Malayalam Bloggers

Thursday, March 3, 2011

ബോംബെകാരന്റെ പട്ടികള്‍ !


കഥയുടെ പേര് - 
ബോംബെകാരന്‍റെ  പട്ടികള്‍ ! 

കഥ പറയാനൊന്നും അറിയില്ല.വായനയായിരുന്നു ലഹരി.ഓരോ പുസ്തകവും ഒരു പുഴു അരിച്ചു തീര്‍ക്കുന്ന പോലെ വായിച്ചു നശിപ്പിക്കുക. സത്ത് മുഴുവന്‍ ഊറ്റിയെടുത്ത് ഒടുക്കം ചണ്ടിയാകുമ്പോഴേയ്ക്കും മനസ്സ് നിറ യും.
'ആലാഹയുടെ പെണ്മക്കള്‍' വായിച്ചിട്ടില്ലേ. സാറ ടീച്ചര്‍ എഴുതിയത് . എന്‍റെ അമ്മേ,അത്ഭുതവും സന്തോഷവും കൊണ്ട് ഒറ്റയിരുപ്പിനാണതു വായിച്ചു രമിച്ചത്.അതിലെ "പട്ടിതമ്പുരാ"ക്കന്മാരെ ഓര്‍മയില്ലേ.അത് പോലോന്നാണിത്.

ബോംബെകാരന്‍റെ  പട്ടികള്‍ !
ഞാന്‍ നടത്തറ ഏച്ച്ആര്‍സി എല്‍പി സ്കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു.സ്കൂളിലേയ്ക്കു പോകുമ്പോള്‍ റോഡിനിരുവശവും പള്ളിയും പള്ളിവക സ്കൂളും കാണാം.നിറയെ സപ്പോട്ട മരങ്ങളും പിന്നെ റബ്ബറും ഉള്ള പള്ളിപറമ്പ്.സ്കൂളിലും നിറച്ചു മരങ്ങളുണ്ട്.മാവുകളും പ്ലാവുകളും തണല്‍ വിരിച്ചു നില്‍ക്കും.മിക്കപ്പോഴു കിളികളുടെ കലമ്പല്‍ കേട്ടു പ്ലാവിന്‍ തണലിലാണ് ഞങ്ങള്‍ക്ക് ക്ലാസുകള്‍... ഞങ്ങളെല്ലാവരും വട്ടംകൂടിയിരിക്കും.വാസുദേവന്‍,ക്ലീറ്റസ്, സുധ,ജയ,ഞാന്‍ അങ്ങനെ എല്ലാരും.സ്കൂളിലേക്ക് ഞങ്ങള്‍ വരുന്നതും ഒരു ഘോഷയാത്രയായാണ്.ഞാന്‍,എന്‍റെ അനിയത്തി ,പിന്നെ രാധ,സുധ,ജയ,വാസു അങ്ങനെ.ഞങ്ങളില്‍ ആരുടെയെങ്കിലും അമ്മമാര്‍ ഊഴം വെച്ച് ഞങ്ങള്‍ക്ക് തുണ വരും.പുസ്തക  സഞ്ചിയും കുടവടി സാമാനങ്ങളും അമ്മമാര്‍ ചുമക്കും.ഞങ്ങള്‍ക്ക്  കുമ്മാട്ടി കാട് കാട്ടി  കളിച്ചു രമിച്ചു  മുന്‍പില്‍ നടക്കാം.മാവിലെറിഞ്ഞും,കിളികളെ കണ്ടും ഞങ്ങള്‍ നടക്കും.പോകുന്ന വഴിക്ക് ഒരു കമ്പനി പറമ്പുണ്ട്.കമ്പനിയില്‍ വിവിധ വര്‍ണങ്ങളില്‍ ഉള്ള നൂലുകള്‍ നിര്‍മ്മിക്കും.അവിടെ നിറയെ നല്ല ഒരു മണം തങ്ങി നില്‍ക്കും.വേലികളില്ലാത്തതാണ് കമ്പനിയ്ക്ക് ചുറ്റും ഉള്ള പറമ്പ്..കമ്പനി പറമ്പില്‍ നിറച്ചും ചെറിയ വെള്ളക്കെട്ടുകള്‍ ഉണ്ടാവും; മഴക്കാലത്ത്.എന്ത് രസമാണെന്നോ.വെള്ളം തെറ്റാം,ചെറു മീനെ പിടിക്കാം,പാവം തവള ക്കുട്ടന്മാരെ കൊക്കിരികാട്ടി കല്ലെടുതെറിയാം.
അങ്ങനെ എത്രയോ നാള്‍ ഞങ്ങടെ ബാല്യം അവിടെ തിമിര്‍ത്താടി !

കമ്പനി പറമ്പ് കടന്നാല്‍ ഒരു ഇടവഴിയുണ്ട്.ആകെയുള്ള ഓല,ഓടു വീടുകള്‍ക്കിടയില്‍ ഒരു മിടുക്കന്‍ ടെറസ്സ് വീടുണ്ട്.ആള്‍ താമസ്സമില്ലാതെ,പൊടി പിടിച്ച ജനാലകളും കൂറ്റന്‍ ഗേറ്റുമായി.അനാഥത്വത്തിന്റെ നരച്ച വെള്ള പൂശിയ വീട്.ആ വലിയ വീട്ടില്‍ പട്ടികള്‍ മാത്രമേയുള്ളൂ. പട്ടികളുടെ വീട് .മതിലിനോട് ചേര്‍ന്ന അസംഖ്യം കൂടുകളില്‍ വിവിധ ജനുസ്സുകളിലും,വലിപ്പത്തിലും നിറത്തിലും പെട്ട ശ്വാനന്മാരെ കാണാം. തലമുഴുത്തത്,വാലുമുറിയന്‍,കിളിച്ചുണ്ടന്‍,കാലു കുറുകിയത്, ദേഹത്ത് മുടി വന്ന്‌ നിറഞ്ഞത്, മുട്ടോളം ചെവിയുള്ളത്  അങ്ങനെ അനേകം ജാതി.

 ചിലപ്പോള്‍ ഇവരില്‍ ഒരാള്‍ മാത്രമായിരിക്കും ഗേറ്റിനരുകില്‍.. മറ്റുള്ളവര്‍ കനം നിറഞ്ഞ വയറുമായി നീണ്ട വിശ്രമതിലായിരിക്കും.സ്കൂളിലേയ്ക്കു പോകുമ്പോള്‍ ഈ പട്ടികളുടെ ബംഗ്ലാവ് കടന്നു വേണം ഞങ്ങളുടെ യാത്ര.ഞങ്ങള്‍ ഉച്ചത്തില്‍ ചിരിച്ചും, കളി പറഞ്ഞും ബംഗ്ലാവിന്‍റെ  ഗേറ്റിനരുകില്‍ എത്തുകയെ വേണ്ടു;പിന്നെ അവിടെ ഒരു കലാപമാണ്‌.. കുര,കടി,ചാട്ടം,മേളം തന്നെ.എടുക്കുമ്പോഴും തൊടുക്കുമ്പോഴും എണ്ണം കൂടുന്ന അസ്ത്രങ്ങള്‍ പോലെ പട്ടിപ്പട ഗേറ്റിനരുകില്‍ പെരുകും.ഞങ്ങള്‍ കണ്ണ് ചിമ്മി ഒരൊറ്റ ഓട്ടത്തിന് ഗേറ്റിനു മറുപുറം കടക്കും.ബോംബെക്കാരന്റെ പട്ടികള്‍ ഞങ്ങളെ നോക്കി നിറുത്താതെ കുരച്ചു കൊണ്ടേയിരിക്കും.തനിയാവര്‍ത്തനം വൈകുന്നേരം തിരിച്ചു വരുമ്പോഴും ഉണ്ടാവും.

ഇങ്ങനെ എത്രയോ നാളുകള്‍ കടന്നു പോയി.
നാളുകള്‍ക്കു ശേഷം വലിയ കോലാഹലത്തോടെ റോഡിലൂടെ കാറുകള്‍ പൊടി പറത്തി പാഞ്ഞു വന്നു. ബോംബെക്കാര്‍ ! കാവല്‍ക്കാരന്‍ ഉച്ചത്തില്‍ കേട്ട തെറികള്‍ മുഴുവനും ഞാനെടുക്കുന്നു എന്നാ ഭാവത്തില്‍ നിന്നു. ഒടുവില്‍ ഒരു വിധി പുറപ്പെട്ടുവന്നു.താമസിയാതെ, അത് മനുഷ്യ രൂപം പൂണ്ടു നായ്ക്കളുടെ വരിയുടക്കുകയും,പട്ടികളെ വിറ്റുകളയുകയും ചെയ്തു.അനാഥമായ കൂടുകളുടെ ഇടയില്‍ കാവല്‍ക്കാരന്‍ പതുങ്ങി നടന്നു. വരിയുടക്കപ്പെട്ടവര്‍ ,പില്‍ക്കാല ദിനങ്ങളില്‍  ഇനി ആര്‍ക്കു വേണ്ടി കുരയക്കണം എന്ന ഭാവത്തില്‍ ഗേറ്റിനരുകില്‍ വന്നു ദയനീയമായി ഞങ്ങളെ നോക്കിനിന്നു.കുരയ്ക്കാന്‍ മറന്നു പോയവയുടെ കണ്ണുകളില്‍ ദൈന്യം നിഴലിച്ചു കിടന്നു. പിന്നീട് എത്രകാലം ഗേറ്റിനു മുന്നില്‍ വന്നു നിന്ന് ഞങ്ങള്‍ കൊഞ്ഞനം കുത്തിയിട്ടും കുരയുടെ മാലപ്പടക്കങ്ങള്‍  വിതറാന്‍ മറന്ന് കാല്‍നഖം കൊണ്ട് യാത്രികമായി തറ മാന്തി അവ നിന്നു. ബോംബെക്കാരന്‍റെ പാവം പട്ടികള്‍!!

No comments: