Malayalam Bloggers

Saturday, February 2, 2013

ജീവിതത്തിന്റെ അസഹനീയ ലാഘവത്വങ്ങ ള്‍




1968. പ്രേഗിലെ വസന്തകാലം.ഡോക്ടര്‍ തോമസ്‌ ജീവിതത്തെ വളരെ ലഘുവായി കാണുന്ന ഒരു ചെക്ക് വംശജനാണ്.ജോലിത്തിരക്കുകള്‍ കാര്യമാക്കാതെ സ്ത്രീകളുമായി രമിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍. ദീര്‍ഘ കായന്‍.സ്ത്രീകളുമായി ശാരീരിക ബന്ധത്തിനപ്പുറം 
'മഹനീയമായ' യാതൊരു വ്യാപാരങ്ങളിലും അവരുമായി ഇടപെടാത്ത ഒരാള്‍.ചിത്രകാരിയായ സബീനയുമായാണ് അല്‍പ്പമെങ്കിലും മാനസിക ബന്ധം ഉള്ളത്.ഭിഷഗ്വരന്‍ എന്ന തന്‍റെ പദവിയില്‍ അയാള്‍ സംതൃപ്തനാണ്.അവിചാരിതമായാണ് ഒരു ഗ്രാമീണ പെണ്‍കുട്ടി ''തെരേസ'' അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്‌.ആദ്യമായി രോഗനിവാരണത്തിനു എത്തുന്നത് മുതല്‍ തുടങ്ങുന്ന ശക്തമായ കാമന. പോകെ പോകെ ശാരീരിക വേഴ്ചക്കപ്പുറം ഉള്ള ഒരടുപ്പം തോമസ്‌ അവളുമായി സ്ഥാപിച്ചെടുത്തു. ജീവിതം സ്വതന്ത്ര സുന്ദരമായി മുന്നോട്ടു ഒഴുകുകയായിരുന്നു.തെരേസ തോമസിന്റെ ഫ്ലാറ്റിലേക്ക് താമസം മാറുന്നു.
എന്നാല്‍ സബീനയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ കഴിയുമായിരുന്നില്ല തോമസിന്.തെരെസയുമായി തോമസ്‌ കൂട്ടുകൂടിയതോടെ വിഷമം നിറഞ്ഞ മനസ്സുമായി സബീന താമസ സ്ഥലം വിട്ടു മാറി പോകുന്നു.തന്നില്‍ നിന്ന് തന്നെ ഒരു തരം രക്ഷപ്പെടല്‍..
സോവിയറ്റ് യൂണിയന്‍ ചെക്കിനുമേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു.രംഗം യുദ്ധ മുഖരിതമാവുന്നു.ഇടയ്ക്ക് കമ്മ്യൂണിസത്തെ ലാക്കാക്കി തോമസ്‌ ഈടിപ്പപ്പസ് കോമ്പ്ലക്സ് നിറച്ച ഒരു ലഘു ലേഖ (TREATISE ON OEDIPUS ) എഴുതുന്നത്‌ അയാളെ ജോലി ഭ്രഷ്ടനാക്കുന്നു.തെരേസ ഫോട്ടോഗ്രാഫിയില്‍ ഉള്ള തന്‍റെ കഴിവ് സോവിയറ്റ് ടാങ്കുകള്‍ ടൌണില്‍ നടത്തുന്ന പരാക്രമങ്ങള്‍ ചിത്രീകരിക്കുന്നതിന് ഉപയോഗിക്കുന്നു.സ്വന്തം താമസ സ്ഥലം വിട്ടു രണ്ടു പേര്‍ക്കും പലായനം ചെയ്യേണ്ടി വരുന്നു.
അവിചാരിതമായി തോമസ്‌ പുതിയ സ്ഥലത്തുവച്ച് സബീനയെ കണ്ടു മുട്ടുന്നു.സബീനയുമായുള്ള ബന്ധം തോമസ്‌ തുടരുന്നത് അറിയുന്ന തെരേസ ഭ്രാന്തിയാകുന്നു.സ്വപുരുഷന്‍ അന്യ സ്ത്രീയുമായി വേഴ്ച കഴിഞ്ഞെത്തി,അത് എത്ര കണ്ടു മൂടി വച്ചാലും അത് പിടിച്ചെടുക്കാന്‍ തന്റെ പെണ്ണിന് കഴിയുമത്രേ.മനസ് വിഷമം കൊണ്ട് വീര്‍പ്പുമുട്ടുന്നു.പകരത്തിനു പകരം നിശ്ചയിച്ച അവള്‍ ഒരു പാര്‍ക്ക് ബെഞ്ചില്‍ കണ്ടുമുട്ടിയ ഒരാളുമായി - വേണം എന്ന് കരുതിയല്ല എങ്കില്‍ കൂടിയും - രതിയില്‍ ഏര്‍പ്പെടുന്നു. ജീവിതങ്ങളില്‍ അസഹനീയതകള്‍ കടന്നു വരികയാണ്. ജീവിതത്തിന്റെ താളം വീണ്ടെടുക്കുന്നതിനാവണം തോമസും തെരേസയും വേര്‍പിരിയുന്നു.എന്നാല്‍ വേര്‍പാട് അവരെ കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്യുന്നത്.ഒരാള്‍ മറ്റൊരാള്‍ക്ക് എത്ര വിലപ്പെട്ടതായിരുന്നു എന്ന തിരിച്ചറിവ്. 
മുന്‍പ് തന്‍റെ ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ ഗ്രാമീണ കര്‍ഷകന്‍റെ സഹായത്തോടെ തോമസും തെരേസയും നഗര കോലാഹലങ്ങളില്‍ നിന്ന് അകന്നു മാറി  തീര്‍ത്തും ഗ്രാമ്യമായ ഒരു സ്ഥലവും ഒപ്പം കാര്‍ഷിക വൃത്തിയും തെരഞ്ഞെടുക്കുന്നു. ജീവിതം കൂടുതല്‍ പ്രശാന്തമാകുന്നു. 
ഒരു വൈകുന്നേരം അല്‍പ്പം ആഘോഷങ്ങള്‍ക്കായി തെരേസയും തോമസും കൂട്ടുകാരനൊപ്പം നഗരാതിര്‍ത്തിയിലെ ഒരു ബാറിലേക്ക് നിശാ നൃത്തത്തിനും അല്‍പ്പം ബിയര്‍ രുചിക്കാനുമായി പോകുന്നു. കുടിച്ചു ഉന്മത്തരായി ആനന്ദത്തില്‍ മതി മറന്നു തിരികെ വരുന്ന വരവില്‍ അവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ഒരു അപകടത്തില്‍ പെട്ട് തോമസും തെരേസയും ഇഹലോകം വെടിയുന്നു.
പ്രശസ്ത ബ്രിട്ടിഷ് പൊളിറ്റീഷ്യന്‍ ബെഞ്ചമിന്‍ ദിശ്രേലിയാണ്(Benjamin Disraeli (1804 - 1881)"The Expected always happenes"എന്നാണത്രേ.എന്നാല്‍ ജീവിതം പലപ്പോഴും ഇങ്ങിനെയല്ല.അപ്രതീക്ഷിതമായ ഒന്ന് അതെപ്പോഴും കാത്തുവെക്കുന്നു.അത് തന്നെ സംഭവിക്കുകയും ചെയ്യുന്നു.ഇങ്ങനെ അതീവ ലാഘവത്തോടെ സംഭവിക്കുന്നവയാണ് സ്വച്ഛമായി ഒഴുകുന്ന ജീവിതത്തിനെ അസഹനീയ വെപ്രാളത്തിലെയ്ക്ക്- വ്യസനത്തിലെയ്ക്ക് - തള്ളി വിടുന്നത്.
ജീവിതം ഒരു നേര്‍ രേഖ പോലെ സുതാര്യമായിരുന്നെങ്കില്‍ അതില്‍ വന്നു മുട്ടുന്ന ഇത്തരം കുഞ്ഞു അസഹനീയതകളുടെ ലാഘവത്വം നാം അറിയുമായിരുന്നോ? മിലന്‍ കുന്ദേരയുടെ നോവല്‍ അഭ്രപാളികളില്‍ പകര്‍ത്തിയ ഫിലിപ്പ് കൌഫ്മാന്‍(Philip Kaufman) ഈ ചോദ്യത്തിനുത്തരം കണ്ടെത്താന്‍ കാഴ്ചക്കാരനെ ആഹ്വാനം ചെയ്യുന്നുണ്ട്.
റഷ്യന്‍ അധിനിവേശവും,നാട് വിട്ടു നാട് മാറി പോകേണ്ടി വരുന്നവന്റെ കദനവും നിസ്സഹായതയും സിനിമ ചിത്രീകരിക്കുന്നുണ്ട്.സ്ത്രീ പുരുഷ ലൈംഗീകതയും സ്വവര്‍ഗ്ഗ ലൈംഗീകതയും (ഇടയ്ക്ക് സബീനയും തെരേസയും തങ്ങളുടെ ശരീര ഭാഷയില്‍ ആകൃഷ്ടരാവുകയും തങ്ങളുടെ സ്ത്രൈണതയുടെ നിമ്നോന്നതങ്ങള്‍ പരസ്പരം കണ്ടെത്തുകയും അത് അല്പം ഇറോട്ടിക് ആയി  കാമറയില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ട്.)സിനിമയില്‍ വശ്യമായി ചിത്രീകരിച്ചിരിക്കുന്നു.താരതമ്യേന ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് അപ്രാപ്യമായ രതിയുടെ സൂക്ഷ്മവും നനുത്തതുമായ തലം കൌഫ്മാന്‍ അപനിര്‍മിച്ചിരിക്കുന്നു.കാലത്തിന്റെ ഗതി വിഗതികള്‍ കേവലം മാനുഷിക ജീവിതത്തെ എത്രകണ്ട് സ്വാധീനിക്കുന്നു എന്ന് ചിത്രത്തില്‍ കാണാം. 
വായിച്ചെടുക്കാവുന്ന,നല്ല അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ സബീനയും (Lena Olin)തെരേസയും (Juliette Binoche),തോമസും (Daniel Day Lewis) ചെയ്തിരിക്കുന്നു.ഒന്നാന്തരം പശ്ചാത്തല സംഗീതം.സുന്ദരമായ ഔട്ട്‌ ഡോര്‍ ലൊക്കേഷനുകള്‍.... ... തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രം
ഒരു ത്രെഡ്  ഇവിടെ കാണുക 
http://www.youtube.com/watch?v=Cn5EIGlzbqY

Director: Philip Kaufman
Writers : Milan Kundera (novel),Jean-Claude Carrière (screenplay)
Stars: Daniel Day Lewis,Juliette Binoche and Lena Olin 

No comments: