ഞാന്‍ എഴുതിയതെല്ലാം മുന്‍പായിരുന്നു. ബ്ലോഗ് എന്താണെന്നു അറിയുന്നതിന് മുന്‍പ്. പലതും നോട്ട് ബുക്കുകളിലും മറ്റുമായി ചിതറിക്കിടന്നിരുന്നു. പലതും നഷ്ടപ്പെട്ടുപോയി. ഇപ്പോള്‍ പുതിയതായി എഴുതുവാന്‍ ഒരു ശ്രമം നടത്തുകയാണ്....
Thursday, December 29, 2011
ദാനത്തിന്റെ നാല്പതാമത്തെ ക്രിസ്തുമസ്
ദാനത്തിന്റെ നാല്പതാമത്തെ ക്രിസ്തുമസ് !
നക്ഷത്ര വിളക്കുകള്‍ മിന്നി കത്തുകയും പെട്രോ മാക്സ് വിളക്കുകള്‍ മുനിഞ്ഞു കത്തുകയും ചെയ്തു തുടങ്ങിയിരുന്നു. , കരോള്‍ ഗാന കോലാഹലങ്ങളോടെ കുട്ടികളും , മുതിര്‍ന്നവരും ക്രിസ്മസ് സാന്റായും തങ്ങളെ കടന്നുപോകുമ്പോള്‍ സമയം ഏതാണ്ട് അര്‍ദ്ധരാത്രി പിന്നിടുകയായിരുന്നു എന്ന് ശാന്തമാക്കന്റെ എണ്ണമയമുള്ള പായയില്‍ എണീറ്റിരുന്നു ഒരു ബീഡിക്ക് തീ കൊടുക്കുമ്പോള്‍ ദാനം ആലോചിച്ചു. ഇപ്പോള്‍ സമയം പുലര്‍ച്ചെ രണ്ടിനോടടുക്കുന്നു ..
ഓലത്താന്നി കയറ്റത്തുള്ള കട അടച്ചു, ഇറക്കത്തെയ്ക്ക് നോക്കി , അനിയന്‍ വിത്സന്റെ കട അടച്ചു എന്നു ഉറപ്പു വരുത്തി ,അവനെയും കാത്തു നിന്ന് നേരം പതിനൊന്നിനോട് അടുക്കുമ്പോഴാണ് ദാനവും അനിയന്‍ വിത്സനും വീടിനെ ലക്ഷ്യം വച്ച് നടക്കാന്‍ തുടങ്ങിയത്. കരോള്‍ സംഘം തങ്ങളെ കടന്നു പോയപ്പോള്‍ ശാന്തമാക്കന്റെ വീട് വിലക്കപ്പെട്ട കനിയുടെ സ്വാദോടെ, ദാനത്തിനു മുന്നില്‍ ഒര് ഏദന്‍ തോട്ടം പോലെ ഹരിതം വിരിച്ചു നിന്നു. അതോടെ ആ ഓലവീടിനു നേരെ ചേട്ടന് ഒരു ചെരിവ് ഉണ്ടായത് കണ്ടു വിത്സന്‍ ഇപ്രകാരം ശാസിച്ചു
"ദാനണ്ണാ. നിങ്ങള് ഇത് എന്തെരു പണികള് കാണിക്കണത് ? ചൊല്ലുവിളിക്ക് നടക്കാതെയാണാ ഇതിപ്പ .ഇനിയെപ്പഴാണ് വീട്ടിലാട്ടു വരണത് ?
അഞ്ചു സെല്‍ ഏവറെടി ഉള്ള ഒരു നെടുങ്കന്‍ ടോര്‍ച്ചു തെളിച്ചു ശാന്തമാക്കന്റെ വീട് ലക്ഷ്യം വയ്ച്ചു നടക്കുന്നതിനിടയില്‍ തിരിഞ്ഞു നിന്ന് ദാനം എറിഞ്ഞു കൊടുത്ത ഒരു തെറി കേട്ടില്ല എന്ന് നടിച്ചു , ഒരു കോട്ടുവായിട്ടു കൊണ്ട് വിത്സന്‍ വീട്ടിലേക്കു നടന്നു.
രണ്ടരയ്ക്കെങ്കിലും വീടു പറ്റണം എന്ന്ന ചിന്ത ബീഡിയുടെ കനലില്‍ കണ്ട ദാനം , ഒര് നീണ്ട ഒര് ഏമ്പക്കം വിട്ടു വയര്‍ ഒന്ന് അമര്‍ത്തി തടവി പായില്‍ നിന്നു എഴുന്നേറ്റ് മുറിയുടെ പുറത്തേക്കു കടന്നു. നാളെ വരുമ്പോള്‍ ഒര് ബ്ലൌസിന്റെ തുണി കൊണ്ടുവരണം ദാനണ്ണാ എന്നു പിന്നില്‍ നിന്നു കേട്ടതിനു അലക്ഷ്യമായി മൂളിക്കൊണ്ട് , രണ്ടു ദിവസം കഴിഞ്ഞാല്‍ ക്രിസ്മസ് ആണല്ലോ എന്നും കടയില്‍ അത്യാവശ്യം വില്പന ഉണ്ടാക്കാന്‍ , അത് അടുത്തുള്ള പീടിക മുറിയിലെ നിരന്തര വൈരി 'വകെളി' ബാലനെക്കാള്‍ നേരത്തെ തുറക്കണമെന്നും, മുന്നോടിയായി കുറഞ്ഞത് ഒര് അഞ്ചു മണിക്കൂര്‍ ഉറക്കമെങ്കിലും പാസ്സാക്കണം എന്നും ഉള്ള ഓര്‍മയില്‍ ദാനം എദേന്‍ തോട്ടത്തില്‍ നിന്നിറങ്ങി വീട് ലക്ഷ്യം വച്ചു നീട്ടി വലിച്ചു നടന്നു. കട തുറന്നിട്ട് എന്ത് വില്‍ക്കും എന്ന ചിന്തയാല്‍ ദാനത്തിന്റെ മനസ്സ് വ്യാകുലമായത് മറ്റന്നാള്‍ പിറക്കാന്‍ പോകുന്ന ഉണ്ണി ഈശോ കാണുന്നുണ്ടായിരുന്നു. തല്കാലത്തെയ്ക്ക് ശാന്ത്മ്മാക്കന്‍ എദേന്‍ തോട്ടത്തിന്റെ ഉടമസ്ഥാവകാശം കയ്യാളിയതും ദാനം അവിടെ നിന്നു വിലക്കപ്പെട്ട കനി പറിച്ചതും ഉണ്ണി ഈശോ മനപ്പൂര്‍വം മറന്നു കളഞ്ഞിരുന്നു
വിക്ടറി സ്കൂളിന്റെ തിരിവ് കഴിഞ്ഞതെ ഉള്ളൂ . ആര്‍ത്തു തല്ലി വന്നു, ആകാശത്ത് കിഴക്കു നിന്ന് വന്ന രാജാക്കന്മാര്‍ക്ക് വഴികാണിച്ച ഒറ്റ നക്ഷത്ര പ്രഭ കണക്കെ ഒര് ജീപ്പിന്റെ ഹെഡ് ലാമ്പ് ദാനത്തിന്റെ കാഴ്ച്ചയെ ഒര് നിമിഷം മഞ്ഞളിപ്പിച്ചു കളഞ്ഞു . എതിരെ വന്ന ജീപ്പ് തന്നെ ഇടിച്ചിടും എന്നു കരുതിയതായിരുന്നു. ഒര് വലിയ തെറി വിളിച്ചു പറഞ്ഞു ദാനം വഴിയരുകിലെ ഓടയിലേക്കു ചാടി , ജീപ്പ് കടന്നു പോയി, കുറച്ചു ദൂരെയായി ടയറിന്റെ കരിഞ്ഞ മണം പരത്തി നിന്നു . ഓടയില്‍ നിന്നു എഴുനേറ്റു നോക്കുമ്പോള്‍, പഴയ നിയമകാലത്ത് നയില്‍ നദിയില്‍ നിന്ന് കയറിവന്ന തടിച്ചതും മെലിഞ്ഞതും ആയ കാളകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു തടിച്ചവനും ഒരു മെലിഞ്ഞവനും ജീപ്പില്‍ നിന്ന് ഇറങ്ങി വന്നു. അടി ഉറപ്പു. അത്ര മുട്ടന്‍ തെറി ആണല്ലോ വിളിച്ചെറിഞ്ഞത് എന്ന് ചിന്തിച്ചും ആ അടി കരണം പൊത്തി ആയാല്‍ അത് താന്‍ എങ്ങിനെ സഹിക്കും എന്നും ചിന്തിച്ചു ദാനം അവിടെ തന്നെ നിന്നു.
ഇറങ്ങിയവന്മാര്‍ രണ്ടും പരിസരം ഒന്ന് വീക്ഷിക്കുകയും , ജീപ്പില്‍ നിന്നു ഒര് വലിയ ചാക്ക് കെട്ട് ചുമന്നെടുത്തു കൊണ്ട് വരികയും , ഹെലെസാ എന്നാ താളത്തോടെ, അപ്പുറത്തെ മതിലിനു മുകളിലൂടെ തൂക്കി എറിയുകയും ചെയ്തു . ഒര് കൂഴച്ചക്ക വീഴുന്ന ശബ്ദം.അത് നൈമിഷികമായിരുന്നു .അവര്‍ ജീപ്പില്‍ തിരികെ കയറുകയും, ഒര് ഇരമ്ബത്തോടെ ജീപ്പ് ഇരുട്ട് കീറി മുന്നോട്ടു പോവുകയും ചെയ്തു .
ദാനം ഓടയില്‍ നിന്നു എഴുന്നേറ്റു വന്നപ്പോള്‍ കൈമുട്ട് പൊട്ടി ചോര വരുന്നുണ്ടായിരുന്നു . അടി കിട്ടിയേക്കാമായിരുന്ന കവിള്‍ ഒന്ന് വെറുതെ തടവി നോക്കി,താഴെ വീണ ടോര്‍ച് എടുത്തു , വീടിനു നേരെ നടക്കുമ്പോള്‍, ദാനത്തിന്റെ ഓര്‍മയില്‍ ഒര് വാല്‍ നക്ഷത്രം ഉദിച്ചു. ആ വെളിച്ചത്തില്‍ ദാനം തിരിയുകയും ,പിന്നെ അസാമാന്യം വേഗതയോടെ തന്റെ വയറിനെ ചുമന്നും, മെലിഞ്ഞ കാലുകളെ ശപിച്ചും ആ ചാക്കുകെട്ട് വീണ പറമ്പിനെ ലക്ഷ്യം വച്ചു ഓടുകയും ചെയ്തു.
ഉറക്കപ്പകുതിയില്‍ , കതകു തുറന്നു നോക്കുമ്പോള്‍ ദാനം കിതച്ചു കൊണ്ട് മുന്നില്‍ നില്‍ക്കുന്നതാണ് രാജമ്മാക്കന്‍ കണ്ടത് . ദാനത്തിന്റെ അരുകില്‍ ഒര് ചാക്കുകെട്ട് വിശ്രമിച്ചിരുന്നു. മുരടനക്കി രാജമ്മാക്കന്‍ ചോദിച്ചു
"നിങ്ങള്‍ ഇത് എവടെ പെയ്യത് ? പിള്ളാര് നിങ്ങളെ കാണാതെണ് ഒറങ്ങിയത് .. നേരത്തിനും കാലത്തിനും വീട്ടീ വന്നില്ലെങ്കി ഒന്ടല്ലാ .. എന്‍റെ സ്വഭാവം എനിക്ക് തന്നെ പിടിക്കാതിരിക്കെണ്.."
"പെണ്ണെ , നീ കെടന്നു അലയ്ക്കാതെ ഈ ചാക്കന്ഗ്ഗാട്ട് പിടി അകത്താട്ട് വയ് " .. കിതപ്പാറ്റി ദാനം പറഞ്ഞു .
"എതെന്തരാണ് ഈ വലിച്ചും കൊണ്ട് വന്നെക്കണത് ? എന്നു ചോദിച്ചു കൊണ്ട് രാജമ്മാക്കാന്‍ ചാക്ക് കെട്ടില്‍ പിടിച്ചു പൊക്കാന്‍ ഒരു പാഴ് ശ്രമം നടത്തി .ഇത്രേം ഭാരം പ്രതീക്ഷിച്ചതല്ല.
എന്തെരിത് .. നിങ്ങളും അണ്ണനെപോലെ മണ്ണ് അടുപ്പ് കച്ചോടം തൊടങ്ങാന്‍ തെന്നെ പോണത് ? എന്തെര് പൊതിഞ്ഞെടുത്തോണ്ട് വന്നേക്കണ?"
വെറും കളിമണ്ണ് കുഴച്ചു മണ്ണ് അടുപ്പ് ഉണ്ടാക്കി വിറ്റ് ഉപജീവനത്തിന് വിഷമിച്ചിരുന്ന തന്റെ മൂത്ത സഹോദരനെ കളിയാക്കിയത്തില്‍ ഉണ്ടായ ഈര്‍ഷ്യ ഒളിച്ചു വച്ച് ദാനം ചാക്ക് കെട്ടിന്റെ ഒരു മൂല താങ്ങിയെടുത്തു.
ചാക്ക് കെട്ടഴിക്കുമ്പോള്‍ ദാനത്തിനെ വിയര്‍ക്കുകയും മൂത്ര ശങ്ക കലശലായി ബാധിക്കുകയും ചെയ്തു . തുടര്‍ന്ന് ചാക്കുകെട്ട് തുറക്കപ്പെടുകയും , ഗാന്ധിജിയുടെ പടം ആലേഖനം ചെയ്തിട്ടുള്ള ആയിരത്തിന്റെ മഷി നിറം വിടാത്ത പുത്തന്‍ നോട്ടുകള്‍ അവര്‍ക്ക് മുന്നില്‍ അനാവൃതമാവുകയും ചെയ്തു
കണ്ണു തള്ളി, ഒരു ചെന്നായയുടെ ഓരി പോലെ കിതച്ചു വന്ന ഒര് നിലവിളിയെ പുറത്തു വരുമ്പോഴേയ്ക്കും രാജമ്മാക്കന്റെ വായ പൊത്തി ദാനം തടഞ്ഞു നിറുത്തി . പിന്നെ കട്ടിലില്‍ കൈ പുറകോട്ടു കുത്തിയിരുന്നു , ഒര് ലോട്ട വെള്ളം കൊണ്ടുവരാന്‍ അയാള്‍ ആന്ഗ്യം കാണിച്ചു .
ക്രിസ്മസിറെ തലേന്ന് അതിരാവിലെ ഒര് മൂളിപ്പാട്ട്മായാണ് ദാനം കട തുറന്നത്. കടയില്‍ യുഗങ്ങളോളം പഴക്കം തോന്നിക്കുന്ന എല്ലാ വില്‍പ്പന ചരക്കുകളും അരപൊട്ടന്‍ സോമന്‍ പിള്ളയെ കൂലിക്ക് നിറുത്തി ദാനം പുറത്തേക്ക് വലിച്ചിട്ടു. നിറം മങ്ങിയ ചില്ലു ഭരണികളുടെ സ്ഥാനത്തു പുത്തന്‍ പ്ലാസ്റിക് ഭരണികള്‍ സ്ഥാനം പിടിച്ചു . കട പൂത്തു തളിര്‍ത്തു . കടയില്‍ സാമാനങ്ങള്‍... .തിങ്ങി നിറഞ്ഞു. നാഗര്‍കോവിലില്‍ നിന്ന് ആണ് സമയം വൈകീട്ട് മൂന്നു മണിയോടടുക്കുന്നതിനു മുന്‍പ് ഇത്രയും സാധനങ്ങള്‍ ഒരു വലിയ പാണ്ടി ലോറിയില്‍ ദാനം ഇറക്കിയത്. തുടയില്‍ നുള്ളി സ്വപ്നത്തെ അകറ്റാന്‍ നോക്കിയും കണ്ണില്‍ കാണുന്നത് സ്വപ്നമാണെന്നും അല്പനേരത്തിനകം അത് നശിച്ചു പോകുമെന്ന് മനസ്സില്‍ പറഞ്ഞും, വെകിളി ബാലന്‍ ദാനത്തിന്റെ കടയിലേക്ക് തുടരെ തുടരെ പാളി നോക്കി ഒരു ക്രിസ്തുമസ് വിളക്ക് വില്‍ക്കാന്‍ നോക്കുകയായിരുന്നു അപ്പോള്‍. .!!
ക്രിസ്തുമസ് പ്രമാണിച്ച് മുന്തിയ നക്ഷത്ര വിളക്കുകളും, കളര്‍ ബള്‍ബുകളും ദാനത്തിന്റെ കടയില്‍ തൂങ്ങിക്കിടന്നു.ദാനം ഒര് കാല്‍ ഇളകി യാടിയിരുന്ന കൊട്ടക്കസേര വലിച്ചു കടയ്ക്കു പുറത്ത്യ്ക്കിട്ട്ടു.പിന്നെ നൂറുരുപ്പികയ്ക്ക് വാങ്ങിയ ഒര് പുത്തന്‍ മരക്കസേരയില്‍ കേറിയിരുന്നു. എന്നത്തേയും പോലെ ഒര് തടിച്ച പ്ലാസ്റിക് ഭരണി തുറന്നു , ഒറ്റരൂപ തുട്ടിന്റെ വലിപ്പമുള്ള ബിസ്കറ്റുകള്‍ ഇട്ട ഭരണി . അതില്‍ നിന്ന് ബിസ്കറ്റുകള്‍ ഓരോന്നായി എടുത്തു തിന്നാന്‍ തുടങ്ങി. കടയ്ക്കു മുന്നിലൂടെ പോയ കുട്ടികള്‍ ദാനത്തെ "ബിസ്കറ്റ്മാടന്‍ " എന്ന് കളിയാക്കി വിളിച്ചത് ഇത്തവണ ദാനത്തെ വേദനിപ്പിച്ചതെയില്ല.കടയില്‍ തനിക്കു ചുറ്റുമായി എണ്ണമറിയാതെ എന്തെന്നറിയാതെ കുന്നുകൂടിയ സാധനങ്ങളുടെ ഇടയില്‍, ഒരു പ്രതിമപോലെ ദാനം ഇരുന്നു. ഇരുട്ടത്ത് വീണുകിട്ടിയ തന്റെ ചാക്കുകെട്ടിനെ പകല്‍ സ്വപ്നത്തില്‍ കെട്ടിപ്പിടിച്ചു.നാളെ താന്‍ നാല്പതാം ക്രിസ്തുമസ് ആഘോഷിക്കുന്നതും,വയറു നിറയെ പോത്തിറച്ചി തിന്നുന്നതും മനസ്സില്‍ കണ്ടു. ഉണ്ണിയേശു പിറക്കുമ്പോള്‍, പാതിരാക്കുര്ബാനയ്ക്കിടയില്‍ നിന്നു ആരും കാണാതെ ഊളിയിട്ടിറങ്ങി, ശാന്തമാക്കന്റെ എണ്ണ മയമാര്‍ന്ന കീറപ്പായയില്‍ ആദ്യം കിടന്നും പിന്നെ എഴുന്നേറ്റിരുന്നും , ബീടിക്കു പകരം ഒര് ചാര്‍മിനാര്‍ കൊളുത്തി പുക വളയമിട്ടു വിടുന്നതു കണ്കുളിര്‍ക്കെ കണ്ടു. പിന്നെ അച്ഛന്‍ ശിഖാമണി നാടാര്‍ തനിക്കു ദൈവത്തിന്റെ സമ്മാനം എന്നു കരുതി ദാനം എന്നു പേരിട്ടതിനെ മനസ്സാ സ്തുതിച്ചുകൊണ്ട് കസേരയില്‍ ചാരി അമര്‍ന്നിരുന്നു .
പാതിരാക്കുര്‍ബാനയുടെ നേരമായിട്ടും ദാനത്തിന്റെ വീട്ടില്‍ രാജമ്മാക്കന്‍ ആ ചാക്ക് കെട്ടിനകത്തെ ഗാന്ധിജിമാരെ എണ്ണിക്കഴിഞ്ഞിട്ടുണ്ടായിരുന്നില്ല !!
Sunday, December 11, 2011
ജീവിതത്തിന്റെ നാനാര്‍ത്ഥങ്ങള്‍ ( The best of Youth )
മാര്‍ക്കോ ടൂലിയോ ഗിയോര്‍ഡാന ,ഇറ്റാലിയന്‍ സിനിമയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു നാമധേയം അല്ല .ജീവിതവുമായി ഇഴുകി ചേര്‍ന്ന് കിടക്കുന്നവയാണ് ഗിയോര്‍ഡാനയുടെ സിനിമകള്‍ . 2003ല്‍ പുറത്തു വന്ന ലെ മെഗ്ലിയോ ഗിവോവെന്റ എന്ന ഇറ്റാലിയന്‍ ചിത്രം - ദി ബെസ്റ്റ് ഓഫ് യൂത്ത്- ഇതിനുദാഹരണം ആണ് .ആറു മണിക്കൂര്‍ നീളമുള്ള ഒരു ചിത്രം .നീളക്കൂടുതല്‍ കൊണ്ട് പരിഭ്രാന്തി ഉണ്ടാക്കുമെങ്കിലും കണ്ടു തുടങ്ങുമ്പോള്‍ നാം സിനിമയിലേക്ക് ഇഴുകിചെരുന്ന ഒരു അവസ്ഥയാണ് ഉണ്ടാവുക .
ആയിരത്തി തൊള്ളായിരത്തി അറുപത്തി മൂന്നില്‍ തുടങ്ങി രണ്ടായിരത്തി മൂന്നു വരെയുള്ള സുദീര്‍ഘമായ ഒരു കാലഘട്ടത്തില്‍ ''കരാറ്റി'' കുടുംബത്തിന്റെ മൂന്നു തലമുറകളിലെ കഥയാണ് ഗിയോര്‍ഡാന പറയുന്നത് .എഴുത്തുകാരനും സംവിധായകനുമായ പവോലോ പസൊ ലിനിയുടെ (pier Paolo pasolini),_മരണത്തിന്റെ പാശ്ചാതലത്തില്‍ അദ്ധേഹത്തിന്റെ ഒരു കവിതയില്‍ നിന്നാണ് ഈ സിനിമയുടെ പ്രമേയം ഗിയോര്‍ഡാന കടം കൊണ്ടിരിക്കുന്നത് .
സിനിമയിലേക്ക് വരാം .മാറ്റിയോയും നിക്കൊളയും സഹോദരന്മാരാണ് .ഒരാള്‍ -നിക്കോള - ഒരു മനസ്ശാത്രജ്ഞാനും ,മറ്റെയാള്‍ -മാറ്റിയോ - പരീക്ഷ എഴുതാതെ നടന്ന ശേഷം മനോരോഗികളെ നടത്തയ്ക്ക് കൊണ്ട് പോകുന്ന പണി (logotherapist )ചെയ്യാനും ആഗ്രഹിക്കുന്നവരാണ് . രണ്ടു സഹോദരങ്ങളും നോര്‍വയിലേക്ക് കുടിയേറണം എന്നും ആഗ്രഹിക്കുന്നു .മനോരോഗ കേന്ദ്രത്തില്‍ വച്ച് മാറ്റിയോ ജോര്‍ജിയയെ കണ്ടു മുട്ടുന്നു .അവളുമായി പ്രണയത്തിലാകുന്നു .നിക്കോള താന്‍ ആഗ്രഹിച്ചതിന്‍ പടി നോര്‍വേയിലേക്കു പോകുകയും ഒരു യൂനിവേര്‍സിറ്റി വിദ്യാര്‍ഥിനിയായ ഗ്യൂലിയയെ കണ്ടു മുട്ടുകയും അവളുമായി പ്രണയത്തിലാവുകയും ചെയ്യുന്നു .തുടന്നു അവര്‍ "ലിവിന്‍ ടു ഗെതെര്‍ "ആരംഭിക്കുന്നു .അവര്‍ക്ക് സാറ എന്ന ഒരു പെണ്‍കുട്ടി പിറക്കുന്നു . ഇത്തരുണത്തില്‍ ഗ്യുലിയ റെഡ് ബ്രിഗേഡ് എന്ന ഒരു ഭീകര സംഘടനയില്‍ അംഗമാവുകയും തുടര്‍ന്ന് അധോലോകത്തെക്ക് മാഞ്ഞു പോവുകയും ചെയ്യുന്നു .
മാറ്റിയോ ,സിസിലിയന്‍ ഒരു പോലിസ് ഉദ്യോഗം സ്വീകരിക്കുന്നു .മിരേല എന്നഒരു ഫോടോഗ്രാഫെര്‍ പെണ്‍കുട്ടിയെ കണ്ടു മുട്ടുന്നു .മാറ്റിയോ അവളുമായി പ്രേമത്തില്‍ ആവുന്നു .അവളുടെ ആഗ്രഹപ്രകാരം റോമിലെ ഒരു ലൈബ്രറിയില്‍ ജോലിക്കായി ശ്രമിക്കാന്‍ മാറ്റിയോ പറയുന്നു ."രക്തം തിളയ്ക്കുന്ന" സ്വഭാവം ഉള്ളത് കൊണ്ട് ജോലിയില്‍ നിന്ന് വേഗം പുറത്തു പോകുന്നു മാറ്റിയോ .ഏകദേശം ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് മാറ്റിയോയും,മിരെലയും ലൈബ്രറിയില്‍ വച്ച് രണ്ടാമത് കാണുന്നത് .തുടര്‍ന്ന് ലൈംഗിക വേഴ്ച നടത്തുന്ന അവര്‍ ഒരുതരത്തില്‍ പിരിയുകയാണ് ചെയ്യുന്നത് .താന്‍ ഗര്‍ഭിണിയാണെന്ന് ഉള്ള വാര്‍ത്ത മിരേല അറിയുച്ചു കേട്ടതില്‍ ക്ഷുഭിതനായ മാറ്റിയോ തങ്ങളുടെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണു മരിക്കുന്നു .മാറ്റിയോയുടെ കുഞ്ഞിനു ആന്‍ഡ്രിയ മിരേല ജന്മം നല്‍കുന്നു .
തുടര്‍ന്ന് സിനിമയില്‍ കാണുന്നത് സംഭ്രമജനകങ്ങളായ രംഗങ്ങളാണ് ..മാറ്റിയോയുടെ മരണത്തില്‍ കരാറ്റി കുടുംബം ആകെ ഉലഞ്ഞുപോകുന്നുണ്ട് .മിരെലയെ ആശ്വസിപ്പിക്കാന്‍ എത്തുന്ന നിക്കോള അവളുമായി പ്രണയത്തിലാവുന്നു .പ്രണയത്തിന്റെ പെരുമഴ നമുക്ക് ഈ സിനിമയില്‍ ദര്‍ശിക്കാം .സാണ്ട്രോ പെട്രഗില തിരക്കഥയിലെ തന്റെ കഴിവുകള്‍ ഗിയോര്ടാനയുടെ സംവിധാന ഭംഗിയ്ക്ക് മാറ്റ് കൂട്ടാന്‍ സഹായം ചെയ്തിരിക്കുന്നു. കൂടാതെ ,ലുയ്ഗി കാസിയോ, അലെസിയോ ബോണി,അദ്രിയാന ആസ്തി, മായ സാന്സ എന്നിവര്‍ പ്രതിഭയുള്ള അഭിനയം കാഴ്ചവച്ചിരിക്കുന്നു .
സാറാ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ള ഒരു യുവതിയായി മാറുന്നു .ആന്‍ഡ്രിയയും വലുതാവുന്നു .ചുള്ളിക്കാട് കവിതകളില്‍ വിശേഷിപ്പിച്ച "ക്ഷുഭിത യൌവ്വന"ത്തിന്റെ അതിപ്രസരം പോലെ ഒന്നുണ്ടായിരുന്ന 1960 കളില്‍ നിന്ന് തുലോം വിഭിന്നമാണ് സാറയും ആന്‍ഡ്രിയയും പ്രതിനിധീകരിക്കുന്ന ഇരുപതാം നൂറ്റാണ്ട് .60 കള്‍ "കൌണ്ടര്‍ കള്‍ച്ചര്‍" (Counter Culture) എന്ന് വിളിക്കപ്പെടുന്ന സാമൂഹ്യപരമായ വളര്‍ച്ചക ളോടുള്ള ഒരു തരം എതിര്‍പ്പ് കാണിക്കുന്ന കാലഘട്ടമാണെങ്കില്‍ ഇരുപതാം നൂറ്റാണ്ട് ഭയവിഹ്വലതളുടെത് ആണ് .തീരുമാനം എടുക്കാന്‍ അറിയാതെ ചില ഘട്ടങ്ങളില്‍ ആന്‍ഡ്രിയയും സാറയും പകച്ചു നില്‍ക്കുന്നുണ്ട് .ജീവിതം പിത്രുത്വതിന്റെയും മാതൃത്വത്തിന്റെയും വികാസ പരിണാമങ്ങളിലൂടെ കടന്നു പോകുന്നു .ഒരു വിധത്തില്‍ പറഞ്ഞാല്‍ കുടുംബം എന്നതിന് "ലിവിംഗ് ടു ഗെതര്‍" എന്നതില്‍ കവിഞ്ഞു ഒരു അര്‍ത്ഥവും ഇല്ലെന്നു ദ്യോതിപ്പിക്കുന്ന തരത്തില്‍ ആണ് മാറ്റിയോയും ,നിക്കൊലയും മിരെലയും മറ്റും ജീവിക്കുന്നത് .ഉടഞ്ഞു പോകുന്ന തരത്തിലുള്ള അദീര്‍ഘ ആരാധനയോ പ്രണയമോ (infatuations ) മാത്രമേ അവര്‍ തമ്മില്‍ നിലനില്‍ക്കുന്നുള്ളൂ .എന്നാല്‍ കാലചക്രം ഉരുളുന്നതിന് അനുസൃതമായി അവളുടെ സ്വഭാവങ്ങള്‍ക്കു മാറ്റം വരുന്നുണ്ട്.
ജീവിതം വ്യക്തമായും അതിന്റെ നാനാര്‍ഥങ്ങള്‍തേടുകയാണ് ."Meeting the Social Problems of youth arising from urbanization" എന്ന പ്രബന്ധത്തില്‍ ജെയിംസ് ആര്‍ ദുംബ്സണ്‍(James R. Dumpson) പറയുന്നത് ഒരു തരത്തില്‍ ഈ സിനിമയുടെ പ്രമേയം തന്നെ ആകണം. തന്നെ,തന്റെ സ്വത്വത്തെ കണ്ടു പിടിക്കാനുള്ള വ്യഗ്രത ,സഹജീവികളുമായുണ്ടാവുന്ന വൈരുധ്യങ്ങള്‍ ,സാമൂഹ്യ സാഹചര്യങ്ങളോട് പൊരുത്തപ്പെടാതിരിക്കല്‍ എന്നിവയാണ് ദുംബ്സണ്‍ ഈ പ്രബന്ധത്തില്‍ യുവതയ്ക്കുണ്ടാകുന്ന പ്രദാന വെല്ലുവിളികള്‍ ആയി നിരത്തുന്നത്. ഇത് ഒരുതരത്തില്‍ ശരിയാണുതാനും. ഈ സിനിമയുടെ തുടക്കം മുതല്‍ ഏതു ഭാവി തിരഞ്ഞെടുക്കണം എന്നുള്ള വ്യസനം മാറ്റിയോയ്ക്കും,നിക്കൊലയ്ക
്കും മിരെലയ്ക്കും ഉണ്ട്. മാറ്റിയോയും നിക്കൊളയും അവരുടെ ആഗ്രഹപ്രകാരം എത്തിച്ചേരാന്‍ സാധിക്കാതെ പോയ "നോര്‍വേ " യില്‍ , സിനിമയുടെ അവസാനം നിക്കൊലയുടെ മകന്‍ ആണ്ട്രിയ ചെന്ന് നില്‍ക്കുന്നത് കാണാം .മുന്‍ തലമുറകള്‍ക്ക് എത്തിപ്പിടിക്കാന്‍ സാധിക്കാത്തതിനെ പുതു തലമുറ കൈയെത്തി പിടിക്കും എന്ന ആശയം ഗിയോര്‍ദാന ഈ സിനിമയിലൂടെ നമുക്ക് കാണിച്ചു തരുന്നു .
യുവാക്കളുടെ മാനസിക നിലയും ആരോഗ്യവും ഒരു തലമുറയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാഴ്ചകളാണ് ചുരുക്കി പറഞ്ഞാല്‍ ദി ബെസ്റ്റ് ഓഫ് യൂത്ത് .തെരഞ്ഞെടുപ്പാണ് മുഖ്യം .ആര് അല്ലെങ്കില്‍ എന്ത് എന്ന ചോദ്യം തന്നെ .
രണ്ടായിരത്തി മൂന്നിലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ അണ്‍ സെര്ട്ടെന്‍ രിഗാര്ദ് ( Un Certain Regards) എന്ന അവാര്‍ഡിന്ന് അര്‍ഹമായ ഈ ചിത്രം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്ന് തന്നെ
http://www.youtube.com/watch?v=Sku1qEqzmNc
Wednesday, November 9, 2011
ഒരു കമ്മീസ് വിലാപം
ആനീടെ ആ ഒരൊറ്റ കമ്മീസ് ഇനി നരയ്ക്കാന്‍ ഒട്ടുമില്ല . ഇടയ്ക്കിടെ പിഞ്ഞിയിട്ടുമുണ്ട്. അലക്കുകാരം തേച്ചു ചൂടുവെള്ളത്തില്‍ അമ്മാമ്മയോ അമ്മച്ചിയോ ആണ് അത് കഴുകുക . എന്നിട്ട് വെയിലത്ത് ഒണക്കാനിടും . നീലം പിഴിഞ്ഞതിന്റെ ചാറ് കമ്മീസിന്റെ കണ്ണീരു പോലെ മണ്ണില്‍ വീണു നീലിയ്ക്കും. വയ്കുന്നെരമാകുംബോഴെയ്ക്കും അല്‍പ്പം കാക്ക കാഷ്ടത്തിന്റെ തരികളോടെ അമ്മച്ചി അതെടുത്തു മടക്കി വയ്ക്കും . കുളി കഴിഞ്ഞു വന്നാല്‍ ആനിയ്ക്ക് ഇടാന്‍ .
കളിക്കാനോടുമ്പോള്‍ ആനിയുടെ കമ്മീസ് ഇളം കാറ്റില്‍ പറക്കും . കൂടെയുള്ള കുട്ടികള്‍ ഇടയ്ക്കിടയ്ക്ക് ഇതാണോ അത്ഭുത ലോകത്തിലെ ആലീസ് എന്നാ പോലെ ആനിയെ നോക്കും. ആ കമ്മീസിനു നീളം തുലോം കുറവാണ് . ആനിയും കൂട്ടരും കൂടി കൊത്തങ്കല്ല് കളിയ്ക്കാന്‍ കുന്തിചിരിക്കുമ്പോള്‍ കമ്മീസ് ആനിയുടെ വെളുത്ത തുടകള്‍ അനാവൃതമാക്കുകയും വര്‍ക്കീടെ ചെക്കന്‍ ജോസിന്റെ കണ്ണുകള്‍ക്ക് മേയാന്‍ ഇടം കാട്ടുകയും ചെയ്യും .
"ജോസേ നിന്‍റെ കണ്ണു ഞാന്‍ കുത്തിപൊട്ടിക്കൂട്ടാ.. നിനക്ക് കളിക്കണ്ടാങ്ങെ എന്റ്റു പോയേരാ"
ആനി അവനെ കോക്രി കാട്ടും.
ചിലപ്പോള്‍ ആനി ഒറ്റയ്ക്ക് കുന്നിനു മുകളിലേക്ക് പോകും . നിറയെ കാഴ്ചകള്‍ക്ക് മേല്‍ അവളുടെ കമ്മീസും അവളും നൃത്തം ചെയ്യും. പൂത്തു നില്‍ക്കുന്ന ചെടികളോടും പാട്ട് പാടുന്ന കിളികളോടും ആനി പായാരം പറയുന്നത് കേള്‍ക്കാന്‍ എന്നും ആ കംമീസിനാണ് ഭാഗ്യം.കംമീസില്‍ ഒട്ടിപ്പിടിക്കുന്ന കായകളെ കാര്യമാക്കാതെ,ഇരുട്ടാറാകുമ്പോള്‍ അമ്മച്ചിയുടെ നീട്ടി വിളി മേലെ കുന്നു കേറിയെത്തും
"ഡീ ആന്യേ , പ്രായായിന്നു വല്ല വിജാരണ്ട്രീ .. ഇങ്ങനെ നടന്നോ നീ .. ആ കമ്മീസ് കഴ്കാന്‍ കൊണ്ട് വാടിങ്ങ്ട് .. നാളെ ഇടണാ നിനക്ക് വല്ലതും ?
അങ്ങനെ അന്നത്തെ വൈകുന്നേരം ആനിയും കമ്മീസും തിരികെ എത്തും.കംമീസില്‍ ഒട്ടിപ്പിടിച്ച കായകള്‍ പെറുക്കി എടുത്തു കളഞ്ഞു അന്നത്തെ അലക്കിനു കംമീസിനെ ഒരുക്കുമ്പോള്‍ അമ്മാമ്മ പറയുന്ന സ്ഥിരം വാചകം ആവര്‍ത്തിക്കും
"പോയി മേല് കഴ്കീട്ടു വാടീ"
" പണ്ടാറം ഇള്ള കാടും പടലും ഒക്കെ ഒട്ടിച്ചു കൊണ്ടുവന്ന്രോക്കാ വളടെ ഒര് കമ്മീസ്" ...
അപ്പോള്‍ ഊറിച്ചിരിച്ചു ,കുളിമുറിയില്‍ ആനിയുടെ ദേഹം കംമീസിടാതെ നില്‍ക്കും.
കാലത്ത് കംമീസിനടിയിലേക്ക് ദിനം തോറും തളിര്‍ത്തു പൂക്കുന്ന തന്നെ വലിച്ചു കേറ്റി , മുടി കെട്ടി വച്ചു ആനി ഉറക്കപിച്ചോടെ നടേപ്പൊറ ത്ത് വന്നിരിക്കും . ഇടയ്ക്കിടെ വെട്ടു വഴിയിലൂടെ പോകുന്ന കുമാരന്റെ ചെക്കന്‍ വാസുന്റെ കടാക്ഷങ്ങള്‍ അവളില്‍ ഇയ്യിടെ എന്താണെന്നറിയാതെ ഒര് തരിപ്പ് ഉണ്ടാക്കുന്നുണ്ട്.
അമ്മച്ചി കൊടുത്ത കട്ടന്‍ കാപ്പീടെ കറ കംമീസില്‍ വീഴ്ത്തി അതിനെ കരയിച്ചു , അതൊന്നും തീരെ ശ്രദ്ധിക്കാതെ ആനി വഴിയിലേക്ക് നോക്കി ഇരിക്കും;ഞാറാഴ്ച ആയതിനാല്‍ ഇന്ന് ദേവസ്സെടെ ചെക്കന്‍ വിത്സനും വരുന്ന വഴി !
ഞാറാഴ്ച ക്കുര്‍ബാന കഴിഞ്ഞു വന്ന അമ്മാമ്മ പൊത മുണ്ട് മടക്കി ഇട്ടു , ആകെയുള്ള ഒര് ബ്രൂച്ച് എടുത്തു ഭദ്രമായി മുണ്ടുംപെട്ടിയില്‍ വച്ചു പുറത്തേയ്ക്കും വരും . ഉടുത്ത ഒറ്റ മുണ്ടിന്റെ ഞ്ഞോരിവാല്‍ ഒന്ന് ശരിയാക്കി കൂറ കംമീസിട്ടു, റോഡിലേക്ക് കണ്ണുകളാല്‍ അലസഗമനം നടത്തിയിരിക്കുന്ന ആനിയെ നോക്കി വിളിക്കും
"ഡീ ആന്യേ ,ഇന്ന് എറിച്ചി വാങ്ങിക്കണ്ട്രീ ??
തീ പാറുന്ന ഒര് നോട്ടം അമ്മമ്മയ്ക്ക് ലാളിക്കാന്‍ എറിഞ്ഞു കൊടുത്തിട്ട് ആനി എണീക്കും . എന്നിട്ട് ചവിട്ടി ക്കുലുക്കി അമാമ്മയുടെ കാശും പെട്ടിക്കരികിലേക്ക് ചെന്ന് നില്‍ക്കും
"ഹൌ , ഒന്ന് പത്ക്കെ എനീക്കിരി , മൊല വന്ന പെന്കുട്ട്യാത്രേ" ..
കംമീസിനടിയില്‍ അവളുടെ വളര്‍ച്ച, അമ്മാമ്മ അറിയുന്നതിന് മുന്‍പ് തന്നെ ഇയ്യിടെ അവളുടെ കമ്മീസിനു ഒരു ഭയം സമ്മാനിക്കുന്നുണ്ട്.ആ ഭയത്തില്‍ കുതിര്‍ന്നു നില്‍ക്കെ , എണ്ണി കണക്കാക്കി കുറച്ചു നോട്ടുകള്‍ എടുത്തു ആനിക്ക് കൊടുത്തിട്ട് അമ്മാമ്മ പറയും
"നീ പോയ്ട്ടെയ് മ്മടെ അന്തോന്യേട്ടന്റെ എറിച്ചിക്കടെന്നു കൊറച്ചു പോത്തറിച്ചി വേടിച്ചട്ടു വാറി, ഇന്ന് നമ്ക്ക് കായിട്ട് വെക്കാം. നല്ലോണം നെയ്യിടാന്‍ പറഞ്ജോലോ. അല്ലെങ്ങെ ഇല്ല നെയ്യോക്കെ കായ വല്ച്ചു ഇടുക്കും. ധെഹത്തിക്ക് ഒരു തരി കിട്ട്ല്യ "
കാശും വാങ്ങി, വഴിയരുകിലെ കാഴ്ചയില്‍ കണ്ടു നടക്കുമ്പോള്‍ അന്തോന്യേട്ടന്റെ ഇറച്ചിക്കട അവളുടെ അടുത്തെത്തും .
തിക്കും തിരക്കും കൂട്ടി, ഇറച്ചി വാങ്ങാന്‍ വന്നവരെ പിന്നിലാക്കി ആനി മുന്നിലെക്കെത്തും . കംമീസില്‍ ഇറച്ചിചോര തെറിച്ചു വീണതും, തെറിച്ചു വീണ ഒരെല്ലിന്‍ തുണ്ട് ഏതെങ്കിലും നായ കംമീസിനെ വേദനിപ്പിച്ചു കൊണ്ട് നക്കിയെടുത്തതും അറിയാതെ, ആനി നീട്ടി പ്പറയും
"അന്തോന്യേട്ടാ ഒര് കിലോ നെയ്‌പോത്ത്"
ഇറച്ചിക്കട സ്തംഭിക്കുകയും , ആളുകളും പട്ടികളും വിഷണ്ണരായി നില്‍ക്കുകയും ചെയ്യുമ്പോള്‍, സമനില വീണ്ടെടുത്ത് അന്തോന്യേട്ടന്‍ ചോദിക്കും
" നെയ്പ്പോത്താ?എന്തിന്ടീ ഇപ്പൊ നെയ്യ് "
മറുപടിക്ക് പഞ്ഞമില്ലാത്ത ആനി ചുട്ട മറുപടി കൊടുക്കും. .
"അമ്മാമ്മയ്ക്ക് നെയ്യില്ല്യാന്ന്‍. കൊറച്ചു വെപ്പിക്കാനാ "
അപ്പോള്‍ ആനി അറിയാതെ അവളുടെ കമ്മീസ് ഒന്ന് ഉറക്കെ ചിരിക്കാന്‍ കൊതിക്കും.ആളുകളുടെ ഊറിക്കൂടിയ ചിരിയില്‍ നനഞ്ഞു,തേക്കിലയില്‍ പൊതിഞ്ഞ് അന്തോന്യേട്ടന്‍ എടുത്തു കൊടുത്ത ഇറച്ചിപ്പൊതി ആകാശത്തെക്കിട്ടു പിടിച്ചു ആനിയും കമ്മീസും വീട്ടിലേക്കു നടക്കും.
അപ്പോഴാണ് ആനിയുടെ കാലുകളിലൂടെ, ഒരണ പോലെ പൊട്ടി , ഇപ്പോള്‍ കുറേശ്ശെ കിനിയുന്ന രക്തത്തിനെ ഇനി എത്രനാള്‍ എനിക്ക് മറച്ചു പിടിക്കാനാകും ഞാന്‍ എന്നു ആനിയെ അറിയാതെയാകും എന്ന ഒര് വിലാപം കമ്മീസിന്റെ വള്ളികളിലൂടെ താഴേക്കു അരിച്ചിറങ്ങുക .ആ വിലാപം ഏറ്റു വാങ്ങാന്‍ പടിക്കരികെ അമ്മാമ്മ എല്ലാ ഞാരാഴ്ചകളിലും ആധി പെറ്റ നെഞ്ചുമായി നില്‍ക്കാറുണ്ട് .
Monday, October 17, 2011
വല്യപ്പച്ചനും അപ്പൂസും കൂടി മീന്‍ പിടിക്കാന്‍ പോയ കഥ ...
അങ്ങനെ ഇന്നലെ ദീപയും മോനും നാട്ടിലേക്കു പോയി . ഒരു ഹ്രസ്വ സന്ദര്‍ശനം . നാട്ടില്‍ കിളികളെയും, മീനുകളെയും കാട്ടിക്കൊടുത്തു ഒക്കത്തെടുത്ത് നടന്നു അവനെ കൊഞ്ചിക്കാന്‍ വല്ല്യപ്പച്ചനും വല്യ്യമ്മച്ചിയും കാത്തിരിക്കുന്നു .. വല്യപ്പന്‍ അവനു പറഞ്ഞു കൊടുത്ത കഥ - നാലുമാസം പ്രായമുണ്ടായിരുന്നപ്പോള്‍ - അവന്‍ ഇന്ന് കേള്‍ക്കുന്നുണ്ടാവും .. വല്യപ്പച്ചനും അപ്പൂസും കൂടി മീന്‍ പിടിക്കാന്‍ പോയ കഥ ...
അങ്ങനെ വല്യപ്പച്ചനും അപ്പൂസും കൂടീട്ടു മീമി പിച്ചാന്‍ പോയ്ട്ടു വരുമ്പോ ദേ നിക്ക്ണൂ ആരാ നിക്കണേ ഒര് കുക്കന്‍. കുക്കന്‍ അപ്പൂസിനോട് ചോദിച്ചു
വെശന്നട്ടു വയ്യ അപ്പൂസേ , വല്യപ്പച്ചനോട് പജ്ജട്ടു ഒര് രണ്ടു മീമി തര്വോ ?
അപ്പൊ അപ്പ്സെന്തൂട്ട ചിയ്യാ ?
മ്മടെ കുക്കനല്ലേ വല്യപ്പച്ചാ , ഒര് രണ്ടു മീമി കൊത്തോ ..
ഹ്മം ശരി , ഡാ കുക്കാ ഇന്നാടാ മീമി എന്‍റെ അപ്പൂസ് പഞ്ഞ കാരണാട്ടാ നിന്ക്കു മീമി തരണേ .. തിന്നട്ട് ഓട്രാ
അപ്പൊ കുക്കന്‍ വാലും പൂത്തി ഒരോട്ടം വച്ചു കൊക്കും .. എന്നട്ട് വല്യപ്പച്ചനും അപ്പൂസും കൂടീട്ടു സ്കൂട്ട്ര്മ്മേ കേരീട്ടു പിപ്പി പീ ന്നു പഞ്ഞട്ടു വീട്ടിലിച്ചു വരും
അപ്പൊ മ്മടെ വല്യമ്മച്ചി അപ്പൂസിനു പയം പോരീം ചായീം ഇണ്ടാക്കി വന്ച്ചണ്ടാവില്ലേ ... അപ്പൂസും വല്യപ്പച്ചനും കൂടീട്ടു മ്മടെ മിറ്റത്തെ ഊന്ജാലുംമേ ഇരുന്നട്ടു എങ്ങന്യാ പയമ്പൊരി തിന്വാ .. കറും മുറും ന്നു പഞ്ഞട്ടു ... അപ്പൊ കുട്ടിലെ നോക്കീട് മ്മടെ മാവുംമേ എന്തോരം കിള്യോള്, അണ്ണാരക്കണ്ണന്‍ പിന്നെ ആരോക്ക്യാ വര്വാ ....
വ്യന്നെരാവുംബോ, ഒര് കുളിയൊക്കെ കുള്ച്ചട്ടു വല്യപ്പച്ചനീം വല്യമച്ചീനിം കെട്ടിപ്പിച്ചു കെന്നട്ട് കുര്‍
കുര്‍ കൂര്‍ക്കം വല്ച്ചട്ടു മ്മള് ഒറങ്ങില്യെ .....
കഥ കേട്ടുറങ്ങുന്ന എന്‍റെ അപ്പൂസ് .....
Tuesday, September 20, 2011
കുട്ടികള്‍ ചെന്നെത്തുന്ന വലിയ ലോകങ്ങള്‍
"The best way to keep children at home is to make the home a pleasant atmosphere and let the air out of the tires." എന്നു പറഞ്ഞത് പ്രശസ്ത കവയിത്രി ടോറോതി പാര്‍കെര്‍ ആണ് .കുട്ടികള്‍ക്കായി നാം കാണിച്ചു കൊടുക്കേണ്ട പ്രസന്നമായ അന്തരീക്ഷത്തിന്റെ ആവശ്യകത. ലളിതമായിപ്പറഞ്ഞാല്‍ ഒരു വീടിനു നല്ല അന്തരീക്ഷം കൈവരാന്‍ മാതാവും പിതാവും വേണം, കുടുംബത്തിനു സേന്ഹോഷ്മത വേണം എന്ന തിരിച്ചറിവ്. പിതാവില്ലാതെ അല്ലെങ്കില്‍ പിതാവിനെ കാണാതെ, മാതാവിനെ മാത്രം ആശ്രയിച്ചു വളരുന്ന വളരുന്ന കുട്ടികള്‍ നാളയുടെ അന്തര്‍മുഖരും (introverts) മോശം വിപ്ലവകാരികളും (rebels) ആയി മാറും ." ദി റിട്ടേണ്‍ " എന്ന റഷ്യന്‍ സിനിമയില്‍ സംവിധായകന്‍ Andrei Zvyagintsev വരച്ചുകാട്ടുന്നത് ഇത്തരത്തില്‍ അധപ്പതിച്ചു പോയേക്കാവുന്ന വാന്യയുടെ (ഇവാന്‍ ) ജീവിതമാണ്. മൂല്യച്യുതിയിലേക്കും, താന്‍ ഭാവത്തിലെക്കും ചേക്കേറാന്‍ കൊതിക്കുന്ന ഒന്ന്.
"ദി റിട്ടേണ്‍" നിശബ്ദമായ ഒരു തിരിച്ചു വരവാണ്.ബൈബിളിലെ കളഞ്ഞു പോയ ഒരാട്ടിൻ കുട്ടി തിരികെ വരുന്നപോലെ എലാവരാലും ആഘോഷിക്കപ്പെടുന്ന ഒന്നല്ല അത് .വാന്യയും ചേട്ടന്‍ ആന്ദ്രെയും കാത്തിരിക്കുകയാണ്, നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം പപ്പാ വരുന്നത് കാണാന്‍ . വാന്യയെ സംവിധായകന്‍ വരച്ചിടുന്നത് ഒരു പേടിത്തൊണ്ടന്‍ "കോഴി " ആയിട്ടാണ് .കടലിനു അഭിമുഖമായി ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു കുട്ടി.ഉയരം പേടിയുള്ളവന്‍.കണ്ണുകളില്‍ കൂടുകെട്ടിക്കിടക്കുന്ന വിഷാദം.കൂട്ടുകാരെല്ലാം "ടവറില്‍" കയറി താഴെ തടാകത്തിലേക്ക് ചാടുമ്പോള്‍ വാന്യ പേടിച്ചു വിറച്ചു മുകളില്‍ ഇരിക്കും. കൂട്ടരെല്ലാം-ആന്ദ്രെ ഉള്‍പ്പെടെ-അവനെ കോഴി എന്നാര്‍ക്കും. ഇത് അവസാനിക്കുക പലപ്പോഴും അടിപിടികളില്‍ ആണ് .അങ്ങനെ ഒരു നാള്‍ , അടികൂടി, രണ്ടു പേരും വീട്ടിലേക്കു അമ്മയെ വിളിച്ചു ഓടിക്കയറുമ്പോള്‍ അവരെ എതിരേല്‍ക്കുന്നത് " അച്ഛന്‍ വന്നു , നിശബ്ദരാകൂ " എന്നാ അമ്മയുടെ മുഖമാണ് . അത് വെളുത്തു വിളറിയിരുന്നു . അമ്മ തുടരെ പുകയൂതുന്നുണ്ടായിരുന്നു.
വാന്യയുടെ പപ്പാ ഒരാജാനുബാഹുവായി , ശ്മശ്രുക്കള്‍ പടര്‍ന്ന മുഖവുമായി , കട്ടില്‍ നീണ്ടു നിവര്‍ന്നു കിടന്നു . പിന്നെ തീന്‍ മേശക്കരുകില്‍ ഇരിക്കുമ്പോള്‍ അവര്‍ പപ്പയെ വ്യക്തമായി കണ്ടു . ചിരിയുടെയോ വാത്സല്യതിന്റെയോ കണിക തേടുന്ന കുട്ടികള്‍ക്ക് നിരാശരാകേണ്ടി വന്നു , അവര്‍ ഓടിപ്പോയി പണ്ട് ശേഖരിച്ചു വച്ച ഒരു പഴയ കുടുംബ ചിത്രം എടുത്തു നോക്കി ,അതെ ഇത് തന്നെ അദ്ദേഹം എന്നുറപ്പിച്ചു . പിറ്റേന്ന് മുതല്‍ മൂന്നു ദിവസത്തേക്ക് പപ്പയെ തങ്ങള്‍ക്കു തനിയെ കിട്ടുകയാണ് , മീന്‍ പിടിക്കാനും ചെറിയ ഒരു അവധിക്കാല വിനോദങ്ങള്‍ക്കുമായി. മനസ്സ് തുടികൊട്ടുന്നത് അവരുടെ മുഖങ്ങള്‍ വിളിച്ചറിയിക്കുന്നു.
എത്രയും പെട്ടന്ന് പപ്പയെ തന്റെതാക്കണം എന്ന ചിന്തയില്‍ ആന്ദ്രെ ആനന്ദിക്കുന്നു , എന്നാല്‍ വാന്യയുടെ മനസ്സ് ആരും കാണുന്നില്ല . ഇതാണോ തന്റെ പപ്പ ? എന്താ പപ്പാ ചിരിക്കാത്തത് ? മമ്മി പറഞ്ഞ പോലെ പൈലറ്റ് ആണെങ്കില്‍ യൂണിഫോമും തൊപ്പിയും കാണേണ്ടതല്ലേ ? നൂറു ചോദ്യങ്ങള്‍ നിറഞ്ഞ ആ മനസ്സ് ആകുലതയോടെ ഉറങ്ങാന്‍ കിടന്നു. അടുത്ത മുറിയില്‍ ഇന്നും അവരുടെ മമ്മി ഉറങ്ങാന്‍ കിടന്നത് തനിച്ചായിരുന്നു. ഈ ഒരു ഷോട്ടിലൂടെ മമ്മിയും പപ്പയും തമ്മിലുള്ള ബന്ധത്തിന്റെ നൂലിഴ എന്നെ പൊട്ടിപ്പോയിരിക്കുന്നു എന്നു സംവിധായകന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു .
തിങ്കളാഴ്ചത്തെ പകല്‍ വിരിയുന്നത് ആന്ദ്രെയും വാന്യയും അച്ഛന്‍ ഓടിക്കുന്ന കാറില്‍ അവധിക്കാലം ചിലവിടാന്‍ പോകുന്നതോടെയാണ് .കാറില്‍ മൂകമായ അന്തരീക്ഷം . പപ്പയുടെ പെരുംമാറ്റം വാന്യയെ കുറച്ചൊന്നുമല്ല ചൊടിപ്പിക്കുന്നത്. വിശക്കുന്നു എന്നു പറഞ്ഞിട്ടും പപ്പ കാര്‍ നിര്‍ത്താന്‍ കൂട്ടാക്കുന്നില്ല . പിന്നെ കുറെ കഴിഞ്ഞു ഒരിടത്തു നിര്‍ത്തിയപ്പോള്‍ അവിടെ കടകളെല്ലാം അടഞ്ഞു കിടക്കുന്നു . ആന്ദ്രേയോടു പോയി ഒരു ഭക്ഷണശാല അന്വേഷിച്ചു വരാന്‍ പറയുന്നു പപ്പ. കാറില്‍ വാന്യ മുഖം കടുപ്പിച്ചിരുന്നു. ഇടയ്ക്ക് റോഡിലൂടെ പോകുന്ന തടിച്ച സ്ത്രീകളുടെ നിതംബത്തിലാണ് പപ്പയുടെ കണ്ണു എന്നു വാന്യ കാണുന്നു. ഭക്ഷണ ശാല കണ്ടെത്താന്‍ വൈകിയതിനു ആന്ദ്രേക്ക് കണക്കിന് ശകാരം കിട്ടി . തീന്‍ മേശയില്‍ ഇരിക്കുമ്പോള്‍ വാന്യ പറഞ്ഞു "എനിക്ക് വിശക്കുന്നില്ല" മുപ്പതു സെക്കണ്ടിനുള്ളില്‍ സൂപ്പും ബ്രെ ഡും തിന്നു തീര്‍ക്കാന്‍ ഉള്ള പപ്പയുടെ കല്‍പ്പന അനുസരിക്കേണ്ടി വന്ന വാന്യ, കഴിച്ചെന്നു വരുത്തി ഇറങ്ങി . പണം കൊടുത്ത് വരാന്‍ പറഞ്ഞു വാല്ലറ്റ് (wallet) ആന്ദ്രേയ്ക്ക് നല്‍കി, പപ്പാ ഫോണ്‍ ചെയ്യാന്‍ ഇറങ്ങി . പണം കൊടുത്ത ശേഷം റോഡില്‍ നിന്ന ആന്ദ്രേയുടെ കയ്യില്‍ നിന്നു വാല്ലറ്റ് തട്ടിയെടുത്തു കുറെ തെരുവ് കുട്ടികള്‍ ഓടി , പപ്പാ പിന്നെ അവരെ ഓടിച്ചു പിടിച്ചു , തിരികെ കൊണ്ട് വന്നു , ആന്ദ്രേയോടും വാന്യയോടും നിങ്ങളെ ഇടിച്ചതുപോലെ അവരെ തിരിച്ചു ഇടിക്കാന്‍ പറഞ്ഞു . പപ്പയുടെ ഇത്തരം പെരുമാറ്റങ്ങള്‍ ഓരോ നിമിഷം കഴിയും തോറും രണ്ടുപേര്‍ക്കും അസഹനീയമാകുന്നു എങ്കിലും ,ആന്ദ്രേയ്ക്ക് അത് പുറത്തു കാണിക്കാന്‍ വയ്യ, ആ കുഞ്ഞു ഹൃദയം പപ്പയുടെ സ്നേഹത്തിനു വെമ്പുന്നു . എന്നാല്‍ വാന്യയ്ക്കാകട്ടെ ഈ " ആളെ " ഇത് വരെ പപ്പയായി അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ദേഷ്യം തീരാതെ പപ്പാ പറഞ്ഞു, "മതി പിക്നിക്.ഇനി രണ്ടു പേരും ബസ്സില്‍ വീട്ടിലേക്കു പൊയ്ക്കോ" . ദേഷ്യം കൊണ്ട് ചുവന്ന വാന്യ അലറി. "ഇതിനാണോ താങ്കള്‍ പന്ത്രണ്ടു വര്‍ഷത്തിനു ശേഷം വന്നത് ? ഞങ്ങളെ തല്ലാനും ശകാരിക്കാനും? അമ്മയും മുത്തശ്ശിയുമായി ഞങ്ങള്‍ക്കിവിടെ സുഖമായിരുന്നു . താങ്കള്‍ അത് കെടുത്തി"
ബസ്സില്‍ കയറി വാന്യ ഇരുന്നു . ഒരുപാട് ചിന്തകള്‍ കടന്നലുകള്‍ ആയി ഇരമ്പുന്ന വാന്യയുടെ മനസ്സ് നോക്കുക . ചാര്‍ളി ചാപ്ലിന്‍ തന്റെ ആത്മകഥയില്‍ താനും സഹോദരന്‍ സിഡ്നിയും അച്ഛനെ കാത്തിരുന്ന കഥയും കാലങ്ങളോളം അച്ഛന്‍ ഫോര്‍ക്കും കത്തിയും പിടിച്ചിരുന്ന രീതി വരെ താന്‍ അനുകരിച്ചിരുന്നതായും വിവരിക്കുന്നുണ്ട് .വാന്യയുടെ - തങ്ങള്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ലാത്ത എന്നാല്‍ കാണാന്‍ കൊതിക്കുന്ന "പിതാവിനെ" കാത്തിരിക്കുന്ന മുഴുവന്‍ കുട്ടികളുടെയും പ്രതീകമാണ് വാന്യ- മനസ്സും കൊതിച്ചത് ഇതൊക്കെതന്നെയാവണം.കൊതിച്ചതിനു വിപരീതം നേടിയ വാന്യ നഷ്ട ബോധത്തോടെ തലകുനിച്ചിരിക്കുമ്പോള്‍ , വീണ്ടു പപ്പാ പ്രത്യക്ഷപ്പെടുന്നു; മൂന്നു ദിവസത്തേക്ക് മീൻ പിടിക്കാനും ഒരു ദ്വീപ് കാണാനും കൊണ്ട് പോകാമെന്ന് സമ്മതിച്ചു കൊണ്ട് . ഇയാളെ തനിക്കു മനസ്സിലാവുന്നില്ലല്ലോ എന്ന ഭാവം ആണ് വാന്യയുടെ മുഖത്ത്. ഇവിടെ ആ ഭാവം വരുത്തണമെന്ന് നിർദേശിക്കാതിരിക്കാന്‍ റഷ്യയിലെ "നോവോസിബിര്‍സ്ക് ആക്റ്റേഴ്സ് സ്കൂളില്‍" (Novosibirsk Actors School) നിന്നു ബിരുദം നേടിയ സംവിധായകന്‍ Zvyagintsev ന് ആവില്ല തന്നെ; വാന്യയ്ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയ ഇവാന് ( Ivan Dobronravov), തന്നെ ഏല്‍പ്പിച്ച ദൌത്യം അനായാസം അഭിനയ മികവോടെ ചെയ്തു തീര്‍ക്കാതിരിക്കാനും.
തുടര്‍ന്ന് തികച്ചും നാടകീയവും സംഭ്രമജനകവുമാണ് "ദി റിട്ടേണ്‍"എന്ന ഈ സിനിമയിലെ മുഹൂര്‍ത്തങ്ങള്‍. മീന്പിടിക്കാന്‍ കുട്ടികള്‍ ആരവം കൂട്ടി. എല്ലാം സജ്ജമായപ്പോള്‍ അച്ഛന്‍ പറഞ്ഞു ."മതി , നമ്മള്‍ പോവുകയാണ്". വീണ്ടു വാന്യയുക്ക് കലി ബാധിച്ചു. തിരികെ കാറില്‍ വരുമ്പോള്‍ ഇക്കാര്യം പറഞ്ഞു കയര്‍ത്ത വാന്യയെ അച്ഛന്‍ വിജനമായ പാടത്തിനും ഒരു വലിയ പാലത്തിനും അരികില്‍ ഇറക്കി വിടുന്നു . വാന്യയുടെ മനസ്സ് ഇവിടെ വച്ചു വലിയവരുടെ ഒരു ലോകത്തിലേക്ക് പ്രവേശിക്കുന്നത് കാണാം . അവനില്‍ ഇനി കുട്ടിക്കളി ഇല്ല . വലിയവര്‍ കാട്ടിക്കൂട്ടുന്ന ഇത്തരം കൂത്തുകള്‍ വാന്യ ഇനി നേരിടാന്‍ പോവുകയാണ് . അനായാസം കാറില്‍ നിന്നു ഇറങ്ങിയ വാന്യ- ഈ പ്രതികരണംനേരത്തെ പ്രതീക്ഷിച്ചതാണ് - ചൂണ്ടയും എടുത്തു പാലത്തിന്മേല്‍ പിടിച്ചു വിദൂരതയിലേക്ക് നോക്കി നിന്നു. ചില ട്രക്കുകള്‍ വരുന്നു . വാന്യ ഏതിങ്കിലും ഒന്നില്‍ കയറിയേക്കും എന്നു കരുതിയ നമുക്ക് തെറ്റി. പകപോക്കുന്ന ഒരു മനോഭാവത്തോടെ മഴയില്‍ തണുത്തു വിറച്ചു, മുട്ടില്‍ മുഖം വച്ചു വാന്യ ഇരുന്നു. കുറെയേറെ നേരം കഴിഞ്ഞു , ഇരുട്ട് വീഴാന്‍ തുടങ്ങുമ്പോള്‍ അച്ഛന്‍ തിരികെ വന്നു, കാറില്‍ കേറിയ വാന്യ ഒന്ന് ദേഹം തുടയ്ക്കാന്‍ പോലും കൂട്ടാക്കിയില്ല .
വാന്യയുടെ സംശയങ്ങള്‍ മുറുകുകയാണ് . കുറെ വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛന്‍ തിരിച്ചു വരുന്നു . എന്നിട്ട് തങ്ങളോടു ഒരു ക്രൂരനെപ്പോലെ പെരുമാറുന്നു;ചെറിയ തെറ്റുകള്‍ക്കുപോലും.കാറിന്റെ ചക്രം ചെളിയില്‍ പുതഞ്ഞത് പുറത്തെടുക്കാന്‍ ആന്ദ്രേയ്ക്ക് കഴിയാത്തതിന് അകാരണമായി ആന്ദ്രെയേ അടിച്ചിരുന്നു പപ്പ.എന്നാല്‍ സ്വയം പപ്പ അത് ചെയ്യുന്നുമില്ല . കുട്ടികളെകൊണ്ടാണോ ഇത്തരം പണികള്‍ ചെയ്യിക്കുന്നത്? എന്തിനാണ് ഞാന്‍ ഈ "അച്ഛന്" വേണ്ടി ഇക്കാലമത്രയും കാത്തത് ? വലിയവരുടെ ലോകങ്ങള്‍ അവരുടേത് മാത്രമാണോ ? തങ്ങള്‍ അവിടെ ഒന്നുമല്ലേ ? ഒരിട പപ്പ ഒരു "gangster " ആയിരിക്കുമോ ? എന്തിനാണ് പപ്പ നിഗൂഢതകള്‍ കൊണ്ട് സംസാരിക്കുന്നത് ? നോട്ടത്തിലും ഭാവത്തിലും ഒരിറ്റു വാത്സല്യമോ സ്നേഹമോ പകരാത്തത് ?
വാന്യയുടെ ഈ ചിന്തകള്‍ പ്രശസ്ത സ്വിസ്സ് ശിശു മനഃശാസ്ത്രവിദഗ്ദ്ധന്‍ ജീന്‍ പിയാഷേ ( Jean Piaget ) യുടെ അഭിപ്രായങ്ങളുമായി കൂട്ടി വായിക്കേണ്ടതുണ്ട്. കുട്ടികള്‍ മുതിര്‍ന്നവരെപ്പോലെ ചിന്തിക്കുന്നില്ല.കുശാഗ്രബുദ്ധിയായ, എന്നാല്‍ പ്രായേണ യുക്തിരഹിതം എന്നു തോന്നിപ്പിക്കുന്ന "കുട്ടികളുടെ യുക്തി" പലപ്പോഴും മുതിര്‍ന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത പ്രമാണ ശാസ്ത്രങ്ങളായി വര്‍ത്തിക്കുന്നു എന്ന പിയാഷെയുടെ നിഗമനത്തെ " ഒരു ജീനിയസ്സിനു മാത്രം മനസ്സിലാക്കാനാവുന്ന എന്നാല്‍ ഏറ്റവും ലളിതമായ കണ്ടുപിടുത്തം എന്നാണ് ഐന്‍സ്റീന്‍ വിശേഷിപ്പിച്ചത്.ഇത്തരം യുക്തികള്‍ വാന്യ ഒരുപാടു പ്രകടമാക്കുന്നു . വാന്യയുടെ പ്രായം ഒരു പതിന്നൊന്നു വയസ്സില്‍ കൂടില്ല . ഇത്തരക്കാരുടെ മാനസിക അവബോധത്തെ , അതിന്റെ വളര്‍ച്ചയുടെ ഘട്ടത്തെ " Concrete Operational " - വസ്തുക്കളെയും പ്രതിഭാസങ്ങളേയും കുറിച്ച് യുക്തിപൂര്‍വ്വം ചിന്തിച്ചു തുടങ്ങുന്ന മാനസിക അവബോധത്തിന്റെ കാലഘട്ടം - എന്നാണ് പിയാഷേ വിശേഷിപ്പിക്കുന്നത്. കുട്ടികളുടെ ഇത്തരം ചിന്താധാരകളെക്കുറിച്ചു മരിയ മോന്ടിസ്സോരിയും പവ്ലോ ഫ്രെയരും നടത്തിയ പഠനങ്ങളും ഇതു വെളിപ്പെടുത്തുന്നു. ഇത്തരം യുക്തിയോടെ ചിന്തിച്ചു തുടങ്ങുന്ന ഒരു മനസ്സ് ആണ് വാന്യയ്ക്ക് കൈവരുന്നത്. ഈ മനസ്സിന് കോര്‍ത്തിണക്കിയ വിവിധ ദൃശ്യങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ വസ്തുതകളെ ഒരു പ്രത്യേക അളവുകോലില്‍ ബന്ധിക്കാനാവും. സ്നേഹോഷ്മളമായ സാഹചര്യത്തില്‍ അല്ലാതെ ഇത്തരം യുക്തിചിന്ത കുട്ടികള്‍ക്ക് കൈവരുന്നത് വിരുദ്ധ മനോവ്യാപാരങ്ങള്‍ ആണ് സൃഷ്ടിക്കുക. എന്തിനെയും വെറുപ്പോടെ കാണുന്ന , അക്രമവാസനകള്‍ നിറഞ്ഞ , സമൂഹം വെറുക്കുന്ന ഒരു "റിബല്‍" ഉണ്ടായിവരാന്‍ ഉള്ള സാധ്യതകള്‍ ഇവിടെ ഏറി നില്‍ക്കുന്നു.പപ്പയോടുള്ള "വെറുപ്പ് " എന്ന അവസ്ഥയില്‍ വാന്യ എത്തുന്നതു ഇപ്രകാരമാണ്.
മറ്റൊരു മനഃശാസ്ത്രവിദഗ്ദ്ധന്‍ ആയ ലെവ് വ്യ്ഗോറ്സ്കി തന്റെ സാമൂഹ്യ- സംസ്കാര സിദ്ധാന്തത്തില്‍ (Sociocultural Therory) പറയുന്നത് ഇപ്രകാരമാണ്. "Parents,caregivers,peers,and the culture at large were responsible for the development of higher order functions". പൌരസ്ത്യര്‍ പിന്തുടരുന്ന "മാതാ, പിതാ ഗുരു " കാഴ്ചപ്പാട് തന്നെയാണ് ഇതും. വാന്യയ്ക്ക് നിഷേദ്ധിക്കപ്പെടുന്ന ഈ "പോറ്റല്‍" (upbringing ) അവനെ "കുട്ടികള്‍ ചെന്നെത്തുന്ന വലിയ ലോകങ്ങള്‍ " കാണിക്കുന്നു .
സിനിമ മുന്നോട്ടു പോകുന്നു. പപ്പ വീണ്ടും അവരെ ഒരു ദ്വീപിലേക്ക് കൊണ്ടുപോയി. ബോട്ട് ടാര്‍ ചെയ്യിപ്പിച്ചത് ആന്ദ്രേയ്യെക്കൊണ്ട് .ബോട്ട് കുട്ടികളെക്കൊണ്ട് തന്നെ തുഴയിച്ചു , അല്‍പ്പം രസിച്ചു എങ്കിലും വാന്യ പറഞ്ഞു."പപ്പയ്ക്ക് നല്ല ആരോഗ്യമുണ്ടല്ലോ ? ഒന്ന് തുഴ്ഞ്ഞൂടെ" ? ഒരുതരത്തില്‍ ദ്വീപിലെത്തി . മീന്‍ പിടിച്ചത് ചുട്ടു തിന്നു കൊണ്ട് അവര്‍ തീ കാഞ്ഞു . പപ്പാ കുടിക്കുന്നുണ്ടായിരുന്നു .പപ്പാ മീന്‍ തിന്നാതിരുന്നത് എന്ത് കൊണ്ടായിരിക്കും ? വാന്യ ചിന്തിച്ചു.രാത്രി ടെണ്ടിനുള്ളില്‍ " അമ്മ കാണിച്ചു തന്ന അച്ഛന്‍ ഇതാ " എന്നു ചിന്തിച്ചു, കരഞ്ഞുകൊണ്ട് വാന്യ ഉറങ്ങി . ഒരിട കുറച്ചു തമാശകള്‍ പറഞ്ഞു കൊണ്ട് പപ്പയുമായി സ്നേഹം ഉറപ്പിക്കാന്‍ ആന്ദ്രെ ഒരു ശ്രമം നടത്തുണ്ട് . അത് വേഗം അവസാനിപ്പിച്ചു. പപ്പാ അവരുടെ അടുത്തുനിന്നു എണീറ്റ് പോയി . വാന്യ നിസ്സംഗതയോടെ ഇരുന്നു ,വരാന്‍ പോകുന്നത് ഏകദേശം ഇതിനകം അവനു മനസ്സിലായി ത്തുടങ്ങിയിരുന്നു. ദ്വീപു ചുറ്റി നടക്കാന്‍ വിളിച്ച പപ്പയുടെ കൂടെ ആന്ദ്രെ പോയി. എന്നാല്‍ വാന്യയ്ക്ക് അതിഷ്ടമായില്ല . ഭക്ഷണം കഴിച്ചു തീരാന്‍ വൈകിയത്തിനു പപ്പാ അവനെക്കൊണ്ട് പാത്രങ്ങള്‍ കഴുകിച്ചിരുന്നു . വാശിയോടെ അവന്‍ പപ്പയുടെ പാത്രം തടാകത്തില്‍ ഒഴുക്കി കളയുകയും ചെയ്തു. പിന്നീട് വാന്യ അവരെ പിന്തുടര്‍ന്നു. വീണ്ടു ഒരു വലിയ ടവര്‍ പ്രത്യക്ഷപ്പെടുന്നു. വാന്യയ്ക്ക് ഉയരം പേടിയാണെന്ന് പറഞ്ഞു പപ്പയോടൊപ്പം ആന്ദ്രെ ടവറില്‍ കയറി . വാന്യ താഴെ നിന്നു . വളരെ പ്രതീകാത്മകമായി ഉയരത്തിലുള്ള ഈ ടവറുകള്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത് കാണാം. ഉയരങ്ങള്‍ കൊതിക്കുന്ന വാന്യയുടെ മനസ്സുപോലെ.താഴെ നില്‍ക്കുന്നവര്‍ എപ്പോഴും കുട്ടികളും അവര്‍ കൊതിക്കുന്ന ഉയരം വലിയവരുടേതുമാണ്.എന്നാല്‍ അവനു (കുട്ടികള്‍ക്ക് ) അവിടെ എത്താന്‍ ഒരു താങ്ങ് വേണം . ആ താങ്ങ് അവന്‍ പപ്പയില്‍ നിന്നു കൊതിക്കുന്നുണ്ട് താനും .
"ദി റിട്ടേണ്‍"ഉദ്യോഗ ജനകമായ അവസ്ഥകളിലേക്ക് കടക്കുകയാണ്. വാന്യയ്ക്കും ആന്ദ്രേയ്ക്കും മീന്‍ പിടിക്കാന്‍ പോകണം. പപ്പയോടു അനുവാദം ചോദിച്ചു. വാന്യയുടെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് പപ്പാ വാച്ചൂരി ആന്ദ്രേയ്ക്ക് കൊടുത്തിട്ട് പറഞ്ഞു , മൂന്നു മുപ്പതിന് തിരികെ വരണം . പപ്പയെ വീണ്ടും വാന്യക്ക് മനസ്സിലാകാതെ ആകുന്നു. പപ്പയുടെ പെരുമാറ്റങ്ങള്‍ പലപ്പോഴും പലതാണ് . ചിലപ്പോള്‍ ഒരു മാലാഖ ചിലപ്പോള്‍ ഒരു പിശാചു.ഇതില്‍ ഏതായിരിക്കും പപ്പയുടെ യഥാര്‍ത്ഥ മുഖം ?
മീൻ പിടിക്കുന്നതിനിടയില്‍ വാന്യയും ആന്ദ്രെയും ഒരു കപ്പലിനുള്ളില്‍ കയറിക്കൂടി , ഒരു വലിയ മീനിനെ പ്പിടിക്കുന്നു. തിരികെയെത്തുമ്പോള്‍ സമയം ക്രമാതീതം വൈകി . കളിയിലകിയ പപ്പാ ആണ്ട്രെയേ തലങ്ങും വിലങ്ങും പ്രഹരിക്കാന്‍ തുടങ്ങി . വാന്യ വിളിച്ചു പറഞ്ഞു " ആന്ദ്രെയല്ല, ഞാന്‍ കാരണം ആണ് നേരം വയ്കിയത്" . അതൊന്നും ശ്രദ്ധിക്കാതെ ഒരു കോടാലി ആന്ദ്രേയുടെ നേരെ ഓങ്ങിയ പപ്പയെക്കണ്ട് പകച്ച വാന്യ, നേരത്തെ മോഷ്ടിച്ച് വച്ച പപ്പയുടെ പേനാക്കത്തി എടുത്തു പപ്പയെ കൊല്ലും എന്നു പറയുന്നു .
വാന്യയുടെ വാക്കുകള്‍ നോക്കുക
" if you werent evil , i love you . ഈ വാക്കുകളിലൂടെ താന്‍ കാണുന്ന പപ്പാ ഒരു പിശാചു (evil) തന്നെ എന്നു വാന്യ ഉറപ്പിക്കുന്നു .വാന്യ ദ്വീപിലൂടെ ഓടി . പപ്പാ പുറകില്‍ ഉണ്ട്. പേടി എന്നാ വികാരം മറന്നു വാന്യ നേരത്തെ കണ്ട ആ വലിയ ടവറില്‍ കയറി. പപ്പ പിന്നാലെ . മുകളിൽ എത്തിയ വാന്യ മുകളിലേക്കുള്ള വാതില്‍ അടച്ചു, തന്നെ തിരഞ്ഞു മുകളിലേക്ക് വന്നാല്‍ ചാടുമെന്നു ഭീഷണിപ്പെടുത്തി പപ്പയെ . വാന്യയെ എത്തിപ്പിടിക്കാനുള്ള ശ്രമത്തില്‍ പപ്പാ താഴെ വീണു മരിക്കുന്നു . നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സില്‍ ആണ് സ്വ്യഗിന്റ്സെവ് ഇവിടെ നമ്മെ കൊണ്ടുവന്നു നിര്‍ത്തുന്നത് .
വാന്യ അലറിക്കരഞ്ഞു . തന്റെ മനസ്സിലുള്ള മാലാഖയുടെ മുഖമുള്ള പപ്പാ മരിച്ചു കിടക്കുന്നത് അവന്‍ കണ്ടിരിക്കും . തുടര്‍ന്നാണ് Ivan Dobronravov (Vanya ),Vladimir Garin (Andrey) എന്നീ ബാലപ്രതിഭകള്‍ "ദി റിട്ടേണ്‍"എന്ന സിനിമയില്‍ എത്ര സുഖകരമായ അഭിനയമുഹൂര്‍ത്തങ്ങള്‍ ആണ് സമ്മാനിച്ചിരിക്കുന്നത് എന്നു നമുക്ക് മനസ്സിലാവുക . തങ്ങള്‍ എത്തിച്ചേര്‍ന്ന ഈ വലിയവരുടെ ലോകത്തില്‍ പകച്ചു നില്‍ക്കുകയാണ് രണ്ടു സഹോദരങ്ങളും. ആ പകപ്പ് നാമമാത്രമായിരുന്നു .
പപ്പയുടെ നിര്‍ജ്ജീവ ശരീരം അവര്‍ വലിച്ചിഴച്ചു , ബോട്ടില്‍ കൊണ്ടുവന്നു , തിരികെ ബോട്ട് തുഴഞ്ഞു കരയില്‍ എത്തിച്ചു. ഇനി കാറിലേക്ക് കൊണ്ട് പോകണം.
അതിനു മുന്‍പേ പപ്പയുടെ ശരീരം കൊണ്ട് , കെട്ടു പൊട്ടിയ ആ ബോട്ട് തടാകത്തിലേക്ക് ഒഴുകി നീങ്ങുകയും ഒടുവില്‍, സിനിമയുടെ തുടക്കത്തില്‍ കണ്ടത് പോലെ മുങ്ങിതാഴ്ന്നു പോകുന്ന ഒരു ബോട്ടിന്റെ സീന്‍ സമ്മാനിച്ചുകൊണ്ട് അപ്രക്ത്യക്ഷമാകുകയും ചെയ്യുന്നു. തീരത്ത് പകച്ചു നില്‍ക്കുന്ന എന്നാല്‍ ദൃഢചിത്തനായ വാന്യയെ കാണിച്ചു തന്നു സിനിമ അവസാനിക്കുന്നു.
വാന്യയും ആന്ദ്രെയും നമുക്ക് സമ്മാനിക്കുന്നത് ഒരു വലിയ തിരിച്ചറിവാണ് . കുട്ടികള്‍ മാതാപിതാക്കളുടെ സ്നേഹവും ലാളനകളും അളവില്ലാതെ ആഗ്രഹിക്കുന്നുണ്ട് .
കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നാം അത് കണ്ടില്ലെന്നു നടിച്ചുകൂടാ.ഒരിക്കലും തന്നെ ഭയപ്പെടുത്തുന്ന, ഒരു അദൃശ്യ സാന്നിധ്യം തന്റെ പിന്നില്‍ നില്‍ക്കുന്നു ( ഇത്തരത്തില്‍ തനിക്കു പിന്നില്‍ ആരോ തന്നെ ഉപദ്രവിക്കാന്‍ കാത്തുനില്‍ക്കുന്നു എന്നു വാന്യ അനുഭവിക്കുന്നുണ്ട് എന്ന തരത്തില്‍ ആകരുത് കുട്ടികളോടുള്ള നമ്മുടെ സമീപനം.കുട്ടികളുടെ മനോവ്യാപാരങ്ങള്‍ക്കും, അവരുടെ "വലുതാകലിനും" (reaching maturity) മാതൃക ആവേണ്ടത് മാതാപിതാക്കളുടെ ഒരുമയാണ്.
ഇനിയും കുരുന്നുകളെ നാം വിപ്ലവകാരികള്‍ ആക്കിക്കൂടാ എന്ന ഒരു തിരിച്ചറിവ് തരുന്നു ഈ സിനിമ. നല്ല "parenting "ന് നേടിയെടുക്കേണ്ട ചിന്താ സരണികള്‍ കണ്ടെത്താന്‍, അതിലേക്കു മടങ്ങിവരാന്‍ "ദി റിട്ടേണ്‍" എന്ന സിനിമയിലൂടെ Andrei Zvyagintsev ആഹ്വാനം ചെയ്യുന്നു . നമുക്കിടയില്‍ മറ്റൊരു വാന്യ സൃഷ്ടിക്കപ്പെടാതിരിക്കട്ടെ.
( http://www.malayalanatu.com/index.php/-/876-2011-09-04-13-41-57 )
Wednesday, July 20, 2011
ട്രാന്‍സ്പോര്‍ട്ട് !
തൃശ്ശൂര്‍ ട്രാന്‍സ്പോര്‍ട്ട് സ്ടാണ്ടില്‍ ബസ് നില്‍ക്കുകയായിരുന്നു.ഓടി വന്നപ്പോഴേയ്ക്കും സ്ടാര്റ്റ് ആയി.എനിക്ക് അങ്കമാലിക്കാണ് പോകേണ്ടത്.ബോര്‍ഡ് നോക്കാന്‍ പറ്റീല്ല. ഓടിക്കേറി,അകത്തു.
പിന്നെ കണ്ടക്ടരോട് ചോദിച്ചു
"ഇതേതാ ബസ് "
ഒരാള്‍ക്ക് ടിക്കറ്റ് മുറിച്ചു കൊടുക്കുന്നതിനിടയില്‍ നിസന്ഗമായി ഒര് നോട്ടം നോക്കീട്ടു കണ്ടക്ടര്‍ പറഞ്ഞു
"ട്രാന്‍സ്പോര്‍ട്ട് ബസ്ണ്.എന്തെ കണ്ടട്ട്ട് തോന്നിണില്യേ ??
Thursday, July 7, 2011
പ്രിയ ഇന്നച്ചനു ഒര് തുറന്ന കത്ത് !
https://www.facebook.com/groups/185641761483232?ap=1
ഇത് ത്രിശൂക്കാരുടെ ഒര് ഗ്രൂപ്പാണെന്ന് ഇതിനകം മനസ്സിലാക്കിക്കാനുമല്ലോ ( ഒഴിഞ്ഞു നടക്കുന്ന കണ്ടെപ്പോ തോന്നീത്ണ്, ഇത് കണ്ടണ്ടാവുംന്നു )
വിചാരിക്കണ അത്ര പ്രശ്നം ഒന്നും തമ്പ്രാന്‍ കര്‍ത്താവ് വിചാരിച്ചിട്ട് ഇവിടെ ഇപ്പൊ ഇല്ല്യാ. ഈ ജുബ്ബിം ഇട്ടു വെറുതെ ചുറ്റിനടക്കണ നേരാം, ആ ഇന്നസിന്ടു കഥകളാ, ചിരിയുടെ പിന്നില്‍ എന്നാ പുസ്തകത്തിലെ വല്ല നല്ല കരഞ്ഞു ചിരിക്കിണ കാര്യാങ്ങ്ലാ വല്ലതും ഇവിടെ വന്നു പറഞ്ഞാ ഞങ്ങള്‍ക്കതൊരു ഗമിന്. അങ്കോം കാണാം താളീം ഒടിക്കാംന്നു പറയിണ പോലെ.
"ഇന്നസെന്റു കഥ" മനസ്സില്‍ കൊണ്ടൂട്ടാ. ഇള്ളത് പറയണല്ലോ , ഇത്രയ്ക്കു അമിട്ട് പൊട്ടിക്കണ പോലെ ചേട്ടന് എഴുതാനും പറ്റൂംന്നു വിചാരിച്ചട്ടില്ല്യ, ആ മൈലപ്പെടെ കഥീം മ്മടെ ആലീസേചീനെ ദാവങ്ങരേല് കൊണ്ടോയിട്ട് പറ്റിച്ച കഥീം വായിച്ചട്ട് കരച്ചില് നിര്‍ത്താന്‍ പറ്റിണ്ടാരിന്നില്ല്യാ. എന്നാ പിന്നെ വായിക്കണ്ടിരിക്കാന്‍ പറ്റുന്ടാ അതൂല്ല്യാ. ചേട്ടന്റെ അപ്പന്‍ണ് അപ്പന്‍ .അവ്! എന്തൂട്ട്ട്നു സാധനം. കടകള് പൂട്ടിച്ചു കൊടതട്ടും മൂപ്പര് പിടിച്ചു നിന്നില്യെ. ഇങ്ങനത്തെ അപ്പന്‍ ഇന്ടാവാനും സുകൃതം ചിയ്യണം.
"ചിരിയുടെ പിന്നില്‍" വായിചെപ്പഴ്നു രാംജിരാവില് അഭിനയിചെനു അവര് ചേട്ടന് ഇരിപതിനായിരാ തന്നോള്ലോന്നു അറിയിന്‍ത് . അത് മോശായി. എന്തൂട്ട് പെടന് അതില് പെടചെക്കന്‍ത്. മറക്കില്ല്യാട്ടാ. അതിന്റെ ഒപ്പം തന്നിനു ചിരിക്കനതും. അളിയന്റെ ഒപ്പം ഇരുന്നും വറുത്ത മീന്കഷ്ണവും, എറിച്ചിക്കശ്നവും മാറി മാറി അടിക്കിന അടി എന്തൂട്ടുനു ! വായിച്ചട്ട് ചിരിച്ചെന് കയ്യും കണക്കും ഇല്ല്യ.
അതോണ്ട് , സ്നേഹമുള്ള സിംഹമേ, ഇന്നച്ചന്‍ ചേട്ടാ, മലയാളികളുടെ ഹാസ്യാ സമ്രാട്ടെ, ത്രിശൂക്കാരുടെ അഭിമാനമേ , ഇവിടെ വന്നൊന്നു കൂടി, ഈ ടോനിക്കുട്ടന്മാരെ ഒക്കെ ഒന്ന് കണ്ടു ,കൊറച്ചു സൊറ , കൊറച്ചു നാട്ടുവര്‍ത്താനം ഒക്കെ പറഞ്ഞിരുന്നൂടെ ?
എത്രീം പെട്ടന്ന് ഇവിടെ എത്തിച്ചേരും , അതിനായി അരമണിക്കൂര് മുന്‍പേ തിരിക്കും എന്നു വിശ്വസിച്ചുകൊണ്ടു ,
സോണി വേളൂക്കാരന്‍ .
ഒപ്പ്
Friday, May 13, 2011
ചുവന്ന ആകാശം , വിയര്‍ത്ത രക്തം !
കുടയും പുസ്തക സഞ്ചിയും ചുമന്നു, കളിപറഞ്ഞു,കാട് കാട്ടി ,കൊഞ്ഞനം കുത്തി , മാവില്‍ എറിഞ്ഞു നീണ്ട ഒര് നടത്തയ്ക്കൊടുവില്‍ സ്കൂളില്‍ എത്തുമ്പോഴേയ്ക്കും ഒന്പതെ മുക്കാല്‍ ആയിട്ടുണ്ടാവും. കുട്ടികള്‍ വരി വരിയായി ക്ലാസ് ക്രമത്തില്‍ സ്കൂളിനു മുന്നിലെ ഗേറ്റിനരികെ വന്നു നില്‍ക്കണം. പച്ചയും വെള്ളയും ഉടുത്ത പെണ്‍കിടാങ്ങള്‍ തങ്ങളുടെ തല സിസ്റ്റര്‍മാര്‍ കാണാതെ മാന്തിയും ആണ്കിടാങ്ങള്‍ അവരവരുടെ വിരല്‍ കടിച്ചും വരി നില്‍ക്കും . ഭാനുമാന്‍ വെയിലിന്‍റെ ഒര് സ്വര്‍ണ തേര് തളിക്കുകയാവണം മുകളില്‍.
വിയര്‍പ്പിന്റെ മാലകള്‍ ഉരുണ്ടുകൂടി മുഖത്തുനിന്നു ഉടലിലൂടെ താഴേയ്ക്ക് പെയ്യുന്ന നേരം.രണ്ടു സിസ്റ്റര്‍മാര്‍ ഗേറ്റിനു മുന്നില്‍ വന്നു "ഹും ! ഇനി കടക്കങ്ങ്ട് " എന്നു ചൂരല്‍ ഉയര്‍ത്തി പറയും .ഞങള്‍ സിസ്റ്റര്‍മാരാല്‍ ആട്ടിതെളിക്കപ്പെട്ടു റോഡു കുറുകെ കടക്കും;വരിവരിയായി റോഡു ചാടി ഞങ്ങള്‍ പള്ളിയിലേക്ക് പോകും.
മാലാഖമാര്‍ പുഞ്ചിരിച്ചു ചിറക് വിരിച്ചു നില്‍ക്കുന്ന, കുന്തിരിക്കത്തിന്റെ മണം തങ്ങിനില്‍ക്കുന്ന അള്‍ത്താര. മുകളില്‍ വെള്ളപ്രാവിന്റെ ചിത്രം സ്വര്‍ഗം തുറന്നു കാണാവുന്നു. കുറുമ്പ് കാട്ട്ണ്ട്രാ എന്നു ചോദ്യഭാവത്തില്‍ നില്‍ക്കുന്ന പുണ്യവാളന്മാര്‍. ചെറുതായി മുട്ട് വേദനിച്ചാലും അള്‍ത്താര മുന്നില്‍ അങ്ങനെ നില്‍കാന്‍ ഒര് സുഖമാണ്. പ്രാര്‍ത്ഥന കഴിഞ്ഞു പള്ളി മണി മുട്ടിയാല്‍ തിരികെ വന്നു പള്ളി ഗേറ്റിനരുകില്‍ വരി നില്‍ക്കണം പിന്നെയും.
ചില ദിവസങ്ങളില്‍ പള്ളി ഗേറ്റിനരുകില്‍ വരാതെ പള്ളിയോടു ചേര്‍ന്ന് വലതു വശത്ത് ഉള്ള പറമ്പില്‍ സപ്പോട്ട വീണു കിടക്കുന്നോ എന്നു നോക്കാന്‍ ഞങ്ങളില്‍ ഒര് സംഘം മുങ്ങും. തിരിച്ചു ക്ലാസിലെത്തുമ്പോള്‍, സപ്പോട്ടക്കറ വീണ ഞങ്ങളുടെ കയ്യില്‍ നിന്നു മദര്‍ അലോഷ്യയുടെ ചൂരല്‍ ഉയര്‍ന്നു താഴും . ഒര് ദയയുമില്ലാതെ ഞങ്ങളെ തല്ലി, ക്ലാസിലെ ബോര്‍ഡിനു പുറം തിരിച്ചു നിര്‍ത്തും . പെണ്‍കിടാങ്ങള്‍ കുസ്രിതി ചിരി വിടര്‍ത്തും. ഞങ്ങള്‍ വേദന മറന്നു, പെണ്‍കിടാങ്ങളോടുള്ള ദേഷ്യം വമിക്കുന്ന മനസ്സുമായി അവിടെ നിന്നു കൊണ്ടാലോചിക്കും ;ഞാനും ആന്റോയും .
ഇവരെ എന്താ ഇപ്പൊ ചിയ്യാഡാ ആന്റ്വോ ? അവറ്റൊള്ടെ ചിരി കണ്ട്ട്ട്ട് എനിക്ക് പ്രാന്ത് പിടിക്കിണ്ട്ട്ടാ "
"ഒന്നും അഗ്ട് മനസ്സിലിക്ക് വരിനില്ല്യല്ലോറാ" നിന്‍റെ കൂട്ട്കാരി ആന്യും ചിരിചൂട്ടാ, നീ കണ്ടാ?
അവന്‍ പറയും . വൈകുന്നേരം ആകുമ്പോഴേയ്ക്കും ഞങ്ങള്‍ പദ്ധതി റെഡി ആക്കും . അവര്‍ക്കുള്ള പാരിതോഷികം ഞങ്ങള്‍ കൊടുക്കുന്നത് പിറ്റേന്ന് പള്ളിയില്‍ പോയി വരുമ്പോഴാണ്. പള്ളി മുറ്റത്തെ ചെമ്മണ്ണ് വാരിഎടുത്തു അവര്‍ക്ക് നേരെ തൂറ്റി ഏറിയും ; വെള്ളക്കുപ്പയക്കാരികള്‍ ഓരന്‍ജു കുപ്പയാക്കാരികലാകും ഒര് ഇറാഖു യുദ്ധം നടത്തും ഞങ്ങള്‍.. മേല് മുഴുവന്‍ ചെമ്മണ്ണ്മായി നെലവിളിച്ചു, സ്കൂളിലേക്ക് ചെന്ന്,അവര്‍ ഞങ്ങളെ വീണ്ടും ഒറ്റിക്കൊടുക്കും.
"കണ്ടാ സിസ്റ്ററെ ഞങ്ങളിങ്ങനെ വെര്‍തെ പൂവായ്രുന്നു , അപ്പഴാ ഈ ചെക്കന്മാര് മണ്ണ് വാരി എറിഞ്ഞേ .. ഞാങ്ങ്ലോന്നും ചീതട്ടില്യാ "
കളി കാര്യമാവാന്‍ ഞൊടിയിട , അത്രയല്ലേ വേണ്ടൂ !
വെയില്‍ പെയ്യുന്ന ഒര് ദിവസം .. പതിവുപോലെ പള്ളിയില്‍ പോയി , വരി വരിയായി റോഡു കുറുകെ കടന്ന ഞങ്ങള്‍ക്ക് വളരെ പിന്നില്‍ ഒര് കുഞ്ഞനുജത്തി , കുറച്ചു പതുക്കെ നടന്നു വന്നു , ഓടി റോഡിനു കുറുകെ ചാടി. ഒര് നിമിഷാര്‍ദ്ധം . നടതറ ഹൈവേയിലൂടെ പാഞ്ഞു വന്ന ഒര് പത്തു ചക്ര ലോറി ആ കുരുന്നു മേനിയെ ചിതറിച്ചു കളഞ്ഞു .. ഞാന്‍ ഒര് നോക്കെ കണ്ടുള്ളൂ . ആദ്യമായി കണ്ട ചോര നദി ... രക്തപ്പൂക്കള്‍ക്ക് നടുവില്‍ ആ മേനി കാണാന്‍ ഇല്ലായിരുന്നു .. ചോര പുരണ്ട ഒര് പാവാട തുണ്ട് മാത്രം .. ആര്‍ത്തനാദങ്ങള്‍.. അയ്യോ ഓര്‍ക്കാന്‍ വയ്യ . ഇതെഴുതുമ്പോള്‍ എന്‍റെ രോമകൂപങ്ങള്‍ പൊട്ടി വിടരുന്നു.
ഒടുവില്‍ ആ കണ്മണിയെ ചുമന്നു കൊണ്ട് , മണിയടിക്കുന്ന ശേമ്മാശന്മാര്‍ മുന്നിലും , പ്രാര്‍ഥനകളും കരച്ചിലുമായി , കത്തിച്ചു പിടിച്ച മെഴുകുതിരികളുമായി ഒര് വിലാപ യാത്ര. അവളുടെ കുഞ്ഞു ദേഹം വച്ച വണ്ടി സിമിതെരിയിലേക്ക് നീങ്ങുമ്പോള്‍ ആണ്കിടാങ്ങളും പെണ്‍കിടാങ്ങളും സ്പര്ധയില്ലാതെ കൈ കോര്‍ത്ത് പിടിച്ചു , കറുത്ത ബാട്ജു കുത്തി കൂടെ പള്ളിയിലേക്ക് പോയി. എല്ലാവരും ഒര് പിടി മണ്ണ് വാരി ആ കുഞ്ഞു കുഴിമാടത്തില്‍ വിതറി .പിന്നെ കറുത്ത പെട്ടിയിന്മേലേക്ക് വെളുത്ത കുരിശു വരച്ച ഒര് മൂടി ചേര്‍ത്തടയ്ക്കപ്പെട്ടു .
തിരികെ വീട്ടിലേക്കു നടക്കുമ്പോള്‍ ഞങ്ങളുടെ ആകാശത്തിന് ചുവപ്പായിരുന്നു .. വിയര്‍പ്പായി പെയ്യുന്നത് രക്തമായിരുന്നു ... ചുവന്ന ആകാശം , വിയര്‍ത്ത രക്തം !
Sunday, May 1, 2011
ഒര് വീശറി കൊണ്ട് നിന്നെ ഒന്ന് വീശാന്‍ ആരുണ്ട്
ആശാവഹവും ആഹ്ലാദ പൂര്‍വകവുമായ ദിനങ്ങളെ നോക്കി ഇരിക്കുമ്പോള്‍ എന്ത് സുഖമാണ് . എല്ലാം നൈര്‍മല്യത്തോടെയും പ്രാശാന്തതയോടെയും വ്യാപരിക്കുന്നു . കര്‍ണപുടങ്ങളില്‍ വീഴുന്ന അഷ്ടപദിക്ക് ഇടയ്ക്ക കൂട്ട് . കൃഷ്ണലാസ്യം. മനസ്സില്‍ ഒര് വൃന്ദാവനം കണ്ട കുളിര്‍. അധികമൊന്നുംa വേണ്ട ഈ സന്തോഷങ്ങളെല്ലാം നൈമിഷികമാവാന്‍. ദേഷ്യം വന്നു തുടുത്ത സന്ധ്യകള്‍. ഉണങ്ങിയ, കിനാവുവറ്റിയ മനസ്സ്. എപ്പോഴും നാളെയെക്കുറിച്ചാകുലമായ ഒര് വിചാരം നിന്നില്‍ ഉറഞ്ഞുകൂടുന്നു. ചെയ്യുന്ന ശരികള്‍ നേരെ തിരിഞ്ഞു എന്നിക്ക് വയ്യാ എന്നു കേഴും. വെള്ളം കരുതിവച്ച ഒര് മന്ഭരണി ഉടയും. മനസ്സിലെ വിഗ്രഹങ്ങള്‍ പലതും മറനീക്കി പുറത്തുവരും. ക്ലാവ് പിടിച്ചപോലെ മുരടിച്ച മറ്റൊരു മുഖം കാണാവും. നിഷേധിക്കപ്പെട്ട മാന്തണലുകളും തെളിനീര്‍ തേടുമ്പോള്‍ ചെന്നുപെടുന്ന വറ്റിപ്പോയ പുഴകളും നിന്നെ വേദനയുടെ കയങ്ങളിക്ക് പിടിച്ചാഴ്തും. എങ്ങനെ നീ ഈ വൈതരണി മറികടക്കും ? നനുത്ത സൌഹാത്രത്തിന്റെ ഒര് വീശറി കൊണ്ട് നിന്നെ ഒന്ന് വീശാന്‍ ആരുണ്ട് ?
Thursday, April 14, 2011
ഞാന്‍ നാലാം ക്ലാസ്സില്‍ പിന്നെയും തോറ്റത്...
അങ്ങനെയാണ് സോണി ചേട്ടാ ഞാന്‍ നാലാം ക്ലാസ്സില്‍ പിന്നെയും തോറ്റത്..ഗൌരി പറഞ്ഞു തുടങ്ങുകയായിരുന്നു.
2006.ദുബായില്‍ ബാച്ചിലര്‍ ആയി കഴിഞ്ഞുകൂടിയിരുന്ന കാലം.പാസ്പോര്‍ട്ട് എടുക്കാന്‍ കാലായ ഉടനെ ഇവിടെ വന്നുചെര്ര്‍ന്ന ഒര് സുഹൃത്ത് ഉണ്ടായിരുന്നു ഗൌരി എന്ന പേരില്‍. അവന്‍ നാലാം ക്ലാസ്സില്‍ രണ്ടാം പ്രാവശ്യം പഠിക്കുമ്പോള്‍ അരക്കൊല്ല പരീക്ഷയ്ക്ക് പൊതു വിജ്ജാനം പാരീക്ഷയില്‍ ഒര് ചോദ്യം.
കടലില്‍ കൂടുതലായി കാണുന്ന ലവണം ഏതു?
ഉപ്പു,പഞ്ചസാര,മണല്‍ ...
ചിന്തിച്ചു ..
ഉപ്പാണോ?
അല്ല?
മണല്‍?
അല്ല. അപ്പൊ പഞ്ചസ്സാര ആകും.
ഉത്തരം പഞ്ചസാര എന്നെഴുതി. പരീക്ഷയ്ക്കിടയില്‍ ഉത്തരക്കടലാസ് കണ്ട ടീച്ചര്‍ ചെവി പിടിച്ചു തിരുമ്മി ചോദിച്ചു
പഞ്ചസാരയാനോഡാ?
എന്തോ പന്തികേട് തോന്നി, അത് തിരുത്തി ഉപ്പു എന്നാക്കി.
ഫലം വന്നു.
അന്‍പതില്‍ അര മാര്‍ക്ക് ..
ഉപ്പു എന്നെഴുതിയ ഉത്തരം മാത്രം ശരി...
ചിരിച്ചു കൊണ്ട് അവന്‍ പിന്നെ പറഞ്ഞു,
അങ്ങനെയാണ് സോണി ചേട്ടാ ഞാന്‍ നാലാം ക്ലാസ്സില്‍ പിന്നെയും തോറ്റത്...
Tuesday, April 12, 2011
മാര്‍പ്പാപ്പയുടെ അപ്പം !
"കയ്യെത്തും ദൂരെ ഒര് കുട്ടിക്കാലം" എന്ന ഗാനം ഓര്‍മകളെ മധുരമൂറുന്ന കുട്ടിക്കാലത്തേക്ക് കൊണ്ടുപോകുന്നു.HRCഎല്‍ പി സ്കൂള്‍ ജീവിതം ഇന്ന് മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന ചൂരല്‍ മധുരങ്ങളുടെ പറുദീസയാണ്. ഓര്‍ത്തെടുക്കുമ്പോള്‍ എന്തൊരു കൌതുകം,കുതൂഹലം!ഒര് വലിയ പറമ്പില്‍,നിറയെ ചെറിയ ഓടിട്ട കെട്ടിടങ്ങളായിരുന്നു നടത്തറ HRCഎല്‍ പി സ്കൂളില്‍.കളിയ്ക്കാന്‍ വിടുന്ന സമയങ്ങളില്‍ ഞങ്ങള്‍, ആണ്‍കുട്ടികള്‍ ക്ലാസ്സിലെ പെണ്‍കുട്ടികള്‍ കൊത്തംകല്ല് കളിക്കുന്നതിനിടയിലൂടെ ഓടി,കല്ലുകള്‍ തട്ടിത്തെറുപ്പിചു കള്ളനും പോലീസും കളിക്കും.മടുക്കുമ്പോള്‍ സൂത്രത്തില്‍ സ്കൂളിന്റെ പടിഞ്ഞാറേ മൂലയിലേക്ക് നീങ്ങും;കുട്ടിപ്പട്ടാളം.ആരുടേയും കണ്ണില്‍പ്പെടതെയുള്ള ഈ പോക്ക്"മാര്‍പ്പാപ്പയുടെ അപ്പം" വാങ്ങാനാണ്.സ്കൂളിലേക്ക് മിട്ടായി കൊണ്ടുവരുന്നത് നിഷിദ്ധമാണ്.ഗേറ്റ് അടച്ചു പൂട്ടിയിരിക്കുന്നു.ചുറ്റോടു ചുറ്റും മതില്‍ തന്നെ മതില്‍.മതില്കെട്ടല്‍ കണ്ടുപിടിച്ചത് ഏത് ആല്‍വാ എഡിസണ്‍ ആണാവോ എന്നും,പിന്നെന്തു ചെയ്യേണ്ടൂ എന്നലോചിക്കുംബോഴാണ് "മിട്ടായി" ഒര് കിട്ടാക്കനിയുടെ മധുരം ഊറിക്കുന്ന നാവുകള്‍ ഞങ്ങള്‍ക്ക് സമ്മാനിക്കുക.ചിന്തകള്‍ തലച്ചോറിലെത്തി,കുട്ടിതലകള്‍ക്കകത്തു കുട്ടിബുദ്ധി വളരും.അതില്‍ അബ്ദുക്കന്റെ പെട്ടികട മിന്നി മറയും.വീതികൂടിയ പച്ച ബെല്‍ട്ടും വെളുത്ത ബനിയനുമിട്ട അബ്ദുക്ക.അബ്ധൂക്കാന്റെ കടയില്‍ അരിനെല്ലിക്ക ഉപ്പിലിട്ടത് കിട്ടും.പിന്നേ പലതരം മിട്ടയികള്‍ ചില്ല് ഭരണികളില്‍ കാണാം.സിഗരട്ട് മിട്ടായി,നാവുച്ചുവപ്പന്‍,പല്ലൊട്ടി, തെങ്ങാമിട്ടായി,നാരങ്ങ മിട്ടായി,തേന്മധുരം അങ്ങനെ പലതും.അക്കാലത്താണ് പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കേരളം സന്ദര്‍ശിക്കാനെതിയത്.അത് അബ്ദുക്കാന്റെ തലയില്‍ ഉദിപ്പിച്ച ആശയമാണ് ഈ വട്ടത്തിലുള്ള അപ്പം പോലിരിക്കുന്ന മിട്ടയിക്ക്'മാര്‍പ്പാപ്പയുടെ അപ്പം" എന്നു പേരിടാം എന്നത്. അബ്ധൂക്ക പേരിടീല്‍ കര്‍മം നടത്തിയ ഈ മാര്‍പ്പാപ്പയുടെ അപ്പം വലിയ പപ്പടവട്ടത്തില്‍,ഗോതമ്പുമാവു നന്നെ കനം കുറച്ചു പരത്തി മൊരിച്ച് വേവിച്ചു,പഞ്ചസാര ലായിനിയില്‍ മുക്കിയെടുത്ത ഒര് തരം നേര്‍ത്ത മിട്ടായിയാണ്. നാവിന്മേല്‍ തൊട്ടാല്‍ അത് വേഗം അലിയും,നല്ല മധുരവും.കുട്ടിപ്പട്ടാളം എല്ലാവരും വീട്ടിലെ അപ്പാപ്പന്മാരും ചിറ്റമാരും മാമന്മാരും കരച്ചില്‍ സഹിയാതെ "ഇന്നാ കൊണ്ടുപോ" എന്നു പറഞ്ഞു തന്ന അഞ്ചും പത്തും പൈസകള്‍ കൂട്ടിയിട്ടു എണ്ണി നോക്കും.മിക്കവാറും കൊള്ളമുതല്‍ എഴുപതോ എന്പതോ പൈസ ഉണ്ടാവും.കൊല്ലുന്ന വിലയാണ് അപ്പം ഒന്നിന്. വിലപ്പെട്ട ഇരുപത്തിയഞ്ച് പൈസ!ഇതു വാങ്ങി എത്തിക്കാന്‍ ഫയര്‍ ഫോര്‍സിനെ വിളിക്കെണ്ടാത്ര ബുദ്ധിമുട്ടും! എന്നാല്ലും തോല്‍ക്കാത്ത കുട്ടിപ്പട,മതിലില്‍ വിദഗ്ദനായ കല്ലാശാരിമാര്‍ തോറ്റുപോകുന്ന തരത്തില്‍ കുഴിച്ചുണ്ടാക്കിയിരിക്കുന്ന ,കൈകളും കാല്‍ വിരലുകളും ഊന്നാവുന്ന പൊത്തുകളില്‍ ബലം കൊടുത്തു,ഒരുവനെ താഴെനിന്നു മതിലിനു മേലേക്ക് ഉയര്തിവിടും.' മതിലുകള്‍' സിനിമയില്‍ നമ്മുടെ KPAC ലളിത ഉയര്തിയെരിയുന്ന പൂ പോലെ അവന്‍ മതിലില്‍ കേറും.അപ്പുറം ചാടാന്‍ അബ്ദുക്ക മതിലില്‍ ചാരിവച്ച തെങ്ങിന്‍പട്ടയുടെ ഒര് താങ്ങുണ്ട്.പിന്നെ ക്ഷണ നേരം,അപ്പവും വാങ്ങി അവന്‍ മതിലില്‍ മുകളില്‍ പ്രത്യക്ഷനാകും. ചാഞ്ഞു വീഴുന്ന ഇളംചുവപ്പു സൂര്യനെ നോക്കുന്ന സന്തോഷത്തോടെ കുട്ടിപട അവനെ നോക്കി,സന്തോഷതിമിര്‍പ്പിന്റെ വാദ്യതോടെ താങ്ങി ഇറക്കും.പിന്നെ ഒരാള്‍ മാര്‍പാപ്പയും മറ്റുള്ളവര്‍ വിശ്വാസികളും ആയി രൂപാന്തരപ്പെടും . രാമനും കോരനും,ഹമീദും,അലക്സും പിന്നെ ഇന്ന് ഞാന്‍ പേര് മറന്നു പോയവരും ഉള്‍പ്പെട്ട കുട്ടി വിശ്വാസികള്‍!മാര്‍പ്പാപ്പ കുരിശുവരച്ചു,വരിവരിയായി വരുന്ന വിശ്വാസികള്‍ക്ക് അപ്പം മുറിച്ചു കൊടുക്കും,നാവിലിട്ട് നുണയും മുന്‍പ് മിക്കവാറും അപ്പത്തിന്റെ വലിപ്പ ചെറുപ്പങ്ങളെ ചൊല്ലി കുട്ടികലഹങ്ങള്‍ ഉണ്ടാകുമെങ്കിലും, വട്ടത്തിലിരുന്ന കഥപറഞ്ഞു,ഞങ്ങള്‍ നേരം പോക്കും.ഒര് നാള്‍,അപ്പവും വാങ്ങി മതിലിനു മുകളില്‍ പ്രക്ത്യക്ഷപ്പെട്ട കൂട്ടുകാരന്‍ താഴേക്ക് ചാടി വീണത്,മാനിഹോട്ട് യൂട്ടിലിസിമ, ഏലറ്റെറിയ കാര്ടമോമം തുടങ്ങിയ ശാസ്ത്രീയ നാമധാരികളായ വേരുകളെയും ചെടികളെയും ഓര്‍മിപ്പിക്കുന്ന തരം ഒരു പേരുള്ള മദര്‍ സുപ്പീരിയറിന്റെ കയ്യിലേക്കാണ്.പിന്നില്‍ കൈകെട്ടി വായപൊത്തി കരയാനും മുള്ളാനും മുട്ടി ബാക്കി കുട്ടിപട നിലയുരപ്പിചിട്ടുണ്ടാകും.രണ്ടേ രണ്ടടി വീതം;ഒന്ന് നിവര്‍ത്തിയ കൈവെള്ളയില്‍,പിന്നെ ട്രൌസറിന് മുകളിലൂടെ കുഞ്ഞു ചന്തികള്‍ക്ക് മേലെ.ചിലര്‍ ശബ്ദ രഹിതം പിള്ത്തി കരഞ്ഞും,ചിലര്‍ വാവിട്ടു നിലവിളിച്ചും, ചന്തിയും കൈവെള്ളയും തടവി,ക്ലാസ്സിലേക്ക് ചെല്ലുമ്പോള്‍ "നിനക്ക് അത് തന്നെ വേണം" എന്നു പറഞ്ഞു കൊക്കിരി കാണിക്കുന്ന പെണ്‍കൂട്ടുകാരുടെ മുഖങ്ങള്‍ ഞങ്ങളില്‍ വേദനയും ദേഷ്യവും പടര്‍ത്തും."നിന്നെ പിന്നെ കണ്ടോളാം"എന്നു മനസ്സില്‍ പറഞ്ഞു,ഒരാന്ഗ്യ വിക്ഷേപം നടത്തുമ്പോഴും,ഞങ്ങള്‍ ചിന്തിക്കും എന്നാലും എന്‍റെ അബ്ദുക്കാ നിങ്ങള് ഒരപ്പത്തിനു ഇരുപത്തിയഞ്ച് പൈസ ഈടാക്കിക്കളഞ്ഞല്ലോ,നിങ്ങളോട് മാര്‍പ്പാപ്പ ചോദിക്കും.. നോക്കിക്കോ !
Wednesday, March 30, 2011
ഗിരിജന്‍റെ അമ്പതു രൂപ !
ഗിരിജന്‍!ആള് ഉയരം കുറഞ്ഞു,കറുത്തിട്ടാണ്.ചുമല്‍ നിറയെ ചുണങ്ങും അഴുക്കു പുരണ്ട മുടിയും തെറുത്തു കെട്ടിയ കള്ളിമുണ്ടുമായി എപ്പോഴും കുടിച്ചു ലക്കുകെട്ട്,കുട്ടി,കൂളി,കാക്ക പൂച്ചയോടെല്ലാം ക്ഷേമം പറഞ്ഞു കൃഷ്നാപുരത്തിന്റെ ഒരു ഭാഗമായി അയാള്‍ മാറിയിരുന്നു.അന്നും ഇന്നും ചാണകം മെഴുകിയ വെള്ള വലിക്കാത്ത, ചെത്തിത്തേക്കാത്ത ഒര് കുഞ്ഞുവീടെ ഗിരിജനുള്ളൂ.സ്വന്തമായി ഒര് പെണ്ണും നാല് പെണ്‍കുട്ടികളും.എന്നാല്‍ കൃഷ്നാപുരത്തെ എല്ലാ വീട്ടിലെ പറമ്പുകളും കിണറുകളും മരങ്ങളും അയാള്‍ക്ക് സ്വന്തമാണ്.ചക്കയുടെയോ മാങ്ങയുടെയോ കരിമുള്ള് മൂക്കുന്നതും ചെനച്ച മണവും ഗിരിജന് മൂക്കിന്‍ തുമ്പതാണു.തേങ്ങ ഇടാന്‍ സമയം ഗിരിജന്‍ തണ്ടാനാവും. മഴക്കാലത്തിനു മുന്‍പ് തൂമ്പയുമായി വീടുതോറും കേറിയിറങ്ങി തെങ്ങിന് തടം കോരും,പറമ്പിലെ പുല്ലു ചെത്തും,പയറിന്‍ തടം വെള്ളം തേവി നനയ്ക്കും.പണിയെല്ലാം കഴിഞ്ഞാല്‍ കാശ് ചോദിക്കാതെ പൊയ്ക്കളയും.നേരെ പോകുന്നത് വാസുഎട്ടന്റെ ചാരായ ഷാപ്പിലെക്കാന്.
"വാസ്വേട്ട,ഒര് ഇരുനൂറും ഒര് താറാമൊട്ടേം".
കടം പറയ്യാന്‍ മടിയില്ലാതെയും,കടം കൊടുക്കാന്‍ മടിയില്ലതെയും ഗിരിജനും വാസുവേട്ടനും ഉപചാരം ചൊല്ലി പിരിയും.
പിന്നെ എപ്പോഴെങ്കിലും എന്‍റെ അമ്മാമ്മയുടെ അടുത്തേക്ക് ഓടിവരും എന്നിട്ട് ചോദിക്കും
"ത്രിസേടുത്യെ, ഒരമ്പത് രൂപ കാട്ട്യേ "
"എന്തിനാണ് ഗിരിജാ നിനക്കിപ്പോ കാശ്?കുടിക്കാനല്ലറാ?"
അമ്മാമ്മ ചോദിക്കും.തലകുനിച്ചു ഒരു കള്ളനോട്ടം നോക്കി,ഗിരിജന്‍ എണീറ്റ് അപ്പാപ്പന്റെ അടുത്തേക്ക് വലിയും.
"ഈനാശേട്ട ഒരമ്പത് രൂപ കാട്ട്യേ,ഇന്നാള് ചക്ക ഇട്ട വകേല് കൂട്ടിക്കോ "
"എന്‍റെ പറമ്പീന്ന് ചക്കിടാന്‍ നിന്നോടാരാണ്ട മൈരേ പറഞ്ഞെ?നീ പൂവാന്‍ നോക്ക്യേ , കാലും നാവും കൊഴാഞ്ഞിട്ടു അവനു നിക്കാന്‍ വയ്യ.നാല് പെണ്‍കുട്ട്യോളുടെ കാര്യം വല്ല നോട്ട്മ്ട്രാ നിനക്ക് ? "
അപ്പാപ്പന്‍ ഗിരിജന്റെ മെക്കിട്ടു കേറും .
"അവറ്റൊല്ടെ കാര്യം അവരടെ തള്ളേടെ തള്ള നോക്ക്ണ്ട്,പിന്നെ ഞാനെന്തൂട്ടിനാണ് നോക്കണേ"
പിന്നെ ഗിരിജന്‍ അവിടെ നിക്കില്ല. പാഞ്ഞു കളയും.പിന്നെ ഒരുദിവസം ഓടി വന്നു, വെള്ളം കോരുന്ന കയറെടുത്തു അരയില്‍ കെട്ടി,ഒരു കത്തി മുണ്ടുകുത്തില്‍ തിരുകി വരിക്കപ്ലാവില്‍ വലിഞ്ഞുകേറും.മൂത്തത് നോക്കി രണ്ടോ മൂന്നോ ചക്ക വെട്ടി, കെട്ടിയിറക്കും,പിന്നെ അതീവ ലാളിത്യത്തോടെ ,ജാഗ്രതയോടെ ആ കര്‍മം നിര്‍വഹിച്ചു,ഗിരിജന്‍ തന്നെ ചക്കയിലെ പശ വരുന്നിടത്ത് ഒരു പ്ലാവില ഒട്ടിച്ചു ,പര്യെപ്പുറത്തു കൊണ്ടുവച്ചിട്ടു,ഒരു ചക്ക തുരന്നു മൂപ്പ് നോക്കി, കൊള്ളാം എന്നു ഒറപ്പ് വരുത്തി,ഒന്നും ആരോടും ഉരിയാടാതെ പൊയ്ക്കളയും.പഴുക്കുമ്പോള്‍ ചക്ക തിന്നുന്ന ഞങ്ങള്‍ ഗിരിജനെയും ഗിരിജന്റെ വിശന്നിരിക്കുന്ന കുട്ടികളെയും ഓര്‍ക്കാറില്ല .
കുറെ നാള്‍ കഴിയുമ്പോള്‍ ഒരു വടവും ഒരു കൂട്ടുകാരനുമായി ഗിരിജന്‍ വരും.വടം നേരെ കിനട്ടിന്കരയിലെ ഇരുമ്പന്‍ പുളിയില്‍ കെട്ടും,ഒരറ്റം പിടിച്ചു കിണറ്റിലേക്ക് ഊര്ന്നോരിറക്കം.കുറെ കൊട്ട ചേര് കേറ്റി കഴിഞ്ഞു ഗിരിജന്‍ പുറത്തിറങ്ങി ഒരു ബീടിപുകയ്ക്കും.പിന്നെ ദേഹത് നിറയെ ചെളിയുമായി,ആരോടും ഒന്നും പറയാതെ കൂലിക്ക് കാത്തു നില്‍ക്കാതെ സ്ഥലം വിട്ടുകളയും.ചേറ്റു ചെളിയിലെ വെള്ളം വറ്റുകയും കിണറ്റില്‍ വെള്ളം ഒറ് കൂടുകയും ചെയ്യുമ്പോള്‍ ഗിരിജന്‍ വരും.പഴയ പല്ലവി !
"ഈനാശേട്ട ഒരമ്പത് രൂപ കാട്ട്യേ, ഇന്നാള് ചേര് ഇടുത്ത വകേല് കൂട്ടിക്കോ " .
അപ്പാപ്പന് ചിരിവരും, ഗൌരവം വിടാതെ പറയും,
"നിനുക്ക് ഒരു തുള്ളി വേണാ, നല്ല റം ഇണ്ട്"
പട്ടാളത്തിലായിരുന്ന അപ്പാപ്പന് ക്വോട്ട കിട്ടുന്ന വകയിലെ നുരയുന്ന റം വെള്ളം ചേര്‍ക്കാതെ ഒര് രണ്ടെണ്ണം ഇരുന്നടിച്ചു,കുറച്ചു അച്ചാറ് തൊട്ടു നക്കി,ഗിരിജന്‍ ഇരുന്നു ഒര് കഥ തുടങ്ങും .
"നമ്മടെ ലീലെടെ പറമ്പിലേ , ഇന്നാള് ചെന്നെപ്പോ....."
കഥ തീരുമ്പോഴേയ്ക്കും കുപ്പി കാലിയാവുകയും 'അമ്പതുരൂപാകഥ' ഗിരിജന്‍റെ മറവിയുടെ പടുകുഴിയിലേക്ക് വീഴുകയും ചെയ്യും.ഉയര്‍ന്നു മുറുകുന്ന അപ്പാപ്പന്റെ കൂര്‍ക്കംവലിയെ ശപിച്ചു ഗിരിജന്‍ ഇറങ്ങി നടക്കും ...
Wednesday, March 16, 2011
കട്ടെടുത്ത പ്ലിയൂര്‍ മാങ്ങകള്‍!
ഈയിടെ നാട്ടില്‍ ചെന്നപ്പോഴുണ്ട് പറമ്പില്‍ അങ്ങനെ നില്‍ക്കുന്നു, തണല്‍ വിരിച്ചു,ചില്ലകള്‍ ആട്ടി , കുലകള്‍ തൂങ്ങിയും നിറയെ പൂത്തും രണ്ടു പ്ലിയൂര്‍ മാവുകള്‍. കാതല്‍ വന്ന മാവുകള്‍. അടുത്ത് ചെന്ന് വട്ടം പിടിച്ചു നോക്കി. കഷ്ടി എത്തുന്നു . ഓര്‍മ്മകള്‍ ചെന്നെത്തുന്നത് എണ്‍പത്തി എട്ടുകളിലാണ്. പറമ്പില്‍ കപ്പ്ളി മൂച്ചി, മൂവാണ്ടന്‍ , മയില്‍ പീലി തുടങ്ങിയ മാവുകളും പലതരം പ്ലാവുകളും . വെണ്ട, വഴുതന, പയര്‍ , തക്കാളി ചീര അങ്ങനത്തെ അടുക്കള സമൃദ്ധികള്‍ കാത്തു സൂക്ഷിക്കുന്ന എന്‍റെ കൊച്ചു വീട് . വീടിന്റെ വലതു വശത്ത് തലയുയര്‍ ത്തി നില്‍ക്കുന്ന തൊഴുത്ത്. പത്തോളം പുള്ളിച്ചികള്‍ രണ്ടു മൂന്നു മൂരിക്കുട്ടന്മാര്‍ .. പുല്ലും വൈക്കോലും നിറച്ചു തിന്നു മദിക്കുന്ന പശുക്കള്‍ . ഇവര്‍ക്ക് പുല്ലു ചെത്തി കൊടുക്കാനും തീറ്റാന്‍ കൊണ്ടുപോകാനുമായി വര്‍ഷവര്‍ഷങ്ങളില്‍ ഒരു വലിയ പറമ്പ് പാട്ടത്തിനെടുക്കുക പതിവാണ് . ഞാനും മേമയും അപ്പുപ്പനും അമ്മുമ്മയും കൂടിയാണ് പുള്ളിചികളെ കൊണ്ട് പോവുക. എനിക്ക് ആഹ്ലാദം കൊണ്ട് കണ്ണു കാണാതാവുന്ന സമയമാണ്. ഈ പറമ്പില്‍ അരയാള്‍ പൊക്കത്തില്‍ പുല്ലു വളര്‍ന്നു നിക്കുന്നു. ഇടയ്ക്കിടെ നിറച്ചും പ്ലിയൂര്‍ മാവുകള്‍. ഇതു എന്‍റെ വീട്ടിലെ പറമ്പില്‍ ഇല്ലാത്ത ഒന്നാണ്.എത്രയാണെന്നോ മാങ്ങകള്‍ . പഴുത്തതും ചെനച്ചതും കിളികൊത്തിയതും ആയ മാങ്ങകള്‍ പല വലിപ്പത്തില്‍! രുചിയുടെ കാര്യത്തില്‍ പ്ലിയൂര്‍ മുന്പനാണ് . ഉപ്പുകൂട്ടിയും , മുളകുകൂട്ടിയും തിന്നാം . അമ്മിയിന്മേല്‍ വച്ച് ഒന്ന് ചതച്ചാല്‍ , പതുപതുത്ത തൊലിയും കാമ്പും നാവില്‍ വെള്ളമൂറലിന്റെ മാസ്മരം സൃഷ്ടിക്കും. പഴുതവ തിന്നാലോ വായില്‍ കപ്പലോട്ടം നടക്കും . ബഹുകേമം. പറമ്പില്‍ ചെന്നാലുടനെ താഴ്ന്നു കിടക്കുന്ന ഒരു ശിഖരം വഴി ഞാന്‍ മുകളിലെത്തും. പല പാകങ്ങളിലുള്ള മാങ്ങകള്‍ പറിച്ചു തിന്നുകയും ഒപ്പം മാങ്ങകള്‍ പറിച്ചു താഴെയ്ക്കിടുകയും. താഴെ മേമയും അമ്മുമ്മയും പുല്ലരിഞ്ഞു കെട്ടുക ളാ ക്കുന്ന തിരക്കിലായിരിക്കും . പറമ്പ് സൂക്ഷിപ്പുകാരന്റെ കണ്ണില്‍ പെടാതെ ഞാന്‍ താഴെയിറങ്ങി , കുറെ മാങ്ങകള്‍ പുല്കെട്ടില്‍ ഒളിപ്പിക്കും, വീട്ടിലെത്തിയാല്‍ ഇതെല്ലാം എടുത്തു ഭദ്രമായി വൈക്കോല്‍ പൊതിഞ്ഞു കുട്ടയിലാക്കി എടുത്തു വയ്ക്കും, മറ്റൊരു മാങ്ങാക്കാലം തുടങ്ങുകയായി. അങ്ങനെ തിന്നു കൂട്ടിയ പ്ലിയൂര്‍ മാങ്ങകളില്‍ഏതോ രണ്ടെന്നതിന്റെ വലിച്ചെറിയപ്പെട്ട അണ്ടി മണ്ണില്‍ കിടന്നു , കാലം കാത്തു മുളപൊട്ടി വളര്‍ന്നതാണ് ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ വട്ടം കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു നില്‍ക്കുന്ന ഈ പ്ലിയൂര്‍ മാവ് .. കട്ടെടുത്തു ഒളിച്ചു കടത്തിയ മാങ്ങകള്‍.... വരും കാലത്ത് എന്‍റെ മകനും സമപ്രായക്കാര്‍ക്കും വലിഞ്ഞുകേറാന്‍ വേണ്ടി മുളച്ചു പൂത്ത് തളിര്‍ത്തു പ്ലിയൂര്മാങ്ങകളുടെ ച്ചുനമണം പരത്തി എന്‍റെ പറമ്പില്‍ വസന്തം വിരിച്ചു നില്‍ക്കുന്നു.
Thursday, March 3, 2011
ബോംബെകാരന്റെ പട്ടികള്‍ !
കഥയുടെ പേര് -
ബോംബെകാരന്‍റെ പട്ടികള്‍ !
കഥ പറയാനൊന്നും അറിയില്ല.വായനയായിരുന്നു ലഹരി.ഓരോ പുസ്തകവും ഒരു പുഴു
അരിച്ചു തീര്‍ക്കുന്ന പോലെ വായിച്ചു നശിപ്പിക്കുക. സത്ത് മുഴുവന്‍
ഊറ്റിയെടുത്ത് ഒടുക്കം ചണ്ടിയാകുമ്പോഴേയ്ക്കും മനസ്സ് നിറ യും.
'ആലാഹയുടെ പെണ്മക്കള്‍' വായിച്ചിട്ടില്ലേ. സാറ ടീച്ചര്‍ എഴുതിയത് . എന്‍റെ
അമ്മേ,അത്ഭുതവും സന്തോഷവും കൊണ്ട് ഒറ്റയിരുപ്പിനാണതു വായിച്ചു
രമിച്ചത്.അതിലെ "പട്ടിതമ്പുരാ"ക്കന്മാരെ ഓര്‍മയില്ലേ.അത് പോലോന്നാണിത്.
ബോംബെകാരന്‍റെ പട്ടികള്‍ !
ഞാന്‍
നടത്തറ ഏച്ച്ആര്‍സി എല്‍പി സ്കൂളില്‍ മൂന്നാം ക്ലാസില്‍
പഠിക്കുന്നു.സ്കൂളിലേയ്ക്കു പോകുമ്പോള്‍ റോഡിനിരുവശവും പള്ളിയും പള്ളിവക
സ്കൂളും കാണാം.നിറയെ സപ്പോട്ട മരങ്ങളും പിന്നെ റബ്ബറും ഉള്ള
പള്ളിപറമ്പ്.സ്കൂളിലും നിറച്ചു മരങ്ങളുണ്ട്.മാവുകളും പ്ലാവുകളും തണല്‍
വിരിച്ചു നില്‍ക്കും.മിക്കപ്പോഴു കിളികളുടെ കലമ്പല്‍ കേട്ടു പ്ലാവിന്‍
തണലിലാണ് ഞങ്ങള്‍ക്ക് ക്ലാസുകള്‍... ഞങ്ങളെല്ലാവരും
വട്ടംകൂടിയിരിക്കും.വാസുദേവന്‍, ക്ലീറ്റസ്, സുധ,ജയ,ഞാന്‍ അങ്ങനെ
എല്ലാരും.സ്കൂളിലേക്ക് ഞങ്ങള്‍ വരുന്നതും ഒരു ഘോഷയാത്രയായാണ്.ഞാന്‍,എന്‍റെ
അനിയത്തി ,പിന്നെ രാധ,സുധ,ജയ,വാസു അങ്ങനെ.ഞങ്ങളില്‍ ആരുടെയെങ്കിലും
അമ്മമാര്‍ ഊഴം വെച്ച് ഞങ്ങള്‍ക്ക് തുണ വരും.പുസ്തക സഞ്ചിയും കുടവടി
സാമാനങ്ങളും അമ്മമാര്‍ ചുമക്കും.ഞങ്ങള്‍ക്ക് കുമ്മാട്ടി കാട് കാട്ടി
കളിച്ചു രമിച്ചു മുന്‍പില്‍ നടക്കാം.മാവിലെറിഞ്ഞും,കിളികളെ കണ്ടും
ഞങ്ങള്‍ നടക്കും.പോകുന്ന വഴിക്ക് ഒരു കമ്പനി പറമ്പുണ്ട്.കമ്പനിയില്‍ വിവിധ
വര്‍ണങ്ങളില്‍ ഉള്ള നൂലുകള്‍ നിര്‍മ്മിക്കും.അവിടെ നിറയെ നല്ല ഒരു മണം
തങ്ങി നില്‍ക്കും.വേലികളില്ലാത്തതാണ് കമ്പനിയ്ക്ക് ചുറ്റും ഉള്ള
പറമ്പ്..കമ്പനി പറമ്പില്‍ നിറച്ചും ചെറിയ വെള്ളക്കെട്ടുകള്‍ ഉണ്ടാവും;
മഴക്കാലത്ത്.എന്ത് രസമാണെന്നോ.വെള്ളം തെറ്റാം,ചെറു മീനെ പിടിക്കാം,പാവം തവള
ക്കുട്ടന്മാരെ കൊക്കിരികാട്ടി കല്ലെടുതെറിയാം.
അങ്ങനെ എത്രയോ നാള്‍ ഞങ്ങടെ ബാല്യം അവിടെ തിമിര്‍ത്താടി !
കമ്പനി
പറമ്പ് കടന്നാല്‍ ഒരു ഇടവഴിയുണ്ട്.ആകെയുള്ള ഓല,ഓടു വീടുകള്‍ക്കിടയില്‍ ഒരു
മിടുക്കന്‍ ടെറസ്സ് വീടുണ്ട്.ആള്‍ താമസ്സമില്ലാതെ,പൊടി പിടിച്ച ജനാലകളും
കൂറ്റന്‍ ഗേറ്റുമായി.അനാഥത്വത്തിന്റെ നരച്ച വെള്ള പൂശിയ വീട്.ആ വലിയ
വീട്ടില്‍ പട്ടികള്‍ മാത്രമേയുള്ളൂ. പട്ടികളുടെ വീട് .മതിലിനോട് ചേര്‍ന്ന
അസംഖ്യം കൂടുകളില്‍ വിവിധ ജനുസ്സുകളിലും,വലിപ്പത്തിലും നിറത്തിലും പെട്ട
ശ്വാനന്മാരെ കാണാം. തലമുഴുത്തത്,വാലുമുറിയന്‍,കിളി ച്ചുണ്ടന്‍,കാലു കുറുകിയത്, ദേഹത്ത് മുടി വന്ന് നിറഞ്ഞത്, മുട്ടോളം ചെവിയുള്ളത് അങ്ങനെ അനേകം ജാതി.
ചിലപ്പോള്‍
ഇവരില്‍ ഒരാള്‍ മാത്രമായിരിക്കും ഗേറ്റിനരുകില്‍.. മറ്റുള്ളവര്‍ കനം
നിറഞ്ഞ വയറുമായി നീണ്ട വിശ്രമതിലായിരിക്കും.സ്കൂളിലേയ് ക്കു
പോകുമ്പോള്‍ ഈ പട്ടികളുടെ ബംഗ്ലാവ് കടന്നു വേണം ഞങ്ങളുടെ യാത്ര.ഞങ്ങള്‍
ഉച്ചത്തില്‍ ചിരിച്ചും, കളി പറഞ്ഞും ബംഗ്ലാവിന്‍റെ ഗേറ്റിനരുകില്‍
എത്തുകയെ വേണ്ടു;പിന്നെ അവിടെ ഒരു കലാപമാണ്.. കുര,കടി,ചാട്ടം,മേളം
തന്നെ.എടുക്കുമ്പോഴും തൊടുക്കുമ്പോഴും എണ്ണം കൂടുന്ന അസ്ത്രങ്ങള്‍ പോലെ
പട്ടിപ്പട ഗേറ്റിനരുകില്‍ പെരുകും.ഞങ്ങള്‍ കണ്ണ് ചിമ്മി ഒരൊറ്റ ഓട്ടത്തിന്
ഗേറ്റിനു മറുപുറം കടക്കും.ബോംബെക്കാരന്റെ പട്ടികള്‍ ഞങ്ങളെ നോക്കി
നിറുത്താതെ കുരച്ചു കൊണ്ടേയിരിക്കും.തനിയാവര്‍ത്തനം വൈകുന്നേരം തിരിച്ചു
വരുമ്പോഴും ഉണ്ടാവും.
ഇങ്ങനെ എത്രയോ നാളുകള്‍ കടന്നു പോയി.
നാളുകള്‍ക്കു
ശേഷം വലിയ കോലാഹലത്തോടെ റോഡിലൂടെ കാറുകള്‍ പൊടി പറത്തി പാഞ്ഞു വന്നു.
ബോംബെക്കാര്‍ ! കാവല്‍ക്കാരന്‍ ഉച്ചത്തില്‍ കേട്ട തെറികള്‍ മുഴുവനും
ഞാനെടുക്കുന്നു എന്നാ ഭാവത്തില്‍ നിന്നു. ഒടുവില്‍ ഒരു വിധി
പുറപ്പെട്ടുവന്നു.താമസിയാതെ, അത് മനുഷ്യ രൂപം പൂണ്ടു നായ്ക്കളുടെ
വരിയുടക്കുകയും,പട്ടികളെ വിറ്റുകളയുകയും ചെയ്തു.അനാഥമായ കൂടുകളുടെ ഇടയില്‍
കാവല്‍ക്കാരന്‍ പതുങ്ങി നടന്നു. വരിയുടക്കപ്പെട്ടവര്‍ ,പില്‍ക്കാല
ദിനങ്ങളില്‍ ഇനി ആര്‍ക്കു വേണ്ടി കുരയക്കണം എന്ന ഭാവത്തില്‍
ഗേറ്റിനരുകില്‍ വന്നു ദയനീയമായി ഞങ്ങളെ നോക്കിനിന്നു.കുരയ്ക്കാന്‍ മറന്നു
പോയവയുടെ കണ്ണുകളില്‍ ദൈന്യം നിഴലിച്ചു കിടന്നു. പിന്നീട് എത്രകാലം
ഗേറ്റിനു മുന്നില്‍ വന്നു നിന്ന് ഞങ്ങള്‍ കൊഞ്ഞനം കുത്തിയിട്ടും കുരയുടെ
മാലപ്പടക്കങ്ങള്‍ വിതറാന്‍ മറന്ന് കാല്‍നഖം കൊണ്ട് യാത്രികമായി തറ മാന്തി
അവ നിന്നു. ബോംബെക്കാരന്‍റെ പാവം പട്ടികള്‍!!
Subscribe to:
Posts (Atom)