ഞാന്‍ എഴുതിയതെല്ലാം മുന്‍പായിരുന്നു. ബ്ലോഗ് എന്താണെന്നു അറിയുന്നതിന് മുന്‍പ്. പലതും നോട്ട് ബുക്കുകളിലും മറ്റുമായി ചിതറിക്കിടന്നിരുന്നു. പലതും നഷ്ടപ്പെട്ടുപോയി. ഇപ്പോള്‍ പുതിയതായി എഴുതുവാന്‍ ഒരു ശ്രമം നടത്തുകയാണ്....
Friday, May 13, 2011
ചുവന്ന ആകാശം , വിയര്‍ത്ത രക്തം !
കുടയും പുസ്തക സഞ്ചിയും ചുമന്നു, കളിപറഞ്ഞു,കാട് കാട്ടി ,കൊഞ്ഞനം കുത്തി , മാവില്‍ എറിഞ്ഞു നീണ്ട ഒര് നടത്തയ്ക്കൊടുവില്‍ സ്കൂളില്‍ എത്തുമ്പോഴേയ്ക്കും ഒന്പതെ മുക്കാല്‍ ആയിട്ടുണ്ടാവും. കുട്ടികള്‍ വരി വരിയായി ക്ലാസ് ക്രമത്തില്‍ സ്കൂളിനു മുന്നിലെ ഗേറ്റിനരികെ വന്നു നില്‍ക്കണം. പച്ചയും വെള്ളയും ഉടുത്ത പെണ്‍കിടാങ്ങള്‍ തങ്ങളുടെ തല സിസ്റ്റര്‍മാര്‍ കാണാതെ മാന്തിയും ആണ്കിടാങ്ങള്‍ അവരവരുടെ വിരല്‍ കടിച്ചും വരി നില്‍ക്കും . ഭാനുമാന്‍ വെയിലിന്‍റെ ഒര് സ്വര്‍ണ തേര് തളിക്കുകയാവണം മുകളില്‍.
വിയര്‍പ്പിന്റെ മാലകള്‍ ഉരുണ്ടുകൂടി മുഖത്തുനിന്നു ഉടലിലൂടെ താഴേയ്ക്ക് പെയ്യുന്ന നേരം.രണ്ടു സിസ്റ്റര്‍മാര്‍ ഗേറ്റിനു മുന്നില്‍ വന്നു "ഹും ! ഇനി കടക്കങ്ങ്ട് " എന്നു ചൂരല്‍ ഉയര്‍ത്തി പറയും .ഞങള്‍ സിസ്റ്റര്‍മാരാല്‍ ആട്ടിതെളിക്കപ്പെട്ടു റോഡു കുറുകെ കടക്കും;വരിവരിയായി റോഡു ചാടി ഞങ്ങള്‍ പള്ളിയിലേക്ക് പോകും.
മാലാഖമാര്‍ പുഞ്ചിരിച്ചു ചിറക് വിരിച്ചു നില്‍ക്കുന്ന, കുന്തിരിക്കത്തിന്റെ മണം തങ്ങിനില്‍ക്കുന്ന അള്‍ത്താര. മുകളില്‍ വെള്ളപ്രാവിന്റെ ചിത്രം സ്വര്‍ഗം തുറന്നു കാണാവുന്നു. കുറുമ്പ് കാട്ട്ണ്ട്രാ എന്നു ചോദ്യഭാവത്തില്‍ നില്‍ക്കുന്ന പുണ്യവാളന്മാര്‍. ചെറുതായി മുട്ട് വേദനിച്ചാലും അള്‍ത്താര മുന്നില്‍ അങ്ങനെ നില്‍കാന്‍ ഒര് സുഖമാണ്. പ്രാര്‍ത്ഥന കഴിഞ്ഞു പള്ളി മണി മുട്ടിയാല്‍ തിരികെ വന്നു പള്ളി ഗേറ്റിനരുകില്‍ വരി നില്‍ക്കണം പിന്നെയും.
ചില ദിവസങ്ങളില്‍ പള്ളി ഗേറ്റിനരുകില്‍ വരാതെ പള്ളിയോടു ചേര്‍ന്ന് വലതു വശത്ത് ഉള്ള പറമ്പില്‍ സപ്പോട്ട വീണു കിടക്കുന്നോ എന്നു നോക്കാന്‍ ഞങ്ങളില്‍ ഒര് സംഘം മുങ്ങും. തിരിച്ചു ക്ലാസിലെത്തുമ്പോള്‍, സപ്പോട്ടക്കറ വീണ ഞങ്ങളുടെ കയ്യില്‍ നിന്നു മദര്‍ അലോഷ്യയുടെ ചൂരല്‍ ഉയര്‍ന്നു താഴും . ഒര് ദയയുമില്ലാതെ ഞങ്ങളെ തല്ലി, ക്ലാസിലെ ബോര്‍ഡിനു പുറം തിരിച്ചു നിര്‍ത്തും . പെണ്‍കിടാങ്ങള്‍ കുസ്രിതി ചിരി വിടര്‍ത്തും. ഞങ്ങള്‍ വേദന മറന്നു, പെണ്‍കിടാങ്ങളോടുള്ള ദേഷ്യം വമിക്കുന്ന മനസ്സുമായി അവിടെ നിന്നു കൊണ്ടാലോചിക്കും ;ഞാനും ആന്റോയും .
ഇവരെ എന്താ ഇപ്പൊ ചിയ്യാഡാ ആന്റ്വോ ? അവറ്റൊള്ടെ ചിരി കണ്ട്ട്ട്ട് എനിക്ക് പ്രാന്ത് പിടിക്കിണ്ട്ട്ടാ "
"ഒന്നും അഗ്ട് മനസ്സിലിക്ക് വരിനില്ല്യല്ലോറാ" നിന്‍റെ കൂട്ട്കാരി ആന്യും ചിരിചൂട്ടാ, നീ കണ്ടാ?
അവന്‍ പറയും . വൈകുന്നേരം ആകുമ്പോഴേയ്ക്കും ഞങ്ങള്‍ പദ്ധതി റെഡി ആക്കും . അവര്‍ക്കുള്ള പാരിതോഷികം ഞങ്ങള്‍ കൊടുക്കുന്നത് പിറ്റേന്ന് പള്ളിയില്‍ പോയി വരുമ്പോഴാണ്. പള്ളി മുറ്റത്തെ ചെമ്മണ്ണ് വാരിഎടുത്തു അവര്‍ക്ക് നേരെ തൂറ്റി ഏറിയും ; വെള്ളക്കുപ്പയക്കാരികള്‍ ഓരന്‍ജു കുപ്പയാക്കാരികലാകും ഒര് ഇറാഖു യുദ്ധം നടത്തും ഞങ്ങള്‍.. മേല് മുഴുവന്‍ ചെമ്മണ്ണ്മായി നെലവിളിച്ചു, സ്കൂളിലേക്ക് ചെന്ന്,അവര്‍ ഞങ്ങളെ വീണ്ടും ഒറ്റിക്കൊടുക്കും.
"കണ്ടാ സിസ്റ്ററെ ഞങ്ങളിങ്ങനെ വെര്‍തെ പൂവായ്രുന്നു , അപ്പഴാ ഈ ചെക്കന്മാര് മണ്ണ് വാരി എറിഞ്ഞേ .. ഞാങ്ങ്ലോന്നും ചീതട്ടില്യാ "
കളി കാര്യമാവാന്‍ ഞൊടിയിട , അത്രയല്ലേ വേണ്ടൂ !
വെയില്‍ പെയ്യുന്ന ഒര് ദിവസം .. പതിവുപോലെ പള്ളിയില്‍ പോയി , വരി വരിയായി റോഡു കുറുകെ കടന്ന ഞങ്ങള്‍ക്ക് വളരെ പിന്നില്‍ ഒര് കുഞ്ഞനുജത്തി , കുറച്ചു പതുക്കെ നടന്നു വന്നു , ഓടി റോഡിനു കുറുകെ ചാടി. ഒര് നിമിഷാര്‍ദ്ധം . നടതറ ഹൈവേയിലൂടെ പാഞ്ഞു വന്ന ഒര് പത്തു ചക്ര ലോറി ആ കുരുന്നു മേനിയെ ചിതറിച്ചു കളഞ്ഞു .. ഞാന്‍ ഒര് നോക്കെ കണ്ടുള്ളൂ . ആദ്യമായി കണ്ട ചോര നദി ... രക്തപ്പൂക്കള്‍ക്ക് നടുവില്‍ ആ മേനി കാണാന്‍ ഇല്ലായിരുന്നു .. ചോര പുരണ്ട ഒര് പാവാട തുണ്ട് മാത്രം .. ആര്‍ത്തനാദങ്ങള്‍.. അയ്യോ ഓര്‍ക്കാന്‍ വയ്യ . ഇതെഴുതുമ്പോള്‍ എന്‍റെ രോമകൂപങ്ങള്‍ പൊട്ടി വിടരുന്നു.
ഒടുവില്‍ ആ കണ്മണിയെ ചുമന്നു കൊണ്ട് , മണിയടിക്കുന്ന ശേമ്മാശന്മാര്‍ മുന്നിലും , പ്രാര്‍ഥനകളും കരച്ചിലുമായി , കത്തിച്ചു പിടിച്ച മെഴുകുതിരികളുമായി ഒര് വിലാപ യാത്ര. അവളുടെ കുഞ്ഞു ദേഹം വച്ച വണ്ടി സിമിതെരിയിലേക്ക് നീങ്ങുമ്പോള്‍ ആണ്കിടാങ്ങളും പെണ്‍കിടാങ്ങളും സ്പര്ധയില്ലാതെ കൈ കോര്‍ത്ത് പിടിച്ചു , കറുത്ത ബാട്ജു കുത്തി കൂടെ പള്ളിയിലേക്ക് പോയി. എല്ലാവരും ഒര് പിടി മണ്ണ് വാരി ആ കുഞ്ഞു കുഴിമാടത്തില്‍ വിതറി .പിന്നെ കറുത്ത പെട്ടിയിന്മേലേക്ക് വെളുത്ത കുരിശു വരച്ച ഒര് മൂടി ചേര്‍ത്തടയ്ക്കപ്പെട്ടു .
തിരികെ വീട്ടിലേക്കു നടക്കുമ്പോള്‍ ഞങ്ങളുടെ ആകാശത്തിന് ചുവപ്പായിരുന്നു .. വിയര്‍പ്പായി പെയ്യുന്നത് രക്തമായിരുന്നു ... ചുവന്ന ആകാശം , വിയര്‍ത്ത രക്തം !
Subscribe to:
Post Comments (Atom)
2 comments:
വളരെ മനസ്സ് നെമ്പരപ്പട്ടാണു അവസാന വരികൾ വായിച്ചതു,ആ മൺ മറഞ കുഞ്ഞിനെൻറെ ബാഷ്പാഞലികൾ, ഇത് വളരെ തന്മയത്തത്തോടെ വിവരിച്ച സോണിക്ക് എൻറെ അഭിനന്ദനങ്ങൾ.
നന്നായിട്ടുണ്ട്...
Post a Comment