Malayalam Bloggers

Wednesday, March 16, 2011

കട്ടെടുത്ത പ്ലിയൂര്‍ മാങ്ങകള്‍!


ഈയിടെ നാട്ടില്‍ ചെന്നപ്പോഴുണ്ട് പറമ്പില്‍ അങ്ങനെ നില്‍ക്കുന്നു, തണല്‍ വിരിച്ചു,ചില്ലകള്‍ ആട്ടി , കുലകള്‍ തൂങ്ങിയും നിറയെ പൂത്തും രണ്ടു പ്ലിയൂര്‍ മാവുകള്‍. കാതല്‍ വന്ന മാവുകള്‍. അടുത്ത് ചെന്ന് വട്ടം പിടിച്ചു നോക്കി. കഷ്ടി എത്തുന്നു . ഓര്‍മ്മകള്‍ ചെന്നെത്തുന്നത് എണ്‍പത്തി എട്ടുകളിലാണ്. പറമ്പില്‍ കപ്പ്ളി മൂച്ചി, മൂവാണ്ടന്‍ , മയില്‍ പീലി തുടങ്ങിയ മാവുകളും പലതരം പ്ലാവുകളും . വെണ്ട, വഴുതന, പയര്‍ , തക്കാളി ചീര അങ്ങനത്തെ അടുക്കള സമൃദ്ധികള്‍ കാത്തു സൂക്ഷിക്കുന്ന എന്‍റെ കൊച്ചു വീട് . വീടിന്റെ വലതു വശത്ത് തലയുയര്‍ ത്തി നില്‍ക്കുന്ന തൊഴുത്ത്. പത്തോളം പുള്ളിച്ചികള്‍ രണ്ടു മൂന്നു മൂരിക്കുട്ടന്മാര്‍ .. പുല്ലും വൈക്കോലും നിറച്ചു തിന്നു മദിക്കുന്ന പശുക്കള്‍ . ഇവര്‍ക്ക് പുല്ലു ചെത്തി കൊടുക്കാനും തീറ്റാന്‍ കൊണ്ടുപോകാനുമായി വര്‍ഷവര്‍ഷങ്ങളില്‍ ഒരു വലിയ പറമ്പ് പാട്ടത്തിനെടുക്കുക പതിവാണ് . ഞാനും മേമയും അപ്പുപ്പനും അമ്മുമ്മയും കൂടിയാണ് പുള്ളിചികളെ കൊണ്ട് പോവുക. എനിക്ക് ആഹ്ലാദം കൊണ്ട് കണ്ണു കാണാതാവുന്ന സമയമാണ്. ഈ പറമ്പില്‍ അരയാള്‍ പൊക്കത്തില്‍ പുല്ലു വളര്‍ന്നു നിക്കുന്നു. ഇടയ്ക്കിടെ നിറച്ചും പ്ലിയൂര്‍ മാവുകള്‍. ഇതു എന്‍റെ വീട്ടിലെ പറമ്പില്‍ ഇല്ലാത്ത ഒന്നാണ്.എത്രയാണെന്നോ മാങ്ങകള്‍ . പഴുത്തതും ചെനച്ചതും കിളികൊത്തിയതും ആയ മാങ്ങകള്‍ പല വലിപ്പത്തില്‍! രുചിയുടെ കാര്യത്തില്‍ പ്ലിയൂര്‍ മുന്പനാണ് . ഉപ്പുകൂട്ടിയും , മുളകുകൂട്ടിയും തിന്നാം . അമ്മിയിന്മേല്‍ വച്ച് ഒന്ന് ചതച്ചാല്‍ , പതുപതുത്ത തൊലിയും കാമ്പും നാവില്‍ വെള്ളമൂറലിന്റെ മാസ്മരം സൃഷ്ടിക്കും. പഴുതവ തിന്നാലോ വായില്‍ കപ്പലോട്ടം നടക്കും . ബഹുകേമം. പറമ്പില്‍ ചെന്നാലുടനെ താഴ്ന്നു കിടക്കുന്ന ഒരു ശിഖരം വഴി ഞാന്‍ മുകളിലെത്തും. പല പാകങ്ങളിലുള്ള മാങ്ങകള്‍ പറിച്ചു തിന്നുകയും ഒപ്പം മാങ്ങകള്‍ പറിച്ചു താഴെയ്ക്കിടുകയും. താഴെ മേമയും അമ്മുമ്മയും പുല്ലരിഞ്ഞു കെട്ടുക ളാ ക്കുന്ന തിരക്കിലായിരിക്കും . പറമ്പ് സൂക്ഷിപ്പുകാരന്റെ കണ്ണില്‍ പെടാതെ ഞാന്‍ താഴെയിറങ്ങി , കുറെ മാങ്ങകള്‍ പുല്കെട്ടില്‍ ഒളിപ്പിക്കും, വീട്ടിലെത്തിയാല്‍ ഇതെല്ലാം എടുത്തു ഭദ്രമായി വൈക്കോല്‍ പൊതിഞ്ഞു കുട്ടയിലാക്കി എടുത്തു വയ്ക്കും, മറ്റൊരു മാങ്ങാക്കാലം തുടങ്ങുകയായി. അങ്ങനെ തിന്നു കൂട്ടിയ പ്ലിയൂര്‍ മാങ്ങകളില്‍ഏതോ രണ്ടെന്നതിന്റെ വലിച്ചെറിയപ്പെട്ട അണ്ടി മണ്ണില്‍ കിടന്നു , കാലം കാത്തു മുളപൊട്ടി വളര്‍ന്നതാണ് ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ വട്ടം കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു നില്‍ക്കുന്ന ഈ പ്ലിയൂര്‍ മാവ് .. കട്ടെടുത്തു ഒളിച്ചു കടത്തിയ മാങ്ങകള്‍.... വരും കാലത്ത് എന്‍റെ മകനും സമപ്രായക്കാര്‍ക്കും വലിഞ്ഞുകേറാന്‍ വേണ്ടി മുളച്ചു പൂത്ത് തളിര്‍ത്തു പ്ലിയൂര്മാങ്ങകളുടെ ച്ചുനമണം പരത്തി എന്‍റെ പറമ്പില്‍ വസന്തം വിരിച്ചു നില്‍ക്കുന്നു.

No comments: