Malayalam Bloggers

Thursday, December 29, 2011

ദാനത്തിന്റെ നാല്പതാമത്തെ ക്രിസ്തുമസ്


ദാനത്തിന്റെ നാല്പതാമത്തെ ക്രിസ്തുമസ് !

നക്ഷത്ര വിളക്കുകള്‍ മിന്നി കത്തുകയും പെട്രോ മാക്സ് വിളക്കുകള്‍ മുനിഞ്ഞു കത്തുകയും ചെയ്തു തുടങ്ങിയിരുന്നു. , കരോള്‍ ഗാന കോലാഹലങ്ങളോടെ കുട്ടികളും , മുതിര്‍ന്നവരും ക്രിസ്മസ് സാന്റായും തങ്ങളെ കടന്നുപോകുമ്പോള്‍ സമയം ഏതാണ്ട് അര്‍ദ്ധരാത്രി പിന്നിടുകയായിരുന്നു എന്ന് ശാന്തമാക്കന്റെ എണ്ണമയമുള്ള പായയില്‍ എണീറ്റിരുന്നു ഒരു ബീഡിക്ക് തീ കൊടുക്കുമ്പോള്‍ ദാനം ആലോചിച്ചു. ഇപ്പോള്‍ സമയം പുലര്‍ച്ചെ രണ്ടിനോടടുക്കുന്നു ..

ഓലത്താന്നി കയറ്റത്തുള്ള കട അടച്ചു, ഇറക്കത്തെയ്ക്ക് നോക്കി , അനിയന്‍ വിത്സന്റെ കട അടച്ചു എന്നു ഉറപ്പു വരുത്തി ,അവനെയും കാത്തു നിന്ന് നേരം പതിനൊന്നിനോട് അടുക്കുമ്പോഴാണ് ദാനവും അനിയന്‍ വിത്സനും വീടിനെ ലക്ഷ്യം വച്ച് നടക്കാന്‍ തുടങ്ങിയത്. കരോള്‍ സംഘം തങ്ങളെ കടന്നു പോയപ്പോള്‍ ശാന്തമാക്കന്റെ വീട് വിലക്കപ്പെട്ട കനിയുടെ സ്വാദോടെ, ദാനത്തിനു മുന്നില്‍ ഒര് ഏദന്‍ തോട്ടം പോലെ ഹരിതം വിരിച്ചു നിന്നു. അതോടെ ആ ഓലവീടിനു നേരെ ചേട്ടന് ഒരു ചെരിവ് ഉണ്ടായത് കണ്ടു വിത്സന്‍ ഇപ്രകാരം ശാസിച്ചു

"ദാനണ്ണാ. നിങ്ങള് ഇത് എന്തെരു പണികള് കാണിക്കണത് ? ചൊല്ലുവിളിക്ക് നടക്കാതെയാണാ ഇതിപ്പ .ഇനിയെപ്പഴാണ് വീട്ടിലാട്ടു വരണത് ?
അഞ്ചു സെല്‍ ഏവറെടി ഉള്ള ഒരു നെടുങ്കന്‍ ടോര്‍ച്ചു തെളിച്ചു ശാന്തമാക്കന്റെ വീട് ലക്ഷ്യം വയ്ച്ചു നടക്കുന്നതിനിടയില്‍ തിരിഞ്ഞു നിന്ന് ദാനം എറിഞ്ഞു കൊടുത്ത ഒരു തെറി കേട്ടില്ല എന്ന് നടിച്ചു , ഒരു കോട്ടുവായിട്ടു കൊണ്ട് വിത്സന്‍ വീട്ടിലേക്കു നടന്നു.

രണ്ടരയ്ക്കെങ്കിലും വീടു പറ്റണം എന്ന്ന ചിന്ത ബീഡിയുടെ കനലില്‍ കണ്ട ദാനം , ഒര് നീണ്ട ഒര് ഏമ്പക്കം വിട്ടു വയര്‍ ഒന്ന് അമര്‍ത്തി തടവി പായില്‍ നിന്നു എഴുന്നേറ്റ് മുറിയുടെ പുറത്തേക്കു കടന്നു. നാളെ വരുമ്പോള്‍ ഒര് ബ്ലൌസിന്റെ തുണി കൊണ്ടുവരണം ദാനണ്ണാ എന്നു പിന്നില്‍ നിന്നു കേട്ടതിനു അലക്ഷ്യമായി മൂളിക്കൊണ്ട് , രണ്ടു ദിവസം കഴിഞ്ഞാല്‍ ക്രിസ്മസ് ആണല്ലോ എന്നും കടയില്‍ അത്യാവശ്യം വില്പന ഉണ്ടാക്കാന്‍ , അത് അടുത്തുള്ള പീടിക മുറിയിലെ നിരന്തര വൈരി 'വകെളി' ബാലനെക്കാള്‍ നേരത്തെ തുറക്കണമെന്നും, മുന്നോടിയായി കുറഞ്ഞത്‌ ഒര് അഞ്ചു മണിക്കൂര്‍ ഉറക്കമെങ്കിലും പാസ്സാക്കണം എന്നും ഉള്ള ഓര്‍മയില്‍ ദാനം എദേന്‍ തോട്ടത്തില്‍ നിന്നിറങ്ങി വീട് ലക്ഷ്യം വച്ചു നീട്ടി വലിച്ചു നടന്നു. കട തുറന്നിട്ട്‌ എന്ത് വില്‍ക്കും എന്ന ചിന്തയാല്‍ ദാനത്തിന്റെ മനസ്സ് വ്യാകുലമായത് മറ്റന്നാള്‍ പിറക്കാന്‍ പോകുന്ന ഉണ്ണി ഈശോ കാണുന്നുണ്ടായിരുന്നു. തല്കാലത്തെയ്ക്ക് ശാന്ത്മ്മാക്കന്‍ എദേന്‍ തോട്ടത്തിന്റെ ഉടമസ്ഥാവകാശം കയ്യാളിയതും ദാനം അവിടെ നിന്നു വിലക്കപ്പെട്ട കനി പറിച്ചതും ഉണ്ണി ഈശോ മനപ്പൂര്‍വം മറന്നു കളഞ്ഞിരുന്നു

വിക്ടറി സ്കൂളിന്റെ തിരിവ് കഴിഞ്ഞതെ ഉള്ളൂ . ആര്‍ത്തു തല്ലി വന്നു, ആകാശത്ത് കിഴക്കു നിന്ന് വന്ന രാജാക്കന്മാര്‍ക്ക് വഴികാണിച്ച ഒറ്റ നക്ഷത്ര പ്രഭ കണക്കെ ഒര് ജീപ്പിന്റെ ഹെഡ് ലാമ്പ് ദാനത്തിന്റെ കാഴ്ച്ചയെ ഒര് നിമിഷം മഞ്ഞളിപ്പിച്ചു കളഞ്ഞു . എതിരെ വന്ന ജീപ്പ് തന്നെ ഇടിച്ചിടും എന്നു കരുതിയതായിരുന്നു. ഒര് വലിയ തെറി വിളിച്ചു പറഞ്ഞു ദാനം വഴിയരുകിലെ ഓടയിലേക്കു ചാടി , ജീപ്പ് കടന്നു പോയി, കുറച്ചു ദൂരെയായി ടയറിന്റെ കരിഞ്ഞ മണം പരത്തി നിന്നു . ഓടയില്‍ നിന്നു എഴുനേറ്റു നോക്കുമ്പോള്‍, പഴയ നിയമകാലത്ത് നയില്‍ നദിയില്‍ നിന്ന് കയറിവന്ന തടിച്ചതും മെലിഞ്ഞതും ആയ കാളകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഒരു തടിച്ചവനും ഒരു മെലിഞ്ഞവനും ജീപ്പില്‍ നിന്ന് ഇറങ്ങി വന്നു. അടി ഉറപ്പു. അത്ര മുട്ടന്‍ തെറി ആണല്ലോ വിളിച്ചെറിഞ്ഞത് എന്ന് ചിന്തിച്ചും ആ അടി കരണം പൊത്തി ആയാല്‍ അത് താന്‍ എങ്ങിനെ സഹിക്കും എന്നും ചിന്തിച്ചു ദാനം അവിടെ തന്നെ നിന്നു.

ഇറങ്ങിയവന്മാര്‍ രണ്ടും പരിസരം ഒന്ന് വീക്ഷിക്കുകയും , ജീപ്പില്‍ നിന്നു ഒര് വലിയ ചാക്ക് കെട്ട് ചുമന്നെടുത്തു കൊണ്ട് വരികയും , ഹെലെസാ എന്നാ താളത്തോടെ, അപ്പുറത്തെ മതിലിനു മുകളിലൂടെ തൂക്കി എറിയുകയും ചെയ്തു . ഒര് കൂഴച്ചക്ക വീഴുന്ന ശബ്ദം.അത് നൈമിഷികമായിരുന്നു .അവര്‍ ജീപ്പില്‍ തിരികെ കയറുകയും, ഒര് ഇരമ്ബത്തോടെ ജീപ്പ് ഇരുട്ട് കീറി മുന്നോട്ടു പോവുകയും ചെയ്തു .

ദാനം ഓടയില്‍ നിന്നു എഴുന്നേറ്റു വന്നപ്പോള്‍ കൈമുട്ട് പൊട്ടി ചോര വരുന്നുണ്ടായിരുന്നു . അടി കിട്ടിയേക്കാമായിരുന്ന കവിള്‍ ഒന്ന് വെറുതെ തടവി നോക്കി,താഴെ വീണ ടോര്‍ച് എടുത്തു , വീടിനു നേരെ നടക്കുമ്പോള്‍, ദാനത്തിന്റെ ഓര്‍മയില്‍ ഒര് വാല്‍ നക്ഷത്രം ഉദിച്ചു. ആ വെളിച്ചത്തില്‍ ദാനം തിരിയുകയും ,പിന്നെ അസാമാന്യം വേഗതയോടെ തന്റെ വയറിനെ ചുമന്നും, മെലിഞ്ഞ കാലുകളെ ശപിച്ചും ആ ചാക്കുകെട്ട് വീണ പറമ്പിനെ ലക്ഷ്യം വച്ചു ഓടുകയും ചെയ്തു.

ഉറക്കപ്പകുതിയില്‍ , കതകു തുറന്നു നോക്കുമ്പോള്‍ ദാനം കിതച്ചു കൊണ്ട് മുന്നില്‍ നില്‍ക്കുന്നതാണ് രാജമ്മാക്കന്‍ കണ്ടത് . ദാനത്തിന്റെ അരുകില്‍ ഒര് ചാക്കുകെട്ട് വിശ്രമിച്ചിരുന്നു. മുരടനക്കി രാജമ്മാക്കന്‍ ചോദിച്ചു
"നിങ്ങള്‍ ഇത് എവടെ പെയ്യത്‌ ? പിള്ളാര്‌ നിങ്ങളെ കാണാതെണ് ഒറങ്ങിയത് .. നേരത്തിനും കാലത്തിനും വീട്ടീ വന്നില്ലെങ്കി ഒന്ടല്ലാ .. എന്‍റെ സ്വഭാവം എനിക്ക് തന്നെ പിടിക്കാതിരിക്കെണ്.."
"പെണ്ണെ , നീ കെടന്നു അലയ്ക്കാതെ ഈ ചാക്കന്ഗ്ഗാട്ട് പിടി അകത്താട്ട് വയ് " .. കിതപ്പാറ്റി ദാനം പറഞ്ഞു .
"എതെന്തരാണ് ഈ വലിച്ചും കൊണ്ട് വന്നെക്കണത് ? എന്നു ചോദിച്ചു കൊണ്ട് രാജമ്മാക്കാന്‍ ചാക്ക് കെട്ടില്‍ പിടിച്ചു പൊക്കാന്‍ ഒരു പാഴ് ശ്രമം നടത്തി .ഇത്രേം ഭാരം പ്രതീക്ഷിച്ചതല്ല.
എന്തെരിത് .. നിങ്ങളും അണ്ണനെപോലെ മണ്ണ് അടുപ്പ് കച്ചോടം തൊടങ്ങാന്‍ തെന്നെ പോണത് ? എന്തെര് പൊതിഞ്ഞെടുത്തോണ്ട് വന്നേക്കണ?"
വെറും കളിമണ്ണ് കുഴച്ചു മണ്ണ് അടുപ്പ് ഉണ്ടാക്കി വിറ്റ് ഉപജീവനത്തിന് വിഷമിച്ചിരുന്ന തന്റെ മൂത്ത സഹോദരനെ കളിയാക്കിയത്തില്‍ ഉണ്ടായ ഈര്‍ഷ്യ ഒളിച്ചു വച്ച് ദാനം ചാക്ക് കെട്ടിന്റെ ഒരു മൂല താങ്ങിയെടുത്തു.

ചാക്ക് കെട്ടഴിക്കുമ്പോള്‍ ദാനത്തിനെ വിയര്‍ക്കുകയും മൂത്ര ശങ്ക കലശലായി ബാധിക്കുകയും ചെയ്തു . തുടര്‍ന്ന് ചാക്കുകെട്ട് തുറക്കപ്പെടുകയും , ഗാന്ധിജിയുടെ പടം ആലേഖനം ചെയ്തിട്ടുള്ള ആയിരത്തിന്റെ മഷി നിറം വിടാത്ത പുത്തന്‍ നോട്ടുകള്‍ അവര്‍ക്ക് മുന്നില്‍ അനാവൃതമാവുകയും ചെയ്തു
കണ്ണു തള്ളി, ഒരു ചെന്നായയുടെ ഓരി പോലെ കിതച്ചു വന്ന ഒര് നിലവിളിയെ പുറത്തു വരുമ്പോഴേയ്ക്കും രാജമ്മാക്കന്റെ വായ പൊത്തി ദാനം തടഞ്ഞു നിറുത്തി . പിന്നെ കട്ടിലില്‍ കൈ പുറകോട്ടു കുത്തിയിരുന്നു , ഒര് ലോട്ട വെള്ളം കൊണ്ടുവരാന്‍ അയാള്‍ ആന്ഗ്യം കാണിച്ചു .

ക്രിസ്മസിറെ തലേന്ന് അതിരാവിലെ ഒര് മൂളിപ്പാട്ട്മായാണ് ദാനം കട തുറന്നത്. കടയില്‍ യുഗങ്ങളോളം പഴക്കം തോന്നിക്കുന്ന എല്ലാ വില്‍പ്പന ചരക്കുകളും അരപൊട്ടന്‍ സോമന്‍ പിള്ളയെ കൂലിക്ക് നിറുത്തി ദാനം പുറത്തേക്ക് വലിച്ചിട്ടു. നിറം മങ്ങിയ ചില്ലു ഭരണികളുടെ സ്ഥാനത്തു പുത്തന്‍ പ്ലാസ്റിക് ഭരണികള്‍ സ്ഥാനം പിടിച്ചു . കട പൂത്തു തളിര്‍ത്തു . കടയില്‍ സാമാനങ്ങള്‍... .തിങ്ങി നിറഞ്ഞു. നാഗര്‍കോവിലില്‍ നിന്ന് ആണ് സമയം വൈകീട്ട് മൂന്നു മണിയോടടുക്കുന്നതിനു മുന്‍പ് ഇത്രയും സാധനങ്ങള്‍ ഒരു വലിയ പാണ്ടി ലോറിയില്‍ ദാനം ഇറക്കിയത്. തുടയില്‍ നുള്ളി സ്വപ്നത്തെ അകറ്റാന്‍ നോക്കിയും കണ്ണില്‍ കാണുന്നത് സ്വപ്നമാണെന്നും അല്പനേരത്തിനകം അത് നശിച്ചു പോകുമെന്ന് മനസ്സില്‍ പറഞ്ഞും, വെകിളി ബാലന്‍ ദാനത്തിന്റെ കടയിലേക്ക് തുടരെ തുടരെ പാളി നോക്കി ഒരു ക്രിസ്തുമസ് വിളക്ക് വില്‍ക്കാന്‍ നോക്കുകയായിരുന്നു അപ്പോള്‍. .!!
ക്രിസ്തുമസ് പ്രമാണിച്ച് മുന്തിയ നക്ഷത്ര വിളക്കുകളും, കളര്‍ ബള്‍ബുകളും ദാനത്തിന്റെ കടയില്‍ തൂങ്ങിക്കിടന്നു.ദാനം ഒര് കാല്‍ ഇളകി യാടിയിരുന്ന കൊട്ടക്കസേര വലിച്ചു കടയ്ക്കു പുറത്ത്യ്ക്കിട്ട്ടു.പിന്നെ നൂറുരുപ്പികയ്ക്ക് വാങ്ങിയ ഒര് പുത്തന്‍ മരക്കസേരയില്‍ കേറിയിരുന്നു. എന്നത്തേയും പോലെ ഒര് തടിച്ച പ്ലാസ്റിക് ഭരണി തുറന്നു , ഒറ്റരൂപ തുട്ടിന്റെ വലിപ്പമുള്ള ബിസ്കറ്റുകള്‍ ഇട്ട ഭരണി . അതില്‍ നിന്ന് ബിസ്കറ്റുകള്‍ ഓരോന്നായി എടുത്തു തിന്നാന്‍ തുടങ്ങി. കടയ്ക്കു മുന്നിലൂടെ പോയ കുട്ടികള്‍ ദാനത്തെ "ബിസ്കറ്റ്മാടന്‍ " എന്ന് കളിയാക്കി വിളിച്ചത് ഇത്തവണ ദാനത്തെ വേദനിപ്പിച്ചതെയില്ല.കടയില്‍ തനിക്കു ചുറ്റുമായി എണ്ണമറിയാതെ എന്തെന്നറിയാതെ കുന്നുകൂടിയ സാധനങ്ങളുടെ ഇടയില്‍, ഒരു പ്രതിമപോലെ ദാനം ഇരുന്നു. ഇരുട്ടത്ത്‌ വീണുകിട്ടിയ തന്റെ ചാക്കുകെട്ടിനെ പകല്‍ സ്വപ്നത്തില്‍ കെട്ടിപ്പിടിച്ചു.നാളെ താന്‍ നാല്പതാം ക്രിസ്തുമസ് ആഘോഷിക്കുന്നതും,വയറു നിറയെ പോത്തിറച്ചി തിന്നുന്നതും മനസ്സില്‍ കണ്ടു. ഉണ്ണിയേശു പിറക്കുമ്പോള്‍, പാതിരാക്കുര്ബാനയ്ക്കിടയില്‍ നിന്നു ആരും കാണാതെ ഊളിയിട്ടിറങ്ങി, ശാന്തമാക്കന്റെ എണ്ണ മയമാര്‍ന്ന കീറപ്പായയില്‍ ആദ്യം കിടന്നും പിന്നെ എഴുന്നേറ്റിരുന്നും , ബീടിക്കു പകരം ഒര് ചാര്‍മിനാര്‍ കൊളുത്തി പുക വളയമിട്ടു വിടുന്നതു കണ്കുളിര്‍ക്കെ കണ്ടു. പിന്നെ അച്ഛന്‍ ശിഖാമണി നാടാര്‍ തനിക്കു ദൈവത്തിന്റെ സമ്മാനം എന്നു കരുതി ദാനം എന്നു പേരിട്ടതിനെ മനസ്സാ സ്തുതിച്ചുകൊണ്ട് കസേരയില്‍ ചാരി അമര്‍ന്നിരുന്നു .

പാതിരാക്കുര്‍ബാനയുടെ നേരമായിട്ടും ദാനത്തിന്റെ വീട്ടില്‍ രാജമ്മാക്കന്‍ ആ ചാക്ക് കെട്ടിനകത്തെ ഗാന്ധിജിമാരെ എണ്ണിക്കഴിഞ്ഞിട്ടുണ്ടായിരുന്നില്ല !!

No comments: