Malayalam Bloggers

Wednesday, September 17, 2008

ഒരു തുടക്കം...

മുന്‍പ് എഴുതിയതൊക്കെ ഇപ്പോള്‍ എവിടെ എന്ന് ചോദിച്ചാല്‍ ഒരു പിടിയുമില്ല. വളരെ മുന്‍പായിരുന്നു തുടക്കം.ഏകദേശം പത്താം തരത്തില്‍ ആയിരുന്നിരിക്കണം, മലയാളം മാഷ്‌ ശ്രീ ധര്‍മരാജ് ആയിരുന്നു എന്നെ വായനയുടെ ലോകത്തേക്ക് കൊണ്ടുവന്നത്. പലതരം പുസ്തകങ്ങള്‍.. കവിതകള്‍. കഥകള്‍.. ലേഖനങ്ങള്‍ .. അങ്ങനെ അങ്ങനെ.. ഒരുപാടു. മാഷ്‌ പലപ്പോഴും ശാകുന്തളം പോലുള്ള കവിതഭാഗങ്ങള്‍ നല്ലവണ്ണം പടി അഭിനയിച്ചു കാണിക്കുമായിരുന്നു.ശകുന്തളയുടെ കാലില്‍ മുള്ള് കൊള്ളുന്നതും കാവ്യനര്‍ത്തകിയിലെ "അയ്യോ പോവല്ലേ പോവല്ലേ ദേവി " എന്ന ഭാഗവും ഇപ്പോഴും ഇന്നലെ എന്ന പോലെ എനിക്ക് ഓര്‍മയില്‍ നില്ക്കുന്നു.

പിന്നെ ഡിഗ്രിയും പിജിയും ചെയ്യുമ്പോഴും ജേര്‍ണലിസം ചെയ്യുമ്പോഴും ഒരുപാടു വായിച്ചു. അങ്ങനെ ഉള്ളൂരും,ബഷീറും,എം ടിയും, കക്കാടും, കടമ്മനിട്ടയും, പിന്നെ ചങ്ങമ്പുഴ, ഓഎന്‍വി ,ചുള്ളിക്കാട്,മധുസൂദനന്‍ നായര്‍, സുഗതകുമാരി, വിജയലക്ഷ്മി, സാറ ടീച്ചര്‍, സി വി ബാലകൃഷ്ണന്‍ അങ്ങനെ ഒത്തിരി എഴുത്തുകാരുമായി ചങ്ങാത്തം കിട്ടി.

അന്ന് എഴുത്തെല്ലാം നോട്ട് ബുക്കില്‍ ആയിരുന്നു. പിജി കാലത്തു ഒരു കവിത മാതൃഭൂമിയില്‍ മുഖം കാട്ടുകയും ചെയ്തു. പിന്നെ ജീവിതകുരുക്കുകള്‍ക്കിടയില്‍ ആയിരുന്നിരിക്കാം കവിതയും എഴുത്തും നിന്നു പോയി. ഉണ്ടായിരുന്നെങ്കില്‍ തന്നെ അവയെല്ലാം വെറുമൊരു താളിലും നേരം പോക്കിലുമായി ചുരുങ്ങി.ആദ്യമായി എന്തെങ്കിലും കുത്തികുറിച്ചതിനു ശേഷം ആണ്ടുകള്‍ പലതു കഴിഞ്ഞിരിക്കുന്നു ...

ഇപ്പോള്‍ ഞാന്‍ എന്തെകിലും എഴുവാന്‍ ശ്രമിക്കട്ടെ...



No comments: