യാനൈ !!
--------
2000.
അണ്ണാ നഗര്‍ വെസ്റ്റ് ,ഇരുവതാവത് തെരു, മദ്രാസ്. മദിരാശി റെയില്‍വേ സ്റ്റേഷന്‍ ചെന്നെ സെന്‍ട്രല്‍ ആയിട്ടില്ലാക്കാലം. കണ്ണ് കത്തുന്ന വെയില്‍ തിളച്ചു മറിയുന്നു. മൌന്റ്റ് റോഡിലൂടെയൊക്കെ നടന്നോ ബൈക്കിലോ പോയാല്‍ കവിളില്‍ ധാരധാരയായി വെയില്‍ പെയ്യും. അങ്ങനത്തെ കത്തിരിക്കാലം. അമ്മായിയുടെ മകനും ആ വകയില്‍ എന്‍റെ മൂത്ത ചേട്ടനുമായ ഒരു നല്ല മനുഷ്യന്‍റെ തണലിലാണ് ജീവിതം. ചേട്ടനു ഭാര്യയും രണ്ടു കുട്ടികളും;ഇളയവള്‍ അമ്മു, എന്‍റെ ഒക്കത്തു നിന്നിറങ്ങാത്ത കൊഞ്ചി മറിയ. അവളെയും അവളുടെ ഏട്ടനേയും ( അവന്‍ രണ്ടാം ക്ലാസിലാണ് ) ജീവനായി സ്നേഹിച്ചു കൊണ്ട് അണ്ണാനഗറിലെ വാസം. രാവിലെ ഞങ്ങള്‍ മൂവരും ( ചേട്ടനും ചേച്ചിയും ഞാനും ) ദോശയുണ്ടാക്കാന്‍ അടുക്കളയില്‍ കയറും ...രാത്രിയാകും വരേ ഞാന്‍ ആ വീട്ടിലെ എല്ലാ പണികള്‍ക്കും ഒപ്പം കൂടും. കുട്ടികളുടെ കൂടെ കളിക്കും, അവരെ കുളിപ്പിക്കും, അമ്മുവിന് മാമു വാരിക്കൊടുക്കും, അവരുടെ പ്രിയ കാര്‍ട്ടൂണ്‍ - ferngully: The last Rainforest അവര്‍ക്കൊപ്പം കാണാനിരിക്കും, വീട്ടിലേയ്ക്ക് പച്ചക്കറി വാങ്ങാനും, ചേച്ചിയ്ക്ക് വായനശാലയില്‍ നിന്ന് പുസ്തകമെടുക്കാനും പോകും. ഒഴിവുദിവസങ്ങള്‍ ഞങ്ങള്‍ ആഹ്ലാദകരമാക്കും; ചേട്ടന്‍ ഞങ്ങളെ എല്ലാവരെയും കൂട്ടി സ്പെന്‍സര്‍ പ്ലാസയിലും,സാന്തോമിലും പോകും....
ആംഗലേയ ഭാഷയുടെ പെരുമാറ്റച്ചട്ടങ്ങള്‍ ചേച്ചി എന്നെ പരിശീലിപ്പിക്കുന്ന കളരിയും കൂടിയാകുന്നു ദോശ മണക്കുന്ന ആ അടുക്കള . ( ഐ എ എസ് മോഹവുമായി , മദിരാശിയിലെ ബ്രില്യന്റ്പ്പം ടൂട്ടോരിയലില്‍ ചേരാന്‍ വന്ന മലയാളിയ്ക്ക് മുന്നിലേയ്ക്ക് ചേച്ചിയുടെ ഒരു ചോദ്യം വന്നു
How are you going to prove our mettle ?
ഞെട്ടലില്‍ നിന്ന് പതുക്കെയാണ് മോചനം കിട്ടിയത് . ഒരു വാക്ക് പോലും മറുപടിയായി ആംഗലേയത്തില്‍ ഉരിയാടാനാവാതെ നിന്ന എന്റെ മുഖത്തു നോക്കി, അതീവ ലാഘവത്തില്‍, ഒരു ദയയുമില്ലാതെ ചേച്ചി പറഞ്ഞു,
മോനെ , ആദ്യം നീ സംസാരിക്കാന്‍ പഠിയ്ക്ക്, പിന്നെയാകാം സിവില്‍ സെര്‍വന്റ് ആകുന്നത്
എന്നിട്ട് ദോശ നിറച്ച പാത്രവുമെടുത്ത് അടുക്കള വിട്ടു പോയി
ദിവസവും അഞ്ചു വാക്ക് .. അഞ്ചേ അഞ്ചെണ്ണം . അതായിരുന്നു എനിക്ക് കിട്ടിയ ഹോംവര്‍ക്ക്. (ആ വാക്കുകള്‍ എഴുതിപ്പടിച്ച ഡയറി ഇപ്പോഴും കയ്യിലുണ്ട്)
മാസങ്ങള്‍ കഴിഞ്ഞു പോകുന്നു.. വെയില്‍ മാറി നല്ല മഴ വരുന്നു, അണ്ണാ നഗറിലും , ചൂളൈ മേട്ടിലും, കോടംബാക്കത്തും, നുംഗംപാക്കത്തും, മടിപ്പാക്കത്തും ഞാന്‍ അലഞ്ഞു നടന്നു.. മദിരാശി യൂനിവേസ്സിറ്റിയിലും,(ദീപ അവിടെ പഠിച്ചിരുന്നു) അണ്ണാ ശാലയിലും പലകുറി കറങ്ങി...
2001
യു . ജി. സി യ്ക്ക് പഠിക്കാനായി നടക്കുന്നു. ഒപ്പം ഒരു പാര്‍ട്ട് ടൈം ജോലിയും. ജോലി എന്നെ പേരേയുള്ളൂ.കൂലിയൊന്നും കണക്കില്‍ ഇല്ല.വല്ലതും കിട്ടിയാല്‍, അന്നത്തെയ്ക്കുള്ള അപ്പം ആയി. ഒരു ഹോസ്റ്റലില്‍ ആണ് താമസം. മാനേജര്‍ കറുപ്പയ്യ.മിടുക്കനാണ്. എന്നെ കണ്ണിനു നേരെ കണ്ടുകൂടാ.
ഇടയ്ക്കിടെ പഠനത്തിന്റെ മടുപ്പ് മാറ്റാന്‍,കുറച്ചു തമിഴ് കാറ്റ് കൊള്ളാനും,വല്ലപ്പോഴും കനകാംബരം ചൂടിയ ചികുരഭാരത്താല്‍,നാണം പൂണ്ടു, നടന്നു പോകുന്ന തമിഴ് ശെല്‍വിമാരെ കാണാനും ഹോസ്റ്റലിനു പുറത്തു വന്നു നില്‍ക്കുക പതിവുണ്ട്. ആളുകള്‍ നന്നേ കുറവുള്ള ഒരു ഇടവഴി. വഴി യരികുകളില്‍,ചെറിയ കല്‍ മണ്ഡപങ്ങളില്‍,ഇടയ്ക്കിടെ ചെറിയ ദേവീ വിഗ്രഹങ്ങള്‍ കാണാം.വേറെ ഒന്നുമില്ലാതെ ഇരുള്‍ വീണ പോലെ ഒരു വഴി;വഴി ചെന്ന് മുട്ടുന്നിടത്തു തൊമ്മി കുപ്പം തുടങ്ങുകയായി.
പതിവ് പോലെ ഒരു ദിനം. അപ്രതീക്ഷിതമായി,വഴിയെ പോയിരുന്ന ചിത്രത്തില്‍ കാണും പോലെ ഉള്ള ഒരു ആന ( നിറയെ ഭസ്മം ചാര്‍ത്തി, മഞ്ഞ പട്ടു പുതച്ച ഒരുവന്‍ )തിരിഞ്ഞു, അടുത്തുള്ള ഹോസ്റ്റല്‍ മതില്‍ ചാരി നിന്ന എന്റെ അടുത്തു വന്നു. ആനയെ പേടിയുള്ള ഞാന്‍ അടിമുടി വിറച്ചതായി ഇന്ന് ഓര്‍ക്കുന്നു.അനങ്ങാന്‍ സാധിക്കുന്നില്ല. കാലില്‍ ഒരു വലിയ കരിമ്കല്ലാണ് വച്ചിരിക്കുന്നത്. ഭാവ വ്യത്യാസം കൂടാതെ,ശബ്ദമുണ്ടാക്കാതെ അവന്‍ എന്റെ തലയ്ക്കു നേരെ തുമ്പി പൊക്കി.തല ഒറ്റ അടിയ്ക്കു ഉടയുമെന്നു ഞാന്‍ ഭയന്ന് കാണണം.എന്നാലോ, അവന്‍,ആ തുമ്പി വക്ത്രന്‍ എന്റെ തലയില്‍ ചെമ്പുള്ളികള്‍ വീണ തുമ്പി കൊണ്ട് നനു നനെ ഒന്നുഴിഞ്ഞത്, ചെറുതായി ഒന്ന് നിശ്വസിച്ചു.നിശ്വാസത്തിനോപ്പം ജല കണങ്ങള്‍ എന്‍റെ മുഖത്തും നെറ്റിയിലും തെറിച്ചു വീണു.പിന്നെ അവന്‍ വാലാട്ടി, തുംബിയാട്ടി തിരിഞ്ഞു പൊയ്ക്കളഞ്ഞു.
കറുപ്പയ്യ തൊട്ട പ്പോഴാനു ഞാന്‍ ഉണര്‍ന്നത് ഇന്ന് സംഭ്രമം ജനിപ്പിക്കുന്ന പേടിയോടും,വികാര വായ്പോടും കൂടെ ഓര്‍ക്കുന്നു.
കൂടെ വന്ന സന്യാസിയെപ്പോലെ തോന്നിച്ച ആള്‍ എന്റെ മുന്നില്‍ വന്നു കൈ തൊഴുതു പറഞ്ഞു
"അയ്യാ , നീങ്കെ നല്ലാരുക്കണം . നല്ല വാഴ്കെ കെടയ്ക്കപ്പോകിറത്. യാനെയ് പണ്ണി രത് പാത്തതില്ലേ ?യാനൈക്ക് ദക്ഷിണ പോടുങ്കോ സാമീ.. "
എന്റെ കൈ കുപ്പായ ക്കീശയിലെയ്ക്ക് നീണ്ടു ചെന്ന്, ഒരു പത്തു രൂപയുടെ നിറം മങ്ങിയ നോട്ടു പരതിയെടുക്കുകയും
ഗജെന്ദ്രനായി ഒരു ദക്ഷിണയെന്നോണം കൂടെ അത് വന്നു യാനൈക്ക് നിവേദിക്കുകയും ചെയ്തു.
അന്ന് രാത്രി ഭക്ഷണത്തിനു കരുതി വച്ച പത്തു രൂപ !അത് പോയി. കിനാവല്ല.സത്യമാണ്. മദിരാശി വെയില്‍ പോലെ പൊള്ളുന്ന സത്യം.
എന്നാല്‍ , ആദ്യമായി ആനയെ സ്വപ്നം കണ്ടു , ആന ച്ചൂര് തട്ടി കിടന്നുറങ്ങിയ ആ രാത്രിയിലെ പട്ടിണിയ്ക്ക് പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖം ഉണ്ടായിരുന്നു !!!
എന്ത് കൊണ്ടാകും അവന്‍ ആ ഗജ പ്രവീരന്‍ അങ്ങനെ ചെയ്തത് ?
No comments:
Post a Comment