Malayalam Bloggers

Tuesday, July 31, 2012

മഴപ്പെയ്ത്തുകളിലെ സിനിമ







മലയാളി ഒരു പക്ഷെ ഏറ്റവും ആസ്വദിച്ചു കണ്ടു തീര്‍ത്ത മലയാളം ചിത്രങ്ങളില്‍ ഒന്നാവണം തൂവാനത്തുമ്പികള്‍.ഇന്നും ഈ പത്മരാജന്‍ ചിത്രം ഒരു വന്യ സൌന്ദര്യം പ്രധാനം ചെയ്തു മലയാളിയുടെ മനസ്സില്‍ ജീവിക്കുന്നു.ചിത്രത്തില്‍ പല ഫ്രെയിമുകളിലും മഴ ഒരു അവിഭാജ്യ ഘടകമായി നിറഞ്ഞു നിക്കുന്നു.മണ്ണാറത്തൊടിയിലെ വീട്ടിലെ ജനാലയ്ക്കല്‍ ഇരുന്നു ജയകൃഷ്ണന്‍ ക്ലാരയുടെ മുഖം കാണുന്നത് ചാഞ്ഞു വീഴുന്ന മഴയിലൂടെയാണ്.ക്ലാര ഓരോ കത്തെഴുതുമ്പോഴും മഴ പെയ്യുന്നു.ആദ്യ സമാഗമത്തില്‍ കാണുന്നതും മഴ.ഇങ്ങനെ ഉള്ളു കുളിര്‍പ്പിക്കാന്‍ മന്ത്ര മധുരമായ സംഗീതം പോലെ മഴ ആ സിനിമയില്‍ പെയ്തു കൊണ്ടേയിരുന്നു.

മഴ എന്ന് പേര്‍ ഉള്ള മറ്റൊരു മലയാള സിനിമയില്‍ മഴയ്ക്ക് രൌദ്ര ഭാവമായിരുന്നു.പെരുമഴക്കാലം എന്നാ സിനിമയില്‍ ആകട്ടെ മഴ പെയ്തിരുന്നത് വിഷാദച്ഛവി പരത്തിയാണ്.മഴ,അകലെ നടക്കുവാന്‍ പോകുന്ന ഒരു വധ ശിക്ഷയുടെ പേടി നമ്മില്‍ ഉണര്ത്തിക്കൊണ്ട് ആഞ്ഞു പെയ്തിരുന്നു ഈ സിനിമയില്‍.വൈശാലി എന്ന സിനിമയില്‍,മഴ പെയ്യുവാന്‍ കാത്തിരുന്ന ദേശവാസികള്‍ക്ക് അത്ഭുതം സൃഷ്ട്ടിച്ചു കൊണ്ട് ഋഷ്യശൃംഗൻ നടത്തിയ യാഗത്തിനൊടുവില്‍ മഴ തിമിര്‍ത്തു പെയ്യുന്നത് നാം കണ്ടു.മഴയുടെ പ്രവാഹത്തില്‍ വൈശാലിയുടെ കണ്ണ് നീര്‍ ആരും കണ്ടില്ല.കാലം പിന്നിടുമ്പോള്‍, ഇന്ന് കച്ചവട സിനിമാക്കാരുടെ കണ്ണുകള്‍ മഴപ്പാട്ടുകളില്‍ നായികാ നായകന്മാരുടെ മേനി കുതിര്‍ത്തി കാഴ്ചക്കാരന് മുന്നില്‍ വിരുന്നായി ഒരുക്കുന്നു.

റെയിന്‍ എന്ന 1932 ലെ ഹോളിവുഡ്‌ സിനിമയിലേയ്ക്ക് വരാം.സിനിമ തുടങ്ങുന്നത്,ആകാശം കറുത്തിരുണ്ട്‌ മഴ പെയ്യുന്നതും,മഴത്തുള്ളികള്‍ ഊഷരമായ ഭൂമിയിലേയ്ക്ക്,പിന്നെ ഒര് കല്‍ത്തൊട്ടിയിലേയ്ക്കും വീണു നിറയുന്നത്പകര്‍ത്തിക്കൊണ്ടാണ്.മഴപ്പാട്ടുകള്‍ പാടി, മഴച്ചെളി ചവുട്ടി ഒര് കൂട്ടം ആളുകള്‍ - അമേരിക്കന്‍ മറീന്‍സ് -  കടന്നു പോകുന്നു.സമോവയിലെ പഗോ പഗോ ദ്വീപ്‌ മഴയില്‍ കുതിര്‍ന്നു കിടക്കുന്നു.ഇലകളില്‍ നിന്നും മഴത്തുള്ളികള്‍ ഭൂമിയിലേയ്ക്ക് ഇറ്റിറ്റു വീഴുന്നു.

വഴി തെറ്റി വന്ന ഒരു ബോട്ട് മിഷനറിയായ ഡേവിഡ്‌സനെയും,വേശ്യയായ സാഡീ തോമ്സനെയും പഗോയില്‍ എത്തിക്കുന്നു.മറീനുകളുടെ ഒപ്പം സിഗരട്ട് വലിച്ചും പാട്ട് പാടിയും സാഡീ  ജീവിതം ആഘോഷിക്കുന്നു.മിഷനറി,സാഡീയുടെ  ജീവിതരീതികള്‍ മാറ്റുവാനും അവള്‍ക്കു പാപമോചനവും പുനരുത്ഥാനവും  നേടി കൊടുക്കാനും ശ്രമിക്കുന്നു.എന്റെ കാര്യത്തില്‍ തലയിടാന്‍ നിങ്ങള്‍ ആരാണ് എന്ന് ചോദിച്ചു സാഡീ പ്രതികരിക്കുന്നു. 

ഇതിനിടെ ദ്വീപില്‍ കോളറ പിടിപെടുന്നു.സാഡീ ഒരു മറീനുമായി പ്രേമത്തില്‍ ആകുന്നു.തന്റെ ആത്മാവിനെ രക്ഷിക്കാന്‍ മിഷനറി വച്ചു നീട്ടുന്ന ഉപാധികള്‍ സ്വീകരിക്കാത്തതിനാല്‍ ഗവര്‍ണറോട് പറഞ്ഞു സാടിയെ സാന്‍ ഫ്രാന്‍സിസ്കോയിലേയ്ക്കു നാട് കടത്താന്‍ മിഷനറി തീരുമാനിക്കുന്നു.കുറച്ചു ദിവസം കൂടി ദ്വീപില്‍ തങ്ങുവാന്‍ അവസരം ചോദിക്കുന്ന സാഡീ,ഓസ്ട്രേലിയയിലേയ്ക്കു കടക്കാന്‍ പദ്ധതിയിടുന്നു.പിന്നീടു,വേറൊരു അവസരത്തില്‍ സാഡീയോട് മിഷനറി പാപങ്ങളില്‍ നിന്ന് പിന്‍തിരിയാന്‍ ആവശ്യപ്പെടുന്നു.ഞാന്‍ നരകത്തിലേയ്ക്കുള്ള പാതയില്‍ ആണെന്നും തന്നെ തന്‍റെ പാട്ടിനു വിടാനും പറഞ്ഞു കൊണ്ട് പറഞ്ഞു കൊണ്ട് സാഡീ പൊട്ടിത്തെറിക്കുന്നു.മിഷനറി "സ്വര്‍ഗസ്ഥനായ പിതാവേ" എന്ന പ്രാര്‍ത്ഥന ചൊല്ലുന്നു.പ്രാര്‍ത്ഥനയുടെ ശക്തിയില്‍,സാഡീ മുട്ടുകുത്തുകയും അവളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയും ചെയ്യുന്നു.പെട്ടന്ന് ഒരു മാനസിക പരിവര്‍ത്തനം സാധിക്കുന്ന സാഡീ, സാന്‍ ഫ്രാന്‍സിസ്കോയിലേയ്ക്കു പോകാന്‍ തീരുമാനിക്കുന്നു.മറീന്‍ (ഓ ഹാരാ ) സാഡീയോടു വിവാഹ അഭ്യര്‍ത്ഥന നടത്തുന്നു.തന്നോടൊത്ത് ഓസ്ട്രേലിയയില്‍ ജീവിക്കാന്‍ ക്ഷണിക്കുന്നു.ദ്വീപു നിവാസികള്‍ ചെണ്ട വാദ്യം കേട്ടു ഉണരുന്ന ഒര് സുപ്രഭാതം.മീന്‍പിടുത്തക്കാര്‍ വലിച്ചു കയറ്റുന്ന വലയില്‍,ദുരൂഹതകള്‍ അവശേഷിപ്പിച്ചു കൊണ്ട് ഡേവിഡ്‌സന്‍ന്‍റെ മൃത ശരീരം കിട്ടുന്നു.ആത്മഹത്യ! നിരാശാ ജനകമായ സംഗീതം മുഴങ്ങുന്നു.മഴ തിമിര്‍ത്തു പെയ്യുന്നു.വാര്‍ത്തയറിഞ്ഞ് സാഡീ വിലപിക്കുന്നു.സിനിമ അവസാനിക്കുന്നിടത്ത് ,ഓ ഹാരയുടെ കൂടെ പുതിയ ഒര് ജീവിതത്തിനു സാഡീ ഓസ്ട്രേലിയയിലേയ്ക്കു പോകുന്നു.മഴ അല്പനേരത്തേയ്ക്ക് തോര്‍ന്ന ഒരു ദിനം സംജാതമാകുന്നു. 



ജീവിതവും,മരണവും, ജീവിത ചെയ്തികള്‍ പാപങ്ങള്‍ക്കും അതുമൂലം ആത്മാവിന്‍റെ മൂല്യ ശോഷണത്തിനും കാരണമാകുന്നു എന്ന ക്രിസ്ത്യന്‍ തത്വങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ സിനിമ ലൂയിസ് സംവിധാനം ചെയ്തിരിക്കുന്നത്. മൂല കഥ സോമര്‍ സെറ്റ് മോമിന്റെതാണ്. ജോണ്‍കോള്‍ട്ടന്‍ 1923 ഇല്‍ ഇതേ ഇതിവൃത്തം ആസ്പദമാക്കി ഒര് നാടകവും നിര്‍മ്മിച്ചിട്ടുണ്ട്. ജോവാന്‍ ക്രഫോര്ദ് സാഡീ ആയും വാള്‍ട്ടര്‍ ഹട്സന്‍ മിഷനറി ആയും നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച വച്ചു.ഒരു വേശ്യയുടെ രൂപ ഭാവ ചലനങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ ജോവാന്‍ തീര്‍ത്തും വിജയിച്ചിരിക്കുന്നു. 

മഴ ഒരു കഥാപാത്രം ആയി ഈ സിനിമയില്‍ ഉടനീളം പെയ്യുന്നു.അമേരിക്കന്‍ സമോവയുടെ തലസ്ഥാനം ആണ് പഗോ പഗോ.ദ്വീപിന്റെ ഒരു വശത്ത്‌ റൈന്‍ മേക്കര്‍ എന്നറിയപ്പെടുന്ന പിഅവോ കൊടുമുടി സ്ഥിതി ചെയ്യുന്നു.അത് കൊണ്ട് തന്നെ എന്നും മഴയാണ് ഈ ദ്വീപില്‍.അത് കൊണ്ടുള്ള അസുഖങ്ങളും സുഖങ്ങളും ഒരു പോലെ അനുഭവിക്കുന്ന,മീന്‍ പിടുത്തക്കാരുടെ ജനത.ഓരോ സംഭാഷണത്തിനും പാട്ടിനും പിന്സ്വരമായി സിനിമയില്‍ നിറുത്താതെ മഴ പെയ്യുന്നത് സംവിധായകന്‍ ഇന്ദ്രജാലം എന്ന പോലെ വരച്ചു കാട്ടിയിരിക്കുന്നു. 

സിനിമ ഇവിടെ കാണുക :

http://www.youtube.com/watch?v=i4uWWHtxc_Q
Dim lights

Details 

Directed by - Lewis Milestone         

Writing credits - John Colton,W. Somerset Maugham         

Main Cast 
Walter Huston     ...    Alfred Davidson
Joan Crawford     ...    Sadie Thompson    
Beulah Bondi     ...    Mrs. Alfred Davidson
Matt Moore     ...    Dr. Robert MacPhail
(http://www.malayalanatu.com/index.php/-/1665-2012-07-18-17-39-03)

No comments: