Malayalam Bloggers

Wednesday, February 20, 2013

" The Perfume" അഥവാ വിശ്വ വിഖ്യാതമായ മൂക്കിന്റെ കഥ ( ഭാഗം1 )




മനുഷ്യ മനസ്സിന്റെ മൂന്നിലൊന്നോളമേ ഒരു കരടിയുടെ തലച്ചോർ വരൂ. എന്നാൽ ഘ്രാണശക്തിയിൽ അവൻ മനുഷ്യനെക്കാളും ഏറ്റവും മിടുക്കനായ വേട്ടനായയെക്കാളും(bloodhound) മുന്നിൽ നിൽക്കുന്നതു തന്റെ തലച്ചൊറിന്റെ ( മനുഷ്യന്റേതിനെക്കാളും അഞ്ചിരട്ടി കൂടുതൽ) വലിയൊരു ഭാഗം ഘ്രാണനത്തിനായി മാറ്റിവയ്ക്കുന്നതുന്നതിനാലാണ്.
അമേരിക്കൻ ബോയ് സ്കൗട്ട് സ്ഥാപകനും, വൈൽഡ് ലൈഫ് ആർട്ടിസ്റ്റും ആയ ഏര്‍ണെസ്റ്റ് തോംസണ്‍ (Earnest Thompson Seton) പറയുന്നത് ഇങ്ങനെയാണ്.
"Of all the animals, man has the poorest nose; he has virtually lost the sense of smell' - 
അല്പം കടുത്തതെങ്കിലും ശരിയാണ് ഭൂരിഭാഗം പേരിലുംശരിയാണ് മേൽ പറഞ്ഞ കമെന്റ്.എന്നാൽ 'The Perfumer' ഒരു വിശ്വ വിഖ്യാതമായ മൂക്കിനുടമയെ കാട്ടിതരുന്നു.ജര്‍മ്മന്‍ സംവിധായകന്‍ ടോം ടിക്കരിന്റെ (Tom Tykwer) 2006  ലെ സിനിമ.
സിനിമയിലേയ്ക്ക് പോകാം 

 
ചന്തയിലെ, നാറുന്ന ഇറച്ചിയുടെയും മീനിന്റെയും മറ്റു അവശിഷ്ടങ്ങളുടെയും ഇടയിലേക്കു ഒരു അവിഹിത ഗർഭ സന്തതിയായ ഴാങ്ങിനെ പ്രസവിച്ചിട്ട് അവന്റെ അമ്മ കടന്നുകളയുന്നതു മുതൽ വിഖ്യാതമായ അവന്റെ മൂക്ക് പരിസരത്തുന്ന സകല സുഗന്ധങ്ങളെയും ദുർഗന്ധങ്ങളെയും തന്നിലേക്കു ആവാഹിക്കുകയായിരുന്നു.വീണുകിടക്കുന്ന പഴത്തിന്റെ ഉള്ളിൽ നുരയ്ക്കുന്ന പുഴുവിനെ വരെ തന്റെ നാസാദ്വാരങ്ങളിലൂടെ അവൻ കണ്ടെത്തി.ബാല്യം അതിവേഗം കടന്നു പോയി. ചെളി കൂടിക്കുഴഞ്ഞ ആ ചന്തയുടെ ഓരങ്ങളില്‍ അവന്‍ വലുതായി.പിന്നില്‍ നിന്ന് വികൃതിചെക്കന്മാര്‍ അവനെ ലാക്കാക്കി എറിയുന്ന ചീഞ്ഞ പഴങ്ങള്‍ അവന്‍റെ പുറത്ത് ഒരിക്കലും പതിച്ചിരുന്നില്ല.പാഞ്ഞു വരുന്ന ആ പഴത്തിനെ അതിന്റെ മണം കൊണ്ട് തിരിച്ചറിഞ്ഞ് അവന്‍ ഒഴിഞ്ഞു മാറിയിട്ടുണ്ടാകും.ദാരിദ്ര്യം സന്തത സഹചാരിയായി അവന്‍ വളര്‍ന്നു.ഒടുവിൽ ഒരു ഇറച്ചി വില്പനക്കാരന്റെ ചുമടുസഹായിയായി ജോലി തുടങ്ങിയ അവൻ വഴിനീളെ 'മണങ്ങൾ'ക്കു പുറകെ സഞ്ചരിച്ചു.
പാരിസ് സുഗന്ധകൂട്ടുകളുടെ നാടായിരുന്നു.പാരിസിന്റെ തെരുവു നിറയെ സുഗന്ധദ്രവ്യങ്ങള്‍ വിൽക്കുന്ന കടകൾ.പണക്കൊഴുപ്പു നിറഞ്ഞ 'മദാമ്മ'മാര്‍ (madame)പുതിയ പെര്‍ഫ്യൂമുകള്‍ അന്വേഷിച്ചു കടകള്‍ തോറും കയറിയിറങ്ങുമായിരുന്നു.പ്രമുഖ വ്യാപാരിയായിരുന്നു ഗിസുപ്പി ബാൾഡിനി.(Giuseppe Baldini).എന്നാൽ പുതിയ കടകളിൽ ലഭ്യമായി തുടങ്ങിയ നവസുഗന്ധകൂട്ടുകൾ തന്റെ കൈവശം ഇല്ലാതിരുന്നത് ബാൾഡിനിയുടെ വ്യാപാരം മന്ദഗതിയിലാക്കി.ബാൾഡിനിയുടെ അടുത്തെക്കു ഇറച്ചിയും കൊണ്ടുവന്ന ഴാങ്ങിനെ - നമ്മുടെ നായകന്‍ -(Jean-Baptiste Grenouille) ആകർഷിച്ചതു താഴെ ഗിസുപ്പിയുടെ  സുഗന്ധക്കൂട്ടുകൾ ഒരുക്കുന്ന മുറിയിലെ അസംഖ്യം കുപ്പികളിൽ നിറഞ്ഞു നിന്ന അസംസ്കൃത വസ്തുക്കളുടെ സുഗന്ധമായിരുന്നു.  ബാൾഡിനി ഉണ്ടാക്കുന്നതിനെക്കാളൂം നല്ല സുഗന്ധദ്രവ്യം താൻ ഒരുക്കിത്തരാം എന്നു പറഞ്ഞതു ഈർഷ്യയോടെയെങ്കിലും അയാൾ സമ്മതിക്കുകയായിരുന്നു.ഴാങ്ങ് തയാറാക്കിവച്ച സുഗന്ധകൂട്ടു വളരെ ശ്രദ്ധയോടെ ഓരോ തൂവാലകളിൽ നനച്ച് നാസികാദ്വാരങ്ങളിലേയ്ക്കു വലിച്ചുകയറ്റിയ ഗുസുപ്പി എത്തിച്ചേർന്നത്- മനസ്സിൽ കണ്ടത്,അനുഭവിച്ചത് - താൻ പരിമളം പൊഴിയുന്ന സ്വർഗത്തിലെ ഇടനാഴികളിൽ നടക്കുന്നുവെന്നാണ്. മുറിയക്കുള്ളിലേക്കു കയറി വരുന്ന മാഡം ഗിസുപ്പിയെ അയാൾ ഓടിക്കുന്നു.  തുടര്‍ന്ന് അത്യന്തം ക്ഷമയോടെ ഈ പുതു സുഗന്ധം ആസ്വദിച്ച ഗിസുപ്പി, തനിക്കു ഈ 'കൂട്ട്' ഉണ്ടാക്കി തന്ന ബാലന്റെ അത്ഭുതസിദ്ധികൾ അറിയുവാൻ തുടങ്ങുകയായിരുന്നു.
ഇടയ്ക്കുണ്ടായ ഒരു സംഭാഷണത്തില്‍ ഴാങ്ങിന്റെ ആവശ്യം ഗിസുപ്പി അറിഞ്ഞു. അത് ഇത്രമാത്രം ആയിരുന്നു.അവന്‍ പറഞ്ഞു.
"Master! I have to learn how to keep smell."
ഴാങ്ങിനെ തന്റെ പണിശാലയിൽ കൂടുതൽ സ്വാതന്ത്ര്യത്തോടെ ഗിസുപ്പി ജോലിയിൽ നിയമിക്കുന്നു.ഒടുവിൽ ഴാങ്ങ് ഉണ്ടാക്കിക്കൊടുത്ത സുഗന്ധകൂട്ട് ഇന്നേവരെ പാരിസ് കണ്ട എല്ലാറ്റിലും മികച്ചതായിരുന്നു എന്നു ബാള്‍ഡിനി സമ്മതിക്കുന്നു.ഴാങ്ങ് അവിടെ പെർഫ്യുമെർ ആയി ജോലി തുടങ്ങുന്നു.രാവും പകലും ഭേദം ഇല്ലാതെ അവന്‍ പുതു സുഗന്ധങ്ങള്‍ കണ്ടെത്തിക്കൊണ്ടിരുന്നു.പലവിധ സുഗന്ധങ്ങൾ കൂട്ടിയിണക്കി അഭൂതപൂർവ്വമായ വേഗതയിൽ നനുത്തതും പുതുമയാർന്നതുമായ സുഗന്ധകൂട്ടുകൾ അവന്‍ കുപ്പികളിൽ നിറയ്കാൻ തുടങ്ങി.ഗിസുപ്പിയുടെ കടയിൽ ആളുകൾ പെർഫ്യൂംസ് - അതും മറ്റെങ്ങും ലഭിക്കാത്തവ - അന്വേഷിച്ച് വരാന്‍ പിന്നെ അധികം താമസം ഉണ്ടായില്ല. താഴെ മുറിയിൽ, ഒരു വാശിയെന്നോണം - എന്തോ കണ്ടു പിടിക്കാന്‍ എന്നോണം - പുതിയ സുഗന്ധങ്ങൾക്കായുള്ള പരീക്ഷണം ഴാങ്ങ് തുടർന്നു.
ഒരു നാൾ തെരുവിൽ നടക്കുന്നതിനിടെ മുൻപ് അനുഭവിച്ചിട്ടില്ലാത്ത ഒരു സുഗന്ധത്തിനുറവിടം തേടി തെരുവുകൾ പിന്നിട്ട് ഴാങ്ങ് ചെന്നു നിന്നത് പ്ലം വിൽക്കുവാൻ നടക്കുന്ന ഒരു പെൺകുട്ടിയുടെ പുറകിലായിരുന്നു.അവളുടെ തൊട്ടു പിന്നില്‍ എത്തി, അവളില്‍ നിന്ന് വരുന്ന സുഗന്ധം മൂക്ക് കൊണ്ട് ആവോളം അവന്‍ ഒപ്പിയെടുത്തു.അവള്‍ തിരിഞ്ഞു നോക്കി, ഒന്ന് പെടിച്ചുവേന്കിലും, പ്ലം വാങ്ങുവാന്‍ ആവും എന്ന് കരുതി ഒരു പ്ലം അവള്‍ അവനു ബേറെ നീട്ടി.അവളുടെ കയ്യിൽ ഴാങ്ങ് മൃദുവായി ഒന്നു തൊട്ടതേയുള്ളു,ഭയന്ന് അവൾ ഓട്ടം തുടങ്ങിയിരുന്നു.
അവളെ പിന്തുടർന്നു,അവളൂടെ വീട്ടുവരാന്തയിൽ വച്ച് ഴാങ്ങ് അവളെ കടന്നു പിടിക്കുന്നു.എവിടെ നിന്നാണ് ഈ സുഗന്ധം വരുന്നത്? ആ സുഗന്ധം മൂക്കുക്കൊണ്ട്  ഒപ്പിയെടുക്കുക മാത്രമായിരുന്നു ഴാങ്ങിന്റെ ലക്ഷ്യം.പെട്ടെന്നു പരിസരത്തേക്കു കടന്നുവന്ന ആളുകളെ ഭയന്ന് പെൺകുട്ടിയുടെ വായും മൂക്കുമടക്കം പൊത്തി നിശബ്ദതയാക്കുന്നതിനിടയിൽ അവൾ മരിക്കുന്നു. അവളുടെ മരണം ഴാങ്ങിനെ ഒട്ടും ഞെട്ടിച്ചില്ല.അവളെ തറയിൽ നിവർത്തി കിടത്തുകയും ആർത്തിയോടെ തന്റെ നാസിക അവളുടെ മുഖത്തും മുടിയിലും കഴുത്തിലും അമർത്തിയ ഴാങ്ങ് അവളിൽ നിന്നു വരുന്നു സുഗന്ധം മൂക്കിലേക്കു ആവാഹിച്ചു.
ഴാങ്ങ് അവളെ വിവസ്ത്രയാക്കുകയും അനാവൃതമായ മുലകളിലും നാഭിയിലും മുഖവും മൂക്കും അമർത്തുകയും ചെയ്തു.  ഒടുവിൽ മതിയായി,അവളുടെ ചേതനയറ്റ ശരീരത്തിൽ നിന്നു എണീറ്റു മാറുമ്പോൾ ഴാങ്ങിന്റെ നാസിക അവളുടെ - അതുവരെ അനുഭവിക്കുകയോ താൻ ശ്വസിക്കുകയോ ചെയ്തിട്ടില്ലാത്ത- മദിപ്പിക്കുന്ന, രോമകൂപങ്ങളെ തുറക്കുന്ന സവിശേഷ സുഗന്ധത്താൽ നിറഞ്ഞിരുന്നു.- 
ഇതാ ഇവിടെ മുതല്‍ സുഗന്ധം തേടിയുള്ള ഴാങ്ങിന്റെ യാത്രകൾ തുടങ്ങുകയായിരുന്നു.
(തുടരും)
 

ഗ്രിഞ്ച് മോഷ്ടിച്ച ക്രിസ്തുമസ്


 ക്രിസ്തുമസ് ഇഷ്ടമാകാത്തവര്‍ ഉണ്ടോ ? കുഞ്ഞു ല്യൂ ഹൂ വിന് അത് ഒരു അത്ഭുത വാര്‍ത്തയായിരുന്നു. സഹോദരനും കൂട്ടുകാരും ക്രമ്പിറ്റ് കൊടുമുടിയുടെ ഉയരത്തില്‍ നിന്ന് ഓടിയിറങ്ങി താഴെ വന്നു അവര്‍ ഗ്രിഞ്ചിനെ - ആ വൃത്തികെട്ട ജന്തുവിനെ - കണ്ട കഥ പറഞ്ഞത് അവള്‍ക്കു വിശ്വസിക്കാന്‍ ആയില്ല. ഗ്രിഞ്ചിനു ക്രിസ്തുമസ് വെറുപ്പാണ് പോലും !

ല്യൂ ഹൂ ജീവിക്കുന്നത് മാജിക്കല്‍ ലാന്‍ഡ്‌ ആയ ഹൂ വില്ലെ യില്‍ ആണ് . മഞ്ഞു പാളികളില്‍ ഒഴുകി നടക്കുന്ന ഒരു സ്വപ്ന സമാനമായ നാട്. ഹൂ കള്‍ക്ക് എല്ലാം ക്രിസ്ത്മസ് ഒരു ജ്വരമാണ്.സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും സമയം. ഒരുക്കങ്ങള്‍ അവര്‍ വളരെ നാള്‍ മുന്‍പ് തന്നെ തുടങ്ങും. അങ്ങനെ ഉള്ളപ്പോഴാണ് ഗ്രിഞ്ച് ക്രിസ്തുമസ് വെറുക്കുന്ന വാര്‍ത്ത ല്യൂ അറിയുന്നത്.എന്നാല്‍ ഗ്രിഞ്ചിനെ കണ്ടെത്തുക തന്നെ അവള്‍ ഉറപ്പിച്ചു.വില്ലെയിലെ മുതിര്‍ന്ന പലരോടും അവള്‍ അന്വേഷിച്ചു.അറിഞ്ഞ രഹസ്യങ്ങള്‍ അവള്‍ക്കു ഞെട്ടല്‍ ഉണ്ടാക്കി.കുട്ടികള്‍ ആയിരുന്നപ്പോള്‍ ഗ്രിഞ്ച് പഠിച്ചിരുന്നത് മാര്‍ഗരറ്റ് പഠിച്ചിരുന്ന ക്ലാസില്‍ ആണ്.ഗ്രിഞ്ചിനു അവളോട്‌ പ്രേമം ആയിരുന്നു.ക്രിസ്തുമസിനു അവള്‍ക്കു ഒരു സമ്മാനം കൊടുക്കാന്‍ ഉറച്ച ഗ്രിഞ്ച്,കൂടുതല്‍ സുന്ദരന്‍ ആകാനായി മുഖത്തു വളര്‍ന്നു നീണ്ട രോമങ്ങള്‍ വടിച്ചു കളഞ്ഞു.എന്നാല്‍ അവന്‍ കൂടുതല്‍ വൃത്തികെട്ടും,കോമാളിയായും കാണപ്പെട്ടു.ക്ലാസിലെ കുട്ടികള്‍ മുഴുവന്‍ അവനെ കളിയാക്കി.സങ്കടം സഹിക്കാതെ അവന്‍ ക്രമ്പിട്ടിലെയ്ക്ക് ഓടിപ്പോയി.അന്ന് മുതല്‍ അവന്‍ ക്രിസ്തുമസിനെ വെറുക്കാന്‍ തുടങ്ങി.

ക്രിസ്തുമസ് വന്നതോടെ മേയര്‍ ഹൂ ബിലെഷന്‍ പ്രഖ്യാപിക്കുകയും,ചീര്‍ മിസ്റ്റര്‍ ആയി ഒരാളെ തെരഞ്ഞെടുക്കുന്ന പതിവ് ആവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.ഇത്തവണ ഗ്രിഞ്ചിനെ ചീര്‍ മിസ്റ്റര്‍ ആക്കണം എന്ന് ല്യൂ ചിന്തിച്ചു.ഒരു തരത്തില്‍ ഭൂരിഭാഗം പേരുടെയും വോട്ട് അവള്‍ സംഘടിപ്പിച്ചു.ഈ വാര്‍ത്ത അറിയിക്കാന്‍ അവള്‍ ഗ്രിഞ്ചിനെ തേടി കൊടുമുടിയിലെയ്ക്ക് പോയി.വാര്‍ത്ത കേട്ട ഗ്രിഞ്ച് ആദ്യം വിശ്വസിച്ചില്ല.എന്നാല്‍ താനിക്ക് സമ്മാനവും കിട്ടും എന്നറിഞ്ഞപ്പോള്‍ ഒപ്പം മാര്‍ഗരറ്റിനെ കാണാന്‍ ഉള്ള ആശ കൊണ്ടും ഗ്രിഞ്ചു സമ്മതിച്ചു. 

ആഘോഷങ്ങള്‍ക്ക് ഇടയ്ക്ക് മേയര്‍ മാര്‍ഗരറ്റിനെ പ്രോപോസ് ചെയ്യുകയും അവള്‍ക്കു ഒരു കാര്‍ സമ്മാനമായി കൊടുക്കുകയും ചെയ്തത് ഗ്രിഞ്ചിനു ഇഷ്ടമായില്ല. അവന്‍ ക്രിസ്തുമസ് പിന്നെയും നശിപ്പിക്കാന്‍ തീരുമാനിച്ചു.ക്രിസ്തുമസ് ട്രീ കത്തിച്ചു ചാരമാക്കി. ഇത്തവണത്തെ ക്രിസ്തുമസ് ഹൂ കളില്‍ നിന്ന് മോഷ്ടിക്കാന്‍ തീരുമാനിച്ച അവന്‍,സാന്റാ ആയി വേഷം കെട്ടി,അവന്റെ നായ മാക്സിനെ കൊണ്ട് ഒരു സ്ലെട്ജ് വലിപ്പിച്ചു വന്നു. എന്നിട്ട് ഹൂവില്ലെയിലെ എല്ലാ ക്രിസ്തുമസ് തോരണങ്ങളും സമ്മാനങ്ങളും എടുത്തു കൊണ്ട് പോയി ക്രമ്പിട്ടില്‍ ഒളിപ്പിച്ചു. ഹൂ കള്‍ ആകെ വിഷമിച്ചു പോയി.അവര്‍ക്ക് സങ്കടം സഹിക്കാന്‍ വയ്യാതായി.എല്ലാവരും ല്യൂ വിനെ കുറ്റം പറയാന്‍ തുടങ്ങി. അപ്പോള്‍ ല്യൂവിന്റെ അച്ഛന്‍ തന്റെ മകള്‍ ചെയ്തത് ഒരു നല്ല കാര്യത്തിന് വേണ്ടി ആണെന്നും, യഥാര്‍ത്ഥ ക്രിസ്തുമസ്  സമ്മാനങ്ങള്‍ കൊണ്ടോ തോരണങ്ങള്‍ കൊണ്ടോ ആഘോഷങ്ങള്‍ കൊണ്ടോ മാത്രം നിറയെണ്ട ഒന്നല്ല എന്നും അത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഉത്സവം ആകണം എന്നും എല്ലാവരോടുമായി പറഞ്ഞു.ഹൂകള്‍ വീണ്ടും ക്രിസ്തുമസ് ലഹരിയില്‍ മതിമറക്കാന്‍ തുടങ്ങുന്നു.

ദൂരെയിരുന്നു ഗ്രിഞ്ച് ഈ ആഹ്ലാദ ആരവങ്ങള്‍ കേള്‍ക്കുന്നു.അവന്റെ മനസ്സ് മാറുന്നു.ക്രിസ്തുമസ് ലഹരി അവനും ഉണ്ടാകുന്നു.കട്ടുകൊണ്ടുപോയ എല്ലാ സമ്മാനങ്ങളും കൊണ്ട് അവന്‍ ഹൂ വില്ലെയില്‍ എത്തുന്നു.തുടര്‍ന്ന് താന്‍ ചെയ്തതിനു അവന്‍ മാപ്പ് ചോദിക്കുന്നു.മാര്‍ഗരറ്റ് മേയ് ഹൂ തന്റെ പ്രേമം ഗ്രിഞ്ചിനു അവകാശപ്പെട്ടതാണ് എന്ന് പറയുന്നു.വലിയ ഒരു വിരുന്നോടെ ചിത്രം അവസാനിക്കുന്നു. 

ഡോക്ടര്‍ സ്യൂസ് എഴുതിയ പുസ്തകത്തെ അടിസ്ഥാനമാക്കി  റോണ്‍ ഹാവാര്‍ഡ്‌ സംവിധാനം ചെയ്ത ഈ ചിത്രം കുട്ടികളെ ആണ് കാഴ്ചക്കാര്‍ ആയി ലക്ഷ്യമിട്ടത്.വലിയ ഒരു 'സംഭവം' അല്ലെങ്കിലും, തന്മയത്വത്തോടെ ചിത്രം ആദ്യാവസാനം ചിത്രീകരിക്കാന്‍ റോണിനു കഴിഞ്ഞു. ചിത്രത്തിലെ 'താരം' ജിം  കാരി തന്നെ. തന്റെ മാസ്ക് എന്ന സിനിമയില്‍ ഉള്ളത് പോലെ തന്നെ പച്ചയാണ് ഈ സിനിമയിലും ഗ്രിഞ്ചിന്റെ രൂപം.നല്ല മേയ്ക്കപ്പിന്റെ സഹായത്തോടെ മുഖം കോമാളിയാക്കി കാണിച്ചു കാണികളെ ചിരിപ്പിക്കാന്‍ ജിമ്മിനു സാധിച്ചിരിക്കുന്നു.ഹോളി വുഡ് സിനിമ കണ്ട വളരെ മൂല്യമുള്ള ഒരു കൊമേഡിയന്‍ ആണ് താന്‍ എന്ന് ജിം ഒന്ന് കൂടി തെളിയിച്ചിരിക്കുന്നു. 

കുട്ടികള്‍ക്ക് ഒരു നല്ല ക്രിസ്തുമസ് സന്ദേശം പറഞ്ഞു കൊടുക്കുന്ന സിനിമ എന്ന രീതിയില്‍, കുടുംബ സമേതം പോയി കാണേണ്ട ഒരു ക്രിസ്തുമസ് പ്രമേയമുള്ള ചിത്രം ആണ് ഇത്.       

 ഒരു ത്രെഡ്  ഇവിടെ കാണുക 


Director: Ron Howard
Writers: Dr. Seuss (book)
Jeffrey Price (screenplay)
 Stars: Jim Carrey, Taylor Momsen and Jeffrey Tambor

Saturday, February 2, 2013

ജീവിതത്തിന്റെ അസഹനീയ ലാഘവത്വങ്ങ ള്‍




1968. പ്രേഗിലെ വസന്തകാലം.ഡോക്ടര്‍ തോമസ്‌ ജീവിതത്തെ വളരെ ലഘുവായി കാണുന്ന ഒരു ചെക്ക് വംശജനാണ്.ജോലിത്തിരക്കുകള്‍ കാര്യമാക്കാതെ സ്ത്രീകളുമായി രമിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍. ദീര്‍ഘ കായന്‍.സ്ത്രീകളുമായി ശാരീരിക ബന്ധത്തിനപ്പുറം 
'മഹനീയമായ' യാതൊരു വ്യാപാരങ്ങളിലും അവരുമായി ഇടപെടാത്ത ഒരാള്‍.ചിത്രകാരിയായ സബീനയുമായാണ് അല്‍പ്പമെങ്കിലും മാനസിക ബന്ധം ഉള്ളത്.ഭിഷഗ്വരന്‍ എന്ന തന്‍റെ പദവിയില്‍ അയാള്‍ സംതൃപ്തനാണ്.അവിചാരിതമായാണ് ഒരു ഗ്രാമീണ പെണ്‍കുട്ടി ''തെരേസ'' അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്‌.ആദ്യമായി രോഗനിവാരണത്തിനു എത്തുന്നത് മുതല്‍ തുടങ്ങുന്ന ശക്തമായ കാമന. പോകെ പോകെ ശാരീരിക വേഴ്ചക്കപ്പുറം ഉള്ള ഒരടുപ്പം തോമസ്‌ അവളുമായി സ്ഥാപിച്ചെടുത്തു. ജീവിതം സ്വതന്ത്ര സുന്ദരമായി മുന്നോട്ടു ഒഴുകുകയായിരുന്നു.തെരേസ തോമസിന്റെ ഫ്ലാറ്റിലേക്ക് താമസം മാറുന്നു.
എന്നാല്‍ സബീനയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ കഴിയുമായിരുന്നില്ല തോമസിന്.തെരെസയുമായി തോമസ്‌ കൂട്ടുകൂടിയതോടെ വിഷമം നിറഞ്ഞ മനസ്സുമായി സബീന താമസ സ്ഥലം വിട്ടു മാറി പോകുന്നു.തന്നില്‍ നിന്ന് തന്നെ ഒരു തരം രക്ഷപ്പെടല്‍..
സോവിയറ്റ് യൂണിയന്‍ ചെക്കിനുമേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു.രംഗം യുദ്ധ മുഖരിതമാവുന്നു.ഇടയ്ക്ക് കമ്മ്യൂണിസത്തെ ലാക്കാക്കി തോമസ്‌ ഈടിപ്പപ്പസ് കോമ്പ്ലക്സ് നിറച്ച ഒരു ലഘു ലേഖ (TREATISE ON OEDIPUS ) എഴുതുന്നത്‌ അയാളെ ജോലി ഭ്രഷ്ടനാക്കുന്നു.തെരേസ ഫോട്ടോഗ്രാഫിയില്‍ ഉള്ള തന്‍റെ കഴിവ് സോവിയറ്റ് ടാങ്കുകള്‍ ടൌണില്‍ നടത്തുന്ന പരാക്രമങ്ങള്‍ ചിത്രീകരിക്കുന്നതിന് ഉപയോഗിക്കുന്നു.സ്വന്തം താമസ സ്ഥലം വിട്ടു രണ്ടു പേര്‍ക്കും പലായനം ചെയ്യേണ്ടി വരുന്നു.
അവിചാരിതമായി തോമസ്‌ പുതിയ സ്ഥലത്തുവച്ച് സബീനയെ കണ്ടു മുട്ടുന്നു.സബീനയുമായുള്ള ബന്ധം തോമസ്‌ തുടരുന്നത് അറിയുന്ന തെരേസ ഭ്രാന്തിയാകുന്നു.സ്വപുരുഷന്‍ അന്യ സ്ത്രീയുമായി വേഴ്ച കഴിഞ്ഞെത്തി,അത് എത്ര കണ്ടു മൂടി വച്ചാലും അത് പിടിച്ചെടുക്കാന്‍ തന്റെ പെണ്ണിന് കഴിയുമത്രേ.മനസ് വിഷമം കൊണ്ട് വീര്‍പ്പുമുട്ടുന്നു.പകരത്തിനു പകരം നിശ്ചയിച്ച അവള്‍ ഒരു പാര്‍ക്ക് ബെഞ്ചില്‍ കണ്ടുമുട്ടിയ ഒരാളുമായി - വേണം എന്ന് കരുതിയല്ല എങ്കില്‍ കൂടിയും - രതിയില്‍ ഏര്‍പ്പെടുന്നു. ജീവിതങ്ങളില്‍ അസഹനീയതകള്‍ കടന്നു വരികയാണ്. ജീവിതത്തിന്റെ താളം വീണ്ടെടുക്കുന്നതിനാവണം തോമസും തെരേസയും വേര്‍പിരിയുന്നു.എന്നാല്‍ വേര്‍പാട് അവരെ കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്യുന്നത്.ഒരാള്‍ മറ്റൊരാള്‍ക്ക് എത്ര വിലപ്പെട്ടതായിരുന്നു എന്ന തിരിച്ചറിവ്. 
മുന്‍പ് തന്‍റെ ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ ഗ്രാമീണ കര്‍ഷകന്‍റെ സഹായത്തോടെ തോമസും തെരേസയും നഗര കോലാഹലങ്ങളില്‍ നിന്ന് അകന്നു മാറി  തീര്‍ത്തും ഗ്രാമ്യമായ ഒരു സ്ഥലവും ഒപ്പം കാര്‍ഷിക വൃത്തിയും തെരഞ്ഞെടുക്കുന്നു. ജീവിതം കൂടുതല്‍ പ്രശാന്തമാകുന്നു. 
ഒരു വൈകുന്നേരം അല്‍പ്പം ആഘോഷങ്ങള്‍ക്കായി തെരേസയും തോമസും കൂട്ടുകാരനൊപ്പം നഗരാതിര്‍ത്തിയിലെ ഒരു ബാറിലേക്ക് നിശാ നൃത്തത്തിനും അല്‍പ്പം ബിയര്‍ രുചിക്കാനുമായി പോകുന്നു. കുടിച്ചു ഉന്മത്തരായി ആനന്ദത്തില്‍ മതി മറന്നു തിരികെ വരുന്ന വരവില്‍ അവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ഒരു അപകടത്തില്‍ പെട്ട് തോമസും തെരേസയും ഇഹലോകം വെടിയുന്നു.
പ്രശസ്ത ബ്രിട്ടിഷ് പൊളിറ്റീഷ്യന്‍ ബെഞ്ചമിന്‍ ദിശ്രേലിയാണ്(Benjamin Disraeli (1804 - 1881)"The Expected always happenes"എന്നാണത്രേ.എന്നാല്‍ ജീവിതം പലപ്പോഴും ഇങ്ങിനെയല്ല.അപ്രതീക്ഷിതമായ ഒന്ന് അതെപ്പോഴും കാത്തുവെക്കുന്നു.അത് തന്നെ സംഭവിക്കുകയും ചെയ്യുന്നു.ഇങ്ങനെ അതീവ ലാഘവത്തോടെ സംഭവിക്കുന്നവയാണ് സ്വച്ഛമായി ഒഴുകുന്ന ജീവിതത്തിനെ അസഹനീയ വെപ്രാളത്തിലെയ്ക്ക്- വ്യസനത്തിലെയ്ക്ക് - തള്ളി വിടുന്നത്.
ജീവിതം ഒരു നേര്‍ രേഖ പോലെ സുതാര്യമായിരുന്നെങ്കില്‍ അതില്‍ വന്നു മുട്ടുന്ന ഇത്തരം കുഞ്ഞു അസഹനീയതകളുടെ ലാഘവത്വം നാം അറിയുമായിരുന്നോ? മിലന്‍ കുന്ദേരയുടെ നോവല്‍ അഭ്രപാളികളില്‍ പകര്‍ത്തിയ ഫിലിപ്പ് കൌഫ്മാന്‍(Philip Kaufman) ഈ ചോദ്യത്തിനുത്തരം കണ്ടെത്താന്‍ കാഴ്ചക്കാരനെ ആഹ്വാനം ചെയ്യുന്നുണ്ട്.
റഷ്യന്‍ അധിനിവേശവും,നാട് വിട്ടു നാട് മാറി പോകേണ്ടി വരുന്നവന്റെ കദനവും നിസ്സഹായതയും സിനിമ ചിത്രീകരിക്കുന്നുണ്ട്.സ്ത്രീ പുരുഷ ലൈംഗീകതയും സ്വവര്‍ഗ്ഗ ലൈംഗീകതയും (ഇടയ്ക്ക് സബീനയും തെരേസയും തങ്ങളുടെ ശരീര ഭാഷയില്‍ ആകൃഷ്ടരാവുകയും തങ്ങളുടെ സ്ത്രൈണതയുടെ നിമ്നോന്നതങ്ങള്‍ പരസ്പരം കണ്ടെത്തുകയും അത് അല്പം ഇറോട്ടിക് ആയി  കാമറയില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ട്.)സിനിമയില്‍ വശ്യമായി ചിത്രീകരിച്ചിരിക്കുന്നു.താരതമ്യേന ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് അപ്രാപ്യമായ രതിയുടെ സൂക്ഷ്മവും നനുത്തതുമായ തലം കൌഫ്മാന്‍ അപനിര്‍മിച്ചിരിക്കുന്നു.കാലത്തിന്റെ ഗതി വിഗതികള്‍ കേവലം മാനുഷിക ജീവിതത്തെ എത്രകണ്ട് സ്വാധീനിക്കുന്നു എന്ന് ചിത്രത്തില്‍ കാണാം. 
വായിച്ചെടുക്കാവുന്ന,നല്ല അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ സബീനയും (Lena Olin)തെരേസയും (Juliette Binoche),തോമസും (Daniel Day Lewis) ചെയ്തിരിക്കുന്നു.ഒന്നാന്തരം പശ്ചാത്തല സംഗീതം.സുന്ദരമായ ഔട്ട്‌ ഡോര്‍ ലൊക്കേഷനുകള്‍.... ... തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രം
ഒരു ത്രെഡ്  ഇവിടെ കാണുക 
http://www.youtube.com/watch?v=Cn5EIGlzbqY

Director: Philip Kaufman
Writers : Milan Kundera (novel),Jean-Claude Carrière (screenplay)
Stars: Daniel Day Lewis,Juliette Binoche and Lena Olin