Malayalam Bloggers

Sunday, May 26, 2013

" The Perfume" അഥവാ വിശ്വ വിഖ്യാതമായ മൂക്കിന്റെ കഥ ( അവസാന ഭാഗം )

  
ചെറിയ പന്ത്രണ്ട് കുപ്പികളില്‍ ശേഖരിച്ച സുഗന്ധങ്ങള്‍ക്കൊപ്പം പതിമ്മൂന്നാമത്തെ (the 13 th cent ) ഒന്ന് കലര്‍ത്തി,അതുവരെ ആരും അനുഭവിച്ചിട്ടില്ലാത്ത സുഗന്ധക്കൂട്ട്‌ നിര്‍മ്മിക്കുക ആണ് ഴാങ്ങിന്റെ ലക്‌ഷ്യം..ഈ സുഗന്ധകൂട്ടിനായി ഴാങ്ങ് കണ്ടെത്തിയത് കല്ലറക്ക് മുന്നില്‍ പ്രാര്‍ത്ഥനാനിരതം നിന്ന പെണ്‍കുട്ടി ലോറ രിചീസിനെയും (Laura Richis). ലോറയുടെ സുഗന്ധം നിര്‍മ്മിക്കാന്‍ അവളെ അടുത്തു കിട്ടുന്നത് വേറെ മറ്റു സുഗന്ധങ്ങള്‍ ഴാങ്ങിനു ഉണ്ടാക്കണം.സമയം കാത്തിരിക്കുന്നതിനിടക്ക് ഴാങ്ങ് മാഡം ആര്നല്‍ഫിയുടെയും(Madame Arnulfi)ഡോമിനിക്കിന്റെയും(Dominique Druot) പണിശാലയില്‍ ജോലി നോക്കുന്നു.പുഷ്പങ്ങളില്‍ നിന്ന് സുഗന്ധങ്ങള്‍ ഉണ്ടാക്കുന്ന enflurage എന്ന വിദ്യ അഭ്യസിക്കുകയായിരുന്നു ലക്‌ഷ്യം.തുടര്‍ന്ന് ലാവണ്ടര്‍ പൂക്കള്‍ ശേഖരിക്കുന്ന ഒരു പെണ്ണിനെയും ഒരു വേശ്യയെയും സുഗന്ധ നിര്‍മാണ പരീക്ഷണങ്ങള്‍ക്കുമായി ഴാങ്ങ് അപായപ്പെടുത്തുന്നു .അവരുടെ സുഗന്ധം ശേഖരിക്കുന്നതില്‍ ഴാങ്ങ് വിജയിക്കുന്നു.
പലപ്പോഴായി ഗ്രാസിയിലെ (Grasse) പന്ത്രണ്ടു പെണ്‍കുട്ടികളെ ഴാങ്ങ് മൃതിക്ക് ഇരയാക്കുന്നു.അവരുടെ ശവശരീരങ്ങള്‍ ഗ്രാമത്തിന്റെ പലഭാഗത്തും കാണപ്പെടുന്നത് ഗ്രാമവാസികളെ പരിഭ്രാന്തരാക്കുന്നു.ഗ്രാമത്തിലെ സുന്ദരികള്‍ ആയ പന്ത്രണ്ടു പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത് രിചിസ്‌ പ്രഭുവിനെയും പരിഭ്രാന്തനാക്കുന്നു.അമ്മയില്ലാതെ താന്‍ ഓമനിച്ചു വളര്‍ത്തിയ സുന്ദരിയായ തന്റെ മകള്‍ ആകും അടുത്ത ഇര എന്ന് ഭയക്കുന്ന പ്രഭു,ലോറയെയും കൊണ്ട് ഗ്രാമപ്രാന്തത്തിലെ ഒരു സത്രത്തിലേക്ക് പലയാനം ചെയ്യുകയും അന്ന് രാത്രി മുറിക്കു കനത്ത കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു.എന്നാല്‍ ഴാങ്ങിന്റെ മൂക്കിനു എത്തിപ്പിടിക്കാന്‍ കഴിയാത്ത സൌരഭ്യങ്ങള്‍ ഈ ലോകത്ത് ഒരിടത്തും ഉണ്ടായിരുന്നില്ല.തക്ഷകന്‍ കടിച്ചു രാജാവ് മരിച്ച കഥ പോലെ ആരുമറിയാതെ ഴാങ്ങ് അവളുടെ മുറിക്കുള്ളില്‍ കടന്നുകൂടുകയും ലോറയെ കൊലപ്പെടുത്തുകയുംചെയ്യുന്നു. ആ രാത്രി തന്നെ അവളുടെ ദേഹത്ത് മൃഗകൊഴുപ്പ് ലേപനം ചെയ്തു,വെന്ത തൊലി മുഴുവന്‍ - കാല്‍ നഖം മുതല്‍ തല മുടി വരെ -  അവന്‍ വടിച്ചെടുക്കുന്നു.പിറ്റേന്നു അവന്‍ തന്റെ പതിമൂന്നാമത്തെ സുഗന്ധം കുപ്പിയില്‍ നിറക്കുന്നു.മറ്റു പന്ത്രണ്ടു സുഗന്ധങ്ങളുമായി കലര്‍ത്തി ഇത്രയും കാലം കാത്തിരുന്ന "പെര്‍ഫ്യൂം" തയ്യാറാക്കി വിജയശ്രീലാളിതന്‍  ആയി നിവരുന്ന ഴാങ്ങിനെ പട്ടാളക്കാര്‍ ബന്ധനത്തില്‍ ആക്കുന്നു.മകള്‍ മരിച്ച ദുഖത്താല്‍ രിച്ചീസ്‌ തകരുന്നു.

കൊലയാളിയെ ജയിലില്‍ മൃഗീയ പീഡനത്തിനു ഇരയാക്കുന്നു .തുടര്‍ന്ന് കര്‍ദിനാളും ഒരു ഗ്രാമം മുഴുവനും അവനെ തൂക്കിലേറ്റുവാന്‍ ഒരു ചത്വരത്തില്‍ ഒത്തു കൂടുന്നു.കൊലമരത്തിനു കീഴെ നിന്ന് കൊണ്ട് ഴാങ്ങ് തന്റെ സുഗന്ധക്കൂട്ട്  തുറക്കുകയും ഒരിറ്റു തന്റെ ദേഹത്ത് ഇറ്റിക്കുകയും ചെയ്യുന്നു.ഗ്രാമം മുഴുവന്‍ ഈ അസുലഭ സുഗന്ധത്തില്‍ സ്ഥലകാലം മറക്കുന്നു.അവര്‍ വന് നേരെ കൈകൂപ്പുകയും, മുട്ടുകുത്തുകയും ചെയ്യുന്നു.ഴാങ്ങ് സുഗന്ധം പുരട്ടിയ തൂവാല അവര്‍ക്ക് നേരെ എറിയുന്നു.തലയില്‍ കൈവച്ചു ജനങ്ങള്‍ ആഹ്ലാദാശ്രുക്കള്‍ പൊഴിക്കുന്നു. തുടര്‍ന്ന് അവര്‍ തറയില്‍ കിടന്നു താന്താങ്ങളുടെ ഇണകളെ ചുംബിക്കുകയും ,വസ്ത്രങ്ങള്‍ ഊരിയെറിയുകയും ആ ചത്വരത്തില്‍ കിടന്നു കൊണ്ട് തന്നെ ഒരു ഗ്രാമ്യ സമൂഹ രതിയില്‍ - Rural Orgy - ഏര്‍പ്പെടുകയും ചെയ്യുന്നു.അത്രയ്ക്ക് വശ്യം ആയിരുന്നു ആ സുഗന്ധം .രിചിസിനും കര്‍ദ്നാളിനും ഗ്രാമവാസികള്‍ക്കും ഴാങ്ങിനെ കൊലപാതകി ആക്കാന്‍ മനസ് വരുന്നില്ല.ഴാങ്ങിനെ അവര്‍ നിരപരാധി ആക്കി വിട്ടയക്കുന്നു.പകരം അവര്‍ ഡോമിനിക്കിനെ കൊലപാതകങ്ങള്‍ കുറ്റമായി ചാര്‍ത്തി തൂക്കികൊല്ലുന്നു.ഴാങ്ങ് തന്റെ മകന്‍ ആണെന്ന് പോലും ഒരവസരത്തില്‍ രിച്ചിസ് പറയുന്നു.അത്രയ്ക്കായിരുന്നു ആ സുഗന്ധക്കൂട്ടിന്റെ പ്രഭാവം.
 
ഗ്രാമം വിട്ടു യാത്രയാവുന്ന  ഴാങ്ങിന്റെ മനസ് ഇപ്പോള്‍ ശൂന്യം ആണ്. ഈ സുഗന്ധത്തിന്റെ മാജിക്‌ മാത്രം ആണ് ജനങ്ങള്‍ കൊതിക്കുന്നത് എന്നും മനുഷ്യന്‍ ആയി ആരും തന്നെ സ്നേഹിക്കുകയില്ല എന്നും ഴാങ്ങ് മനസിലാക്കുന്നു.ജീവിതം മടുത്തു പോകുന്ന ഴാങ്ങ് പാരീസിലേക്ക് തിരിച്ചു പോവുകയും,താന്‍ ജനിച്ചു വീണ ഗ്രാമച്ചന്തയില്‍ ചെന്ന് നില്‍ക്കുകയും ചെയ്യുന്നു..പെര്‍ഫ്യുമിന്റെ കുപ്പി തുറന്നു അത് തന്റെ തലയില്‍ കമിഴ്ത്തി അവന്‍ തറയില്‍ കിടക്കുന്നു.ചന്തയിലെ ദുര്‍ഗന്ധങ്ങള്‍ക്ക് മീതെ വിശുദ്ധ സുഗന്ധം വിടരുന്നു. അവന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങി വന്ന 'മാലാഖ' എന്ന് ധരിച്ചു അവന്റെ സ്പര്‍ശനത്തിനും ഒരു 'കഷണ'ത്തിനും കൊതിച്ചു ആളുകള്‍ ഴാങ്ങിനെ പൊതിയുകയും പിരാനകള്‍ തങ്ങളുടെ ഇരകളെ കബളീകരിക്കുന്ന പോലെ അവനെ അവന്റെ വസ്ത്രങ്ങള്‍ മാത്രം അവശേഷിപ്പിച്ചു ഇല്ലാതെയാക്കുന്നു.

ഒടുക്കം തുറന്നു വീണ സുഗന്ധ കുപ്പിയില്‍ നിന്ന് ഒരു തുള്ളി ഇറ്റു വീഴാന്‍ കൊതിച്ചു ഭൂമിയെ നോക്കി നില്‍ക്കുന്നിടത്തു സിനിമ അവസാനിക്കുന്നു.

ഈ സിനിമ  കണ്ടു തീര്‍ത്തത് ഒറ്റയിരിപ്പിനും ഒറ്റശ്വാസത്തിനും ആണ്.ഓരോ നിമിഷവും ഞരമ്പുകള്‍ വലിഞ്ഞു മുറകുന്നുണ്ടായിരുന്നു.കാഴ്ച്ചക്കാര്‍ക്കെല്ലാം ഈ അനുഭവം സമ്മാനിക്കണം എന്ന പ്രതിഞ്ജ പാലിക്കുന്ന രീതിയില്‍ ആണ് 'Tom Tykuer ' ഈ സിനിമ പകര്‍ത്തിയിരിക്കുന്നത്..ഴാങ്ങിന്റെ തുച്ഛമായ ജീവിതവും  ബാള്‍ഡിനിയുടെയും രിച്ചിസിന്റെയും പ്രഭുത്വവും ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ ആണ്;'സമ്പന്നതയും ദാരിദ്രവും.പിറവിയില്‍ ഒന്നുമല്ലാതെ ഒരു പുഴുജന്മമായി രൂപം കൊണ്ട ഴാങ്ങ് ജീവിതത്തിനൊടുവില്‍ ഒരു മാലാഖയുടെ തലത്തിലേക്ക് ഉയരുന്നു.എന്നാല്‍ 'മനുഷ്യന്‍ ആവുക' എന്ന പ്രാഥമീക അവശ്യം നിറവേറ്റുന്നതില്‍ അവന്‍ പരാജയപ്പെടുന്നു."ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം"എന്ന ഭാരതീയ ദര്‍ശനം ഴാങ്ങിന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമാകുന്നു.

സിനിമയില്‍ ഉടനീളം നിറഞ്ഞു നില്‍കുന്നത് ഴാങ്ങ് (Jean-Baptiste Grenouille) തന്നെയാണ്.കഥാപാത്രം ആകുക അതില്‍ ജീവിക്കുക എന്നത് ഓരോ സീനിലെ അഭിനയത്തിലൂടെയും 'Ben Whishaw' എന്ന  26 കാരന്‍ കാണിച്ചു തരുന്നു.തന്റെ രൂപവും ഭാവവും ഴാങ്ങിന്റെതാക്കി മാറ്റുന്നതില്‍ wishawa യെ സംവിധായകന്‍ അളവറ്റു സഹായിക്കുകയും ചെയ്തിരുന്നു.പശ്ചാത്തലത്തില്‍ ഒഴുകിയെത്തുന്ന 'ട്രഡിഷണല്‍' സംഗീതം - Performed by Saboi team - സിനിമയ്ക്ക് മുതല്‍ക്കൂട്ടാവുന്നു.കയ്യൊതുക്കം ഉള്ള കഥയും വളരെ കുറച്ചു സംഭാഷണങ്ങളും കൂടുതല്‍ രംഗങ്ങളും കലര്‍ത്തി കഥ പറയുന്ന രീതിയും സിനിമക്ക് അച്ചടക്കം സമ്മാനിച്ചിരിക്കുന്നു.ഒന്നാന്തരം ക്യാമറ വര്‍ക്ക്,സാങ്കേതികത,കാസ്റ്റിംഗ്,ച്ഛായാഗ്രഹണം എന്നിങ്ങനെ എല്ലാം ഒന്നിനൊന്നു മെച്ചം. സിനിമ വാരിക്കൂട്ടിയ പുരസ്കാരങ്ങള്‍ ഇത് വിലയിരുത്തുന്നു. 
കണ്ടിരിക്കേണ്ട സിനിമ ....

Director: Tom Tykwer
Writers: Andrew Birkin,Bernd Eichinger  - screenplay
Stars: Ben Whishaw, Dustin Hoffman, Alan Rickman ,Rachel Hurd-Wood,Karoline Herfurth

No comments: