Malayalam Bloggers

Tuesday, April 23, 2013

മരുഭൂവിലെ കുലുക്കം


ഭൂമി ദേവി ആഞ്ഞു ഒന്ന് ഇളകി. മനുഷ്യര്‍ ഉണ്ടാക്കിയ സ്കെയിലില്‍ എട്ടു രേഖപ്പെടുത്തിയത്രേ.എട്ടാം നിലയുടെ മുകളില്‍ ഉള്ള മുറിയില്‍ ജനാല്‍ ചില്ലുകളും, തൂക്കു വിളക്കും അനങ്ങി. പുസ്തക ചില്ലലമാര ശബ്ദവുമുണ്ടാക്കി. സ്പില്‍ ബെര്‍ഗ് ചിത്രത്തില്‍ ആ ശക്തന്‍ ട്രയാന്നോസോരാസ്‌ കാല്‍ എടുത്തു വയ്ക്കും പോലെ ഒരനുഭവം. 

അല്പനെരത്തെയ്ക്ക്. പരിഭ്രാന്തരായവര്‍ കൂടുതലും വീടുകളില്‍ ഉണ്ടായിരുന്ന പാവം വീട്ടമ്മമാരും, ഉച്ച നേരം ജോലികഴിഞ്ഞു വരുന്ന ടീച്ചര്‍മാരും കുട്ടികളും ആണ്. കുറച്ചു വയസായ, നാട്ടില്‍ നിന്ന് വന്നു മക്കളുടെ കൂടെ നില്‍ക്കുന്ന അവരുടെ കുട്ടികളുടെ അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഉറക്കമായതിനാല്‍ സംഭവം ശരിക്കും അറിഞ്ഞില്ല.

കുട്ടികൾക്ക്  ചോറു വാരിക്കൊടുക്കുന്നതിനിടയിലും, പാലുകൊടുക്കുന്നതിനിടയിലും , പരിഭ്രാന്തരായ അമ്മാർ അവരെയും വാരിയ്ടുത്തു കൊണ്ട് പല നിലകളിൽ നിന്നും കോണി വഴി ഓടിയിറങ്ങി അത്യധികം കിതച്ചുകൊണ്ടും വ്യസനിച്ചു കൊണ്ടും താഴെ വന്നു വ്യസനം ഒന്നടങ്ങിയപ്പോൾ അവർ  താന്താങ്ങളുടെ ഭർത്താക്കന്മാർക്ക് ഫോണ്‍ ചെയ്തു വെപ്രാളം പങ്കു വയ്ക്കുന്നതിൽ വ്യാപൃതരായി .

പിന്നെ  വഴി വക്കുകളിലും  തുറസ്സായ ഇടങ്ങളിലും  പരസ്പരം സംസാരിച്ചു കൊണ്ടും തുടര് ചലനങ്ങൾ പ്രതീക്ഷിച്ചു കൊണ്ടെന്നവണ്ണവും നിലയുറപ്പിച്ചു കുട്ടികളാകട്ടെ 'ഇതെന്തോരാനന്ദം  ഇതെന്തു കൌതുകം' എന്ന മട്ടിൽ അമ്മമാർ അപ്രതീക്ഷിതമായി നടത്തിയ നോക്കുകയും ഈ എക്സർസൈസ് നോക്കിക്കണ്ടു. 

എട്ടാം നിലയുടെ  ഫ്ലാറ്റിലെ ഒരമ്മയുടെ രണ്ടുവയസ്സുകാരൻ   മകൻ അവന്റെ സന്തോഷം അണ പൊട്ടിക്കുകയും അനസ്യൂതം  ചിരിക്കുകയും , ഇനി ഇങ്ങനെ മുകളിലേയ്ക്കും ഈ എക്സർസൈസ്  നടത്തുന്നുവോ എന്നാ ഭാവത്തിൽ അമ്മയെനോക്കുകയും ചെയ്തു 

ഇടയിൽ  കേട്ടത് 

ഒന്നാമത്തെ കൂട്ടുകാരി - എടി   ഗ്യാസ്  ഓഫ്‌ ചെയ്തിട്ടില്ല , അതിപ്പോ തീർന്നു കാണും 

രണ്ടാമത്തെ കൂട്ടുകാരി  ( ആത്മഗതം)  ഓ അപ്പോൾ തീ എങ്ങാനും പടരും എന്നല്ല അവള്ടെ വിചാരം 

മറ്റൊരു കൂട്ടുകാരി ഒരുവളെ ഫോണിൽ വിളിച്ച്  - എടീ നീ     അറിഞ്ഞോ ഇവിടെ  ഭൂമി കുലുങ്ങി. ഞാൻ എന്റെ പാസ്പോര്ട്ടും എടുത്തു കൊണ്ട് ഓടി താഴെ വന്നു. 

അവളുടെ കൂട്ടുകാരി - ദൈവമേ , ഭൂമി കുലുക്കത്തിൽ പെട്ട് ചാവാൻ പോകുമ്പോൾ പിന്നെ എന്തിനാ പാസ്പോര്ട്ട് ? 

ആ കൂട്ടുകാരി - നീ കേട്ടിട്ടില്ലേ ഈ ബൈബിളും ഭഗവദ് ഗീതയും ഒക്കെ പിടിച്ചു കൊണ്ട് ആളുകള് മരിച്ചു കിടക്കുന്നത് .. നേരെ സ്വർഗത്തിൽ പോവുംത്രെ. നമുക്ക് ഇവിടെ അതിനു പകരം പാസ്പോര്ട്ട് പിടിക്കാം , നാട്ടിലെങ്കിലും ആരെങ്കിലും എത്തിച്ചാലോ ..... 

No comments: