ഞാന്‍ എഴുതിയതെല്ലാം മുന്‍പായിരുന്നു. ബ്ലോഗ് എന്താണെന്നു അറിയുന്നതിന് മുന്‍പ്. പലതും നോട്ട് ബുക്കുകളിലും മറ്റുമായി ചിതറിക്കിടന്നിരുന്നു. പലതും നഷ്ടപ്പെട്ടുപോയി. ഇപ്പോള്‍ പുതിയതായി എഴുതുവാന്‍ ഒരു ശ്രമം നടത്തുകയാണ്....
Tuesday, September 20, 2011
കുട്ടികള്‍ ചെന്നെത്തുന്ന വലിയ ലോകങ്ങള്‍
"The best way to keep children at home is to make the home a pleasant atmosphere and let the air out of the tires." എന്നു പറഞ്ഞത് പ്രശസ്ത കവയിത്രി ടോറോതി പാര്‍കെര്‍ ആണ് .കുട്ടികള്‍ക്കായി നാം കാണിച്ചു കൊടുക്കേണ്ട പ്രസന്നമായ അന്തരീക്ഷത്തിന്റെ ആവശ്യകത. ലളിതമായിപ്പറഞ്ഞാല്‍ ഒരു വീടിനു നല്ല അന്തരീക്ഷം കൈവരാന്‍ മാതാവും പിതാവും വേണം, കുടുംബത്തിനു സേന്ഹോഷ്മത വേണം എന്ന തിരിച്ചറിവ്. പിതാവില്ലാതെ അല്ലെങ്കില്‍ പിതാവിനെ കാണാതെ, മാതാവിനെ മാത്രം ആശ്രയിച്ചു വളരുന്ന വളരുന്ന കുട്ടികള്‍ നാളയുടെ അന്തര്‍മുഖരും (introverts) മോശം വിപ്ലവകാരികളും (rebels) ആയി മാറും ." ദി റിട്ടേണ്‍ " എന്ന റഷ്യന്‍ സിനിമയില്‍ സംവിധായകന്‍ Andrei Zvyagintsev വരച്ചുകാട്ടുന്നത് ഇത്തരത്തില്‍ അധപ്പതിച്ചു പോയേക്കാവുന്ന വാന്യയുടെ (ഇവാന്‍ ) ജീവിതമാണ്. മൂല്യച്യുതിയിലേക്കും, താന്‍ ഭാവത്തിലെക്കും ചേക്കേറാന്‍ കൊതിക്കുന്ന ഒന്ന്.
"ദി റിട്ടേണ്‍" നിശബ്ദമായ ഒരു തിരിച്ചു വരവാണ്.ബൈബിളിലെ കളഞ്ഞു പോയ ഒരാട്ടിൻ കുട്ടി തിരികെ വരുന്നപോലെ എലാവരാലും ആഘോഷിക്കപ്പെടുന്ന ഒന്നല്ല അത് .വാന്യയും ചേട്ടന്‍ ആന്ദ്രെയും കാത്തിരിക്കുകയാണ്, നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം പപ്പാ വരുന്നത് കാണാന്‍ . വാന്യയെ സംവിധായകന്‍ വരച്ചിടുന്നത് ഒരു പേടിത്തൊണ്ടന്‍ "കോഴി " ആയിട്ടാണ് .കടലിനു അഭിമുഖമായി ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു കുട്ടി.ഉയരം പേടിയുള്ളവന്‍.കണ്ണുകളില്‍ കൂടുകെട്ടിക്കിടക്കുന്ന വിഷാദം.കൂട്ടുകാരെല്ലാം "ടവറില്‍" കയറി താഴെ തടാകത്തിലേക്ക് ചാടുമ്പോള്‍ വാന്യ പേടിച്ചു വിറച്ചു മുകളില്‍ ഇരിക്കും. കൂട്ടരെല്ലാം-ആന്ദ്രെ ഉള്‍പ്പെടെ-അവനെ കോഴി എന്നാര്‍ക്കും. ഇത് അവസാനിക്കുക പലപ്പോഴും അടിപിടികളില്‍ ആണ് .അങ്ങനെ ഒരു നാള്‍ , അടികൂടി, രണ്ടു പേരും വീട്ടിലേക്കു അമ്മയെ വിളിച്ചു ഓടിക്കയറുമ്പോള്‍ അവരെ എതിരേല്‍ക്കുന്നത് " അച്ഛന്‍ വന്നു , നിശബ്ദരാകൂ " എന്നാ അമ്മയുടെ മുഖമാണ് . അത് വെളുത്തു വിളറിയിരുന്നു . അമ്മ തുടരെ പുകയൂതുന്നുണ്ടായിരുന്നു.
വാന്യയുടെ പപ്പാ ഒരാജാനുബാഹുവായി , ശ്മശ്രുക്കള്‍ പടര്‍ന്ന മുഖവുമായി , കട്ടില്‍ നീണ്ടു നിവര്‍ന്നു കിടന്നു . പിന്നെ തീന്‍ മേശക്കരുകില്‍ ഇരിക്കുമ്പോള്‍ അവര്‍ പപ്പയെ വ്യക്തമായി കണ്ടു . ചിരിയുടെയോ വാത്സല്യതിന്റെയോ കണിക തേടുന്ന കുട്ടികള്‍ക്ക് നിരാശരാകേണ്ടി വന്നു , അവര്‍ ഓടിപ്പോയി പണ്ട് ശേഖരിച്ചു വച്ച ഒരു പഴയ കുടുംബ ചിത്രം എടുത്തു നോക്കി ,അതെ ഇത് തന്നെ അദ്ദേഹം എന്നുറപ്പിച്ചു . പിറ്റേന്ന് മുതല്‍ മൂന്നു ദിവസത്തേക്ക് പപ്പയെ തങ്ങള്‍ക്കു തനിയെ കിട്ടുകയാണ് , മീന്‍ പിടിക്കാനും ചെറിയ ഒരു അവധിക്കാല വിനോദങ്ങള്‍ക്കുമായി. മനസ്സ് തുടികൊട്ടുന്നത് അവരുടെ മുഖങ്ങള്‍ വിളിച്ചറിയിക്കുന്നു.
എത്രയും പെട്ടന്ന് പപ്പയെ തന്റെതാക്കണം എന്ന ചിന്തയില്‍ ആന്ദ്രെ ആനന്ദിക്കുന്നു , എന്നാല്‍ വാന്യയുടെ മനസ്സ് ആരും കാണുന്നില്ല . ഇതാണോ തന്റെ പപ്പ ? എന്താ പപ്പാ ചിരിക്കാത്തത് ? മമ്മി പറഞ്ഞ പോലെ പൈലറ്റ് ആണെങ്കില്‍ യൂണിഫോമും തൊപ്പിയും കാണേണ്ടതല്ലേ ? നൂറു ചോദ്യങ്ങള്‍ നിറഞ്ഞ ആ മനസ്സ് ആകുലതയോടെ ഉറങ്ങാന്‍ കിടന്നു. അടുത്ത മുറിയില്‍ ഇന്നും അവരുടെ മമ്മി ഉറങ്ങാന്‍ കിടന്നത് തനിച്ചായിരുന്നു. ഈ ഒരു ഷോട്ടിലൂടെ മമ്മിയും പപ്പയും തമ്മിലുള്ള ബന്ധത്തിന്റെ നൂലിഴ എന്നെ പൊട്ടിപ്പോയിരിക്കുന്നു എന്നു സംവിധായകന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു .
തിങ്കളാഴ്ചത്തെ പകല്‍ വിരിയുന്നത് ആന്ദ്രെയും വാന്യയും അച്ഛന്‍ ഓടിക്കുന്ന കാറില്‍ അവധിക്കാലം ചിലവിടാന്‍ പോകുന്നതോടെയാണ് .കാറില്‍ മൂകമായ അന്തരീക്ഷം . പപ്പയുടെ പെരുംമാറ്റം വാന്യയെ കുറച്ചൊന്നുമല്ല ചൊടിപ്പിക്കുന്നത്. വിശക്കുന്നു എന്നു പറഞ്ഞിട്ടും പപ്പ കാര്‍ നിര്‍ത്താന്‍ കൂട്ടാക്കുന്നില്ല . പിന്നെ കുറെ കഴിഞ്ഞു ഒരിടത്തു നിര്‍ത്തിയപ്പോള്‍ അവിടെ കടകളെല്ലാം അടഞ്ഞു കിടക്കുന്നു . ആന്ദ്രേയോടു പോയി ഒരു ഭക്ഷണശാല അന്വേഷിച്ചു വരാന്‍ പറയുന്നു പപ്പ. കാറില്‍ വാന്യ മുഖം കടുപ്പിച്ചിരുന്നു. ഇടയ്ക്ക് റോഡിലൂടെ പോകുന്ന തടിച്ച സ്ത്രീകളുടെ നിതംബത്തിലാണ് പപ്പയുടെ കണ്ണു എന്നു വാന്യ കാണുന്നു. ഭക്ഷണ ശാല കണ്ടെത്താന്‍ വൈകിയതിനു ആന്ദ്രേക്ക് കണക്കിന് ശകാരം കിട്ടി . തീന്‍ മേശയില്‍ ഇരിക്കുമ്പോള്‍ വാന്യ പറഞ്ഞു "എനിക്ക് വിശക്കുന്നില്ല" മുപ്പതു സെക്കണ്ടിനുള്ളില്‍ സൂപ്പും ബ്രെ ഡും തിന്നു തീര്‍ക്കാന്‍ ഉള്ള പപ്പയുടെ കല്‍പ്പന അനുസരിക്കേണ്ടി വന്ന വാന്യ, കഴിച്ചെന്നു വരുത്തി ഇറങ്ങി . പണം കൊടുത്ത് വരാന്‍ പറഞ്ഞു വാല്ലറ്റ് (wallet) ആന്ദ്രേയ്ക്ക് നല്‍കി, പപ്പാ ഫോണ്‍ ചെയ്യാന്‍ ഇറങ്ങി . പണം കൊടുത്ത ശേഷം റോഡില്‍ നിന്ന ആന്ദ്രേയുടെ കയ്യില്‍ നിന്നു വാല്ലറ്റ് തട്ടിയെടുത്തു കുറെ തെരുവ് കുട്ടികള്‍ ഓടി , പപ്പാ പിന്നെ അവരെ ഓടിച്ചു പിടിച്ചു , തിരികെ കൊണ്ട് വന്നു , ആന്ദ്രേയോടും വാന്യയോടും നിങ്ങളെ ഇടിച്ചതുപോലെ അവരെ തിരിച്ചു ഇടിക്കാന്‍ പറഞ്ഞു . പപ്പയുടെ ഇത്തരം പെരുമാറ്റങ്ങള്‍ ഓരോ നിമിഷം കഴിയും തോറും രണ്ടുപേര്‍ക്കും അസഹനീയമാകുന്നു എങ്കിലും ,ആന്ദ്രേയ്ക്ക് അത് പുറത്തു കാണിക്കാന്‍ വയ്യ, ആ കുഞ്ഞു ഹൃദയം പപ്പയുടെ സ്നേഹത്തിനു വെമ്പുന്നു . എന്നാല്‍ വാന്യയ്ക്കാകട്ടെ ഈ " ആളെ " ഇത് വരെ പപ്പയായി അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ദേഷ്യം തീരാതെ പപ്പാ പറഞ്ഞു, "മതി പിക്നിക്.ഇനി രണ്ടു പേരും ബസ്സില്‍ വീട്ടിലേക്കു പൊയ്ക്കോ" . ദേഷ്യം കൊണ്ട് ചുവന്ന വാന്യ അലറി. "ഇതിനാണോ താങ്കള്‍ പന്ത്രണ്ടു വര്‍ഷത്തിനു ശേഷം വന്നത് ? ഞങ്ങളെ തല്ലാനും ശകാരിക്കാനും? അമ്മയും മുത്തശ്ശിയുമായി ഞങ്ങള്‍ക്കിവിടെ സുഖമായിരുന്നു . താങ്കള്‍ അത് കെടുത്തി"
ബസ്സില്‍ കയറി വാന്യ ഇരുന്നു . ഒരുപാട് ചിന്തകള്‍ കടന്നലുകള്‍ ആയി ഇരമ്പുന്ന വാന്യയുടെ മനസ്സ് നോക്കുക . ചാര്‍ളി ചാപ്ലിന്‍ തന്റെ ആത്മകഥയില്‍ താനും സഹോദരന്‍ സിഡ്നിയും അച്ഛനെ കാത്തിരുന്ന കഥയും കാലങ്ങളോളം അച്ഛന്‍ ഫോര്‍ക്കും കത്തിയും പിടിച്ചിരുന്ന രീതി വരെ താന്‍ അനുകരിച്ചിരുന്നതായും വിവരിക്കുന്നുണ്ട് .വാന്യയുടെ - തങ്ങള്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ലാത്ത എന്നാല്‍ കാണാന്‍ കൊതിക്കുന്ന "പിതാവിനെ" കാത്തിരിക്കുന്ന മുഴുവന്‍ കുട്ടികളുടെയും പ്രതീകമാണ് വാന്യ- മനസ്സും കൊതിച്ചത് ഇതൊക്കെതന്നെയാവണം.കൊതിച്ചതിനു വിപരീതം നേടിയ വാന്യ നഷ്ട ബോധത്തോടെ തലകുനിച്ചിരിക്കുമ്പോള്‍ , വീണ്ടു പപ്പാ പ്രത്യക്ഷപ്പെടുന്നു; മൂന്നു ദിവസത്തേക്ക് മീൻ പിടിക്കാനും ഒരു ദ്വീപ് കാണാനും കൊണ്ട് പോകാമെന്ന് സമ്മതിച്ചു കൊണ്ട് . ഇയാളെ തനിക്കു മനസ്സിലാവുന്നില്ലല്ലോ എന്ന ഭാവം ആണ് വാന്യയുടെ മുഖത്ത്. ഇവിടെ ആ ഭാവം വരുത്തണമെന്ന് നിർദേശിക്കാതിരിക്കാന്‍ റഷ്യയിലെ "നോവോസിബിര്‍സ്ക് ആക്റ്റേഴ്സ് സ്കൂളില്‍" (Novosibirsk Actors School) നിന്നു ബിരുദം നേടിയ സംവിധായകന്‍ Zvyagintsev ന് ആവില്ല തന്നെ; വാന്യയ്ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയ ഇവാന് ( Ivan Dobronravov), തന്നെ ഏല്‍പ്പിച്ച ദൌത്യം അനായാസം അഭിനയ മികവോടെ ചെയ്തു തീര്‍ക്കാതിരിക്കാനും.
തുടര്‍ന്ന് തികച്ചും നാടകീയവും സംഭ്രമജനകവുമാണ് "ദി റിട്ടേണ്‍"എന്ന ഈ സിനിമയിലെ മുഹൂര്‍ത്തങ്ങള്‍. മീന്പിടിക്കാന്‍ കുട്ടികള്‍ ആരവം കൂട്ടി. എല്ലാം സജ്ജമായപ്പോള്‍ അച്ഛന്‍ പറഞ്ഞു ."മതി , നമ്മള്‍ പോവുകയാണ്". വീണ്ടു വാന്യയുക്ക് കലി ബാധിച്ചു. തിരികെ കാറില്‍ വരുമ്പോള്‍ ഇക്കാര്യം പറഞ്ഞു കയര്‍ത്ത വാന്യയെ അച്ഛന്‍ വിജനമായ പാടത്തിനും ഒരു വലിയ പാലത്തിനും അരികില്‍ ഇറക്കി വിടുന്നു . വാന്യയുടെ മനസ്സ് ഇവിടെ വച്ചു വലിയവരുടെ ഒരു ലോകത്തിലേക്ക് പ്രവേശിക്കുന്നത് കാണാം . അവനില്‍ ഇനി കുട്ടിക്കളി ഇല്ല . വലിയവര്‍ കാട്ടിക്കൂട്ടുന്ന ഇത്തരം കൂത്തുകള്‍ വാന്യ ഇനി നേരിടാന്‍ പോവുകയാണ് . അനായാസം കാറില്‍ നിന്നു ഇറങ്ങിയ വാന്യ- ഈ പ്രതികരണംനേരത്തെ പ്രതീക്ഷിച്ചതാണ് - ചൂണ്ടയും എടുത്തു പാലത്തിന്മേല്‍ പിടിച്ചു വിദൂരതയിലേക്ക് നോക്കി നിന്നു. ചില ട്രക്കുകള്‍ വരുന്നു . വാന്യ ഏതിങ്കിലും ഒന്നില്‍ കയറിയേക്കും എന്നു കരുതിയ നമുക്ക് തെറ്റി. പകപോക്കുന്ന ഒരു മനോഭാവത്തോടെ മഴയില്‍ തണുത്തു വിറച്ചു, മുട്ടില്‍ മുഖം വച്ചു വാന്യ ഇരുന്നു. കുറെയേറെ നേരം കഴിഞ്ഞു , ഇരുട്ട് വീഴാന്‍ തുടങ്ങുമ്പോള്‍ അച്ഛന്‍ തിരികെ വന്നു, കാറില്‍ കേറിയ വാന്യ ഒന്ന് ദേഹം തുടയ്ക്കാന്‍ പോലും കൂട്ടാക്കിയില്ല .
വാന്യയുടെ സംശയങ്ങള്‍ മുറുകുകയാണ് . കുറെ വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛന്‍ തിരിച്ചു വരുന്നു . എന്നിട്ട് തങ്ങളോടു ഒരു ക്രൂരനെപ്പോലെ പെരുമാറുന്നു;ചെറിയ തെറ്റുകള്‍ക്കുപോലും.കാറിന്റെ ചക്രം ചെളിയില്‍ പുതഞ്ഞത് പുറത്തെടുക്കാന്‍ ആന്ദ്രേയ്ക്ക് കഴിയാത്തതിന് അകാരണമായി ആന്ദ്രെയേ അടിച്ചിരുന്നു പപ്പ.എന്നാല്‍ സ്വയം പപ്പ അത് ചെയ്യുന്നുമില്ല . കുട്ടികളെകൊണ്ടാണോ ഇത്തരം പണികള്‍ ചെയ്യിക്കുന്നത്? എന്തിനാണ് ഞാന്‍ ഈ "അച്ഛന്" വേണ്ടി ഇക്കാലമത്രയും കാത്തത് ? വലിയവരുടെ ലോകങ്ങള്‍ അവരുടേത് മാത്രമാണോ ? തങ്ങള്‍ അവിടെ ഒന്നുമല്ലേ ? ഒരിട പപ്പ ഒരു "gangster " ആയിരിക്കുമോ ? എന്തിനാണ് പപ്പ നിഗൂഢതകള്‍ കൊണ്ട് സംസാരിക്കുന്നത് ? നോട്ടത്തിലും ഭാവത്തിലും ഒരിറ്റു വാത്സല്യമോ സ്നേഹമോ പകരാത്തത് ?
വാന്യയുടെ ഈ ചിന്തകള്‍ പ്രശസ്ത സ്വിസ്സ് ശിശു മനഃശാസ്ത്രവിദഗ്ദ്ധന്‍ ജീന്‍ പിയാഷേ ( Jean Piaget ) യുടെ അഭിപ്രായങ്ങളുമായി കൂട്ടി വായിക്കേണ്ടതുണ്ട്. കുട്ടികള്‍ മുതിര്‍ന്നവരെപ്പോലെ ചിന്തിക്കുന്നില്ല.കുശാഗ്രബുദ്ധിയായ, എന്നാല്‍ പ്രായേണ യുക്തിരഹിതം എന്നു തോന്നിപ്പിക്കുന്ന "കുട്ടികളുടെ യുക്തി" പലപ്പോഴും മുതിര്‍ന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത പ്രമാണ ശാസ്ത്രങ്ങളായി വര്‍ത്തിക്കുന്നു എന്ന പിയാഷെയുടെ നിഗമനത്തെ " ഒരു ജീനിയസ്സിനു മാത്രം മനസ്സിലാക്കാനാവുന്ന എന്നാല്‍ ഏറ്റവും ലളിതമായ കണ്ടുപിടുത്തം എന്നാണ് ഐന്‍സ്റീന്‍ വിശേഷിപ്പിച്ചത്.ഇത്തരം യുക്തികള്‍ വാന്യ ഒരുപാടു പ്രകടമാക്കുന്നു . വാന്യയുടെ പ്രായം ഒരു പതിന്നൊന്നു വയസ്സില്‍ കൂടില്ല . ഇത്തരക്കാരുടെ മാനസിക അവബോധത്തെ , അതിന്റെ വളര്‍ച്ചയുടെ ഘട്ടത്തെ " Concrete Operational " - വസ്തുക്കളെയും പ്രതിഭാസങ്ങളേയും കുറിച്ച് യുക്തിപൂര്‍വ്വം ചിന്തിച്ചു തുടങ്ങുന്ന മാനസിക അവബോധത്തിന്റെ കാലഘട്ടം - എന്നാണ് പിയാഷേ വിശേഷിപ്പിക്കുന്നത്. കുട്ടികളുടെ ഇത്തരം ചിന്താധാരകളെക്കുറിച്ചു മരിയ മോന്ടിസ്സോരിയും പവ്ലോ ഫ്രെയരും നടത്തിയ പഠനങ്ങളും ഇതു വെളിപ്പെടുത്തുന്നു. ഇത്തരം യുക്തിയോടെ ചിന്തിച്ചു തുടങ്ങുന്ന ഒരു മനസ്സ് ആണ് വാന്യയ്ക്ക് കൈവരുന്നത്. ഈ മനസ്സിന് കോര്‍ത്തിണക്കിയ വിവിധ ദൃശ്യങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ വസ്തുതകളെ ഒരു പ്രത്യേക അളവുകോലില്‍ ബന്ധിക്കാനാവും. സ്നേഹോഷ്മളമായ സാഹചര്യത്തില്‍ അല്ലാതെ ഇത്തരം യുക്തിചിന്ത കുട്ടികള്‍ക്ക് കൈവരുന്നത് വിരുദ്ധ മനോവ്യാപാരങ്ങള്‍ ആണ് സൃഷ്ടിക്കുക. എന്തിനെയും വെറുപ്പോടെ കാണുന്ന , അക്രമവാസനകള്‍ നിറഞ്ഞ , സമൂഹം വെറുക്കുന്ന ഒരു "റിബല്‍" ഉണ്ടായിവരാന്‍ ഉള്ള സാധ്യതകള്‍ ഇവിടെ ഏറി നില്‍ക്കുന്നു.പപ്പയോടുള്ള "വെറുപ്പ് " എന്ന അവസ്ഥയില്‍ വാന്യ എത്തുന്നതു ഇപ്രകാരമാണ്.
മറ്റൊരു മനഃശാസ്ത്രവിദഗ്ദ്ധന്‍ ആയ ലെവ് വ്യ്ഗോറ്സ്കി തന്റെ സാമൂഹ്യ- സംസ്കാര സിദ്ധാന്തത്തില്‍ (Sociocultural Therory) പറയുന്നത് ഇപ്രകാരമാണ്. "Parents,caregivers,peers,and the culture at large were responsible for the development of higher order functions". പൌരസ്ത്യര്‍ പിന്തുടരുന്ന "മാതാ, പിതാ ഗുരു " കാഴ്ചപ്പാട് തന്നെയാണ് ഇതും. വാന്യയ്ക്ക് നിഷേദ്ധിക്കപ്പെടുന്ന ഈ "പോറ്റല്‍" (upbringing ) അവനെ "കുട്ടികള്‍ ചെന്നെത്തുന്ന വലിയ ലോകങ്ങള്‍ " കാണിക്കുന്നു .
സിനിമ മുന്നോട്ടു പോകുന്നു. പപ്പ വീണ്ടും അവരെ ഒരു ദ്വീപിലേക്ക് കൊണ്ടുപോയി. ബോട്ട് ടാര്‍ ചെയ്യിപ്പിച്ചത് ആന്ദ്രേയ്യെക്കൊണ്ട് .ബോട്ട് കുട്ടികളെക്കൊണ്ട് തന്നെ തുഴയിച്ചു , അല്‍പ്പം രസിച്ചു എങ്കിലും വാന്യ പറഞ്ഞു."പപ്പയ്ക്ക് നല്ല ആരോഗ്യമുണ്ടല്ലോ ? ഒന്ന് തുഴ്ഞ്ഞൂടെ" ? ഒരുതരത്തില്‍ ദ്വീപിലെത്തി . മീന്‍ പിടിച്ചത് ചുട്ടു തിന്നു കൊണ്ട് അവര്‍ തീ കാഞ്ഞു . പപ്പാ കുടിക്കുന്നുണ്ടായിരുന്നു .പപ്പാ മീന്‍ തിന്നാതിരുന്നത് എന്ത് കൊണ്ടായിരിക്കും ? വാന്യ ചിന്തിച്ചു.രാത്രി ടെണ്ടിനുള്ളില്‍ " അമ്മ കാണിച്ചു തന്ന അച്ഛന്‍ ഇതാ " എന്നു ചിന്തിച്ചു, കരഞ്ഞുകൊണ്ട് വാന്യ ഉറങ്ങി . ഒരിട കുറച്ചു തമാശകള്‍ പറഞ്ഞു കൊണ്ട് പപ്പയുമായി സ്നേഹം ഉറപ്പിക്കാന്‍ ആന്ദ്രെ ഒരു ശ്രമം നടത്തുണ്ട് . അത് വേഗം അവസാനിപ്പിച്ചു. പപ്പാ അവരുടെ അടുത്തുനിന്നു എണീറ്റ് പോയി . വാന്യ നിസ്സംഗതയോടെ ഇരുന്നു ,വരാന്‍ പോകുന്നത് ഏകദേശം ഇതിനകം അവനു മനസ്സിലായി ത്തുടങ്ങിയിരുന്നു. ദ്വീപു ചുറ്റി നടക്കാന്‍ വിളിച്ച പപ്പയുടെ കൂടെ ആന്ദ്രെ പോയി. എന്നാല്‍ വാന്യയ്ക്ക് അതിഷ്ടമായില്ല . ഭക്ഷണം കഴിച്ചു തീരാന്‍ വൈകിയത്തിനു പപ്പാ അവനെക്കൊണ്ട് പാത്രങ്ങള്‍ കഴുകിച്ചിരുന്നു . വാശിയോടെ അവന്‍ പപ്പയുടെ പാത്രം തടാകത്തില്‍ ഒഴുക്കി കളയുകയും ചെയ്തു. പിന്നീട് വാന്യ അവരെ പിന്തുടര്‍ന്നു. വീണ്ടു ഒരു വലിയ ടവര്‍ പ്രത്യക്ഷപ്പെടുന്നു. വാന്യയ്ക്ക് ഉയരം പേടിയാണെന്ന് പറഞ്ഞു പപ്പയോടൊപ്പം ആന്ദ്രെ ടവറില്‍ കയറി . വാന്യ താഴെ നിന്നു . വളരെ പ്രതീകാത്മകമായി ഉയരത്തിലുള്ള ഈ ടവറുകള്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത് കാണാം. ഉയരങ്ങള്‍ കൊതിക്കുന്ന വാന്യയുടെ മനസ്സുപോലെ.താഴെ നില്‍ക്കുന്നവര്‍ എപ്പോഴും കുട്ടികളും അവര്‍ കൊതിക്കുന്ന ഉയരം വലിയവരുടേതുമാണ്.എന്നാല്‍ അവനു (കുട്ടികള്‍ക്ക് ) അവിടെ എത്താന്‍ ഒരു താങ്ങ് വേണം . ആ താങ്ങ് അവന്‍ പപ്പയില്‍ നിന്നു കൊതിക്കുന്നുണ്ട് താനും .
"ദി റിട്ടേണ്‍"ഉദ്യോഗ ജനകമായ അവസ്ഥകളിലേക്ക് കടക്കുകയാണ്. വാന്യയ്ക്കും ആന്ദ്രേയ്ക്കും മീന്‍ പിടിക്കാന്‍ പോകണം. പപ്പയോടു അനുവാദം ചോദിച്ചു. വാന്യയുടെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് പപ്പാ വാച്ചൂരി ആന്ദ്രേയ്ക്ക് കൊടുത്തിട്ട് പറഞ്ഞു , മൂന്നു മുപ്പതിന് തിരികെ വരണം . പപ്പയെ വീണ്ടും വാന്യക്ക് മനസ്സിലാകാതെ ആകുന്നു. പപ്പയുടെ പെരുമാറ്റങ്ങള്‍ പലപ്പോഴും പലതാണ് . ചിലപ്പോള്‍ ഒരു മാലാഖ ചിലപ്പോള്‍ ഒരു പിശാചു.ഇതില്‍ ഏതായിരിക്കും പപ്പയുടെ യഥാര്‍ത്ഥ മുഖം ?
മീൻ പിടിക്കുന്നതിനിടയില്‍ വാന്യയും ആന്ദ്രെയും ഒരു കപ്പലിനുള്ളില്‍ കയറിക്കൂടി , ഒരു വലിയ മീനിനെ പ്പിടിക്കുന്നു. തിരികെയെത്തുമ്പോള്‍ സമയം ക്രമാതീതം വൈകി . കളിയിലകിയ പപ്പാ ആണ്ട്രെയേ തലങ്ങും വിലങ്ങും പ്രഹരിക്കാന്‍ തുടങ്ങി . വാന്യ വിളിച്ചു പറഞ്ഞു " ആന്ദ്രെയല്ല, ഞാന്‍ കാരണം ആണ് നേരം വയ്കിയത്" . അതൊന്നും ശ്രദ്ധിക്കാതെ ഒരു കോടാലി ആന്ദ്രേയുടെ നേരെ ഓങ്ങിയ പപ്പയെക്കണ്ട് പകച്ച വാന്യ, നേരത്തെ മോഷ്ടിച്ച് വച്ച പപ്പയുടെ പേനാക്കത്തി എടുത്തു പപ്പയെ കൊല്ലും എന്നു പറയുന്നു .
വാന്യയുടെ വാക്കുകള്‍ നോക്കുക
" if you werent evil , i love you . ഈ വാക്കുകളിലൂടെ താന്‍ കാണുന്ന പപ്പാ ഒരു പിശാചു (evil) തന്നെ എന്നു വാന്യ ഉറപ്പിക്കുന്നു .വാന്യ ദ്വീപിലൂടെ ഓടി . പപ്പാ പുറകില്‍ ഉണ്ട്. പേടി എന്നാ വികാരം മറന്നു വാന്യ നേരത്തെ കണ്ട ആ വലിയ ടവറില്‍ കയറി. പപ്പ പിന്നാലെ . മുകളിൽ എത്തിയ വാന്യ മുകളിലേക്കുള്ള വാതില്‍ അടച്ചു, തന്നെ തിരഞ്ഞു മുകളിലേക്ക് വന്നാല്‍ ചാടുമെന്നു ഭീഷണിപ്പെടുത്തി പപ്പയെ . വാന്യയെ എത്തിപ്പിടിക്കാനുള്ള ശ്രമത്തില്‍ പപ്പാ താഴെ വീണു മരിക്കുന്നു . നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സില്‍ ആണ് സ്വ്യഗിന്റ്സെവ് ഇവിടെ നമ്മെ കൊണ്ടുവന്നു നിര്‍ത്തുന്നത് .
വാന്യ അലറിക്കരഞ്ഞു . തന്റെ മനസ്സിലുള്ള മാലാഖയുടെ മുഖമുള്ള പപ്പാ മരിച്ചു കിടക്കുന്നത് അവന്‍ കണ്ടിരിക്കും . തുടര്‍ന്നാണ് Ivan Dobronravov (Vanya ),Vladimir Garin (Andrey) എന്നീ ബാലപ്രതിഭകള്‍ "ദി റിട്ടേണ്‍"എന്ന സിനിമയില്‍ എത്ര സുഖകരമായ അഭിനയമുഹൂര്‍ത്തങ്ങള്‍ ആണ് സമ്മാനിച്ചിരിക്കുന്നത് എന്നു നമുക്ക് മനസ്സിലാവുക . തങ്ങള്‍ എത്തിച്ചേര്‍ന്ന ഈ വലിയവരുടെ ലോകത്തില്‍ പകച്ചു നില്‍ക്കുകയാണ് രണ്ടു സഹോദരങ്ങളും. ആ പകപ്പ് നാമമാത്രമായിരുന്നു .
പപ്പയുടെ നിര്‍ജ്ജീവ ശരീരം അവര്‍ വലിച്ചിഴച്ചു , ബോട്ടില്‍ കൊണ്ടുവന്നു , തിരികെ ബോട്ട് തുഴഞ്ഞു കരയില്‍ എത്തിച്ചു. ഇനി കാറിലേക്ക് കൊണ്ട് പോകണം.
അതിനു മുന്‍പേ പപ്പയുടെ ശരീരം കൊണ്ട് , കെട്ടു പൊട്ടിയ ആ ബോട്ട് തടാകത്തിലേക്ക് ഒഴുകി നീങ്ങുകയും ഒടുവില്‍, സിനിമയുടെ തുടക്കത്തില്‍ കണ്ടത് പോലെ മുങ്ങിതാഴ്ന്നു പോകുന്ന ഒരു ബോട്ടിന്റെ സീന്‍ സമ്മാനിച്ചുകൊണ്ട് അപ്രക്ത്യക്ഷമാകുകയും ചെയ്യുന്നു. തീരത്ത് പകച്ചു നില്‍ക്കുന്ന എന്നാല്‍ ദൃഢചിത്തനായ വാന്യയെ കാണിച്ചു തന്നു സിനിമ അവസാനിക്കുന്നു.
വാന്യയും ആന്ദ്രെയും നമുക്ക് സമ്മാനിക്കുന്നത് ഒരു വലിയ തിരിച്ചറിവാണ് . കുട്ടികള്‍ മാതാപിതാക്കളുടെ സ്നേഹവും ലാളനകളും അളവില്ലാതെ ആഗ്രഹിക്കുന്നുണ്ട് .
കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നാം അത് കണ്ടില്ലെന്നു നടിച്ചുകൂടാ.ഒരിക്കലും തന്നെ ഭയപ്പെടുത്തുന്ന, ഒരു അദൃശ്യ സാന്നിധ്യം തന്റെ പിന്നില്‍ നില്‍ക്കുന്നു ( ഇത്തരത്തില്‍ തനിക്കു പിന്നില്‍ ആരോ തന്നെ ഉപദ്രവിക്കാന്‍ കാത്തുനില്‍ക്കുന്നു എന്നു വാന്യ അനുഭവിക്കുന്നുണ്ട് എന്ന തരത്തില്‍ ആകരുത് കുട്ടികളോടുള്ള നമ്മുടെ സമീപനം.കുട്ടികളുടെ മനോവ്യാപാരങ്ങള്‍ക്കും, അവരുടെ "വലുതാകലിനും" (reaching maturity) മാതൃക ആവേണ്ടത് മാതാപിതാക്കളുടെ ഒരുമയാണ്.
ഇനിയും കുരുന്നുകളെ നാം വിപ്ലവകാരികള്‍ ആക്കിക്കൂടാ എന്ന ഒരു തിരിച്ചറിവ് തരുന്നു ഈ സിനിമ. നല്ല "parenting "ന് നേടിയെടുക്കേണ്ട ചിന്താ സരണികള്‍ കണ്ടെത്താന്‍, അതിലേക്കു മടങ്ങിവരാന്‍ "ദി റിട്ടേണ്‍" എന്ന സിനിമയിലൂടെ Andrei Zvyagintsev ആഹ്വാനം ചെയ്യുന്നു . നമുക്കിടയില്‍ മറ്റൊരു വാന്യ സൃഷ്ടിക്കപ്പെടാതിരിക്കട്ടെ.
( http://www.malayalanatu.com/index.php/-/876-2011-09-04-13-41-57 )
Subscribe to:
Post Comments (Atom)
No comments:
Post a Comment