Malayalam Bloggers

Tuesday, August 4, 2009

പാറപ്പുറത്തേക്കു പോകുന്നത്!!



എസ് എന്‍ ഡി പി അമ്പലത്തിന്‍റെ അരികു ചേര്‍ന്ന് കിടക്കുന്ന നാട്ടുവഴിയിലൂടെ വേണം പാറപ്പുറത്ത് എത്താന്‍ .പാറപ്പുറത്തേക്കു പോകുന്നത് എനിക്കിഷ്ടമാണ്.കാഴ്‌ചകള്‍ കാണാം.നിറച്ചും കാഴ്ചകള്‍.വഴി നീളെ കണികൊന്ന പൂത്തു നില്‍ക്കുന്നുണ്ടാവും.പിന്നെ പേരറിയാ മരങ്ങള്‍, ചെടികള്‍, പൂവുകള്‍.മുള്ളുവേലികള്‍ കെട്ടി തിരിച്ച പറമ്പുകള്‍.
കൊച്ചു മീന്‍ തുള്ളുന്ന കനാല്‍...
പിന്നെ ആനക്കുളം.എനിക്ക് അത്ഭുതമായി അതങ്ങനെ കിടക്കുന്നു
ഹോ എന്തൊരു വലുപ്പം എന്തൊരു ആഴം.പകുതിയോളം വെള്ളം നിറഞ്ഞ കുളം.ഒന്ന് എത്തി നോക്കണമെങ്കില്‍ അമ്മുമ്മയുടെ കണ്ണ് വെട്ടിക്കണം
പണ്ട് ഇവിടെ കുളിപ്പിക്കാന്‍ ഇറക്കിയ ഒരു ആന മുങ്ങിപ്പോയത്രേ . അങ്ങനെയാണ് ആനക്കുളം എന്ന പേര് വീണത്‌ എന്ന് അമ്മുമ്മ ഭാഷ്യം. ഞാന്‍ അമ്മുമ്മയുടെ കയ്യും പിടിച്ചു , പാല്‍ നിറച്ച കുപ്പികളുമായി അയല്പക്കക്കാര്‍ക്ക് പാല്‍ കൊടുക്കാനുള്ള പോക്കാണ്.പോക്കുവെയില്‍ വീണ പാത .ടാര്‍ ഇല്ലാത്ത നാടന്‍ മണ്ണ് വഴി .പാറപ്പുറത്താണ് എന്‍റെ കൂട്ടുകാര്‍ മുഴുവനും.ഗോലികളിയും പുളി മരത്തില്‍ എറിഞ്ഞു പുളി വീഴ്ത്തുന്നതുമാണ് ഞങ്ങളുടെ പ്രിയ വിനോദം.കളികളില്‍ ഞാന്‍ എന്നും പിന്നിലായിരുന്നു എന്നാലും ഒരുമിച്ചു കളിയ്ക്കാന്‍ ബഹുരസം.കുറച്ചകലെ നാഷണല്‍ ഹൈവയില്‍ നിറച്ചും ലോറികള്‍ , തമിഴ്നാട്ടിലേക്കാവും.ഇവിടെ നിന്ന് നോക്കിയാല്‍ തിരുവാനിക്കാവ്‌ ക്ഷേത്രം കാണാം. അമ്പലപ്പറമ്പില്‍ നിക്കുന്ന ഗജരാജന്‍. അന്നേ എനിക്ക് ആനകളെ പേടിയായിരുന്നു. കാണുവാന്‍ വളരെ പ്രിയവും .

ഇരുട്ട് വീഴാന്‍ തുടങ്ങുബോള്‍ ഞങ്ങള്‍ മടങ്ങും. ഒഴിഞ്ഞ പാല്‍ കുപ്പികളുമായി. ചെന്നിട്ടു വേണം സീതയ്ക്കും ജാനകിക്കും രമണിക്കും കുട്ടനും പുല്ലും വൈക്കോലും കൊടുക്കാന്‍ ....

No comments: