Malayalam Bloggers

Thursday, April 14, 2011

ഞാന്‍ നാലാം ക്ലാസ്സില്‍ പിന്നെയും തോറ്റത്...


അങ്ങനെയാണ് സോണി ചേട്ടാ ഞാന്‍ നാലാം ക്ലാസ്സില്‍ പിന്നെയും തോറ്റത്..ഗൌരി പറഞ്ഞു തുടങ്ങുകയായിരുന്നു.
2006.ദുബായില്‍ ബാച്ചിലര്‍ ആയി കഴിഞ്ഞുകൂടിയിരുന്ന കാലം.പാസ്പോര്‍ട്ട് എടുക്കാന്‍ കാലായ ഉടനെ ഇവിടെ വന്നുചെര്ര്‍ന്ന ഒര് സുഹൃത്ത്‌ ഉണ്ടായിരുന്നു ഗൌരി എന്ന പേരില്‍. അവന്‍ നാലാം ക്ലാസ്സില്‍ രണ്ടാം പ്രാവശ്യം പഠിക്കുമ്പോള്‍ അരക്കൊല്ല പരീക്ഷയ്ക്ക് പൊതു വിജ്ജാനം പാരീക്ഷയില്‍ ഒര് ചോദ്യം.
കടലില്‍ കൂടുതലായി കാണുന്ന ലവണം ഏതു?
ഉപ്പു,പഞ്ചസാര,മണല്‍ ...
ചിന്തിച്ചു ..
ഉപ്പാണോ?
അല്ല?
മണല്‍?
അല്ല. അപ്പൊ പഞ്ചസ്സാര ആകും.
ഉത്തരം പഞ്ചസാര എന്നെഴുതി. പരീക്ഷയ്ക്കിടയില്‍ ഉത്തരക്കടലാസ് കണ്ട ടീച്ചര്‍ ചെവി പിടിച്ചു തിരുമ്മി ചോദിച്ചു
പഞ്ചസാരയാനോഡാ?
എന്തോ പന്തികേട്‌ തോന്നി, അത് തിരുത്തി ഉപ്പു എന്നാക്കി.
ഫലം വന്നു.
അന്‍പതില്‍ അര മാര്‍ക്ക് ..
ഉപ്പു എന്നെഴുതിയ ഉത്തരം മാത്രം ശരി...
ചിരിച്ചു കൊണ്ട് അവന്‍ പിന്നെ പറഞ്ഞു,
അങ്ങനെയാണ് സോണി ചേട്ടാ ഞാന്‍ നാലാം ക്ലാസ്സില്‍ പിന്നെയും തോറ്റത്...

Tuesday, April 12, 2011

മാര്‍പ്പാപ്പയുടെ അപ്പം !


"കയ്യെത്തും ദൂരെ ഒര് കുട്ടിക്കാലം" എന്ന ഗാനം ഓര്‍മകളെ മധുരമൂറുന്ന കുട്ടിക്കാലത്തേക്ക് കൊണ്ടുപോകുന്നു.HRCഎല്‍ പി സ്കൂള്‍ ജീവിതം ഇന്ന് മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന ചൂരല്‍ മധുരങ്ങളുടെ പറുദീസയാണ്. ഓര്‍ത്തെടുക്കുമ്പോള്‍ എന്തൊരു കൌതുകം,കുതൂഹലം!ഒര് വലിയ പറമ്പില്‍,നിറയെ ചെറിയ ഓടിട്ട കെട്ടിടങ്ങളായിരുന്നു നടത്തറ HRCഎല്‍ പി സ്കൂളില്‍.കളിയ്ക്കാന്‍ വിടുന്ന സമയങ്ങളില്‍ ഞങ്ങള്‍, ആണ്‍കുട്ടികള്‍ ക്ലാസ്സിലെ പെണ്‍കുട്ടികള്‍ കൊത്തംകല്ല് കളിക്കുന്നതിനിടയിലൂടെ ഓടി,കല്ലുകള്‍ തട്ടിത്തെറുപ്പിചു കള്ളനും പോലീസും കളിക്കും.മടുക്കുമ്പോള്‍ സൂത്രത്തില്‍ സ്കൂളിന്റെ പടിഞ്ഞാറേ മൂലയിലേക്ക് നീങ്ങും;കുട്ടിപ്പട്ടാളം.ആരുടേയും കണ്ണില്‍പ്പെടതെയുള്ള ഈ പോക്ക്"മാര്‍പ്പാപ്പയുടെ അപ്പം" വാങ്ങാനാണ്.സ്കൂളിലേക്ക് മിട്ടായി കൊണ്ടുവരുന്നത് നിഷിദ്ധമാണ്.ഗേറ്റ് അടച്ചു പൂട്ടിയിരിക്കുന്നു.ചുറ്റോടു ചുറ്റും മതില്‍ തന്നെ മതില്‍.മതില്കെട്ടല്‍ കണ്ടുപിടിച്ചത് ഏത് ആല്‍വാ എഡിസണ്‍ ആണാവോ എന്നും,പിന്നെന്തു ചെയ്യേണ്ടൂ എന്നലോചിക്കുംബോഴാണ് "മിട്ടായി" ഒര് കിട്ടാക്കനിയുടെ മധുരം ഊറിക്കുന്ന നാവുകള്‍ ഞങ്ങള്‍ക്ക് സമ്മാനിക്കുക.ചിന്തകള്‍ തലച്ചോറിലെത്തി,കുട്ടിതലകള്‍ക്കകത്തു കുട്ടിബുദ്ധി വളരും.അതില്‍ അബ്ദുക്കന്റെ പെട്ടികട മിന്നി മറയും.വീതികൂടിയ പച്ച ബെല്‍ട്ടും വെളുത്ത ബനിയനുമിട്ട അബ്ദുക്ക.അബ്ധൂക്കാന്റെ കടയില്‍ അരിനെല്ലിക്ക ഉപ്പിലിട്ടത്‌ കിട്ടും.പിന്നേ പലതരം മിട്ടയികള്‍ ചില്ല് ഭരണികളില്‍ കാണാം.സിഗരട്ട് മിട്ടായി,നാവുച്ചുവപ്പന്‍,പല്ലൊട്ടി, തെങ്ങാമിട്ടായി,നാരങ്ങ മിട്ടായി,തേന്മധുരം അങ്ങനെ പലതും.അക്കാലത്താണ് പോപ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കേരളം സന്ദര്‍ശിക്കാനെതിയത്.അത് അബ്ദുക്കാന്റെ തലയില്‍ ഉദിപ്പിച്ച ആശയമാണ് ഈ വട്ടത്തിലുള്ള അപ്പം പോലിരിക്കുന്ന മിട്ടയിക്ക്'മാര്‍പ്പാപ്പയുടെ അപ്പം" എന്നു പേരിടാം എന്നത്. അബ്ധൂക്ക പേരിടീല്‍ കര്‍മം നടത്തിയ ഈ മാര്‍പ്പാപ്പയുടെ അപ്പം വലിയ പപ്പടവട്ടത്തില്‍,ഗോതമ്പുമാവു നന്നെ കനം കുറച്ചു പരത്തി മൊരിച്ച് വേവിച്ചു,പഞ്ചസാര ലായിനിയില്‍ മുക്കിയെടുത്ത ഒര് തരം നേര്‍ത്ത മിട്ടായിയാണ്. നാവിന്മേല്‍ തൊട്ടാല്‍ അത് വേഗം അലിയും,നല്ല മധുരവും.കുട്ടിപ്പട്ടാളം എല്ലാവരും വീട്ടിലെ അപ്പാപ്പന്മാരും ചിറ്റമാരും മാമന്മാരും കരച്ചില്‍ സഹിയാതെ "ഇന്നാ കൊണ്ടുപോ" എന്നു പറഞ്ഞു തന്ന അഞ്ചും പത്തും പൈസകള്‍ കൂട്ടിയിട്ടു എണ്ണി നോക്കും.മിക്കവാറും കൊള്ളമുതല്‍ എഴുപതോ എന്പതോ പൈസ ഉണ്ടാവും.കൊല്ലുന്ന വിലയാണ് അപ്പം ഒന്നിന്. വിലപ്പെട്ട ഇരുപത്തിയഞ്ച് പൈസ!ഇതു വാങ്ങി എത്തിക്കാന്‍ ഫയര്‍ ഫോര്‍സിനെ വിളിക്കെണ്ടാത്ര ബുദ്ധിമുട്ടും! എന്നാല്ലും തോല്‍ക്കാത്ത കുട്ടിപ്പട,മതിലില്‍ വിദഗ്ദനായ കല്ലാശാരിമാര്‍ തോറ്റുപോകുന്ന തരത്തില്‍ കുഴിച്ചുണ്ടാക്കിയിരിക്കുന്ന ,കൈകളും കാല്‍ വിരലുകളും ഊന്നാവുന്ന പൊത്തുകളില്‍ ബലം കൊടുത്തു,ഒരുവനെ താഴെനിന്നു മതിലിനു മേലേക്ക് ഉയര്തിവിടും.' മതിലുകള്‍' സിനിമയില്‍ നമ്മുടെ KPAC ലളിത ഉയര്തിയെരിയുന്ന പൂ പോലെ അവന്‍ മതിലില്‍ കേറും.അപ്പുറം ചാടാന്‍ അബ്ദുക്ക മതിലില്‍ ചാരിവച്ച തെങ്ങിന്‍പട്ടയുടെ ഒര് താങ്ങുണ്ട്.പിന്നെ ക്ഷണ നേരം,അപ്പവും വാങ്ങി അവന്‍ മതിലില്‍ മുകളില്‍ പ്രത്യക്ഷനാകും. ചാഞ്ഞു വീഴുന്ന ഇളംചുവപ്പു സൂര്യനെ നോക്കുന്ന സന്തോഷത്തോടെ കുട്ടിപട അവനെ നോക്കി,സന്തോഷതിമിര്‍പ്പിന്റെ വാദ്യതോടെ താങ്ങി ഇറക്കും.പിന്നെ ഒരാള്‍ മാര്‍പാപ്പയും മറ്റുള്ളവര്‍ വിശ്വാസികളും ആയി രൂപാന്തരപ്പെടും . രാമനും കോരനും,ഹമീദും,അലക്സും പിന്നെ ഇന്ന് ഞാന്‍ പേര് മറന്നു പോയവരും ഉള്‍പ്പെട്ട കുട്ടി വിശ്വാസികള്‍!മാര്‍പ്പാപ്പ കുരിശുവരച്ചു,വരിവരിയായി വരുന്ന വിശ്വാസികള്‍ക്ക് അപ്പം മുറിച്ചു കൊടുക്കും,നാവിലിട്ട് നുണയും മുന്‍പ് മിക്കവാറും അപ്പത്തിന്റെ വലിപ്പ ചെറുപ്പങ്ങളെ ചൊല്ലി കുട്ടികലഹങ്ങള്‍ ഉണ്ടാകുമെങ്കിലും, വട്ടത്തിലിരുന്ന കഥപറഞ്ഞു,ഞങ്ങള്‍ നേരം പോക്കും.ഒര് നാള്‍,അപ്പവും വാങ്ങി മതിലിനു മുകളില്‍ പ്രക്ത്യക്ഷപ്പെട്ട കൂട്ടുകാരന്‍ താഴേക്ക്‌ ചാടി വീണത്‌,മാനിഹോട്ട് യൂട്ടിലിസിമ, ഏലറ്റെറിയ കാര്ടമോമം തുടങ്ങിയ ശാസ്ത്രീയ നാമധാരികളായ വേരുകളെയും ചെടികളെയും ഓര്‍മിപ്പിക്കുന്ന തരം ഒരു പേരുള്ള മദര്‍ സുപ്പീരിയറിന്റെ കയ്യിലേക്കാണ്.പിന്നില്‍ കൈകെട്ടി വായപൊത്തി കരയാനും മുള്ളാനും മുട്ടി ബാക്കി കുട്ടിപട നിലയുരപ്പിചിട്ടുണ്ടാകും.രണ്ടേ രണ്ടടി വീതം;ഒന്ന് നിവര്‍ത്തിയ കൈവെള്ളയില്‍,പിന്നെ ട്രൌസറിന് മുകളിലൂടെ കുഞ്ഞു ചന്തികള്‍ക്ക് മേലെ.ചിലര്‍ ശബ്ദ രഹിതം പിള്ത്തി കരഞ്ഞും,ചിലര്‍ വാവിട്ടു നിലവിളിച്ചും, ചന്തിയും കൈവെള്ളയും തടവി,ക്ലാസ്സിലേക്ക് ചെല്ലുമ്പോള്‍ "നിനക്ക് അത് തന്നെ വേണം" എന്നു പറഞ്ഞു കൊക്കിരി കാണിക്കുന്ന പെണ്‍കൂട്ടുകാരുടെ മുഖങ്ങള്‍ ഞങ്ങളില്‍ വേദനയും ദേഷ്യവും പടര്‍ത്തും."നിന്നെ പിന്നെ കണ്ടോളാം"എന്നു മനസ്സില്‍ പറഞ്ഞു,ഒരാന്ഗ്യ വിക്ഷേപം നടത്തുമ്പോഴും,ഞങ്ങള്‍ ചിന്തിക്കും എന്നാലും എന്‍റെ അബ്ദുക്കാ നിങ്ങള് ഒരപ്പത്തിനു ഇരുപത്തിയഞ്ച് പൈസ ഈടാക്കിക്കളഞ്ഞല്ലോ,നിങ്ങളോട് മാര്‍പ്പാപ്പ ചോദിക്കും.. നോക്കിക്കോ !