കൃഷ്ണപുരം ഗ്രാമം . അവിടെയാണ് അവന്‍റെ അമ്മയുടെ വീട് .തൃശൂര്‍ നിന്നു ആറ് കി.മി യാത്ര ചെയ്താല്‍ എത്താവുന്ന ദൂരമേയുള്ളൂ. ശാന്തസുന്ദരമായ ഗ്രാമം. നിറച്ചും വയലുകള്‍, കുളങ്ങള്‍, ടാര്‍ ഇല്ലാത്ത മണ്ണ് റോഡുകള്‍, ഇല്ലിമുള്‍ വേലികള്‍ വളച്ച് കെട്ടിയ പറമ്പുകള്‍, പിന്നെ കാവുകള്‍, വിവിധ പ്രതിഷ്ഠകള്‍ ഉള്ള ക്ഷേത്രങ്ങള്‍, അങ്ങനെ എന്തെല്ലാം. അവനു എട്ടു വയസ്സ് കാണും. അമ്മയുടെ വീട്ടില്‍ അമ്മമ്മയും അപ്പുപ്പനും ഇളയമ്മയും വലിയച്ചന്‍, കൊച്ചച്ചന്‍ പിന്നെ കുഞ്ഞച്ചന്‍ എന്നിവരും ഉണ്ട്. പേരകുട്ടിയായി അവന്‍ വിലസി നടക്കുന്നു .ഒന്നിനും മുട്ടില്ല. മിട്ടായികള്‍, പുതിയ ഉടുപ്പുകള്‍, കളിക്കോപ്പുകള്‍, പിന്നെ പറിച്ചു തിന്നാന്‍ നല്ല ചൊളയന്‍ ചക്ക, മയില്‍ പീലി , മൂവാണ്ടന്‍, കപ്പ്ലിമൂചി അങ്ങനെ നാടന്‍ മാങ്ങകള്‍ , മഞ്ഞയും ചുവപ്പും നിറമുള്ള കശുമാങ്ങകള്‍ എല്ലാം ഉള്ള കാലം.
വയ്ക്കോല്‍ കെട്ടുകള്‍ നിറച്ചു കുടമണികള്‍ കിലുക്കി കാളവണ്ടി വരുന്നതു ദൂരെ നിന്നു തന്നെ കേള്‍ക്കാം. നല്ല ചു ണയന്‍ കാള കുട്ടന്മാര്‍ രാമന്‍ എന്നാണ് കാള വണ്ടിക്കാരന്‍റെ പേര്. അരയില്‍ ഒരു ചെറിയമുണ്ട് മാത്രം. നീളത്തിലുള്ള ചാട്ടയും പിടിച്ചു നുകത്തിനടുത്തായി എന്തൊരു ഗമയിലുള്ള ഇരുപ്പ്. കാണേണ്ടത് തന്നെ. രാമേട്ടന്‍ കാള വണ്ടി വഴിയരുകില്‍ മുറ്റത്തിനുമുന്നിലായി നിറുത്തും പിന്നെ പതുക്കെ കാള കുട്ടന്‍മാരോട് ചുണ്ട് കോട്ടി ഒരു വികൃത ശബ്ദം ഉണ്ടാക്കും. 'അടങ്ങി ഒതുങ്ങി നിക്ക് മൂര്യെ ' എന്നാണ് അതിനര്‍ത്ഥം. പിന്നെ വണ്ടിക്കടിയില്‍ നിന്നു ഒരു കെട്ട് പച്ചപുല്ലെടുത്തു രണ്ടു പേര്‍ക്കുമായി പകുത്തു കൊടുക്കും. കുട്ടന്മാര്‍ പുല്ലു തിന്നാന്‍ തുടങ്ങിയാല്‍ രാമന്‍ നീട്ടി വിളിക്കും.
"ഈനാശേട്ടന്‍ ഇല്യേ ബടെ " പൂയ് ഇങ്ങട് വായൊട്ട, ഞാന്‍ കന്ന് അളക്കാന്‍ പൂവ്ണ് ..
അവന്‍റെ അപ്പുപ്പന്‍ ആണ് ഈനാശു. പട്ടാളത്തില്‍ നിന്നു പെന്‍ഷന്‍ ആയി, പിന്നെ ആകാശവാണിയില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി സേവനം ചെയ്യുന്നു.
പിന്നവിടെ ഒരു സ്ഥിരം സംഭാഷണം നടക്കും
"എന്താ രാമാ കൊറേ ആയല്ലോ നീ ഇങ്ങട് വന്നിട്ട്?"
"എത്രെണ്ട് ഇപ്പൊ ? ഒരു രണ്ടായിരം കന്ന് ഇട് "
കുശലപ്രശ്നങ്ങള്‍ക്കിടെ രാമന്‍ രണ്ടായിരം കന്ന് വയ്ക്കോല്‍ ഇട്ടുകഴിയും.
ഡാ ക്ടാവേ , നീയാ എണ്ണം അങ്ങട് പിടിച്ചേ
അവനെ നോക്കി അപ്പുപ്പന്‍ പറയും
എണ്ണാന്‍ ഏല്‍പിച്ച അവന്‍ പത്തു പ്രാവശ്യം എണ്ണി, കണക്കു പിഴച്ചു നില്‍ക്കവേ , കന്ന് എല്ലാം ഇറക്കി ,പുല്ലു തീറ്റ കഴിഞ്ഞ കുട്ടന്മാരെ ഒന്നു തലോടി വീണ്ടും ആ വികൃത ശബ്ദം ഉണ്ടാക്കി രാമന്‍ ഒറ്റ ചാട്ടത്തിനു നുകപ്പടിയില്‍ കയറിക്കൂടും.ചാട്ട ചുറ്റി അടിച്ച് കുട്ടന്മാരെ തെളിച്ചു മൂപ്പര്‍ യാത്രയാകും.ഞങ്ങള്‍ വയ്ക്കോല്‍ ചുമന്നു തൊഴുത്തിന്‍റെ മുകളിലെ തട്ടില്‍ കയറ്റുന്ന തിരക്കിലേക്കും ..
No comments:
Post a Comment