ഞാന്‍ എഴുതിയതെല്ലാം മുന്‍പായിരുന്നു. ബ്ലോഗ് എന്താണെന്നു അറിയുന്നതിന് മുന്‍പ്. പലതും നോട്ട് ബുക്കുകളിലും മറ്റുമായി ചിതറിക്കിടന്നിരുന്നു. പലതും നഷ്ടപ്പെട്ടുപോയി. ഇപ്പോള്‍ പുതിയതായി എഴുതുവാന്‍ ഒരു ശ്രമം നടത്തുകയാണ്....
Wednesday, March 30, 2011
ഗിരിജന്റെ അമ്പതു രൂപ !
ഗിരിജന്‍!ആള് ഉയരം കുറഞ്ഞു,കറുത്തിട്ടാണ്.ചുമല്‍ നിറയെ ചുണങ്ങും അഴുക്കു പുരണ്ട മുടിയും തെറുത്തു കെട്ടിയ കള്ളിമുണ്ടുമായി എപ്പോഴും കുടിച്ചു ലക്കുകെട്ട്,കുട്ടി,കൂളി,കാക്ക പൂച്ചയോടെല്ലാം ക്ഷേമം പറഞ്ഞു കൃഷ്നാപുരത്തിന്റെ ഒരു ഭാഗമായി അയാള്‍ മാറിയിരുന്നു.അന്നും ഇന്നും ചാണകം മെഴുകിയ വെള്ള വലിക്കാത്ത, ചെത്തിത്തേക്കാത്ത ഒര് കുഞ്ഞുവീടെ ഗിരിജനുള്ളൂ.സ്വന്തമായി ഒര് പെണ്ണും നാല് പെണ്‍കുട്ടികളും.എന്നാല്‍ കൃഷ്നാപുരത്തെ എല്ലാ വീട്ടിലെ പറമ്പുകളും കിണറുകളും മരങ്ങളും അയാള്‍ക്ക് സ്വന്തമാണ്.ചക്കയുടെയോ മാങ്ങയുടെയോ കരിമുള്ള് മൂക്കുന്നതും ചെനച്ച മണവും ഗിരിജന് മൂക്കിന്‍ തുമ്പതാണു.തേങ്ങ ഇടാന്‍ സമയം ഗിരിജന്‍ തണ്ടാനാവും. മഴക്കാലത്തിനു മുന്‍പ് തൂമ്പയുമായി വീടുതോറും കേറിയിറങ്ങി തെങ്ങിന് തടം കോരും,പറമ്പിലെ പുല്ലു ചെത്തും,പയറിന്‍ തടം വെള്ളം തേവി നനയ്ക്കും.പണിയെല്ലാം കഴിഞ്ഞാല്‍ കാശ് ചോദിക്കാതെ പൊയ്ക്കളയും.നേരെ പോകുന്നത് വാസുഎട്ടന്റെ ചാരായ ഷാപ്പിലെക്കാന്.
"വാസ്വേട്ട,ഒര് ഇരുനൂറും ഒര് താറാമൊട്ടേം".
കടം പറയ്യാന്‍ മടിയില്ലാതെയും,കടം കൊടുക്കാന്‍ മടിയില്ലതെയും ഗിരിജനും വാസുവേട്ടനും ഉപചാരം ചൊല്ലി പിരിയും.
പിന്നെ എപ്പോഴെങ്കിലും എന്‍റെ അമ്മാമ്മയുടെ അടുത്തേക്ക് ഓടിവരും എന്നിട്ട് ചോദിക്കും
"ത്രിസേടുത്യെ, ഒരമ്പത് രൂപ കാട്ട്യേ "
"എന്തിനാണ് ഗിരിജാ നിനക്കിപ്പോ കാശ്?കുടിക്കാനല്ലറാ?"
അമ്മാമ്മ ചോദിക്കും.തലകുനിച്ചു ഒരു കള്ളനോട്ടം നോക്കി,ഗിരിജന്‍ എണീറ്റ് അപ്പാപ്പന്റെ അടുത്തേക്ക് വലിയും.
"ഈനാശേട്ട ഒരമ്പത് രൂപ കാട്ട്യേ,ഇന്നാള് ചക്ക ഇട്ട വകേല് കൂട്ടിക്കോ "
"എന്‍റെ പറമ്പീന്ന് ചക്കിടാന്‍ നിന്നോടാരാണ്ട മൈരേ പറഞ്ഞെ?നീ പൂവാന്‍ നോക്ക്യേ , കാലും നാവും കൊഴാഞ്ഞിട്ടു അവനു നിക്കാന്‍ വയ്യ.നാല് പെണ്‍കുട്ട്യോളുടെ കാര്യം വല്ല നോട്ട്മ്ട്രാ നിനക്ക് ? "
അപ്പാപ്പന്‍ ഗിരിജന്റെ മെക്കിട്ടു കേറും .
"അവറ്റൊല്ടെ കാര്യം അവരടെ തള്ളേടെ തള്ള നോക്ക്ണ്ട്,പിന്നെ ഞാനെന്തൂട്ടിനാണ് നോക്കണേ"
പിന്നെ ഗിരിജന്‍ അവിടെ നിക്കില്ല. പാഞ്ഞു കളയും.പിന്നെ ഒരുദിവസം ഓടി വന്നു, വെള്ളം കോരുന്ന കയറെടുത്തു അരയില്‍ കെട്ടി,ഒരു കത്തി മുണ്ടുകുത്തില്‍ തിരുകി വരിക്കപ്ലാവില്‍ വലിഞ്ഞുകേറും.മൂത്തത് നോക്കി രണ്ടോ മൂന്നോ ചക്ക വെട്ടി, കെട്ടിയിറക്കും,പിന്നെ അതീവ ലാളിത്യത്തോടെ ,ജാഗ്രതയോടെ ആ കര്‍മം നിര്‍വഹിച്ചു,ഗിരിജന്‍ തന്നെ ചക്കയിലെ പശ വരുന്നിടത്ത് ഒരു പ്ലാവില ഒട്ടിച്ചു ,പര്യെപ്പുറത്തു കൊണ്ടുവച്ചിട്ടു,ഒരു ചക്ക തുരന്നു മൂപ്പ് നോക്കി, കൊള്ളാം എന്നു ഒറപ്പ് വരുത്തി,ഒന്നും ആരോടും ഉരിയാടാതെ പൊയ്ക്കളയും.പഴുക്കുമ്പോള്‍ ചക്ക തിന്നുന്ന ഞങ്ങള്‍ ഗിരിജനെയും ഗിരിജന്റെ വിശന്നിരിക്കുന്ന കുട്ടികളെയും ഓര്‍ക്കാറില്ല .
കുറെ നാള്‍ കഴിയുമ്പോള്‍ ഒരു വടവും ഒരു കൂട്ടുകാരനുമായി ഗിരിജന്‍ വരും.വടം നേരെ കിനട്ടിന്കരയിലെ ഇരുമ്പന്‍ പുളിയില്‍ കെട്ടും,ഒരറ്റം പിടിച്ചു കിണറ്റിലേക്ക് ഊര്ന്നോരിറക്കം.കുറെ കൊട്ട ചേര് കേറ്റി കഴിഞ്ഞു ഗിരിജന്‍ പുറത്തിറങ്ങി ഒരു ബീടിപുകയ്ക്കും.പിന്നെ ദേഹത് നിറയെ ചെളിയുമായി,ആരോടും ഒന്നും പറയാതെ കൂലിക്ക് കാത്തു നില്‍ക്കാതെ സ്ഥലം വിട്ടുകളയും.ചേറ്റു ചെളിയിലെ വെള്ളം വറ്റുകയും കിണറ്റില്‍ വെള്ളം ഒറ് കൂടുകയും ചെയ്യുമ്പോള്‍ ഗിരിജന്‍ വരും.പഴയ പല്ലവി !
"ഈനാശേട്ട ഒരമ്പത് രൂപ കാട്ട്യേ, ഇന്നാള് ചേര് ഇടുത്ത വകേല് കൂട്ടിക്കോ " .
അപ്പാപ്പന് ചിരിവരും, ഗൌരവം വിടാതെ പറയും,
"നിനുക്ക് ഒരു തുള്ളി വേണാ, നല്ല റം ഇണ്ട്"
പട്ടാളത്തിലായിരുന്ന അപ്പാപ്പന് ക്വോട്ട കിട്ടുന്ന വകയിലെ നുരയുന്ന റം വെള്ളം ചേര്‍ക്കാതെ ഒര് രണ്ടെണ്ണം ഇരുന്നടിച്ചു,കുറച്ചു അച്ചാറ് തൊട്ടു നക്കി,ഗിരിജന്‍ ഇരുന്നു ഒര് കഥ തുടങ്ങും .
"നമ്മടെ ലീലെടെ പറമ്പിലേ , ഇന്നാള് ചെന്നെപ്പോ....."
കഥ തീരുമ്പോഴേയ്ക്കും കുപ്പി കാലിയാവുകയും 'അമ്പതുരൂപാകഥ' ഗിരിജന്‍റെ മറവിയുടെ പടുകുഴിയിലേക്ക് വീഴുകയും ചെയ്യും.ഉയര്‍ന്നു മുറുകുന്ന അപ്പാപ്പന്റെ കൂര്‍ക്കംവലിയെ ശപിച്ചു ഗിരിജന്‍ ഇറങ്ങി നടക്കും ...
Wednesday, March 16, 2011
കട്ടെടുത്ത പ്ലിയൂര്‍ മാങ്ങകള്‍!
ഈയിടെ നാട്ടില്‍ ചെന്നപ്പോഴുണ്ട് പറമ്പില്‍ അങ്ങനെ നില്‍ക്കുന്നു, തണല്‍ വിരിച്ചു,ചില്ലകള്‍ ആട്ടി , കുലകള്‍ തൂങ്ങിയും നിറയെ പൂത്തും രണ്ടു പ്ലിയൂര്‍ മാവുകള്‍. കാതല്‍ വന്ന മാവുകള്‍. അടുത്ത് ചെന്ന് വട്ടം പിടിച്ചു നോക്കി. കഷ്ടി എത്തുന്നു . ഓര്‍മ്മകള്‍ ചെന്നെത്തുന്നത് എണ്‍പത്തി എട്ടുകളിലാണ്. പറമ്പില്‍ കപ്പ്ളി മൂച്ചി, മൂവാണ്ടന്‍ , മയില്‍ പീലി തുടങ്ങിയ മാവുകളും പലതരം പ്ലാവുകളും . വെണ്ട, വഴുതന, പയര്‍ , തക്കാളി ചീര അങ്ങനത്തെ അടുക്കള സമൃദ്ധികള്‍ കാത്തു സൂക്ഷിക്കുന്ന എന്‍റെ കൊച്ചു വീട് . വീടിന്റെ വലതു വശത്ത് തലയുയര്‍ ത്തി നില്‍ക്കുന്ന തൊഴുത്ത്. പത്തോളം പുള്ളിച്ചികള്‍ രണ്ടു മൂന്നു മൂരിക്കുട്ടന്മാര്‍ .. പുല്ലും വൈക്കോലും നിറച്ചു തിന്നു മദിക്കുന്ന പശുക്കള്‍ . ഇവര്‍ക്ക് പുല്ലു ചെത്തി കൊടുക്കാനും തീറ്റാന്‍ കൊണ്ടുപോകാനുമായി വര്‍ഷവര്‍ഷങ്ങളില്‍ ഒരു വലിയ പറമ്പ് പാട്ടത്തിനെടുക്കുക പതിവാണ് . ഞാനും മേമയും അപ്പുപ്പനും അമ്മുമ്മയും കൂടിയാണ് പുള്ളിചികളെ കൊണ്ട് പോവുക. എനിക്ക് ആഹ്ലാദം കൊണ്ട് കണ്ണു കാണാതാവുന്ന സമയമാണ്. ഈ പറമ്പില്‍ അരയാള്‍ പൊക്കത്തില്‍ പുല്ലു വളര്‍ന്നു നിക്കുന്നു. ഇടയ്ക്കിടെ നിറച്ചും പ്ലിയൂര്‍ മാവുകള്‍. ഇതു എന്‍റെ വീട്ടിലെ പറമ്പില്‍ ഇല്ലാത്ത ഒന്നാണ്.എത്രയാണെന്നോ മാങ്ങകള്‍ . പഴുത്തതും ചെനച്ചതും കിളികൊത്തിയതും ആയ മാങ്ങകള്‍ പല വലിപ്പത്തില്‍! രുചിയുടെ കാര്യത്തില്‍ പ്ലിയൂര്‍ മുന്പനാണ് . ഉപ്പുകൂട്ടിയും , മുളകുകൂട്ടിയും തിന്നാം . അമ്മിയിന്മേല്‍ വച്ച് ഒന്ന് ചതച്ചാല്‍ , പതുപതുത്ത തൊലിയും കാമ്പും നാവില്‍ വെള്ളമൂറലിന്റെ മാസ്മരം സൃഷ്ടിക്കും. പഴുതവ തിന്നാലോ വായില്‍ കപ്പലോട്ടം നടക്കും . ബഹുകേമം. പറമ്പില്‍ ചെന്നാലുടനെ താഴ്ന്നു കിടക്കുന്ന ഒരു ശിഖരം വഴി ഞാന്‍ മുകളിലെത്തും. പല പാകങ്ങളിലുള്ള മാങ്ങകള്‍ പറിച്ചു തിന്നുകയും ഒപ്പം മാങ്ങകള്‍ പറിച്ചു താഴെയ്ക്കിടുകയും. താഴെ മേമയും അമ്മുമ്മയും പുല്ലരിഞ്ഞു കെട്ടുക ളാ ക്കുന്ന തിരക്കിലായിരിക്കും . പറമ്പ് സൂക്ഷിപ്പുകാരന്റെ കണ്ണില്‍ പെടാതെ ഞാന്‍ താഴെയിറങ്ങി , കുറെ മാങ്ങകള്‍ പുല്കെട്ടില്‍ ഒളിപ്പിക്കും, വീട്ടിലെത്തിയാല്‍ ഇതെല്ലാം എടുത്തു ഭദ്രമായി വൈക്കോല്‍ പൊതിഞ്ഞു കുട്ടയിലാക്കി എടുത്തു വയ്ക്കും, മറ്റൊരു മാങ്ങാക്കാലം തുടങ്ങുകയായി. അങ്ങനെ തിന്നു കൂട്ടിയ പ്ലിയൂര്‍ മാങ്ങകളില്‍ഏതോ രണ്ടെന്നതിന്റെ വലിച്ചെറിയപ്പെട്ട അണ്ടി മണ്ണില്‍ കിടന്നു , കാലം കാത്തു മുളപൊട്ടി വളര്‍ന്നതാണ് ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ വട്ടം കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു നില്‍ക്കുന്ന ഈ പ്ലിയൂര്‍ മാവ് .. കട്ടെടുത്തു ഒളിച്ചു കടത്തിയ മാങ്ങകള്‍.... വരും കാലത്ത് എന്‍റെ മകനും സമപ്രായക്കാര്‍ക്കും വലിഞ്ഞുകേറാന്‍ വേണ്ടി മുളച്ചു പൂത്ത് തളിര്‍ത്തു പ്ലിയൂര്മാങ്ങകളുടെ ച്ചുനമണം പരത്തി എന്‍റെ പറമ്പില്‍ വസന്തം വിരിച്ചു നില്‍ക്കുന്നു.
Thursday, March 3, 2011
ബോംബെകാരന്റെ പട്ടികള്‍ !
കഥയുടെ പേര് -
ബോംബെകാരന്‍റെ പട്ടികള്‍ !
കഥ പറയാനൊന്നും അറിയില്ല.വായനയായിരുന്നു ലഹരി.ഓരോ പുസ്തകവും ഒരു പുഴു
അരിച്ചു തീര്‍ക്കുന്ന പോലെ വായിച്ചു നശിപ്പിക്കുക. സത്ത് മുഴുവന്‍
ഊറ്റിയെടുത്ത് ഒടുക്കം ചണ്ടിയാകുമ്പോഴേയ്ക്കും മനസ്സ് നിറ യും.
'ആലാഹയുടെ പെണ്മക്കള്‍' വായിച്ചിട്ടില്ലേ. സാറ ടീച്ചര്‍ എഴുതിയത് . എന്‍റെ
അമ്മേ,അത്ഭുതവും സന്തോഷവും കൊണ്ട് ഒറ്റയിരുപ്പിനാണതു വായിച്ചു
രമിച്ചത്.അതിലെ "പട്ടിതമ്പുരാ"ക്കന്മാരെ ഓര്‍മയില്ലേ.അത് പോലോന്നാണിത്.
ബോംബെകാരന്‍റെ പട്ടികള്‍ !
ഞാന്‍
നടത്തറ ഏച്ച്ആര്‍സി എല്‍പി സ്കൂളില്‍ മൂന്നാം ക്ലാസില്‍
പഠിക്കുന്നു.സ്കൂളിലേയ്ക്കു പോകുമ്പോള്‍ റോഡിനിരുവശവും പള്ളിയും പള്ളിവക
സ്കൂളും കാണാം.നിറയെ സപ്പോട്ട മരങ്ങളും പിന്നെ റബ്ബറും ഉള്ള
പള്ളിപറമ്പ്.സ്കൂളിലും നിറച്ചു മരങ്ങളുണ്ട്.മാവുകളും പ്ലാവുകളും തണല്‍
വിരിച്ചു നില്‍ക്കും.മിക്കപ്പോഴു കിളികളുടെ കലമ്പല്‍ കേട്ടു പ്ലാവിന്‍
തണലിലാണ് ഞങ്ങള്‍ക്ക് ക്ലാസുകള്‍... ഞങ്ങളെല്ലാവരും
വട്ടംകൂടിയിരിക്കും.വാസുദേവന്‍, ക്ലീറ്റസ്, സുധ,ജയ,ഞാന്‍ അങ്ങനെ
എല്ലാരും.സ്കൂളിലേക്ക് ഞങ്ങള്‍ വരുന്നതും ഒരു ഘോഷയാത്രയായാണ്.ഞാന്‍,എന്‍റെ
അനിയത്തി ,പിന്നെ രാധ,സുധ,ജയ,വാസു അങ്ങനെ.ഞങ്ങളില്‍ ആരുടെയെങ്കിലും
അമ്മമാര്‍ ഊഴം വെച്ച് ഞങ്ങള്‍ക്ക് തുണ വരും.പുസ്തക സഞ്ചിയും കുടവടി
സാമാനങ്ങളും അമ്മമാര്‍ ചുമക്കും.ഞങ്ങള്‍ക്ക് കുമ്മാട്ടി കാട് കാട്ടി
കളിച്ചു രമിച്ചു മുന്‍പില്‍ നടക്കാം.മാവിലെറിഞ്ഞും,കിളികളെ കണ്ടും
ഞങ്ങള്‍ നടക്കും.പോകുന്ന വഴിക്ക് ഒരു കമ്പനി പറമ്പുണ്ട്.കമ്പനിയില്‍ വിവിധ
വര്‍ണങ്ങളില്‍ ഉള്ള നൂലുകള്‍ നിര്‍മ്മിക്കും.അവിടെ നിറയെ നല്ല ഒരു മണം
തങ്ങി നില്‍ക്കും.വേലികളില്ലാത്തതാണ് കമ്പനിയ്ക്ക് ചുറ്റും ഉള്ള
പറമ്പ്..കമ്പനി പറമ്പില്‍ നിറച്ചും ചെറിയ വെള്ളക്കെട്ടുകള്‍ ഉണ്ടാവും;
മഴക്കാലത്ത്.എന്ത് രസമാണെന്നോ.വെള്ളം തെറ്റാം,ചെറു മീനെ പിടിക്കാം,പാവം തവള
ക്കുട്ടന്മാരെ കൊക്കിരികാട്ടി കല്ലെടുതെറിയാം.
അങ്ങനെ എത്രയോ നാള്‍ ഞങ്ങടെ ബാല്യം അവിടെ തിമിര്‍ത്താടി !
കമ്പനി
പറമ്പ് കടന്നാല്‍ ഒരു ഇടവഴിയുണ്ട്.ആകെയുള്ള ഓല,ഓടു വീടുകള്‍ക്കിടയില്‍ ഒരു
മിടുക്കന്‍ ടെറസ്സ് വീടുണ്ട്.ആള്‍ താമസ്സമില്ലാതെ,പൊടി പിടിച്ച ജനാലകളും
കൂറ്റന്‍ ഗേറ്റുമായി.അനാഥത്വത്തിന്റെ നരച്ച വെള്ള പൂശിയ വീട്.ആ വലിയ
വീട്ടില്‍ പട്ടികള്‍ മാത്രമേയുള്ളൂ. പട്ടികളുടെ വീട് .മതിലിനോട് ചേര്‍ന്ന
അസംഖ്യം കൂടുകളില്‍ വിവിധ ജനുസ്സുകളിലും,വലിപ്പത്തിലും നിറത്തിലും പെട്ട
ശ്വാനന്മാരെ കാണാം. തലമുഴുത്തത്,വാലുമുറിയന്‍,കിളി ച്ചുണ്ടന്‍,കാലു കുറുകിയത്, ദേഹത്ത് മുടി വന്ന് നിറഞ്ഞത്, മുട്ടോളം ചെവിയുള്ളത് അങ്ങനെ അനേകം ജാതി.
ചിലപ്പോള്‍
ഇവരില്‍ ഒരാള്‍ മാത്രമായിരിക്കും ഗേറ്റിനരുകില്‍.. മറ്റുള്ളവര്‍ കനം
നിറഞ്ഞ വയറുമായി നീണ്ട വിശ്രമതിലായിരിക്കും.സ്കൂളിലേയ് ക്കു
പോകുമ്പോള്‍ ഈ പട്ടികളുടെ ബംഗ്ലാവ് കടന്നു വേണം ഞങ്ങളുടെ യാത്ര.ഞങ്ങള്‍
ഉച്ചത്തില്‍ ചിരിച്ചും, കളി പറഞ്ഞും ബംഗ്ലാവിന്‍റെ ഗേറ്റിനരുകില്‍
എത്തുകയെ വേണ്ടു;പിന്നെ അവിടെ ഒരു കലാപമാണ്.. കുര,കടി,ചാട്ടം,മേളം
തന്നെ.എടുക്കുമ്പോഴും തൊടുക്കുമ്പോഴും എണ്ണം കൂടുന്ന അസ്ത്രങ്ങള്‍ പോലെ
പട്ടിപ്പട ഗേറ്റിനരുകില്‍ പെരുകും.ഞങ്ങള്‍ കണ്ണ് ചിമ്മി ഒരൊറ്റ ഓട്ടത്തിന്
ഗേറ്റിനു മറുപുറം കടക്കും.ബോംബെക്കാരന്റെ പട്ടികള്‍ ഞങ്ങളെ നോക്കി
നിറുത്താതെ കുരച്ചു കൊണ്ടേയിരിക്കും.തനിയാവര്‍ത്തനം വൈകുന്നേരം തിരിച്ചു
വരുമ്പോഴും ഉണ്ടാവും.
ഇങ്ങനെ എത്രയോ നാളുകള്‍ കടന്നു പോയി.
നാളുകള്‍ക്കു
ശേഷം വലിയ കോലാഹലത്തോടെ റോഡിലൂടെ കാറുകള്‍ പൊടി പറത്തി പാഞ്ഞു വന്നു.
ബോംബെക്കാര്‍ ! കാവല്‍ക്കാരന്‍ ഉച്ചത്തില്‍ കേട്ട തെറികള്‍ മുഴുവനും
ഞാനെടുക്കുന്നു എന്നാ ഭാവത്തില്‍ നിന്നു. ഒടുവില്‍ ഒരു വിധി
പുറപ്പെട്ടുവന്നു.താമസിയാതെ, അത് മനുഷ്യ രൂപം പൂണ്ടു നായ്ക്കളുടെ
വരിയുടക്കുകയും,പട്ടികളെ വിറ്റുകളയുകയും ചെയ്തു.അനാഥമായ കൂടുകളുടെ ഇടയില്‍
കാവല്‍ക്കാരന്‍ പതുങ്ങി നടന്നു. വരിയുടക്കപ്പെട്ടവര്‍ ,പില്‍ക്കാല
ദിനങ്ങളില്‍ ഇനി ആര്‍ക്കു വേണ്ടി കുരയക്കണം എന്ന ഭാവത്തില്‍
ഗേറ്റിനരുകില്‍ വന്നു ദയനീയമായി ഞങ്ങളെ നോക്കിനിന്നു.കുരയ്ക്കാന്‍ മറന്നു
പോയവയുടെ കണ്ണുകളില്‍ ദൈന്യം നിഴലിച്ചു കിടന്നു. പിന്നീട് എത്രകാലം
ഗേറ്റിനു മുന്നില്‍ വന്നു നിന്ന് ഞങ്ങള്‍ കൊഞ്ഞനം കുത്തിയിട്ടും കുരയുടെ
മാലപ്പടക്കങ്ങള്‍ വിതറാന്‍ മറന്ന് കാല്‍നഖം കൊണ്ട് യാത്രികമായി തറ മാന്തി
അവ നിന്നു. ബോംബെക്കാരന്‍റെ പാവം പട്ടികള്‍!!
Subscribe to:
Posts (Atom)