട്ടും ഞെട്ടിച്ചില്ല.അവളെ തറയിൽ നിവർത്തി കിടത്തുകയും ആർത്തിയോടെ തന്റെ നാസിക അവളുടെ മുഖത്തും മുടിയിലും കഴുത്തിലും അമർത്തിയ ഴാങ്ങ് അവളിൽ നിന്നു വരുന്നു സുഗന്ധം മൂക്കിലേക്കു ആവാഹിച്ചു.
ഴാങ്ങ് അവളെ വിവസ്ത്രയാക്കുകയും അനാവൃതമായ മുലകളിലും നാഭിയിലും മുഖവും മൂക്കും അമർത്തുകയും ചെയ്തു.  ഒടുവിൽ മതിയായി,അവളുടെ ചേതനയറ്റ ശരീരത്തിൽ നിന്നു എണീറ്റു മാറുമ്പോൾ ഴാങ്ങിന്റെ നാസിക അവളുടെ - അതുവരെ അനുഭവിക്കുകയോ താൻ ശ്വസിക്കുകയോ ചെയ്തിട്ടില്ലാത്ത- മദിപ്പിക്കുന്ന, രോമകൂപങ്ങളെ തുറക്കുന്ന സവിശേഷ സുഗന്ധത്താൽ നിറഞ്ഞിരുന്നു.- 
ഇതാ ഇവിടെ മുതല്‍ സുഗന്ധം തേടിയുള്ള ഴാങ്ങിന്റെ യാത്രകൾ തുടങ്ങുകയായിരുന്നു.
(തുടരും)
 

ഗ്രിഞ്ച് മോഷ്ടിച്ച ക്രിസ്തുമസ്


 ക്രിസ്തുമസ് ഇഷ്ടമാകാത്തവര്‍ ഉണ്ടോ ? കുഞ്ഞു ല്യൂ ഹൂ വിന് അത് ഒരു അത്ഭുത വാര്‍ത്തയായിരുന്നു. സഹോദരനും കൂട്ടുകാരും ക്രമ്പിറ്റ് കൊടുമുടിയുടെ ഉയരത്തില്‍ നിന്ന് ഓടിയിറങ്ങി താഴെ വന്നു അവര്‍ ഗ്രിഞ്ചിനെ - ആ വൃത്തികെട്ട ജന്തുവിനെ - കണ്ട കഥ പറഞ്ഞത് അവള്‍ക്കു വിശ്വസിക്കാന്‍ ആയില്ല. ഗ്രിഞ്ചിനു ക്രിസ്തുമസ് വെറുപ്പാണ് പോലും !

ല്യൂ ഹൂ ജീവിക്കുന്നത് മാജിക്കല്‍ ലാന്‍ഡ്‌ ആയ ഹൂ വില്ലെ യില്‍ ആണ് . മഞ്ഞു പാളികളില്‍ ഒഴുകി നടക്കുന്ന ഒരു സ്വപ്ന സമാനമായ നാട്. ഹൂ കള്‍ക്ക് എല്ലാം ക്രിസ്ത്മസ് ഒരു ജ്വരമാണ്.സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും സമയം. ഒരുക്കങ്ങള്‍ അവര്‍ വളരെ നാള്‍ മുന്‍പ് തന്നെ തുടങ്ങും. അങ്ങനെ ഉള്ളപ്പോഴാണ് ഗ്രിഞ്ച് ക്രിസ്തുമസ് വെറുക്കുന്ന വാര്‍ത്ത ല്യൂ അറിയുന്നത്.എന്നാല്‍ ഗ്രിഞ്ചിനെ കണ്ടെത്തുക തന്നെ അവള്‍ ഉറപ്പിച്ചു.വില്ലെയിലെ മുതിര്‍ന്ന പലരോടും അവള്‍ അന്വേഷിച്ചു.അറിഞ്ഞ രഹസ്യങ്ങള്‍ അവള്‍ക്കു ഞെട്ടല്‍ ഉണ്ടാക്കി.കുട്ടികള്‍ ആയിരുന്നപ്പോള്‍ ഗ്രിഞ്ച് പഠിച്ചിരുന്നത് മാര്‍ഗരറ്റ് പഠിച്ചിരുന്ന ക്ലാസില്‍ ആണ്.ഗ്രിഞ്ചിനു അവളോട്‌ പ്രേമം ആയിരുന്നു.ക്രിസ്തുമസിനു അവള്‍ക്കു ഒരു സമ്മാനം കൊടുക്കാന്‍ ഉറച്ച ഗ്രിഞ്ച്,കൂടുതല്‍ സുന്ദരന്‍ ആകാനായി മുഖത്തു വളര്‍ന്നു നീണ്ട രോമങ്ങള്‍ വടിച്ചു കളഞ്ഞു.എന്നാല്‍ അവന്‍ കൂടുതല്‍ വൃത്തികെട്ടും,കോമാളിയായും കാണപ്പെട്ടു.ക്ലാസിലെ കുട്ടികള്‍ മുഴുവന്‍ അവനെ കളിയാക്കി.സങ്കടം സഹിക്കാതെ അവന്‍ ക്രമ്പിട്ടിലെയ്ക്ക് ഓടിപ്പോയി.അന്ന് മുതല്‍ അവന്‍ ക്രിസ്തുമസിനെ വെറുക്കാന്‍ തുടങ്ങി.

ക്രിസ്തുമസ് വന്നതോടെ മേയര്‍ ഹൂ ബിലെഷന്‍ പ്രഖ്യാപിക്കുകയും,ചീര്‍ മിസ്റ്റര്‍ ആയി ഒരാളെ തെരഞ്ഞെടുക്കുന്ന പതിവ് ആവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.ഇത്തവണ ഗ്രിഞ്ചിനെ ചീര്‍ മിസ്റ്റര്‍ ആക്കണം എന്ന് ല്യൂ ചിന്തിച്ചു.ഒരു തരത്തില്‍ ഭൂരിഭാഗം പേരുടെയും വോട്ട് അവള്‍ സംഘടിപ്പിച്ചു.ഈ വാര്‍ത്ത അറിയിക്കാന്‍ അവള്‍ ഗ്രിഞ്ചിനെ തേടി കൊടുമുടിയിലെയ്ക്ക് പോയി.വാര്‍ത്ത കേട്ട ഗ്രിഞ്ച് ആദ്യം വിശ്വസിച്ചില്ല.എന്നാല്‍ താനിക്ക് സമ്മാനവും കിട്ടും എന്നറിഞ്ഞപ്പോള്‍ ഒപ്പം മാര്‍ഗരറ്റിനെ കാണാന്‍ ഉള്ള ആശ കൊണ്ടും ഗ്രിഞ്ചു സമ്മതിച്ചു. 

ആഘോഷങ്ങള്‍ക്ക് ഇടയ്ക്ക് മേയര്‍ മാര്‍ഗരറ്റിനെ പ്രോപോസ് ചെയ്യുകയും അവള്‍ക്കു ഒരു കാര്‍ സമ്മാനമായി കൊടുക്കുകയും ചെയ്തത് ഗ്രിഞ്ചിനു ഇഷ്ടമായില്ല. അവന്‍ ക്രിസ്തുമസ് പിന്നെയും നശിപ്പിക്കാന്‍ തീരുമാനിച്ചു.ക്രിസ്തുമസ് ട്രീ കത്തിച്ചു ചാരമാക്കി. ഇത്തവണത്തെ ക്രിസ്തുമസ് ഹൂ കളില്‍ നിന്ന് മോഷ്ടിക്കാന്‍ തീരുമാനിച്ച അവന്‍,സാന്റാ ആയി വേഷം കെട്ടി,അവന്റെ നായ മാക്സിനെ കൊണ്ട് ഒരു സ്ലെട്ജ് വലിപ്പിച്ചു വന്നു. എന്നിട്ട് ഹൂവില്ലെയിലെ എല്ലാ ക്രിസ്തുമസ് തോരണങ്ങളും സമ്മാനങ്ങളും എടുത്തു കൊണ്ട് പോയി ക്രമ്പിട്ടില്‍ ഒളിപ്പിച്ചു. ഹൂ കള്‍ ആകെ വിഷമിച്ചു പോയി.അവര്‍ക്ക് സങ്കടം സഹിക്കാന്‍ വയ്യാതായി.എല്ലാവരും ല്യൂ വിനെ കുറ്റം പറയാന്‍ തുടങ്ങി. അപ്പോള്‍ ല്യൂവിന്റെ അച്ഛന്‍ തന്റെ മകള്‍ ചെയ്തത് ഒരു നല്ല കാര്യത്തിന് വേണ്ടി ആണെന്നും, യഥാര്‍ത്ഥ ക്രിസ്തുമസ്  സമ്മാനങ്ങള്‍ കൊണ്ടോ തോരണങ്ങള്‍ കൊണ്ടോ ആഘോഷങ്ങള്‍ കൊണ്ടോ മാത്രം നിറയെണ്ട ഒന്നല്ല എന്നും അത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഉത്സവം ആകണം എന്നും എല്ലാവരോടുമായി പറഞ്ഞു.ഹൂകള്‍ വീണ്ടും ക്രിസ്തുമസ് ലഹരിയില്‍ മതിമറക്കാന്‍ തുടങ്ങുന്നു.

ദൂരെയിരുന്നു ഗ്രിഞ്ച് ഈ ആഹ്ലാദ ആരവങ്ങള്‍ കേള്‍ക്കുന്നു.അവന്റെ മനസ്സ് മാറുന്നു.ക്രിസ്തുമസ് ലഹരി അവനും ഉണ്ടാകുന്നു.കട്ടുകൊണ്ടുപോയ എല്ലാ സമ്മാനങ്ങളും കൊണ്ട് അവന്‍ ഹൂ വില്ലെയില്‍ എത്തുന്നു.തുടര്‍ന്ന് താന്‍ ചെയ്തതിനു അവന്‍ മാപ്പ് ചോദിക്കുന്നു.മാര്‍ഗരറ്റ് മേയ് ഹൂ തന്റെ പ്രേമം ഗ്രിഞ്ചിനു അവകാശപ്പെട്ടതാണ് എന്ന് പറയുന്നു.വലിയ ഒരു വിരുന്നോടെ ചിത്രം അവസാനിക്കുന്നു. 

ഡോക്ടര്‍ സ്യൂസ് എഴുതിയ പുസ്തകത്തെ അടിസ്ഥാനമാക്കി  റോണ്‍ ഹാവാര്‍ഡ്‌ സംവിധാനം ചെയ്ത ഈ ചിത്രം കുട്ടികളെ ആണ് കാഴ്ചക്കാര്‍ ആയി ലക്ഷ്യമിട്ടത്.വലിയ ഒരു 'സംഭവം' അല്ലെങ്കിലും, തന്മയത്വത്തോടെ ചിത്രം ആദ്യാവസാനം ചിത്രീകരിക്കാന്‍ റോണിനു കഴിഞ്ഞു. ചിത്രത്തിലെ 'താരം' ജിം  കാരി തന്നെ. തന്റെ മാസ്ക് എന്ന സിനിമയില്‍ ഉള്ളത് പോലെ തന്നെ പച്ചയാണ് ഈ സിനിമയിലും ഗ്രിഞ്ചിന്റെ രൂപം.നല്ല മേയ്ക്കപ്പിന്റെ സഹായത്തോടെ മുഖം കോമാളിയാക്കി കാണിച്ചു കാണികളെ ചിരിപ്പിക്കാന്‍ ജിമ്മിനു സാധിച്ചിരിക്കുന്നു.ഹോളി വുഡ് സിനിമ കണ്ട വളരെ മൂല്യമുള്ള ഒരു കൊമേഡിയന്‍ ആണ് താന്‍ എന്ന് ജിം ഒന്ന് കൂടി തെളിയിച്ചിരിക്കുന്നു. 

കുട്ടികള്‍ക്ക് ഒരു നല്ല ക്രിസ്തുമസ് സന്ദേശം പറഞ്ഞു കൊടുക്കുന്ന സിനിമ എന്ന രീതിയില്‍, കുടുംബ സമേതം പോയി കാണേണ്ട ഒരു ക്രിസ്തുമസ് പ്രമേയമുള്ള ചിത്രം ആണ് ഇത്.       

 ഒരു ത്രെഡ്  ഇവിടെ കാണുക 


Director: Ron Howard
Writers: Dr. Seuss (book)
Jeffrey Price (screenplay)
 Stars: Jim Carrey, Taylor Momsen and Jeffrey Tambor