ഞാന്‍ എഴുതിയതെല്ലാം മുന്‍പായിരുന്നു. ബ്ലോഗ് എന്താണെന്നു അറിയുന്നതിന് മുന്‍പ്. പലതും നോട്ട് ബുക്കുകളിലും മറ്റുമായി ചിതറിക്കിടന്നിരുന്നു. പലതും നഷ്ടപ്പെട്ടുപോയി. ഇപ്പോള്‍ പുതിയതായി എഴുതുവാന്‍ ഒരു ശ്രമം നടത്തുകയാണ്....
Wednesday, March 30, 2011
ഗിരിജന്റെ അമ്പതു രൂപ !
ഗിരിജന്‍!ആള് ഉയരം കുറഞ്ഞു,കറുത്തിട്ടാണ്.ചുമല്‍ നിറയെ ചുണങ്ങും അഴുക്കു പുരണ്ട മുടിയും തെറുത്തു കെട്ടിയ കള്ളിമുണ്ടുമായി എപ്പോഴും കുടിച്ചു ലക്കുകെട്ട്,കുട്ടി,കൂളി,കാക്ക പൂച്ചയോടെല്ലാം ക്ഷേമം പറഞ്ഞു കൃഷ്നാപുരത്തിന്റെ ഒരു ഭാഗമായി അയാള്‍ മാറിയിരുന്നു.അന്നും ഇന്നും ചാണകം മെഴുകിയ വെള്ള വലിക്കാത്ത, ചെത്തിത്തേക്കാത്ത ഒര് കുഞ്ഞുവീടെ ഗിരിജനുള്ളൂ.സ്വന്തമായി ഒര് പെണ്ണും നാല് പെണ്‍കുട്ടികളും.എന്നാല്‍ കൃഷ്നാപുരത്തെ എല്ലാ വീട്ടിലെ പറമ്പുകളും കിണറുകളും മരങ്ങളും അയാള്‍ക്ക് സ്വന്തമാണ്.ചക്കയുടെയോ മാങ്ങയുടെയോ കരിമുള്ള് മൂക്കുന്നതും ചെനച്ച മണവും ഗിരിജന് മൂക്കിന്‍ തുമ്പതാണു.തേങ്ങ ഇടാന്‍ സമയം ഗിരിജന്‍ തണ്ടാനാവും. മഴക്കാലത്തിനു മുന്‍പ് തൂമ്പയുമായി വീടുതോറും കേറിയിറങ്ങി തെങ്ങിന് തടം കോരും,പറമ്പിലെ പുല്ലു ചെത്തും,പയറിന്‍ തടം വെള്ളം തേവി നനയ്ക്കും.പണിയെല്ലാം കഴിഞ്ഞാല്‍ കാശ് ചോദിക്കാതെ പൊയ്ക്കളയും.നേരെ പോകുന്നത് വാസുഎട്ടന്റെ ചാരായ ഷാപ്പിലെക്കാന്.
"വാസ്വേട്ട,ഒര് ഇരുനൂറും ഒര് താറാമൊട്ടേം".
കടം പറയ്യാന്‍ മടിയില്ലാതെയും,കടം കൊടുക്കാന്‍ മടിയില്ലതെയും ഗിരിജനും വാസുവേട്ടനും ഉപചാരം ചൊല്ലി പിരിയും.
പിന്നെ എപ്പോഴെങ്കിലും എന്‍റെ അമ്മാമ്മയുടെ അടുത്തേക്ക് ഓടിവരും എന്നിട്ട് ചോദിക്കും
"ത്രിസേടുത്യെ, ഒരമ്പത് രൂപ കാട്ട്യേ "
"എന്തിനാണ് ഗിരിജാ നിനക്കിപ്പോ കാശ്?കുടിക്കാനല്ലറാ?"
അമ്മാമ്മ ചോദിക്കും.തലകുനിച്ചു ഒരു കള്ളനോട്ടം നോക്കി,ഗിരിജന്‍ എണീറ്റ് അപ്പാപ്പന്റെ അടുത്തേക്ക് വലിയും.
"ഈനാശേട്ട ഒരമ്പത് രൂപ കാട്ട്യേ,ഇന്നാള് ചക്ക ഇട്ട വകേല് കൂട്ടിക്കോ "
"എന്‍റെ പറമ്പീന്ന് ചക്കിടാന്‍ നിന്നോടാരാണ്ട മൈരേ പറഞ്ഞെ?നീ പൂവാന്‍ നോക്ക്യേ , കാലും നാവും കൊഴാഞ്ഞിട്ടു അവനു നിക്കാന്‍ വയ്യ.നാല് പെണ്‍കുട്ട്യോളുടെ കാര്യം വല്ല നോട്ട്മ്ട്രാ നിനക്ക് ? "
അപ്പാപ്പന്‍ ഗിരിജന്റെ മെക്കിട്ടു കേറും .
"അവറ്റൊല്ടെ കാര്യം അവരടെ തള്ളേടെ തള്ള നോക്ക്ണ്ട്,പിന്നെ ഞാനെന്തൂട്ടിനാണ് നോക്കണേ"
പിന്നെ ഗിരിജന്‍ അവിടെ നിക്കില്ല. പാഞ്ഞു കളയും.പിന്നെ ഒരുദിവസം ഓടി വന്നു, വെള്ളം കോരുന്ന കയറെടുത്തു അരയില്‍ കെട്ടി,ഒരു കത്തി മുണ്ടുകുത്തില്‍ തിരുകി വരിക്കപ്ലാവില്‍ വലിഞ്ഞുകേറും.മൂത്തത് നോക്കി രണ്ടോ മൂന്നോ ചക്ക വെട്ടി, കെട്ടിയിറക്കും,പിന്നെ അതീവ ലാളിത്യത്തോടെ ,ജാഗ്രതയോടെ ആ കര്‍മം നിര്‍വഹിച്ചു,ഗിരിജന്‍ തന്നെ ചക്കയിലെ പശ വരുന്നിടത്ത് ഒരു പ്ലാവില ഒട്ടിച്ചു ,പര്യെപ്പുറത്തു കൊണ്ടുവച്ചിട്ടു,ഒരു ചക്ക തുരന്നു മൂപ്പ് നോക്കി, കൊള്ളാം എന്നു ഒറപ്പ് വരുത്തി,ഒന്നും ആരോടും ഉരിയാടാതെ പൊയ്ക്കളയും.പഴുക്കുമ്പോള്‍ ചക്ക തിന്നുന്ന ഞങ്ങള്‍ ഗിരിജനെയും ഗിരിജന്റെ വിശന്നിരിക്കുന്ന കുട്ടികളെയും ഓര്‍ക്കാറില്ല .
കുറെ നാള്‍ കഴിയുമ്പോള്‍ ഒരു വടവും ഒരു കൂട്ടുകാരനുമായി ഗിരിജന്‍ വരും.വടം നേരെ കിനട്ടിന്കരയിലെ ഇരുമ്പന്‍ പുളിയില്‍ കെട്ടും,ഒരറ്റം പിടിച്ചു കിണറ്റിലേക്ക് ഊര്ന്നോരിറക്കം.കുറെ കൊട്ട ചേര് കേറ്റി കഴിഞ്ഞു ഗിരിജന്‍ പുറത്തിറങ്ങി ഒരു ബീടിപുകയ്ക്കും.പിന്നെ ദേഹത് നിറയെ ചെളിയുമായി,ആരോടും ഒന്നും പറയാതെ കൂലിക്ക് കാത്തു നില്‍ക്കാതെ സ്ഥലം വിട്ടുകളയും.ചേറ്റു ചെളിയിലെ വെള്ളം വറ്റുകയും കിണറ്റില്‍ വെള്ളം ഒറ് കൂടുകയും ചെയ്യുമ്പോള്‍ ഗിരിജന്‍ വരും.പഴയ പല്ലവി !
"ഈനാശേട്ട ഒരമ്പത് രൂപ കാട്ട്യേ, ഇന്നാള് ചേര് ഇടുത്ത വകേല് കൂട്ടിക്കോ " .
അപ്പാപ്പന് ചിരിവരും, ഗൌരവം വിടാതെ പറയും,
"നിനുക്ക് ഒരു തുള്ളി വേണാ, നല്ല റം ഇണ്ട്"
പട്ടാളത്തിലായിരുന്ന അപ്പാപ്പന് ക്വോട്ട കിട്ടുന്ന വകയിലെ നുരയുന്ന റം വെള്ളം ചേര്‍ക്കാതെ ഒര് രണ്ടെണ്ണം ഇരുന്നടിച്ചു,കുറച്ചു അച്ചാറ് തൊട്ടു നക്കി,ഗിരിജന്‍ ഇരുന്നു ഒര് കഥ തുടങ്ങും .
"നമ്മടെ ലീലെടെ പറമ്പിലേ , ഇന്നാള് ചെന്നെപ്പോ....."
കഥ തീരുമ്പോഴേയ്ക്കും കുപ്പി കാലിയാവുകയും 'അമ്പതുരൂപാകഥ' ഗിരിജന്‍റെ മറവിയുടെ പടുകുഴിയിലേക്ക് വീഴുകയും ചെയ്യും.ഉയര്‍ന്നു മുറുകുന്ന അപ്പാപ്പന്റെ കൂര്‍ക്കംവലിയെ ശപിച്ചു ഗിരിജന്‍ ഇറങ്ങി നടക്കും ...
Subscribe to:
Post Comments (Atom)
No comments:
Post a Comment